Image

ഇനിയും മന്ത്രിയാകാനോ ; അത് വേണ്ട : ആൻസി സാജൻ

Published on 18 May, 2021
ഇനിയും മന്ത്രിയാകാനോ ; അത് വേണ്ട : ആൻസി സാജൻ
സി.പി.എം. സംസ്ഥാനസമിതിയുടെ ജാഗ്രതയിൽ കെ.കെ.ഷൈലജ മന്ത്രിപദത്തിൽ നിന്നും മാറ്റപ്പെട്ടു. പ്രതീക്ഷിക്കാൻ കഴിയാത്ത ഈ നടപടി വോട്ട് ചെയ്ത ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യം. സംസ്ഥാനത്ത് ഏറ്റം കൂടിയ ഭൂരിപക്ഷത്തോടെ വിജയിച്ചു വന്ന ശൈലജ ടീച്ചറെ ഒഴിവാക്കിയത് ജനാധിപത്യ മൂല്യങ്ങൾക്ക് തീരാക്കളങ്കം. അടുത്ത അഞ്ചു വർഷം നീണ്ടുനിവർന്ന് കിടപ്പുണ്ടെന്ന അഹന്തയാണ് പാർട്ടി മസ്തിഷ്കങ്ങൾക്കെങ്കിലും അടുത്ത പരാജയത്തിന്റെ ആദ്യത്തെ മൂലക്കല്ലാണ് നിങ്ങൾ നാട്ടിയിരിക്കുന്നതെന്ന് മനസ്സിലാവാൻ കാലം വൈകില്ല.
കേരളം വിറങ്ങലിച്ചു നിന്ന പ്രളയകാലത്തും നിപ്പയുടെ ഉറഞ്ഞു തുള്ളലിലും വീണ്ടും ഈ നീണ്ടുപോകുന്ന കോവിഡ് ഭീതിയിലും എതിർപക്ഷത്തുള്ളവർ പോലും ശൈലജ ടീച്ചറെ മനസ്സിൽ ബഹുമാനിക്കുകയും നമസ്കരിക്കുകയും ചെയ്തുവെന്നത് ഉറപ്പാണ്. അന്താരാഷ്ട്ര ശ്രദ്ധയേറ്റു വാങ്ങിയ ആ വൈഭവവും ആത്മാർത്ഥ പ്രവർത്തനവുമാണ് ഇവിടെ തൃണവൽഗണിക്കപ്പെട്ടത്. ലജ്ജാവഹം എന്നല്ലാതെ മറ്റെന്താണ് സി.പി.എം. നെ നോക്കിപ്പറയാനുള്ളത് ?
കോവിഡിന്റെ ആരംഭകാലത്ത് വൈകുന്നേരത്തെ പത്രസമ്മേളനങ്ങളിൽ കുറെ ദിവസങ്ങളിൽ ശൈലജ ടീച്ചറായിരുന്നു കാര്യങ്ങൾ വിശദീകരിച്ചത്. അപകടം മണത്ത മുഖ്യമന്ത്രി ദിവസങ്ങൾക്കുള്ളിൽ അവരെ മാറ്റി ആ സ്ഥാനത്ത് സ്വയം അവരോധിതനായത് നമ്മുടെ ഓർമ്മയിലുണ്ട്.
ഇപ്പോഴും അതേ ടെക്നിക്കല്ലേ പ്രയോഗിച്ചത്..?
കോവിഡ് പ്രതിരോധം എങ്ങുമെത്താത്ത ഭീതിദമായ അന്തരീക്ഷമാണ് ഇപ്പോഴും നിലവിലുള്ളത്. ഈ രംഗത്ത് ഇത്രയധികം പോരാടിയ ഒരാളെ എന്ത് ന്യായത്താലാണ് പാതിവഴിയിൽ ഇറക്കിവിടുന്നത്? 
ഇത് ജനങ്ങൾക്കെതിരായ പ്രവൃത്തിയല്ലേ ?
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ നിലവിൽ ശൈലജ ടീച്ചറെക്കാൾ ആർക്കാണ് പ്രാഗൽഭ്യക്കൂടുതലുള്ളത് ? 
പിന്തുണച്ച ബഹുസഹസ്രം ജനങ്ങൾക്കെതിരായ തീരുമാനമല്ലേ ഇത് ?
പണ്ട് കെ.ആർ ഗൗരിയമ്മയെ ചുരുട്ടിയെറിഞ്ഞപോലെയാണ് ഇപ്പോൾ ശൈലജ ടീച്ചറിന് നേർക്കുള്ള ഈ പരാക്രമവും. അധികാര ഭീതികൾ മാത്രമാണ് ഇതിനൊക്കെ പുറകിലെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. ഈ കാപട്യത്തിനുനേർക്ക് പ്രതിഷേധമുയർത്താൻ പുതിയ മന്ത്രിണിമാർ തയ്യാറാവുമോ? 
അതോ ദീപസ്തംഭം മഹാശ്ചര്യം എന്നതു പോലെ മണ്ടി നടക്കുമോ അവർ ?
നവോത്ഥാനനായകർ എന്ന കാപട്യത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയാണ്... 
ഇനിയുള്ള അഞ്ചു വർഷത്തിനു ശേഷവും കേരളം ഇവിടെയുണ്ടാവും... അത് ഓർത്താൽ നന്ന്.
പിന്നെ കിട്ടിയ അവസരം വിനിയോഗിച്ചത് ജനമല്ലേ...കാത്തിരിക്കാം ഓരോന്ന്....
ഇനിയും മന്ത്രിയാകാനോ ; അത് വേണ്ട : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക