ഗുരുവായൂര്‍ പ്രസംഗം കേട്ടിട്ട് പുത്തേഴത്ത് രാമന് മേനോന് നേരിട്ട് അഴീക്കോടിനെ അഭിനന്ദിച്ചു. അക്കാലത്തു വലിയ സഭാപരിചയമുള്ള പുത്തേഴത്തിന്റെ പ്രശംസ തനിക്കു വലിയ പ്രചോദനമായെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ പ്രസംഗം കേട്ടിട്ട് പ്രശസ്ത പത്രപ്രവര്ത്തകന് സി.എച്ച്. കുഞ്ഞപ്പ പറഞ്ഞതു, ""ഗുരുവായൂരപ്പനെ തൊഴാനും സുകുമാരന്റെ പ്രസംഗം കേള്‍ക്കാനും കഴിഞ്ഞതു വലിയ ഭാഗ്യമായി'' എന്നായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതു, താന്‍ മൂന്നു പേരുടെ പ്രസംഗങ്ങളാണ് കേട്ടിട്ടുള്ളതെന്നാണ് - ഗാന്ധിജി, മുണ്ടശ്ശേരി, അഴീക്കോട് എന്നിവരുടെ. ഇതില്‍ അഴീക്കോടിന്റെ പ്രസംഗം ""ബഹുത് ജോര്. അതു ഘനഗംഭീരമായ സാഗര ഗര്ജനമാകുന്നു'' എന്നാണ് ബഷീര്‍ നല്കിയ സര്‍ട്ടിഫിക്കേറ്റ്.
ഇ.എം.എസ്. നമ്പൂതിരിപ്പാട് ആദ്യമായി ഒരു പ്രസംഗം കേട്ടപ്പോള്‍ അതു നന്നായെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ആദ്യമായി അഴീക്കോടിന്റെ ഒരു പ്രസംഗം കേട്ടതു പുരോഗമന കലാസാഹിത്യസംഘത്തിന്റെ ഒരു വേദിയില്‍ വച്ചായിരുന്നു. അഴീക്കോട് പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ എതിര്‍ത്തു പ്രസംഗിക്കുക മാത്രമല്ല, എതിര്‍ത്ത് എഴുതുകയും ചെയ്തിട്ടുണ്ട്. അഴീക്കോടിന്റെ എതിര്‍പ്പുകളാണ് ഇ.എം.എസിനെ ആകര്‍ഷിച്ചത്. അഴീക്കോടിന്റെ എഴുപതാം പിറന്നാള്‍ തൃശൂരില്‍ നടത്തിയപ്പോള്‍ ആശംസ അര്‍പ്പിച്ച തകഴി പറഞ്ഞതു, അഴീക്കോട് പ്രസംഗം നിര്‍ത്തി എഴുത്തു തുടങ്ങണം എന്നായിരുന്നു. എന്നാല്‍ അതിനോട് വിയോജിച്ചുകൊണ്ട് ഇ.എം.എസ് ഇങ്ങനെ പറഞ്ഞു: തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരന് നടത്തുന്നതിനെക്കാള്‍ വലിയ സേവനമാണ് പ്രഭാഷകനായ അഴീക്കോട് ചെയ്യുന്നത്. അഴീക്കോടിന്റെ പ്രസംഗംവിഷയം സമൂഹമാണ്.''
അഴീക്കോടിന്റെ പ്രസംഗത്തിന്റെ "ശക്തി' ശാസ്ത്രത്തില്‍ ഒരു ഗവേഷണവിഷയമാക്കണമെന്ന് പ്രശസ്തശാസ്ത്രജ്ഞനും മുന്‍ വൈസ് ചാന്‍സലറുമായ ഡോ. വി.എന്‍. രാജശേഖരന് പിള്ള ഒരു പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. അഴീക്കോടിന്റെ പ്രസംഗം ഒരു സൈക്കോളജിസ്റ്റും സോഷ്യോളജിസ്റ്റും കൂടി അപഗ്രഥിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞതു, തന്നെ അതിശയിപ്പിച്ചെന്നാണ് അഴീക്കോട് പ്രതികരിച്ചത്. മദ്രാസില്‍ 2005-ല്‍ ആശാന് സ്മാരക പ്രസംഗം നടത്തിയപ്പോള്‍ ശ്രോതാക്കള്‍ കാലുകൊണ്ട് താളംപിടിക്കുന്നതു കണ്ടിട്ട് അഴീക്കോട് പറഞ്ഞതു, ""ഉള്ളില്‍ നിന്നു വരുന്ന വാക്യങ്ങള്‍ക്ക് ഒരു താളമുണ്ടാകും'' എന്നാണ്.
അഴീക്കോടിന്റെ ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍ കേട്ടിട്ട് യു.ആര്. അനന്തമൂര്‍ത്തി പറഞ്ഞതു, അതൊരു ആന്തരക്ഷോഭം (കിിലൃ ൃമഴല) ആണെന്നാണ്. വൈക്കം ചന്ദ്രശേഖരന് നായര്‍ അഴീക്കോടിന്റെ പ്രസംഗത്തെ വിശേഷിപ്പിച്ചതു മനസ്സില്‍ നടത്തുന്ന യുദ്ധം എന്നാണ്.
അനന്തമൂര്‍ത്തിയും വൈക്കവും പറഞ്ഞതു അഴീക്കോടിന്റെ ക്ഷോഭത്തെപ്പറ്റിയാണെങ്കിലും അഴീക്കോട് പ്രസംഗിക്കുമ്പോള്‍ ശ്രോതാക്കളുടെ ഉള്ളിലും ഒരു ക്ഷോഭം അലയടിക്കുന്നുണ്ട്. ചുറ്റും നടക്കുന്ന പലതും കാണുമ്പോള്‍ എങ്ങനെ ക്ഷോഭിക്കാതിരിക്കും? ശ്രോതാവിന്റെ ഈ ക്ഷോഭത്തിന് അഴീക്കോട് വാഗ്രൂപം നല്‍കുകയാണ്, പ്രസംഗത്തില്‍. അത്തരമൊരു പാരസ്പര്യത്തിലാണ് അഴീക്കോട് വേദിയില്‍ നില്‍ക്കുന്നത്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ശബ്ദം യേശുദാസിന്റെതാണ്. ആ ശബ്ദത്തെ വെല്ലാന്‍ മലയാളത്തില്‍ മറ്റൊരു ശബ്ദമില്ലെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അഴീക്കോട് ട്രസ്റ്റ് നടത്തിയ "മാറാട് കലാപവും എഴുത്തുകാരും' എന്ന സെമിനാറില്‍ അഴീക്കോട് പ്രസംഗം നിര്‍ത്തിയപ്പോള്‍ യേശുദാസ് എഴുന്നേറ്റ് അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ടു നമസ്കരിച്ചു. യേശുദാസിന്റെ മധുരസ്വരം തനിക്കു കിട്ടിയിരുന്നെങ്കില്‍ എന്ന് അഴീക്കോട് ഒരിക്കല്‍ പറഞ്ഞപ്പോള്‍ ""മാഷ് ഗദ്യം പറഞ്ഞ് ഗാനം ഉണ്ടാക്കുന്നുവല്ലോ'' എന്നാണ് യേശുദാസ് പ്രതികരിച്ചത്. റസൂല്‍ പൂക്കുട്ടി അഴീക്കോടിന്റെ ശബ്ദത്തെ വിശേഷിപ്പിച്ചതു ഈറനുടുത്ത ശബ്ദം എന്നാണ് - ""ആ വര്‍ത്തമാനത്തില്‍ ഒരു റിഥമുണ്ട്. ഒരു നൈര്‍മല്യമുണ്ട്. അദ്ദേഹം സംസാരിക്കുമ്പോള്‍ ശരീരം കാവടിയാടും. അദ്ദേഹത്തിന്റെത് ഈറനുടുത്ത ശബ്ദമാണ്.''
കോഴിക്കോട് ടൗണ്‍ ഹാളില്‍ അഴീക്കോടിന്റെ പ്രസംഗം ആദ്യമായി കേള്‍ക്കാന്‍ സദസ്സില്‍ ഇരുന്നപ്പോള്‍ കെ.ടി. മുഹമ്മദ് പറഞ്ഞതു, ""എന്റെ മുമ്പില്‍ ഒരു നാടകകൃത്തും അഭിനേതാവും ഒരു സദസ്സും കൂടി രൂപംകൊള്ളുന്നതു പോലെ തോന്നി'' എന്നാണ്. പ്രസംഗത്തിലൂടെ താനൊരു ദൃശ്യഭാഷ ആസ്വദിച്ചെന്നും പ്രസംഗത്തിനു ദൃശ്യബലം കൂടി ഉണ്ടെന്ന് തോന്നിയെന്നും കെ.ടി. സാക്ഷ്യപ്പെടുത്തുകയുണ്ടായി.
തിരുവനന്തപുരത്ത് ഒന്നാം ലോകമലയാളസമ്മേളനം നടത്തിയപ്പോള്‍ അതിന്റെ ഉദ്ഘാടന ചടങ്ങില്‍ അഴീക്കോട് നടത്തിയ മലയാളം പ്രസംഗം കേട്ടിട്ട് എ.എല്‍. ബാഷാം അദ്ദേഹത്തെ പ്രശംസിച്ചത്, "്യീൗ മൃല മ ിമൗേൃമഹ ീൃമീേൃ'' എന്നായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളെ ഭേദിച്ചു പ്രസംഗിക്കാന്‍ അഴീക്കോടിനെ പോലെ മറ്റൊരാളില്ല. ലോക മലയാള സമ്മേളനത്തില്‍ അഴീക്കോടിന്റെ പ്രസംഗം കേട്ട റഷ്യന്‍ എഴുത്തുകാരന് ചെലിഷെ ചെപ്പ്നോവ് പറഞ്ഞതു, ഇത്തരത്തിലൊരു പ്രസംഗം റഷ്യയിലല്ല, യൂറോപ്പില്‍ പോലും കേട്ടിട്ടില്ല എന്നായിരുന്നു.
കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളിയില്‍ അഴീക്കോട് മൂന്നുദിവസം ബൈബിള്‍ പ്രഭാഷണം നടത്തിയതു "എല്ലാവര്ക്കും സമൃദ്ധിയായ ജീവന്' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു. മൂന്നുദിവസവും പ്രസംഗം കേള്‍ക്കാന്‍ എത്തിയ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്താ അഭിപ്രായപ്പെട്ടത് താന്‍ മൂന്നു ദിവസവും യേശുക്രിസ്തുവിനെ കണ്ടു എന്നാണ്! അദ്ദേഹം അതിങ്ങനെ വിശദീകരിക്കുന്നു: ""അഴീക്കോടിന്റെ പ്രസംഗം കേട്ടവര്‍ അടച്ചിട്ടിരുന്ന ജനാലകള്‍ തുറന്നു പുതിയ പ്രകാശം വരുമ്പോള്‍ നട്ടംതിരിയുന്നതുപോലെ അസ്വസ്ഥരാകുന്നതു കണ്ടു. ക്രിസ്തുവിന്റെ പുതിയ പ്രകാശവും ദര്‍ശനവും അവര്‍ക്കു കിട്ടുന്നതുപോലെ എനിക്കനുഭവപ്പെട്ടു.''
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 1965-ല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം വിവര്‍ത്തനം കണ്ണൂരില്‍വച്ചു പ്രകാശിപ്പിച്ച ചടങ്ങില്‍ കുട്ടികൃഷ്ണമാരാരെ "രക്ഷിച്ച' ഒരു പ്രസംഗം അഴീക്കോട് നടത്തുകയുണ്ടായി. അന്നത്തെ ചടങ്ങില്‍ മാരാരായിരുന്നു അധ്യക്ഷന്‍. മഹാഭാരതത്തിന്റെ സ്വാധീനത്തെപ്പറ്റിയാണ് മാരാര്‍ പ്രസംഗിച്ചത്. എന്നാല്‍ തുടര്‍ന്നു പ്രസംഗിച്ച എന്‍.വി. കൃഷ്ണവാരിയര്‍ മാരാരെ എതിര്‍ത്തില്ലെങ്കിലും മഹാഭാരതവിവര്ത്തനത്തിനു വലിയ മേന്മ ഇല്ലെന്നുള്ള മട്ടില്‍ പ്രസംഗിച്ചു. വേദിയിലെ എതിര്‍പ്പിന്റെ കലയില്‍ അഴീക്കോടിനെ പോലെ മാരാര്‍ അത്ര ശക്തനായിരുന്നില്ല. തുടര്‍ന്നു പ്രസംഗിച്ച അഴീക്കോട് മഹാഭാരതം ഗദ്യവിവര്ത്തനത്തെ മാത്രമല്ല കുട്ടികൃഷ്ണമാരാരെയും രക്ഷിച്ചു! തന്റെ തലയെടുപ്പ് കാത്തുസൂക്ഷിച്ച അഴീക്കോടിനെ മാരാര്‍ പ്രശംസിച്ചു - ""എന്‍.വി.യുടെ പ്രസംഗം കേട്ടപ്പോള്‍ ഇനി അഴീക്കോട് പ്രസംഗിക്കാനുണ്ടല്ലോ എന്നു ഞാന്‍ ഓര്‍ത്തില്ല'' എന്നായിരുന്നു പ്രസംഗത്തിനുശേഷം അഴീക്കോടിനോട് മാരാര്‍ പറഞ്ഞത്.
അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ പാചകക്കാരന് ടേപ്പ് റെക്കോര്‍ഡര്‍ മോഷ്ടിച്ച ഒരു സംഭവമുണ്ട്. അഴീക്കോടിന്റെ ഒരു പാചകക്കാരന് പണി നിര്‍ത്തി മടങ്ങിയപ്പോള്‍ കുറെക്കാലം കൊണ്ടു ശേഖരിച്ച കാസെറ്റുകളുമായിട്ടാണ് മടങ്ങിയത്. ഈ കാസെറ്റുകളില്‍ നിറയെ അഴീക്കോടിന്റെ പ്രസംഗങ്ങളായിരുന്നു. പ്രസംഗം കേള്‍ക്കാന്‍ അഴീക്കോടിന്റെ ടേപ്പ് റെക്കോര്‍ഡറും ഈ പാചകക്കാരന് എടുത്തു! ടേപ്പ് റെക്കോര്‍ഡര്‍ ആരോ മോഷ്ടിച്ചെന്ന് അഴീക്കോട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ പാചകക്കാരന് തന്റെ "ഗുരു'വിന്റെ പ്രസംഗം കുടുംബത്തെ കേള്‍പ്പിക്കാന്‍ ടേപ്പ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. പിന്നെ പല ദിവസം കാസെറ്റിലെ പ്രസംഗങ്ങള്‍ പാചകക്കാരന് കേട്ട് ആസ്വദിച്ചു. വലിയ വോളിയത്തില്‍ വച്ചതുകൊണ്ട് അയല്‍ക്കാരും വഴിപോക്കരും അഴീക്കോടിന്റെ പ്രസംഗം കേട്ടു. അങ്ങനെ ഒടുവില്‍ കാണാതായ ടേപ്പ് റെക്കോര്‍ഡര്‍ അഴീക്കോടിന്റെ പക്കല്‍ തിരിച്ചെത്തി. എന്നാല്‍ തന്റെ പ്രസംഗം കേള്‍ക്കാന്‍ അഴീക്കോട് ആ ടേപ്പ്റെക്കോര്‍ഡര്‍ അയാള്‍ക്കു തിരിച്ചുകൊടുക്കുകയും ചെയ്തു!
അഴീക്കോടിന്റെ പ്രസംഗത്തെ വിമര്‍ശിച്ചിട്ടുള്ളതു എം.കെ. സാനുവും എം.എന്‍. വിജയനും വി. രാജകൃഷ്ണനുമാണ്. അഴീക്കോടിനെ "മൈതാനപ്രസംഗകന്' എന്നു രാജകൃഷ്ണന് വിശേഷിപ്പിച്ചപ്പോള്‍ ""എന്റെ പ്രസംഗം കേള്‍ക്കാന്‍ മൈതാനത്തു ആളുണ്ടാകും. രാജകൃഷ്ണന് പ്രസംഗിച്ചാല്‍ മൈതാനം മാത്രമേ കാണൂ'' എന്ന് അഴീക്കോട് തിരിച്ചടിച്ചു. അഴീക്കോടിനെ പിന്തുണയ്ക്കാന്‍ ഈ വിഷയത്തില്‍ എം.എന്‍. വിജയനും രംഗത്തുവന്നു - ""മൈതാനപ്രസംഗകന് എന്നതു ഒരാക്ഷേപമല്ല, യേശുക്രിസ്തു മൈതാന പ്രാസംഗികന് ആയിരുന്നു'' എന്നായിരുന്നു അന്ന് എം.എന്‍. വിജയന് സമര്‍ത്ഥിച്ചത്.
ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ അഴീക്കോടിനു സദസ്സിനെ പിടിച്ചിരുത്താനുള്ള അനിതരസാധാരണമായ കഴിവുണ്ടായിരുന്നുവെന്നു പറഞ്ഞിട്ടുള്ള എം.കെ. സാനു, പക്ഷെ അഴീക്കോടിനെ വിമര്‍ശിച്ചത് അദ്ദേഹം ശബ്ദവിന്യാസത്തിനാണ് പ്രാധാന്യം നല്കുന്നതെന്നു പറഞ്ഞുകൊണ്ടാണ്. സാനു ഇങ്ങനെ എഴുതി: ""വാഗ്ഭടാനന്ദന്റെ ശിഷ്യനായതു കൊണ്ടായിരിക്കണം, അഴീക്കോട് ശബ്ദവിന്യാസത്തിനാണ് പലപ്പോഴും പ്രാധാന്യം നല്‍കിയത്. പ്രഭാഷണം ചെവിയുടെ കലയാണെന്നു വാഗ്ഭടാനന്ദനെ പോലെ അഴീക്കോടും വിശ്വസിച്ചു. എന്നാല്‍ എനിക്ക് ഈ ശബ്ദവിന്യാസത്തില്‍ താല്പര്യം നന്നേ കുറവായിരുന്നു. ആശയങ്ങള്‍ കേള്‍വിക്കാരുടെ മനസ്സില്‍ അവശേഷിപ്പിയ്ക്കലാണ് പ്രഭാഷകന്‍ ചെയ്യേണ്ടതെന്ന് ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നു.'' തന്റെ പ്രഭാഷണങ്ങള്‍ എപ്പോഴും ആക്രമണോത്സുകമാക്കാനാണ് അഴീക്കോട് ശ്രദ്ധിച്ചിരുന്നതെന്നും പ്രതിയോഗികള്‍ ഇല്ലെങ്കില്‍ അദ്ദേഹം വേദിയില്‍ പ്രതിയോഗികളെ കണ്ടെത്തുമെന്നും എം.കെ. സാനു വിമര്‍ശിച്ചിട്ടുണ്ട്.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സമ്മേളനത്തില്‍ എം.കെ. സാനുവിനെ വേദിയില്‍ ഇരുത്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പെട്ടിയെടുപ്പുകാരന് എന്ന് അഴീക്കോട് അദ്ദേഹത്തെ തിരിച്ചടിച്ചിട്ടുണ്ട്. അതിനു മുമ്പും അഴീക്കോട് എം.കെ. സാനുവിനെ ആക്രമിച്ചിട്ടുണ്ട്. എം.കെ. സാനു എറണാകുളം മഹാരാജാസ് കോളജില്‍ പഠിപ്പിക്കുന്ന കാലത്ത് അവിടെ ഒരു വേദിയില്‍ വച്ചു. ""ഔപനിഷദ് വാസനാവസിതാന്തക്കരണനായ കാളിദാസനുണ്ടല്ലോ, കാളിദാസന്? സാഹിത്യത്തിന്റെ ഗന്ധകസാനുപ്രദേശങ്ങളില് വിഹരിച്ചവരല്ല അവരൊന്നും...'' എന്നൊരു തകര്‍പ്പന്‍ പ്രസംഗം അഴീക്കോട് നടത്തുകയുണ്ടായി. പ്രസംഗം കേട്ടവര്‍ പറഞ്ഞതു, സാനുവിനു ഒരു കുത്തേറ്റു എന്നായിരുന്നു! ഇതേപ്പറ്റി അഴീക്കോട് ഇങ്ങനെ പ്രതികരിച്ചു: ""പ്രസംഗത്തില്‍ നമ്മുടെ അബോധമനസ്സിലുള്ളതും പലതും ഇങ്ങനെ വരും. അതു ഞാനിങ്ങനെ ചെറുതായിട്ട് ചേര്‍ക്കും. ആളുകള്‍ക്ക് അതു രസിക്കും.''
""പ്രസംഗം എന്നെത്തന്നെ കൂടുതല്‍ ശക്തിയായും ഭംഗിയായും ആവിഷ്ക്കരിക്കുന്നു'' എന്നു വ്യക്തമാക്കിയിട്ടുള്ള അഴീക്കോട്, "മാതൃഭൂമി' പത്രം ഒരു കാലത്തു അദ്ദേഹത്തെ ബഹിഷ്ക്കരിച്ചപ്പോള്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ""നിങ്ങള്‍ക്കു വലിയ സര്‍ക്കുലേഷന്‍ ഉണ്ടെങ്കില്‍ എനിക്കുമുണ്ടൊരു സര്‍ക്കുലേഷന്‍.'' എം.പി. വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കുറെക്കാലം മാതൃഭൂമി അഴീക്കോടിനെ തമസ്ക്കരിച്ചെങ്കിലും അഴീക്കോട് മാതൃഭൂമി എത്താത്ത സ്ഥലങ്ങളിലും പോയി പ്രസംഗിച്ചു "സര്‍ക്കുലേഷന്‍' നേടി! എന്നാല്‍ മൂന്നു രാഷ്ട്രീയക്കാരുടെ പ്രസംഗശൈലിയെപ്പറ്റി അഭിപ്രായം പറഞ്ഞപ്പോള്‍ എം.പി. വീരേന്ദ്രകുമാറിന്റെ പ്രസംഗത്തിന് ഒരു പത്മപ്രഭയുണ്ട് എന്നായിരുന്നു അഴീക്കോട് പ്രതികരിച്ചത്. പിണറായി വിജയന് ചിട്ടയായി പ്രസംഗിക്കുമെങ്കിലും കോണ്‍ഗ്രസുകാരെ ചീത്ത പറയാതെ കയ്യടി വാങ്ങിക്കാന്‍ അദ്ദേഹത്തിന് അറിയില്ലെന്നും അഴീക്കോട് പറഞ്ഞു. വി.എസ്. അച്യുതാനന്ദന് ഹൃദയത്തില്‍ നിന്നു പറയുമെങ്കിലും വാക്യപ്രയോഗത്തിലെ ദുശ്ശീലം ഒരു ന്യൂനതയാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എം.എന്‍. വിജയന് അഴീക്കോടിന്റെ പ്രസംഗത്തെ വിമര്‍ശിച്ചതു ഇങ്ങനെ: ""ആദ്യം പതുക്കെ തുടങ്ങും. പിന്നെ ഒറ്റ ഫ്ളെറ്റാണ്. അടുത്ത നിമിഷത്തില്‍ നിയന്ത്രണം വിടും.'' അതായത് അഴീക്കോട് പ്രസംഗിച്ചു തുടങ്ങിയാല്‍ അത് ഒട്ടും വൈകാതെ നിയന്ത്രണം വിട്ടുപോകുമെന്നാണ് വിജയന് ചൂണ്ടിക്കാട്ടിയത്.
അഴീക്കോട് അതിന് അങ്ങനെ മറുപടി പറഞ്ഞു: ""പറഞ്ഞതു ശരിയാണ്. പക്ഷെ നിയന്ത്രണം വിടും എന്നതിനു സാധാരണ ഒരര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തില്‍ പറഞ്ഞത് തെറ്റാണ്. അതല്ലാതെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന അര്‍ത്ഥത്തിലാണെങ്കില്‍ നിയന്ത്രണം വിടുക എന്നതു ശരിയുമാണ്. പ്രസംഗം തുടങ്ങുമ്പോള്‍ എനിക്കു വാചകം പോലും ശരിയാവില്ല. പ്രസംഗത്തിലെ ആശയമാണ് എന്റെ ശബ്ദത്തെയാകെ നിയന്ത്രിക്കുന്നത്. പ്രസംഗത്തിന്റെ ഒരു ഘട്ടത്തില്‍ യുക്തിയൊന്നും ഇല്ലാത്ത ഭാവനയുടെ വലിയൊരു ലോകത്തിലെത്തും ഞാന്‍. അതിലാണ് ആളുകള്‍ വല്ലാതെ ആയിപ്പോകുന്നത്. എനിക്ക് എന്റെ പ്രസംഗത്തിന് ഒരു ലഹരിയുണ്ട് എന്നു തോന്നുന്നു. അതുകൊണ്ടായിരിക്കാം അതു കേള്‍ക്കാന്‍ ആള്‍ക്കൂട്ടം ഇത്രയേറെ തടിച്ചുകൂടുന്നത്. അതു വിജയന് പറഞ്ഞ നിയന്ത്രണം വിട്ട ഘട്ടത്തിന്റെ അത്ഭുതമാണ്. വിജയന് ഒരിക്കലും എത്താന്‍ കഴിയാത്ത ഘട്ടവുമാണത്. വിജയന് എന്നല്ല ആര്‍ക്കും. ഞങ്ങള്‍ മനസ്സില്‍ എത്രയോ ലോകങ്ങള്‍ ഉണ്ടാക്കിയതാണ്. ആ ലോകത്തിന്റെ കാഴ്ചയിലാണ് എന്റെ പ്രസംഗങ്ങളൊക്കെ പിറവി കൊള്ളുന്നത്.''
അഴീക്കോട് പറഞ്ഞതുപോലെ സ്വാതന്ത്ര്യബോധമാണ് പ്രഭാഷണകലയില്‍ ഒരു സൗന്ദര്യസൃഷ്ടിയായി പ്രകാശിപ്പിക്കപ്പെടുന്നത്. ഇതേപ്പറ്റി കെ.പി. അപ്പന് പറയുന്നത്, ഒരു ശക്തിക്കും തന്നെ നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന വിശ്വാസത്തില്‍ നിന്നാണ് അഴീക്കോടിന്റെ ഈ സ്വാതന്ത്ര്യം ജനിക്കുന്നത് എന്നാണ്. താന്‍ തന്നെയാണ് സ്വാതന്ത്ര്യമെന്ന നിലയിലേക്കു സ്വയം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെപ്പോലെയാണ് അഴീക്കോട് സംസാരിക്കുന്നത്. പ്രഭാഷണത്തിലൂടെ, തുറന്നടിക്കുന്ന പ്രതികരണത്തിലൂടെ ഈ മനോഭാവം വിശദീകരിക്കുകയാണ് അഴീക്കോട് ചെയ്യുന്നത്. രാഷ്ട്രീയത്തോടു താല്പര്യം പ്രകടിപ്പിച്ചുകൊണ്ടുതന്നെ രാഷ്ട്രീയക്കാരെ പരിഹസിക്കുന്നത് അഴീക്കോട് മാത്രമാണ്. ഇത് ആരോടെങ്കിലുമുള്ള വെറുപ്പില്‍ നിന്നു വരുന്നതല്ല. ഇതൊരു വാസനയാണ്. മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വാസനകൂടിയാണിത്. ഈ വാസന സ്വാതന്ത്ര്യമാണ്. ചരിത്രത്തിനു മുമ്പില്‍ താന്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വവുമായി ഈ സ്വാതന്ത്ര്യത്തെ അഴീക്കോട് ഉയര്‍ത്തുന്നതായും കെ.പി. അപ്പന് ചൂണ്ടിക്കാട്ടുന്നു.