Image

മരണം പറഞ്ഞ കഥകൾ : പുഷ്പമ്മ ചാണ്ടി

Published on 24 May, 2021
മരണം  പറഞ്ഞ കഥകൾ : പുഷ്പമ്മ ചാണ്ടി
കഴിഞ്ഞ കുറെ ദിവസങ്ങളായി മരണത്തെക്കുറിച്ചായിരുന്നു ഓർമ്മയത്രയും ... കണ്ടനുഭവിച്ച മരണങ്ങൾ വീണ്ടും തെളിഞ്ഞു വന്നു.  മരണമടഞ്ഞ പ്രിയപ്പെട്ടവരത്രയും എനിക്ക് ചുറ്റും സുന്ദരന്മാരും  സുന്ദരികളും ആയി  നിൽക്കുന്നു .മരണം അവർക്കു സന്തോഷം കൊടുത്തതു പോലെ .
തീരെ ചെറുപ്പത്തിൽ അപ്പന്റെ പെങ്ങൾ പ്രസവത്തോടെ മരിച്ചു . നേരിട്ട് കണ്ട ആദ്യ മരണം . അവർക്കന്ന് ഇരുപത്തഞ്ചു വയസ്സ് കാണും . രണ്ടു ചെറിയ കുട്ടികളെ ഇട്ടിട്ടു പോയ അവരെ ചൊല്ലി എല്ലാവരും കരഞ്ഞു , പതം പറഞ്ഞു . കുറെ നാളുകൾ ആ മരണഫോട്ടോ വീട്ടിയിലെ ഭിത്തിയിൽ തൂങ്ങിക്കിടന്നു . മുടിയും  കൈയുറയും കാലുറയും ഒക്കെ ഇട്ട കുഞ്ഞമ്മ . ആ ഫോട്ടോയിൽ ഒരു മൂന്നുവയസ്സുകാരൻ  മാത്രം ചിരിച്ചോണ്ട് നിൽക്കുന്നു . ഈ ഞാൻ . ഫോട്ടോ എടുക്കുമ്പോൾ ചിരിക്കണം എന്ന് ആരോ പറഞ്ഞത് ഓർമ്മവെച്ചാണ് അന്നു ഞാൻ ചിരിച്ചത്.  മൃത്യു ഇത്ര ഭയങ്കരൻ ആണെന്ന് അറിഞ്ഞിരുന്നില്ല .
പിന്നെ കുറെ നാളുകൾക്കു ശേഷം വല്യപ്പൻ പോയി . വര്ഷങ്ങളായി , കാസ രോഗിയായി , സ്ഥിരം ചുമച്ചും വലിച്ചും  ഇടയ്ക്കു കറുപ്പ് തിന്നും പിച്ചും പേയും പറഞ്ഞു കിടന്ന വല്യപ്പച്ചൻ . ഞാൻ ഇടയ്ക്കു ആ മുറിയിൽ പോയി വല്യപ്പച്ചനെ നോക്കി നിൽക്കും . അപ്പോൾ ഒന്നുകിൽ തുപ്പാൻ കോളാമ്പി എടുത്തു കൊടുക്കാൻ ആംഗ്യം കാണിക്കും . അല്ലെങ്കിൽ ചൂടുവെള്ളം .
ഒരു നാൾ ഞാൻ ആ മുറിയിൽ കയറിയപ്പോൾ വല്യപ്പച്ചൻ ആഞ്ഞു  ശ്വാസം വലിക്കുന്നു .അത് അസാധരാണമായി തോന്നിയപ്പോൾ  , ഓടിപ്പോയി അമ്മയെ വിളിച്ചു.
" വല്യപ്പച്ചൻ വലിക്കുന്നു "
" വാവല്ലേ , ആസ്ത്മ കൂടിക്കാണും "
" അല്ല , ഇതു വേറെ പോലെ ആണ് "
'അമ്മ ഓടി വന്നു ,എന്തോ പന്തികേട് തോന്നിയിട്ടാണ് എന്ന് തോന്നുന്നു , അടുത്ത വീട്ടിലെ ചേച്ചിയെ കൂട്ടീട്ടു വരാൻ പറഞ്ഞു.
അവര് അമ്മയെ നോക്കി കുഴപ്പം ആണെന്ന് ആംഗ്യം കാട്ടി 
പിന്നെ   രണ്ടുപേരും കൂടി ഉറക്കെ 
" ഈശോ , മറിയം ഔസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കണേ " എന്ന് ചൊല്ലാൻ തുടങ്ങി .
വല്യപ്പച്ചൻ പെട്ടെന്ന് , രണ്ടു കണ്ണുകളും മുകളിലോട്ടുയർത്തി, ശ്വാസം വലിക്കുന്നത് നിന്നു. ഉറക്കെ കരഞ്ഞുകൊണ്ട് ആ ചേച്ചി കണ്ണുകൾ - എന്നെ തുറിച്ചു നോക്കിയപ്പോലെ തോന്നിയ കണ്ണുകൾ - അടച്ചു .
ആ മരണം എന്നെ സങ്കടപ്പെടുത്തി. വല്യപ്പച്ചൻ പോയതിനാൽ ആണോ അതോ , എനിക്ക് വല്ലപ്പോഴും മിഠായി വാങ്ങാൻ പൈസ തന്ന ആൾ ഇല്ലാതെ ആയതിനാലാണോ എന്നറിയില്ല 
ഞാൻ ആ വർഷം അഞ്ചാം ക്‌ളാസിൽ തോറ്റു.ആരും എന്നെ വഴക്കു പറഞ്ഞില്ല . കാരണം  വല്യപ്പച്ചനോട് എനിക്ക് വലിയ അടുപ്പം ആയിരുന്നു. ആ വേർപാട് എന്നെ വല്ലാതെ ഉലച്ചു എന്ന് എല്ലാവരും കരുതി . സത്യത്തിൽ എനിക്ക് പഠിക്കാൻ മടിയായിരുന്നു . അലസത എന്നെ പിടികൂടി . ഇടയ്ക്കിടെ ഞാൻ ആ കട്ടിൽ നോക്കി നിൽക്കും . മരണകിടക്ക .
അമ്മ മാത്രം പറഞ്ഞു 
" പഠിച്ചാൽ നിനക്ക് കൊള്ളാം, അല്ലേൽ അപ്പനെ പോലെ വല്ലവന്റെയും
ആട്ടും തുപ്പും കൊണ്ട് , ഡ്രൈവറായിട്ട് ജീവിക്കാം.
( എന്റപ്പൻ അടുത്ത വീട്ടിലെ കാറിന്റെ ഡ്രൈവറാണ് ) 
നാട്ടിലും സ്വന്തക്കാരിലും ആരൊക്കെയോ മരിച്ചു . ഞാൻ മരണ വീടുകളിൽ പോകാതെയായി .എന്താ കാരണം എന്ന് ചോദിച്ചാൽ ഒന്നും ഇല്ല . വല്യപ്പച്ചൻ പോയതോടെ എനിക്ക് ഒന്ന് മനസ്സിലായി .
മരണം ഇരുണ്ട , നീല നിറമായി വന്ന് എന്നെന്നേക്കുമായി നമ്മളെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോകും. നമ്മൾ പറയുന്നത് അവർ കേൾക്കുമോ എന്നറിയില്ല , എന്നാലും ഞാൻ വെറുതെ സംസാരിച്ചുകൊണ്ടിരുന്നു . എന്റെ മനസ്സിൽ ,ഉത്തരം കിട്ടാത്ത ചോദ്യമായി അത് അങ്ങനെ ....

ഇരുപതാമത്തെ വയസ്സിൽ അപ്പൻ ഒരു മുറി കയറിൽ തൂങ്ങിയപ്പോൾ ഞാൻ കരഞ്ഞില്ല . കാരണം അപ്പനെ കാത്തിരിക്കുന്ന തെമ്മാടിക്കുഴി എന്നെ ഭയപ്പെടുത്തി.ജീവൻ വെടിഞ്ഞു , കുത്തി മുറിക്കപ്പെട്ട ഹൃദയം അടങ്ങിയ ആ ദേഹം എന്നെ നോക്കി പറഞ്ഞതു പോലെ തോന്നി .
" നീ വേണം ഈ വീട് ഇനി നോക്കാൻ "
അത് കഴിഞ്ഞു .പിന്നെയങ്ങോട്ട്ജീവിതം ഒരു  ഓട്ടംതന്നെ ആയിരുന്നു .
അമ്മയ്ക്കായി , രണ്ടു കൂടപ്പിറപ്പുകൾക്കായി .
ഒടുവിൽ നേരിൽ കണ്ട മരണം അപ്പോഴും വല്യപ്പച്ചന്റെ ആയിരുന്നു .
അപ്പൻ പോയപ്പോൾ, കുറെ വർഷങ്ങൾക്കു ശേഷം 'അമ്മ പോയപ്പോഴും , ഞാൻ മരണം കണ്ടില്ല . അത് കഴിഞ്ഞാണ് ഞാൻ വീട്ടിൽ എത്തിയത് 
ഇന്ന് ഞാൻ പക്ഷെ മൃത്യുവിനെ കണ്ടു .
അടുത്ത് വന്നു നിൽക്കുന്നു , കൈ പിടിക്കാൻ ശ്രമിക്കുന്നു .
ഞാൻ കൈ മാറ്റി കീഴടങ്ങില്ല എന്നും പറഞ്ഞു തർക്കിച്ചുകൊണ്ടിരിക്കുന്നു.
ഇവിടെ നിന്നിട്ടു വലിയ കാര്യം ഒന്നും ഇല്ല , എന്നാലും , എന്തോ കൂടെ പോകാൻ ഒരു  മടി....
" കോവിഡ് മാനദണ്ഡങള്‍ ലംഘിച്ച്, മാസ്ക് ഇടാതെ , ഇടം , വലം നോക്കാതെ ഓടി നടന്നിട്ട് ഇപ്പോൾ വിളിച്ചാൽ വരില്ല അല്ലേ ?"
മരണം എന്നോട് ചോദിക്കുകയാ ..
കോവിഡും, മൃത്യുവും കൂട്ടുകാരാണ് പോലും .
കുറച്ചു നേരത്തേക്ക് മരണം വേറെ എങ്ങോട്ടോ പോയിരിക്കുന്നു ...
എന്നെ മറന്നാൽ മതിയായിരുന്നു .
(എന്നാലും ഒരു നല്ല ചിരിക്കുന്ന ഫോട്ടോ ഞാൻ മേശമേൽ വെച്ചിട്ടുണ്ട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക