Image

പാമ്പും കോണിയും - നിർമ്മല - നോവൽ 47

Published on 22 May, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ 47
അയാൾക്കു മുന്നിൽ ജിമ്മി ഒന്നുമല്ലെന്ന് ഉഷയ്ക്കുതോന്നി. ജിമ്മി ഉഷയ്ക്ക് ആരുമല്ല. ഉടമ്പടിയിലെ വ്യവസ്ഥകളെല്ലാം പാലിച്ചാൽ പിന്നെ ഉഷയ്ക്ക് ജിമ്മിയോടു കടപ്പാടില്ല. സ്ത്രീധനം , കിടപ്പറയിൽ ശരീരം . ഉഷയ്ക്ക് ജിമ്മിയുമായുള്ള ഉടമ്പടിയിൽ സ്നേഹം, ഇഷ്ടം ഇതൊന്നും ഇല്ലാത്തതുകൊണ്ട് അതുകൊടുക്കാനും നിബന്ധനയില്ല. പക്ഷേ, മോഹനചന്ദ്രൻ സ്നേഹം വെച്ചുനീട്ടിയ ആളാണ്. ഹൃദയത്തിൽ ഉഷയെ കൊണ്ടുനടന്ന ആളാണ്.
മോഹനചന്ദ്രന്റെ സ്നേഹപ്രപഞ്ചം അവളെ മോഹിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു ...
                    ......       .......         .......
പാത്രമെടുക്കാൻ അലമാര തുറന്നപ്പോൾ എണ്ണകാറിയ മണം . ഉഷയ്ക്കരിശം വന്നു. ജിമ്മിക്കു ഡ്രിങ്ക്സിന്റെ കൂടെ കൊറിക്കാൻ നാടൻ പലഹാരങ്ങൾ വേണം. ഇതെല്ലാം ഒന്നു തീർന്നെങ്കിലെന്ന് ഉഷ കാത്തിരിക്കുമ്പോൾ ജിമ്മി വീണ്ടും കുറെയേറെ വാങ്ങിവരും.
തനിക്കെന്താണു വേണ്ടതെന്ന് ഉഷയ്ക്കു മനസിലാക്കാൻ പറ്റുന്നില്ല. വിശക്കുന്നുണ്ടോ , ഇല്ല . ദാഹം - തീർച്ചയായും ഇല്ല .പിന്നെ ഒന്നുകിടന്നാലോ. ഉറക്കം വരുന്നതേയില്ല. വെറുതെ കിടക്കുന്നത് ഉഷയ്ക്ക് ഇഷ്ടമില്ല. അത് വല്ലാത്തൊരു അസ്വസ്ഥതയാണ്.
പിന്നെ, പിന്നെ എന്താണു തനിക്കു വേണ്ടത്. അവൾ ഫോണിലേക്കു വെറുതെ നോക്കി , ഫോണടിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാതെ. അവൾ പല പേരുകളും മനസ്സിലുരുവിട്ടു. ആരെയെങ്കിലും വിളിക്കാൻ തോന്നുന്നുണ്ടോ?
സാലിയുടെ ബോറൻ സംസാരം ഉഷയുടെ ആവേശം ഉഴുതുമറിച്ച് ഇല്ലാതാക്കിക്കളയും. ചോദിക്കുന്നതിനൊന്നും അല്ല സാലി ഉത്തരം പറയുക. സാലി ഏതു പ്രതലത്തിലാണെന്നുതന്നെ ഉഷയ്ക്കറിയില്ല. അവരോടു സംസാരിക്കുമ്പോൾ ഉഷ ദൂരേക്ക് എവിടെയെങ്കിലും പറന്നുപോകും, ഉഷയുടെ മനസ്സ് ഭംഗിയുള്ള ഒരു മരച്ചില്ലയിൽ ചേക്കേറും.
എല്ലാവരുടെയും മുന്നിൽവെച്ച് ഏറ്റവും ഇഷ്ടം ഉഷയോടെന്നു പറഞ്ഞത് മോഹനചന്ദ്രനാണ്. ഉഷയെ നോക്കിപ്പുണർന്നതും അമൂല്യയാക്കിയതും മോഹനചന്ദ്രനാണ്. സ്വന്തമാക്കണമെന്ന് കുലവും ജാതിയും നോക്കാതെ ഉറക്കെ പ്രസ്താവിച്ചതും മോഹനചന്ദ്രനാണ്.
അയാൾക്കു മുന്നിൽ ജിമ്മി ഒന്നുമല്ലെന്ന് ഉഷയ്ക്കുതോന്നി. ജിമ്മി ഉഷയ്ക്ക് ആരുമല്ല. ഉടമ്പടിയിലെ വ്യവസ്ഥകളെല്ലാം പാലിച്ചാൽ പിന്നെ ഉഷയ്ക്ക് ജിമ്മിയോടു കടപ്പാടില്ല. സ്ത്രീധനം , കിടപ്പറയിൽ ശരീരം . ഉഷയ്ക്ക് ജിമ്മിയുമായുള്ള ഉടമ്പടിയിൽ സ്നേഹം, ഇഷ്ടം ഇതൊന്നും ഇല്ലാത്തതുകൊണ്ട് അതുകൊടുക്കാനും നിബന്ധനയില്ല. പക്ഷേ, മോഹനചന്ദ്രൻ സ്നേഹം വെച്ചുനീട്ടിയ ആളാണ്. ഹൃദയത്തിൽ ഉഷയെ കൊണ്ടുനടന്ന ആളാണ്.
മോഹനചന്ദ്രന്റെ സ്നേഹപ്രപഞ്ചം അവളെ മോഹിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. വേലിക്കുള്ളിലെ ഭംഗിയുള്ള പൂവിനെനോക്കി കരയുന്ന കുട്ടിയായി ഉഷ. വേലി ഒന്നു തുറന്നു കിട്ടിയിരുന്നെങ്കിൽ . പൂവു പറിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോവാനല്ല. വെറുതെ മുഖത്തോടു ചേർത്തൊന്നു മണത്തു നോക്കാൻ. കണ്ണടച്ച് മൂക്കുചേർത്തു വാസനിച്ച് ... വാസന എന്നെന്നേയ്ക്കുമായി ഹൃദയത്തിലേക്കു ലയിപ്പിച്ച്.
ഭംഗിയുള്ള ഒരു മരച്ചില്ല. അതാണോ വേണ്ടത് ? അവിടെ ഒറ്റയ്ക്കിരിക്കണോ .രസം കൊല്ലിയായ ജിമ്മി എന്തായാലും വേണ്ട. രസം കൊല്ലി! ശരിയാണ്. ജീവിതത്തിന്റെ രസങ്ങളൊക്കെ ഇല്ലാതാക്കിയ ആളാണ് ജിമ്മി എന്ന് ഉഷയ്ക്കു തോന്നും. അങ്ങനെ ചിന്തിക്കുന്നതു ശരിയല്ല. എന്താണു ശരി. നുണകൾ ചിന്തിച്ചു കൂട്ടുന്നതോ . സത്യമൊക്കെ കള്ളമാണെന്നു സ്വയം ധരിപ്പിക്കുന്നതോ . വേണ്ട. മറ്റെന്തെങ്കിലും ഓർക്കാം.
ഉഷ ചോദ്യങ്ങൾ എറിഞ്ഞു കളിച്ചു. ഇപ്പോൾ മാലാഖ വന്ന് ഒരു ആഗ്രഹം ചോദിച്ചാൽ എന്താവും ഉഷയ്ക്ക് പറയാനുണ്ടാവുക?
- കാമ്പസ്
വെറുതെ ചിരിച്ച് വർത്തമാനം പറഞ്ഞ്. പിന്നെ വീട്ടിലേക്ക്.
വേണ്ട! പിന്നെന്താണു വേണ്ടത്?
മോഹനചന്ദ്രൻ ?
മോഹനചന്ദ്രനും കുറച്ചു കഴിയുമ്പോൾ ഒന്നും കേൾക്കാൻ ഇഷ്ടമില്ലാതാവും 
ഷേ, എന്റെ പാന്റ്സ്, കാപ്പി ... ചോറ്...
ഉഷ വെറുതെ മുഖം പൊത്തിക്കരഞ്ഞു. താൻ എത്രയ്ക്ക് ഏകയാണെന്ന് അവളറിഞ്ഞു. ഒരാളുടെ കൈപിടിച്ച് പച്ചക്കാട്ടിലൂടെ നടക്കണം. പൂക്കളെ കണ്ട് . പുഴയിൽ കാലിട്ട്. കുളിച്ചാലോ? അതു പിന്നെ രതിയാവും.
മോഹനചന്ദ്രനുമായിട്ടുള്ള രതി. ഒടുക്കം ആലസ്യത്തിൽ പാറയിൽ മലർന്നുകിടന്ന് അയാൾ പറയും. പുഴയിൽ എന്റെ അണ്ടർവെയർ കഴുകിയിട്ടു വരൂ.
അവൾ വീണ്ടും കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.
അപ്പോൾ കരച്ചിലായിരുന്നുവോ ഉഷയ്ക്കു വേണ്ടിയിരുന്നത് ? അത്താഴം ഉണ്ടാക്കുവാൻ നേരമായിരിക്കുന്നു. അവൾക്ക് എഴുനേൽക്കാൻ തോന്നിയില്ല. എന്നാലും എഴുന്നേറ്റേ മതിയാവൂ.
അടുക്കളയിലെത്തിയ ഉഷ അരിയാൻ ഉപയോഗിക്കുന്ന തടിക്കു പുറത്തൊരു ആപ്പിൾവെച്ച്  കത്തികൊണ്ട് ആഞ്ഞു വെട്ടി ചെറിയ തുണ്ടങ്ങളാക്കി ഗാർബേജിലേക്കിട്ടു.
ആര് അല്ലെങ്കിൽ എന്തായിരുന്നു ആ ആപ്പിൾ?
മനസ്സിലിരുന്ന് പണ്ടു പഠിച്ച മനശ്ശാസ്ത്രപാഠം ചോദിച്ചു.
- കുന്തം!!
അവൾ ക്ഷോഭത്തോടെ അരി എടുത്തു. പച്ചക്കറി എടുത്തു.
അന്നു മദേഴ്സ് ഡേ ആയിരുന്നു. കാപ്പി കുടിച്ചു കൊണ്ടിരുന്ന ജിമ്മി പുച്ഛത്തിൽ പറഞ്ഞു.
- മദേഴ്സ് ഡേ , അമ്മമാരെ ബഹുമാനിക്കാൻ സായിപ്പു കണ്ടുപിടിച്ച ഒരു ദിവസം.
- വർഷത്തിൽ ഒരു ദിവസമെങ്കിലും അവർ ബഹുമാനിക്കുന്നുണ്ടല്ലോ. മലയാളിക്ക് ഒരു ദിവസംപോലും ബഹുമാനിക്കരുതെന്നു വാശിയല്ലേ !
ഉഷ തിരിച്ചടിച്ചു.
തിങ്കളാഴ്ച ജോലിക്കെത്തുമ്പോൾ ചോദ്യം ചെയ്യപ്പെടും. മദേഴ്സ് ഡേ എങ്ങനെയുണ്ടായിരുന്നു ? എന്താണ് നിനക്കു സമ്മാനമായി കിട്ടിയത് ? കുറച്ചു പരിഹാസം കുറെയേറെ പുച്ഛം.. അതൊക്കെയാണ് ഉഷയ്ക്ക് കിട്ടിയ പാരിതോഷികം ! മലയാളികൾക്ക് മദേഴ്സ് ഡേയിൽ വിശ്വാസമില്ലെന്നു പറയാനുള്ള ചങ്കൂറ്റം ഉഷയ്ക്കില്ല. അവൾക്കു തോറ്റുകൊടുക്കാനാവില്ല. അരിയെയും പച്ചക്കറിയെയും ജിമ്മിക്കും കുട്ടികൾക്കും തിന്നാനുള്ള പാകത്തിലാക്കിയിട്ട് ഉഷ ഷോപ്പിങിനുപോയി. ബാഗും സ്വെറ്ററും വാങ്ങി. മദേഴ്സ് ഡേക്കു കിട്ടിയത് ഇതാണ്. അവൾ സ്വയം പറഞ്ഞു.
എനിക്കു വാങ്ങിത്തരാൻ ആരുമില്ലെങ്കിൽ ഞാൻ സ്വയം വാങ്ങും!
ഷോപ്പിങ് സെന്ററിലെ ഹാംബർഗറിന്റെ വലിയ പരസ്യപടം ഉഷയെ കൊതിപ്പിച്ചു. ക്ലേശിച്ചുണ്ടാക്കിയ കറികളോട് ഉഷയ്ക്കു വൈരാഗ്യം തോന്നി.
മീൻ , പുളിശ്ശേരി , മെഴുക്കുപുരട്ടി , ചോറ് ....   കോപ്പ് !
            തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ 47
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക