Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -12 കാരൂര്‍ സോമന്‍)

Published on 25 May, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -12 കാരൂര്‍ സോമന്‍)
പുലരിയിലൊരു ഹിമകണം

മാസങ്ങള്‍ കടന്നുപോയി. കിരണും കരുണും ബിരുധദാരികളായി. തുടര്‍ പഠനത്തിനായി മകളെ ലണ്ടനിലേക്ക് അയയ്ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. ലണ്ടന്‍ യൂണിവേഴ്‌സിറ്റില്‍ ചേരാനുള്ള എല്ലാ സഹായവും ചെയ്തത് ചാരുംമൂടന്റെ അനുജനായിരുന്നു. ലണ്ടനിലേക്ക് പോകാനുള്ള ദിനങ്ങള്‍ അടുക്കുന്തോറും കിരണിന്റെ മനസ് നിരാശയുടെ പിടിയിലമര്‍ന്നു. സന്തോഷം കുറഞ്ഞുവന്നു. പഠിക്കുന്ന കാലത്തുതന്നെ മനസ്സില്‍ ഉറപ്പിച്ചതാണ് ലണ്ടനില്‍ പോയി പഠിക്കണമെന്ന്. അത് പപ്പായിക്കും മമ്മിക്കുമറിയാം. കോളേജ് പേപ്പറുകളും പാസ്‌പോര്‍ട്ടും മറ്റും കൊച്ചപ്പന്റെ പേരില്‍ അയച്ചു കൊടുത്തതും താന്‍ തന്നെയാണ്. എന്നിട്ട് എന്താണ് ഇപ്പോള്‍ ഒരു മടുപ്പ് തോന്നാന്‍ കാരണം. കാരണക്കാരന്‍ കരുണ്‍ തന്നെ. അവന്‍ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. അവനെ പിരിഞ്ഞുപോകുക ഹൃദയം തകരുന്ന അനുഭവമാണ്. അവള്‍ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. പൂര്‍ണ്ണചന്ദ്രനും ഭൂമിയും കെട്ടിപ്പുണര്‍ന്ന് കിടക്കുന്നു. പ്രകൃതിയാകെ പുളകം കൊള്ളുന്നു. നക്ഷത്രങ്ങള്‍ മന്ദഹാസം പൊഴിക്കുന്നു. മഞ്ഞണിഞ്ഞ തളിരിലകള്‍. മനസ്സാകെ വ്യാകുലപ്പെടുകയാണ്. അങ്ങിനെ എത്രനേരം നിന്നുവെന്നറിയില്ല.ലൈറ്റണച്ച് കട്ടിലില്‍ വന്നുകിടന്നു. തല്ക്കാലം പ്രണയത്തെ അല്പം മാറ്റി നിര്‍ത്തി ലണ്ടനില്‍ പോയി പഠിച്ചുവരിക എന്ന ഉറച്ച തീരുമാനത്തോടെ അവള്‍ ഉറങ്ങാന്‍ കിടന്നു.
രാവിലെ വളരെ ഉത്സാഹവതിയായി അവള്‍ പപ്പയോട് ഒരാവശ്യമുന്നയിച്ചു. ചാരുംമൂടന്‍ നായ്ക്കളെ കുളിപ്പിക്കുകയായിരുന്നു. മകളുടെ മുഖത്തേക്ക് പപ്പ കൗതുകത്തോടെ നോക്കി. ''മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ ഭൂമിക്ക് സന്തോഷമാവുമെന്ന് പപ്പ പറയാറുണ്ടല്ലോ. മാത്രവുമല്ല വീട്ടിലും നാട്ടിലും ഗുരുവും ശിഷ്യനുംകൂടി ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നുമുണ്ട്. ഇന്നുവരെ തനിക്കൊരു മരം നട്ടുപിടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ പറമ്പില്‍ എനിക്കൊരു മരം നടണം. അതൊരു അടയാളമായി എന്റെ നാമത്തില്‍ ഈ മണ്ണില്‍ തിളങ്ങണം.''
ചാരുംമൂടന്‍ അവളുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു. മകളുടെ ആഗ്രഹം പപ്പ കരുണിനെ അറിയിച്ചു. നിറപുഞ്ചിരിയോടെ അവളെ നോക്കിയതല്ലാതെ അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. പറമ്പിലെ ജോലി പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്ന് പറയണമെന്നുണ്ട്. കുറഞ്ഞപക്ഷം കുറെ പച്ചക്കറിയെങ്കിലും വച്ചു പിടിപ്പിക്കാം. പിന്നെ കുറെ കൊതുകുകടി കൊള്ളണം. ലണ്ടനില്‍ പോകുന്നതിന് മുമ്പ് ഒരു പ്ലാവിന്‍ തൈ നടാന്‍ തോന്നിയതില്‍ സന്തോഷമുണ്ട്. തൊഴുത്തിലെ മുറിയില്‍ നിന്ന് കൂന്താലിയെടുത്ത് അവന്‍ അടുത്തു കണ്ട ഒരു പ്ലാവിന്‍ തൈ കൊത്തിയെടുത്ത് ചാരുംമൂടന്‍ കാണിച്ച ഭാഗത്തേക്കു നടന്നു. അത് അവള്‍ക്ക് ഏറെ സന്തോഷമുള്ള നിമിഷങ്ങളായിരുന്നു. ഒരിക്കല്‍പോലും വീട്ടില്‍ അവനെ ഒറ്റയ്ക്ക് കിട്ടിയിട്ടില്ല. ഇന്നെങ്കിലും മനസ്സിലെ രഹസ്യം വെളിപ്പെടുത്തണം. കാറ്റത്ത് കവിള്‍ക്കടങ്ങളിലേക്ക് വീണു കിടന്ന മുടികള്‍ ഇടതുകൈകൊണ്ട് ഒതുക്കിയിട്ടു. മനസ്സിന് കുളിര്‍മ നല്കുന്ന നിമിഷങ്ങള്‍. അവന്റെ സാമീപ്യം ഉണങ്ങിവരണ്ട മനസ്സിനെ മഞ്ഞുതുള്ളിയാക്കി മാറ്റി.
കൂന്താലി മണ്ണില്‍ ആഞ്ഞുവെട്ടി. അതിരുകവിഞ്ഞ ആവേശത്തോടെയാണ് അവള്‍ വെട്ടുന്നത്. ഓരോ വെട്ടിലും അവളുടെ സ്തനങ്ങള്‍ കുലുങ്ങുകയും അത് പുറത്തേക്ക് ചാടാന്‍ വെമ്പല്‍ കൊള്ളുന്നതും കാണാതിരിക്കാന്‍ അവനു കഴിഞ്ഞില്ല. സൂര്യപ്രഭ അവളുടെ ശരീരത്തെ കൂടുതല്‍ സുന്ദരമാക്കി. വളരെ ക്ഷമയോടെ അവള്‍ കുഴിയെടുത്ത് പ്ലാവിന്‍തൈ നട്ടു. അവള്‍ വികാരാവേശത്തോടെ അവനെ നോക്കി. പ്രേമത്തിന്റെ കുഞ്ഞലകള്‍ അവിടെ ഒഴുകി നടന്നു.
അവള്‍ രണ്ടുംകല്പിച്ചു അവനോട് മന്ത്രിച്ചു, ''നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. പിരിഞ്ഞിരിക്കുന്നതില്‍ ദുഃഖമുണ്ട്. നിനക്കെന്നെ ഇഷ്ടമാണോ കരുണ്‍?''
അവന്‍ ഭീതി പൂണ്ട് അവളെ നോക്കി. പാലു തന്ന കയ്ക്ക് കൊത്തുകയോ? ഒരിക്കലുമില്ല. ഒരു നെടുവീര്‍പ്പോടെ നോക്കി.
അവന്‍ നിശബ്ദനായി നില്ക്കുന്നത് എന്താണ്? തന്റെ ചോദ്യത്തിന് മറുപടി തരാത്തതെന്താണ്. അവന്റെ എല്ലാ സന്തോഷവും ചോര്‍ന്നുപോയതായി തോന്നി. മുഖത്ത് വിവിധ വികാരങ്ങള്‍ മിന്നിമറഞ്ഞു. ഇതില്‍നിന്നും അവളെ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.
അവന്‍ സമചിത്തത വീണ്ടെടുത്തു. സ്‌നേഹത്തോടെ അവളോട് പ്രതികരിച്ചു.
''കിരണ്‍, ഈ പഠിക്കുന്ന സമയം പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് ജീവിതം നശിപ്പിക്കരുത്. ആ ചിന്തയൊക്കെ മാറ്റി മിടുക്കിയായി പഠിച്ചു വരിക.''
 അവളുടെ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും അപ്പോഴും നഷ്ടപ്പെട്ടിരുന്നില്ല.
''നിന്റെ ഉപദേശമൊക്കെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, അനുസരിക്കാന്‍ മനസ്സില്ല.'' ആത്മധൈര്യത്തോടെ അവള്‍ അറിയിച്ചു.
''ഈ മരം നമ്മള്‍ രണ്ടാളുംകൂടി നട്ടകാണ്. ഇത് വളരും, ഈ മരംപോലെ നമ്മുടെ പ്രണയവും. അതുകൊണ്ട് മോന്‍ ചെന്ന് കുറെ വെള്ളം കൊണ്ടുവന്ന് ഒഴിക്ക്. ഇല്ലെങ്കില്‍ ഈ പ്രണയം വാടിപ്പോകും. ചെല്ല് ചെല്ല്....''
അവനത് കാര്യമാക്കിയില്ല. പോകുന്നതിന് മുമ്പായി പറഞ്ഞു, ''വെറുതെ ഉപദ്രവിക്കല്ലേ മോളേ, ജീവിച്ചു പോട്ട്.''
ആ പറഞ്ഞത് അവളും കാര്യമാക്കിയില്ല. എങ്കിലും പരസ്പരം തൊടുത്തുവിട്ട വാക്കുകള്‍ നൊമ്പരങ്ങളായി മനസ്സില്‍ നീറുകതന്നെ ചെയ്തു. വെള്ളമെടുക്കാന്‍ പോയ കരുണിനെ വിടര്‍ന്ന മിഴികളോടെ അവള്‍ നോക്കി നിന്നു. ആ ചെറിയ തൈയില്‍ അവള്‍ സ്‌നേഹത്തോടെ നോക്കി. ഞാന്‍ പറഞ്ഞ വാക്കുകള്‍ക്ക് ഈ കുഞ്ഞുമരമാണ് സാക്ഷി. ആ കുഞ്ഞിലകളില്‍ ഒരു ചിത്രശലഭം എങ്ങുനിന്നോ പാറി വന്നിരുന്നു.
കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറിപ്പറന്നു. കണ്ണുകള്‍ തിളങ്ങി നിന്നു. ചെറിയൊരു ബക്കറ്റില്‍ വെള്ളവുമായി കരുണ്‍ വന്നു. ആരാദ്യം ഒഴിക്കും എന്ന സംശയത്തില്‍ ഇരുവരും നിന്നു. അവര്‍ പരസ്പരം സ്‌നേഹപൂര്‍വ്വം നോക്കി.
''നീ ഒഴിക്ക്'', അവള്‍ ആവശ്യപ്പെട്ടു. അവന്‍ അനുസരിച്ചു. പിന്നീട് അവളും വെള്ളം തളിച്ചു.
അവള്‍ പറഞ്ഞു, ''നമ്മള്‍ പ്രകൃതിയുടെ ആജ്ഞകള്‍ക്ക് വിധേയമായി ജീവിക്കുന്നില്ല. പ്രകൃതിക്കും ഒരു നിയമമുണ്ട്. പ്രകൃതി തരുന്ന നന്മകള്‍ മധുരപലഹാരംപോലെ അനുഭവിക്കുന്നു. എന്നിട്ട് മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നു. ഇങ്ങോട്ടു തരുമ്പോള്‍ അങ്ങോട്ടും കൊടുക്കണം. നീ ഇപ്പോള്‍ അതാണ് ചെയ്തത്.''
പാടത്തിനടുത്ത് പൂത്തുലഞ്ഞു നില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ നോക്കി പറഞ്ഞു, ''നോക്കൂ. പപ്പ മൂന്നാറില്‍ പോയപ്പോള്‍ കൊണ്ടുവന്ന തൈ ഇന്ന് വളര്‍ന്ന് പൂക്കളായിരിക്കുന്നു.''
അതിനടുത്തായി ധാരാളം ചെറുതും വലുതുമായ ഔഷധഗുണമുള്ള മരങ്ങളും വളരുന്നുണ്ട്. അതിന്റെ പേരുകളറിയാന്‍ അവള്‍ക്ക് ആഗ്രഹമുണ്ടായി. അവളത് ചോദിച്ചു. കൂന്താലിയും ബക്കറ്റുമെടുത്തവര്‍ അവിടേക്ക് നടന്നു. കണിക്കൊന്ന പൂത്തു നില്ക്കുന്നത് അവള്‍ കൗതുകത്തോടെ നോക്കി. ഓരോ മരത്തെ ചൂണ്ടി കരുണ്‍ പേരു പറഞ്ഞു. നരി വെണ്ട, ഇരുമ്പകം, ചെങ്കുറിഞ്ഞി, യൂക്കാലി, വേപ്പ്, പുളി, ജാതി, മുരിങ്ങ അങ്ങിനെ പല പേരുകള്‍ അവള്‍ കേട്ടു.
എന്റെ ചെറുപ്പത്തില്‍ പപ്പ ഇതിനൊക്കെ വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ട്. നാട്ടുകാര്‍ അതിന്റെ ഇലയും തൊലിയുമൊക്കെ മരുന്നിനായി കൊണ്ടുപോകുക പതിവായിരുന്നു. ചെറിയ ചെറിയ കുഞ്ഞാറ്റക്കിളികള്‍ അതിനിടയില്‍ ചിറക് വിടര്‍ത്തി പറക്കുന്നു. പൗര്‍ണ്ണമി രാവില്‍ സൗന്ദര്യലഹരി നല്കുന്ന മരങ്ങള്‍. സ്വന്തം മകളെപ്പോലെ സ്‌നേഹവും വാത്സല്യവും കൊടുത്താണ് പപ്പ അതിനെ വളര്‍ത്തുന്നത്. വീടിനുള്ളില്‍ ചൂട് അനുഭവപ്പെടാത്ത കാരണവും ഇതാണെന്ന് അവള്‍ മനസ്സിലാക്കി. വീട്ടിലേക്ക് നടക്കുമ്പോള്‍ പപ്പായുടെ വാക്കുകള്‍ അവളോര്‍ത്തു. പ്രകൃതിയെ അലസന്മാരും മടിയന്മാരുംകൂടി മരുഭൂമിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇവര്‍ ഇത് തുടര്‍ന്നാല്‍ ഭാവി ആശങ്കാജനകമാണ്. കുടിവെള്ളം കിട്ടില്ല. ആ അന്ത്യയാത്രയുടെ ലക്ഷണങ്ങളാണ് ഇന്ന് കാണുന്നത്. പിശാചിന്റെ ആധിപത്യം മനുഷ്യമനസ്സുകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അടിമപ്പെടുത്തുന്നു. മനസ്സാണ് സ്വര്‍ഗ്ഗം. ആ സ്വര്‍ഗ്ഗത്തില്‍ വിരിയുന്നതാണ് മനോഹരമായ പൂക്കള്‍. ഭാവിയെ പ്രതീക്ഷയോടെ നോക്കുന്നവര്‍ പ്രകൃതിയെ പ്രതീക്ഷയോടെ കാണണം.
വീട്ടിലെത്തിയ കിരണ്‍ നായ്ക്കളെ അതിന്റെ കൂട്ടിലേക്ക് കൊണ്ടുപോകുന്ന പപ്പായെ കണ്ടു. മമ്മി കയ്യില്‍ ഏതാനും പാവക്കയുമായി പറമ്പില്‍ നിന്ന് വരുന്നത് കണ്ട് ചോദിച്ചു.
''മമ്മീ കയ്പുള്ള പാവക്ക ഒന്ന് മാറ്റി പയറോ മറ്റോ വെച്ചൂടെ?''
മകളുടെ അഭിപ്രായമാണ് അമ്മയ്ക്കും. പക്ഷേ, ഭര്‍ത്താവിന്റെ ആഗ്രഹത്തിന് കീഴ്‌പ്പെടുകയാണ് പതിവ്. മുറ്റത്തിന്റെ ഇടത് ഭാഗത്ത് വിടര്‍ന്നു നിന്ന പൂക്കളെ ആഹ്ലാദത്തുടിപ്പോടെ മണത്ത് നില്ക്കുമ്പോള്‍ മമ്മിയുടെ മറുപടി വന്നു, ''നിന്റെ പപ്പായ്ക്ക് നിത്യവും പാവക്ക വേണമെന്ന് നിര്‍ബന്ധം. അതിന് ഞാനെന്തു ചെയ്യും?''
അവള്‍ മന്ദഹാസത്തോടെ പപ്പായെ നോക്കി. ഇതിനിടയില്‍ അവളുടെ കണ്ണുകള്‍ കരുണിനെയും തേടിപ്പോയി. ചാരുംമൂടന്‍ നിശബ്ദം അവരെ നോക്കി. കയ്പുള്ള പാവയ്ക്ക എത്രമാത്രം ശരീരത്തിന് ഗുണം ചെയ്യുമെന്ന് ആര്‍ക്കറിയാം. എന്നിട്ടും അതിനോടും മനസ് പൊരുത്തപ്പെടാന്‍ തയ്യാറല്ല.
അടുത്തുവന്ന കരുണിനോട് ചോദിച്ചു, ''നിന്റെ മുന്നില്‍ പയറും പാവയ്ക്കയും വച്ചാല്‍ നീ ഏതാണ് തെരെഞ്ഞെടുക്കുക?''
പയറും പാവയ്ക്കയും ധാരാളം വൈറ്റമിന്‍ തരുന്നവയാണ്. എന്നാല്‍ മാംസത്തിന് പകരം പാവയ്ക്ക കഴിക്കുന്നതാണ് നല്ലതെന്ന് അവന്‍ ഉത്തരം കൊടുത്തു.
അവള്‍ അഭിമാനപൂര്‍വ്വം ഓര്‍ത്തു. പപ്പ അവനൊരു നല്ല വഴികാട്ടിയാണ്. പപ്പയുടെ അതേ സ്വഭാവമാണ് അവനിലുള്ളത്. ഓരോ രാവും പകലും അവനെക്കുറിച്ചാണ് ഞാനും സ്വപ്നം കാണുന്നത്. രണ്ടുപേരിലും വിശുദ്ധിയുണ്ട്. മനസ്സാണ് ആദ്യം ശുദ്ധീകരിക്കേണ്ടത്. തേളിന് വാലില്‍ വിഷമുള്ളതുപോലെ പുറത്തുനിന്ന് വരുന്ന പച്ചക്കറികളിലും ധാരാളം വിഷാംശമുണ്ട്. അതുപോലെ മൃഗങ്ങളുടെ ശരീരത്തിലും ധാരാളം അണുബാധകളുണ്ട്. തന്‍മൂലം പലവിധ രോഗങ്ങള്‍ പിടിക്കപ്പെടുന്നു.  ഭക്ഷണപദാര്‍ത്ഥങ്ങളാണ് മനുഷ്യശരീരത്തെ രോഗത്തിലാക്കുന്നത്.
ആരോഗ്യമുള്ള ഒരു ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രകൃതിയുമായി പൊരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അല്ലാതെ അഴുക്ക് പുരണ്ട പുറത്തെ ഭക്ഷണങ്ങള്‍ക്ക് എപ്പോഴും സ്വാധീനശക്തി കൂടുതലാണ്. എന്തായാലും വിഷബാധയുള്ള പച്ചക്കറികളോ മാംസങ്ങളോ കഴിക്കാന്‍ യാതൊരു ആഗ്രഹമില്ലെന്നും പാവക്കറിതന്നെ കൂട്ടിക്കൊള്ളാമെന്നും അവള്‍ മമ്മിയോടു സമ്മതിച്ചു. പപ്പയും കരുണും നട്ടുവളര്‍ത്തി വലുതാക്കിയ പച്ചക്കറികറികളോട് എന്നും അഭിമാനമേ തോന്നിയിട്ടുള്ളൂ. കരുണിനോടുള്ള തന്റെ പ്രണയം പോലെ മായവും മയക്കുമരുന്നുമില്ലാത്ത ഒരു ലോകത്തെ അവളും മനസ്സില്‍ താലോലിച്ചു.
ഉച്ചയ്ക്ക് ഊണുകഴിച്ചിട്ട് അവള്‍ ഓമനയ്ക്കും കരുണിനൊപ്പം തുണികള്‍ വാങ്ങാനായി കടയിലേക്ക് പോയി. കരുണാണ് കാറോടിച്ചത്. ചാരുംമൂടന്‍ ഏതോ മീറ്റിംഗില്‍ പങ്കെടുക്കാനായി പൊയ്ക്കഴിഞ്ഞു. കാറിന്റെ പിന്‍സീറ്റിലിരുന്ന കിരണിന്റെ ശ്രദ്ധമുഴുവന്‍ കാറോടിക്കുന്ന കരുണിലായിരുന്നു. അവന്റെ ഓരോ പ്രവൃത്തി കാണുമ്പോഴും മനസ്സില്‍ കടന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഈ ജീവിതം പപ്പായ്ക്കായി ഇവന്‍ മാറ്റി വച്ചിരിക്കുകയാണോ. അവന് ഉള്ളില്‍ എന്നോട് പ്രണയമുണ്ട്. പക്ഷേ, പുറമെ പറയാന്‍ പറ്റുന്നില്ല. യജമാനന്റെ മകളെ പ്രണയിക്കുന്നത് ഒരു രാജ്യദ്രോഹകുറ്റം പോലെയാണ് അവന്‍ കാണുന്നത്. അവന്റെ ഓരോ സമീപനവും അതാണ് വെളിപ്പെടുത്തുന്നത്. സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ എല്ലാംതന്നെ മനസ്സിനെ ഇളക്കി മറിക്കയാണ്. ഏതൊരു പ്രതിസന്ധിഘട്ടത്തിലും തളര്‍ന്നുപോകാതെ മുന്നോട്ട് പോകാനാണ് താല്പര്യം. പ്രണയം മനസ്സില്‍ വിളറിയ പ്രകാശമാണ് തരുന്നതെങ്കിലും ആ പ്രകാശത്തില്‍ പൂത്തുനില്ക്കുന്ന മരങ്ങളുണ്ട്. ആ പൂങ്കുലകളില്‍ നിന്ന് പൂന്തേനൊഴുകാതിരിക്കില്ല. കണ്ടിടത്തോളം കേട്ടിടത്തോളം പ്രത്യാശയോടെ കാത്തിരിക്കയേ നിവൃത്തിയുള്ളൂ. ഒരു ചെടി നട്ടിട്ട് അതില്‍ പ്രണയമെന്ന വിശ്വാസം ഉറപ്പിച്ചിരിക്കയാണ്. അത് സത്യമെങ്കില്‍ ആ ചെടിയെ താലോലിച്ചവന്‍ വളര്‍ത്തും. എന്റെ പ്രണയത്തിന്റെ അളവറിയാന്‍ ആ ചെടിയെ നോക്കിയാല്‍ മതി.
അകലങ്ങളിലായിരിക്കുമ്പോഴും മാനസികമായി തളരുന്ന ഒരവസ്ഥയുണ്ട്. മനസ്സിന് ചാഞ്ചല്യമുണ്ട്. ഞാനിവിടെ നട്ടിരിക്കുന്നത് ഹൃദയത്തില്‍ നിന്നൊരു മരമാണ്. അതിനെയവന്‍ താലോലിച്ച് വളര്‍ത്തുമെന്നാണ് വിശ്വാസം. മനുഷ്യജീവിതത്തില്‍ വാക്കുകളും വിശ്വാസവും വിലയേറിയതാണ്. ഇതും ജീവിതത്തിലെ ഒരു പരീക്ഷയായി കാണുന്നത്. ഞങ്ങളുടെ ചരിത്രം രേഖപ്പെടുത്തേണ്ട ഒരു യാഥാര്‍ത്ഥ്യം. ഏത് വിതയ്ക്കുന്നതുപോലെയാണ്. മനസ്സില്‍ വിത്ത് വിതച്ചു കഴിഞ്ഞു. അത് തഴച്ചു വളരട്ടെ. കൊയ്ത്തിനായി കാത്തിരിക്കുക.
കാര്‍ റോഡരികിലിട്ട് അവര്‍ വലിയൊരു കടയില്‍ കയറി. അമ്മയും മകളും തുണികള്‍ മാറി മാറി നോക്കി. മകള്‍ക്ക് ഇഷ്ടപ്പെട്ട തുണികള്‍ അവളുടെ ഇഷ്ടപ്രകാരം അവളെ തെരെഞ്ഞെടുത്തു. വലിയൊരു ഹാളിന്റെ പലഭാഗങ്ങളിലായി തുണികള്‍ വാങ്ങാന്‍ വന്നവരുടെ ഒരു തിരക്ക് തന്നെ കാണപ്പെട്ടു. ആ കൂട്ടത്തില്‍ പപ്പായിക്കും മമ്മിക്കും കരുണിനും അവള്‍ തുണികള്‍ തെരെഞ്ഞെടുത്തു. ഹാളിന്റെ ഒരു കോണില്‍ നിന്ന കരുണിനടുത്തേക്ക് ഒരു ഷര്‍ട്ടുമായി ചെന്നിട്ട് അവന്റെ നെഞ്ചത്ത് ചേര്‍ത്തു വെച്ചിട്ടു പറഞ്ഞു, ''കൊള്ളാം നല്ല ചേര്‍ച്ചയുണ്ട്.''
അവന്‍ മൗനിയായി നിമിഷങ്ങള്‍ നിന്നിട്ടറിയിച്ചു, ''എനിക്കു വേണ്ട കിരണ്‍.''
അവളുടെ മിഴികളില്‍ ഒരല്പം രോഷമുണ്ടായി. സ്‌നേഹിക്കുന്ന പുരുഷന് ആദ്യമായി നല്കുന്ന ഒരു സമ്മാനമാണത്. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടരുത്. അലക്ഷ്യമായി കാണരുത്. നിമിഷങ്ങള്‍ രണ്ടുപേരും മൂകരായി നോക്കി നിന്നു.
''ഇതെന്റെ ഒരു സമ്മാനമായി കണ്ടാല്‍ മതി'', അവള്‍ പറഞ്ഞു.
''ഇയാള്‍ ദുരഭിമാനമൊന്നും കാണിക്കേണ്ട. അതല്ല പപ്പാ തന്നാലേ വാങ്ങൂ എന്നുണ്ടോ. എന്റെ മുന്നില്‍ കൂടുതല്‍ ബലം പിടിക്കയല്ലേ.''
അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. അവള്‍ മടങ്ങിപ്പോയി. കരുണ്‍ ഓര്‍ത്തു. ബന്ധുമിത്രാദികളെന്ന് പറയാന്‍ അധികമാരുമില്ല. ജീവിതം ഒരു പരാജയമായി എഴുതി തള്ളേണ്ട. പരാജയത്തില്‍ നിന്ന് ജീവിത വിജയത്തിലേക്ക് നയിച്ചവരുടെ പട്ടികയില്‍ കിരനും ഇടം തേടിയിരിക്കുന്നു. ഇന്ന് ഞാനും ആ കുടുംബത്തിന്റെ ഒരു ഭാഗമാണ്. അവന്‍ കൃതജ്ഞതയോടെ അവരെ നോക്കി നിന്നു. കാത്തുനില്പിനൊടുവില്‍ അവര്‍ പുറത്തേക്കു വന്നു. അവരുടെ കയ്യിലിരുന്ന വലിയ കവറുകള്‍ വാങ്ങി കാറില്‍ കൊണ്ടു വച്ചു. കടയില്‍ കയറി അവര്‍ വെള്ളം കുടിച്ചു. റോഡില്‍ വാഹനങ്ങളുടെ തിരക്കാണ്. കാറിലിരിക്കുമ്പോള്‍ ഓമന പരാതിപ്പെട്ടതും ചെറിയ റോഡുകളില്‍ താങ്ങാനാവാത്ത വാഹനങ്ങളെപ്പറ്റിയാണ്.
കാലത്തിന്റെ ജാലകമാണ് റോഡുകള്‍. ആ റോഡുകളിലൊന്നും പ്രകാശമില്ല. മനുഷ്യര്‍ മനുഷ്യനെ പ്രകാശിപ്പിക്കുന്നവായില്ലെങ്കില്‍ സ്വയം നിന്ദ ഏറ്റുവാങ്ങുന്നു. എത്രനാളിങ്ങനെ ദുര്‍ഘടം പിടിച്ച വഴിയിലൂടെ സഞ്ചരിക്കുമോ. ഒരു തിട്ടവുമില്ല. നല്ല റോഡുകളില്ലാത്ത നാട്ടില്‍ വികസനമെന്ന മുറവിളി കൂട്ടിയിട്ട് വല്ല കാര്യവുമുണ്ടോ.  മറ്റു രാജ്യങ്ങളിലൊക്കെ വളരെവേഗം റോഡുകളായാലും വികസനമായാലും മുന്നേറിക്കൊണ്ടിരിക്കയാണ്. ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടു വരുന്നില്ല. അതിന്റെ പ്രധാനകാരണം വോട്ടുബാങ്കാണ്. വോട്ടിനെ മുന്‍നിര്‍ത്തിയുള്ള പരിശീലനമവും കളരിയുമാണ് കാണുന്നത്. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാതെ എത്രനാളിങ്ങനെ മുന്നോട്ടുപോകും. പുതിയ കാഴ്ചപ്പാടുകളുള്ള ഒരു തലമുറ നാടിന്റെ വികസന മുന്നേറ്റം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. കാറ്റ് കാറിന്റെ കണ്ണാടിച്ചില്ലകളില്‍ ആഞ്ഞടിച്ചു. ഒരു റെയില്‍വേക്രോസില്‍ ട്രയിന്‍ പോകാനായി കാത്തു കിടന്നു. കടകളില്‍ വിളക്കുകള്‍ തെളിഞ്ഞു.
കിരണിന്റെ മനസ് നിറയെ തീക്ഷ്ണമായ പ്രണയമായിരുന്നു. മമ്മിയുടെ കണ്ണുകള്‍ പുറത്തേക്കു പോകുമ്പോഴൊക്കെ അവളുടെ മനസും ഹൃദയവും കണ്ണുകളും അവനില്‍ തറഞ്ഞിരുന്നു. അവള്‍ക്കത് സന്തോഷ നിമിഷങ്ങളായിരുന്നു. ചില വീടുകളില്‍ സന്ധ്യാപ്രാര്‍ത്ഥനകള്‍ കേട്ടു. അവര്‍ വീട്ടിലെത്തി. ചാരുംമൂടന്‍ മടങ്ങി വന്നിട്ടില്ല. വീടും പരിസരങ്ങളും പ്രകാശത്താല്‍ നിറഞ്ഞു.
കാറിന്റെ താക്കോല്‍ മടക്കി കൊടുത്തിട്ട് കരുണ്‍ പറഞ്ഞു, ''ഞാന്‍ പോകട്ടെ ടീച്ചര്‍.''
ഓമന ഉറക്കെ പറഞ്ഞു, ''കിരണ്‍ കരുണിന്റെ തുണി എടുത്തു കൊടുക്ക്.''
ബാക്കി കരുണിനോടായി പറഞ്ഞു, ''നിനക്ക് ഭക്ഷണം കഴിച്ചിട്ട് പോയാല്‍ പോരെ.''
അവന്റെ കണ്ണുകളില്‍ നിരാശ നിറഞ്ഞു. അമ്മ ഒറ്റയ്ക്കാണ്. ഓമന ആ കണ്ണുകളിലേക്ക് സഹതാപപൂര്‍വ്വം നോക്കി. ആ കാര്യം പെട്ടെന്നങ്ങ് മറന്നു. പിഞ്ചുപെണ്‍കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത കാലത്ത് ഒരു അംഗവൈകല്യമുള്ള സ്ത്രീയെ വെറുതെ വിടുമോ?
അവന്റെ മുഖത്തെ നിസ്സംഗത മനസ്സിലാക്കി പറഞ്ഞു, ''ഓ, അമ്മ ഒറ്റയ്ക്കാണല്ലോ, അല്ലേ. മോന്‍ പെട്ടെന്ന് പൊയ്‌ക്കൊള്ളൂ.''
കിരണ്‍ ഉത്സാഹതിമിര്‍പ്പോടെ കയ്യിലിരുന്ന സമ്മാനപ്പൊതി ഒരു പ്രണയസമര്‍പ്പണംപോലെ അവന്റെ കയ്യിലേക്ക് കൊടുത്തു. അവനത് വാങ്ങിയിട്ട് രണ്ടുപേരോടും നന്ദി പറഞ്ഞ് വേഗത്തില്‍ നടന്നു. അവന്‍ അതിവേഗത്തില്‍ നടക്കുന്നതും നോക്കി അവള്‍ കാര്‍പോര്‍ച്ചിലേക്ക് നീങ്ങി. ഞാനായി വാങ്ങിയ ഷര്‍ട്ടും പാന്റുമാണ് കൊടുത്തു വിട്ടത്. പൊതുവില്‍ അവന്റെ പെരുമാറ്റം മനഃപ്രയാസമുണ്ടാക്കുന്നതാണെങ്കിലും അത് അവന്റെ കുറ്റമല്ലെന്നറിയാം. അവന്‍ ഭയപ്പെടുന്നത് പപ്പായെ ആണ്. പപ്പായെ ഒരു സ്മാരകമായി കൊണ്ടുനടക്കുന്നവന് എങ്ങിനെ അദ്ദേഹത്തെ മകളെ പ്രണയിക്കാനാകും. അത് അവന്റെ മുന്നില്‍ ഒന്നുമെഴുതാത്ത കടലാസാണ്. അതില്‍ എഴുതപ്പെട്ടിട്ടുള്ളത് പ്രണയമല്ല. ആത്മവിശ്വാസം കലര്‍ന്ന കടപ്പാടാണ് അവനോട്. ചാരിതാര്‍ത്ഥ്യത്തോടെ പറയാന്‍ ധാരാളം കാര്യങ്ങളുണ്ട്. അത് അവന്റെ രണ്ടാംക്ലാസ് മുതലുള്ള ജീവിതകഥകളാണ്. അതവനറിയാം.
പ്രണയത്തെപ്പറ്റി പറയുമ്പോഴൊക്കെ അവനില്‍ കാണുന്ന കനത്ത നിശബ്ദത എന്നെയും നിരാശപ്പെടുത്തിയിട്ടുണ്ട്. അത് ദുഃഖത്തിനും മടുപ്പിനും ഇടയാക്കിയിട്ടുണ്ട്. അവന്‍ അതിനെ എങ്ങനെ കണ്ടാലും എന്റെയുള്ളില്‍ എന്തെന്നില്ലാത്ത ഒരാനന്ദം ഞാനനുഭവിച്ചിട്ടുണ്ട്. അത് എങ്ങനെയെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ എനിക്കറിയില്ല. അത് മനസ്സിനെ മാറ്റി മറിക്കുന്നു. ഇവിടെയോ അവിടെയോ അതുമറിയില്ല. ഒരു സത്യം ഒളിക്കുന്നുണ്ട്. അതാണ് സൃഷ്ടിയുടെ മഹത്തായ സത്യം. അതല്ലെങ്കില്‍ മനുഷയസഹജമായ ചാപല്യമായിരിക്കാം. മനസ്സില്‍ കൊടുകൊള്ളുന്നവയെല്ലാം അവനെ അടിമകളാക്കി മാറ്റുകയാണ്. അതെ എന്റെ ജയമാനന്‍ വയല്‍ വരമ്പിലൂടെ ഒരു നിഴലായി നടന്നുപോകുന്നത് അവള്‍ കാണുന്നുണ്ട്. ആ ഇരുണ്ട പ്രദേശത്തുനിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരേണ്ടത് തന്റെ കടമയാണ്. ആ സത്യവും സൗന്ദര്യവുമറിയാന്‍ ഇനിയും ഏതാനും വര്‍ഷങ്ങള്‍ക്കൂടി കാത്തിരിക്കണം. അതിനാവശ്യം ക്ഷമയും പ്രതീക്ഷയുമാണ്. ഇനിയുള്ള ജീവിതം ഏകാന്തമാണ്. ഒറ്റപ്പെട്ടതാണ്. അതിന്റെ വലയങ്ങള്‍ ആശങ്കകളാണ്. അതിനെ അതിജീവിക്കണം. മനഃസാക്ഷി മരവിച്ചുപോകാന്‍ പാടില്ല. അവിടെയും മനസ്സുമായിട്ടുള്ള ഒരു പോരാട്ടമാണ് നടക്കുന്നത്.
ആ നിമിഷങ്ങളില്‍ എന്തെന്നില്ലാത്ത നിര്‍വികാരത അനുഭവപ്പെട്ടു. മുറ്റത്തേക്ക് പ്രകാശം വിതറിക്കൊണ്ടൊരു കാര്‍ വന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സമാധാനമാത്. കണ്ണുകളില്‍ ഒരാന്ദം നിറഞ്ഞു. നീണ്ടുമെലിഞ്ഞ ഒരു മനുഷ്യന്‍ കാറില്‍ നിന്നിറങ്ങി പപ്പയോട് നന്ദി പറഞ്ഞിട്ട് മടങ്ങിപ്പോയി. അവള്‍ വേഗം ചെന്ന് ഗേറ്റടച്ചു പൂട്ടിയിട്ട് മടങ്ങി വന്നു. കൂട്ടില്‍ കിടന്ന നായ്ക്കള്‍ ശബ്ദിച്ചു. രാത്രിഭക്ഷണം ലഭിച്ചില്ലെന്ന പരാതി ആ ശബ്ദത്തിലുണ്ടായിരുന്നു. അവയ്ക്ക് ഭക്ഷണം കൊടുക്കാന്‍ ചാരുംമൂടന്‍ മകളോട് ആവശ്യപ്പെട്ടു.
''എനിക്കൊന്നു കുളിക്കണം'', അത്രയും പറഞ്ഞിട്ട് അദ്ദേഹം അകത്തേക്കു പോയി.
അന്തരീക്ഷം തണുത്തു. ഇരുള്‍ ഏതോ നിഗൂഢകളിലൂടെ സഞ്ചരിച്ചു. ഇരുളില്‍ വവ്വാലുകള്‍ ചിറകടിച്ചു പറന്നു. അവള്‍ വേഗത്തില്‍ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തു. രാത്രിഭക്ഷണത്തിനിരിക്കുമ്പോള്‍ അവര്‍ ഏറെനേരം സംസാരിച്ചു. പ്രധാനമായും സംസാരവിഷയം കടന്നുവന്നത് ലണ്ടന്‍ ജീവിതവും പഠനവുമാണ്. അവിടുത്തെ വിദ്യാഭ്യാസം പരമാവധി പ്രയോജനപ്പെടുത്താന്‍ മകളെ ഉപദേശിച്ചു. ഉള്ളിന്റെയുള്ളില്‍ കരുണ്‍ മനസ്സിനെ അലട്ടുന്നുണ്ടെങ്കിലും അതൊന്നും പുറമെ കാട്ടാതെ സന്തോഷത്തോടെയിരുന്നു. പരീക്ഷയെന്നാല്‍ ലണ്ടനിലേതുപോലെ പരിശീലനമാവണമെന്ന പപ്പയുടെ വാദത്തോട് അവളും യോജിച്ചു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. അലസത ഉപേക്ഷിക്കണം. മാതാപിതാക്കളുടെ വാക്കുകള്‍ മകള്‍ക്ക് ധൈര്യം പകര്‍ന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക