ഇസ്രയേല്‍ - പാലസ്തീന് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്ന ഒന്നാണ് മമ്മാദുകള്‍. എന്താണ് മമ്മാദുകള്‍. റോക്കറ്റാക്രമണങ്ങളും ബോംബ് വര്‍ഷവും ഇസ്രയേലിന് പുത്തിരിയല്ല. എപ്പോഴും അക്രമണ സാധ്യതയും അനിശ്ചതത്വവും നിലനില്‍ക്കുന്നതിനാല്‍ വീടുകളുടെ ചുമരുകള്‍ക്കുളളില്‍ സുരക്ഷിതരല്ലെന്ന ബോധത്തില്‍ നിന്നും ഉടലെടുത്ത സുരക്ഷാ സങ്കേതമാണ് മമ്മാദുകള്‍. ഹീബ്രൂഭാഷയില്‍ സുരക്ഷാമുറി എന്നാണ് മമ്മാദ് എന്ന വാക്കിന്റെ അര്‍ത്ഥം.
ഇസ്രയേലുകാര്‍ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ വീടിനുള്ളില്‍ മമ്മാദുകളും നിര്‍മ്മിക്കും. വീടിന്റെ ഭിത്തിയേക്കാള്‍ അഞ്ച് ഇഞ്ച് കൂടുതല്‍ കനത്തിലാണ് മമ്മാദുകളുടെ ഭിത്തി നിര്‍മ്മിക്കുന്നത്. കോണ്‍ക്രീറ്റുകൊണ്ടാണ് ഈ ഭിത്തി നിര്‍മ്മിക്കുന്നത്. ഇത്ര കനമേറിയ ഭിത്തിക്ക് പുറമേ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് , തകരം കൊണ്ടുളള ഷട്ടര്‍, പാളി എന്നിവയും ഈ മുറിക്കുണ്ടാവും.
ഭക്ഷണം സൂക്ഷിക്കാനുള്ള ഫ്രീസര്‍ സൗകര്യം,ഓക്സിജന്‍ ആവശ്യം വന്നാല്‍ പുറത്തേക്ക് തള്ളാവുന്ന ഇരുമ്പ് പൈപ്പ് എന്നിവയും ഈ മുറിയിലുണ്ടാവും. ഇതിനുള്ളില്‍ പ്രവേശിച്ചാല്‍ പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയാന്‍ കഴിയില്ല. ചില സുരക്ഷാ മുറികളില്‍ മൊബൈല്‍ റേഞ്ച് സൗകര്യം കിട്ടാറില്ല. 40 വര്‍ഷമാണ് ഒരു മമ്മാദിന്റെ കാലാവധി.
സുരക്ഷ മുന്നറിയിപ്പുകള്‍ മൊബൈല്‍ ആപ്പുകളിലൂടെ ജനങ്ങളിലെത്തും. ഇല്ലെങ്കില്‍ സംഘര്‍ഷ സൂചനലഭിച്ചാല് എല്ലാവരും മമ്മാദുകളിലേയ്ക്ക് മാറും. പുറത്തിറങ്ങാന്‍ കഴിയാത്തവിധമാണ് സാഹചര്യമെങ്കില്‍ സൈന്യവുമായി ബന്ധപ്പെട്ട് ആളുകള്‍ വീടുകളിലെത്തി ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് സാധനങ്ങള്‍ എത്തിക്കും.
ഇതാണ് ഇസ്രയേലുകാരെ സംഘര്‍ഷങ്ങളുടെ നാളുകളില്‍ സുരക്ഷിതരായി കാക്കുന്ന മമ്മാദുകള്‍ അഥവാ സുരക്ഷാമുറികള്‍.