Image

വത്സനാഭി (കഥ: പുഷ്പമ്മ ചാണ്ടി )

Published on 31 May, 2021
വത്സനാഭി (കഥ: പുഷ്പമ്മ ചാണ്ടി )
ഹിമാചൽ പ്രദേശിലേക്ക് അവൾ ഒരു യാത്രപോയി.തിരിച്ചു പോരാൻ തുടങ്ങിയപ്പോഴാണ് ഒരു നഴ്സറിയിൽ  കണ്ട ആ ചെടി അവളെ ആകർഷിച്ചത് ; വത്സനാഭി.
നിറയെ വയലറ്റ് പൂക്കൾ  തരുന്ന ചെടി . സസ്യ ശാസ്ത്രം പഠിച്ചതുകൊണ്ട് മാത്രമല്ല, ഈ ചെടിയുടെ ഒരു പാട് ഗുണങ്ങൾ അവളെ ആകർഷിച്ചിരുന്നു. നേരിട്ട്  ആദ്യമായി കാണുകയാണത്.
 അവൾ രണ്ടു ചെടികൾ  വാങ്ങി.ഇത് വീട്ടിൽ കൊണ്ടുപോയി നടണം.  
മടക്ക യാത്രക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് മാറ്റി  ട്രെയിനിലാക്കി യാത്ര .
ഒരു ദിവസം കൂടുതൽ എടുക്കുമെങ്കിലും താൻ വാങ്ങിയ ചെടികൾ  ഭദ്രമായി കൊണ്ടുപോകാൻ അതാണ് നല്ലതെന്നു മനസ്സ് പറഞ്ഞു .
വീട്ടിൽ എത്തി , കാളിങ് ബെല്ലടിച്ചപ്പോൾ ഭർത്താവാണ് വാതിൽ തുറന്നത്. ചെടിയും പിടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത കോപം വന്നു . ഈ ചെടിക്കു വേണ്ടി തിരികെയാത്ര താമസിപ്പിച്ചു തന്നെക്കൊണ്ട് രണ്ടു ദിവസം വീട്ടിൽ പണിയെടുപ്പിച്ചു .
പോകുന്ന വഴിയിൽ നിന്നെല്ലാം ഇങ്ങനെ ഓരോ ചെടികൾ വാങ്ങികൊണ്ടുവന്നാൽ എവിടെ നടും?
തന്റെ തലയിൽ നടും എന്ന് പറയാൻ തോന്നിയെങ്കിലും വെറുതെ ഒരു പുഞ്ചിരിയോടെ അവൾ അകത്തേക്ക് കയറി . ചെടികൾ  ഭദ്രമായി ഒരു മൂലയിൽ വെച്ച് ,കുളിച്ചു വസ്ത്രം മാറി , മറ്റു പണികളിൽ ഏർപ്പെട്ടു .
ചിലരുണ്ട് മറ്റുള്ളവരുടെ മുൻപിൽ  സ്നേഹം കാണിച്ചു നമ്മളെ വിസ്മയിപ്പിക്കും . ആളൊഴിയുമ്പോൾ അവഗണന കൊണ്ട് വേദനിപ്പിക്കുകയും ചെയ്യും . അവളുടെ വിവാഹ ജീവിതം അങ്ങനെ ആണ് . മറ്റുള്ളവരുടെ മുൻപിൽ , മെയ്ഡ് ഫോർ ഈച് അതർ .
രണ്ടു മുറികളിൽ ഉറങ്ങുന്നവർ .
രണ്ടു സമയങ്ങളിൽ കിടക്കുകയും  എഴുന്നേൽക്കുകയും  ചെയ്യന്നവർ .
ഭക്ഷണം പാചകം ചെയ്യുക , വീട് വൃത്തിയാക്കുക , സാധനങ്ങൾ വാങ്ങുക അതെല്ലാം അവളുടെ പണിയാണ് .മാസം ഒരു സംഖ്യ അയാൾ അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും . എല്ലാത്തിനും കൃത്യമായ കണക്കുണ്ട്  . അവളുണ്ടാക്കുന്ന ഭക്ഷണം അയാൾ കഴിക്കുന്നത് മാറി നിന്നു നോക്കും .
താൻ നന്നായി പാചകം ചെയ്യും എന്നതിൽ അയാൾക്കും സംശയം ഇല്ല .
അച്ഛന്റെ പെങ്ങളുടെ മകൻ.ചെറുപ്പം മുതലേ കണ്ടു വളർന്നവർ .തന്നെ സ്വന്തമാക്കണം എന്ന് പറഞ്ഞപ്പോൾ സന്തോഷം ആണ് തോന്നിയത് . അറിഞ്ഞെന്നു നമുക്കു തോന്നുന്ന ഒരാളുടെ കൂടെ ജീവിതം .
"നിന്നെ  പൊന്നുപോലെ നോക്കും "  അച്ഛൻ പറഞ്ഞു .
അതെ , തന്നെ പൊന്നുപോലെ നോക്കുന്നു . അലമാരിയിൽ അല്ലെങ്കിൽ ലോക്കറിൽ വെച്ച പൊന്നുപോലെ .
പ്രണയം തന്നിലേക്ക്  ഇടിവെട്ടിയപോലെ കടന്നുവരികയും മൗനമായി ഇറങ്ങിപ്പോകുകയും ചെയ്തു . 
ജീവിക്കുന്നു,സുഖമായി .. മറ്റുള്ളവരുടെ മുൻപിൽ . തന്റെ വായന ,ചെടികൾ , പാചകം , പിന്നെ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരം കസ്റ്റമൈസ്‌ ചെയ്ത കേക്ക് , കപ്കേക്ക് , അതിലെ പരീക്ഷണങ്ങൾ . ഗ്ളൂട്ടൻ ഫ്രീ ആയി ഉണ്ടാക്കുന്ന ആൽമണ്ട് കേക്കിന് ആവശ്യക്കാർ അധികം . ചെറിയ ഒരു ലാഭംമാത്രം , അത്മതി . തന്റെ വിരസത  ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗം . ആ പൈസ കൊണ്ട് വർഷത്തിൽ ഒരിക്കൽ ഒരു യാത്ര . അതും തനിയെ . അങ്ങനെ ഈ വർഷം ഹിമാചൽ പ്രദേശിനു പോയി . 
യാത്ര വെറുതെ ആയില്ല . വളരെനാളായി തേടിക്കൊണ്ടിരുന്ന ആ ചെടി അവൾക്കു കിട്ടി ; വത്സനാഭി. 
അരമീറ്ററോളം ഉയരത്തിൽ അത് വളരും . വേര് (കിഴങ്ങ്)  ഔഷധ ഗുണമുള്ളതാണ് .
ഉച്ചകഴിഞ്ഞു  ചെടിച്ചട്ടികൾ വിൽക്കുന്ന കടയിൽപ്പോയി രണ്ടു ചട്ടികൾ വാങ്ങി തന്റെ ചെടിനടാൻ അവൾ ഇടം ഒരുക്കി .
പ്രാർത്ഥനയോടെ അവൾ ആ ചെടി നട്ടു.
ഇതിൽ വേരുകൾ പിടിക്കണം , ഇലകൾ വരണം , പൂക്കൾ കൊണ്ട് നിറയണം .
മറ്റൊരു ചെടിക്കും കൊടുക്കാത്ത ഒരു പരിഗണന അവൾ ആ ചെടിക്കു കൊടുത്തു .
ദിവസവും വളരെ സമയം ആ ചെടിക്കായി മാറ്റി വെച്ച് നിരീക്ഷിച്ചു.
അതിൽ വരുന്ന ഓരോ മാറ്റവും അവളെ സന്തോഷിപ്പിച്ചു . ആ ചെടിയോടുള്ള അടുപ്പം ഒരു  അബ്സെഷനായപോലെ .
അയാളും അവളിൽ വന്ന മാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കുറെ വർഷങ്ങൾക്കു മുൻപേ മാതാപിതാക്കളും ഏക സഹോദരനും ഒരു റോഡപകടത്തിൽ മരിച്ചതിൽ പിന്നെ ആദ്യമായിട്ടാണ്  അവളെ ഇത്ര സന്തോഷത്തോടെ കാണുന്നത് .
ആരോ അവരെ മനഃപൂർവം കൊലപ്പെടുത്തി എന്ന് അവൾ ഗാഢമായി വിശ്വസിച്ചിരുന്നു.ആ ചിന്തയിൽ നിന്നും അവൾ വിമുക്തി നേടിയപോലെ
അയാൾക്കും തോന്നി. കുടുംബ സ്വത്തിനെ പറ്റി, അവൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയത്തെപ്പറ്റി .
പിന്നെ സൈക്യാട്രിക് ഡോക്ടറെ കാണുന്നതും അവൾ  നിർത്തിയിരുന്നു .
അവളുടെ കണ്ണുകൾക്ക് ആഴമേറിയപോലെ . പക്ഷെ എന്തോ ആ ആഴങ്ങൾ നോക്കിയിരിക്കാൻ അയാൾക്കായില്ല. മറ്റേതോ കണ്ണുകളിൽ കണ്ടെത്തിയ ആഴം അയാൾ വർഷങ്ങളായിട്ട് ആസ്വദിക്കുകയായിരുന്നു. തിരികെ കയറുവാൻ കഴിയാത്ത വിധം അവളിലെ കാഴ്ചകളെ
അയാൾ  ഉപേക്ഷിക്കുകയായിരുന്നു . അത് തുടക്കത്തിലേ അവൾക്കും അറിയാമായിരുന്നു.
ബേക്കിങ്ങിലെ പുതിയ പരീക്ഷണങ്ങളും പിന്നെ തന്റെ പ്രിയ ചെടിയുടെ വളർച്ചയും മാത്രം അവൾ ശ്രദ്ധിച്ചു .
എന്നാലും താൻ ഉണ്ടാക്കുന്ന വിഭവങ്ങൾ  അതിലെ പരീക്ഷണങ്ങൾ
എപ്പോഴും അയാൾ ആദ്യം കഴിക്കണം എന്നവൾ ആഗ്രഹിച്ചു .
അയാൾക്കും അതിലൊന്നും എതിർപ്പില്ലായിരുന്നു .
ജീവിതം ശാന്തം , പരമാവധി സന്തോഷം .
പെട്ടെന്നാണ് , നീല കലർന്ന ഒരു വയലെറ്റ്‌ പൂവ്  ആ ചെടിയിൽ വന്നത് .
അത് കണ്ടവൾ ഒരു ഉന്മാദിയെപ്പോലെ നൃത്തം ചെയ്തു . അവിടെ പൂവണിഞ്ഞത് അവളുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു .
അന്നവൾ ഒരു പുതിയതരം കപ്കേക്ക് ഉണ്ടാക്കി .അതിൽ ആ ചെടിയുടെ വേര് ചേർത്തു.
വൈകുന്നേരം വന്ന ഭർത്താവിന് ആ കേക്ക് വളരെ ഇഷ്ടമായി എന്നവൾ മനസ്സിലാക്കി . അയാൾ തന്റെ മുറിയിലേക്ക് പോകുന്നത് അവൾ കണ്ടു.
മറ്റൊരു കപ്കേക്ക് അവളും കഴിച്ചു . അവളുടെ പ്രിയപ്പെട്ട റെഡ് വെൽവെറ്റ്.
പിന്നെ ആ ചെടികൾ മെല്ലെ ചട്ടിയിൽ നിന്നും പറിച്ചെടുത്തു .അവിടെ ഒരു ചുവന്ന റോസ് നട്ടു . പറിച്ചെടുത്ത ചെടിയുമായി, മെല്ലെ നടന്നു നീങ്ങി .
കുറച്ചു മാറി ഒരു പുഴ ഒഴുക്കുന്നു .
ചില വൈകുനേരങ്ങൾ ആ പുഴയോരം അവൾക്ക് ആശ്വാസം പകർന്നിരുന്നു  .
ആ ചെടിയവൾ അതിലേക്കു വലിച്ചെറിഞ്ഞു .
പുഴയുടെ ആഴത്തിലേക്ക് അത് പതുക്കെ താണു പോകുന്നത് ഒരു ചെറുചിരിയോടെ നോക്കി നിന്നു . ഒടുവിൽ  ഒരു ദീർഘനിശ്വാസമെടുത്ത് അവൾ
തിരികെ വീട്ടിലെത്തി , അയാളുടെ മുറിയിൽ കയറി നോക്കി .
ആൾ  അനങ്ങുന്നില്ല . ആംബുലൻസിൽ അയാളെ കൊണ്ടുപോകുമ്പോൾ അവൾക്കു കരയാതിരിക്കാൻ കഴിഞ്ഞില്ല . തുറുങ്കിലടയ്‌ക്കപ്പെട്ടവ ശക്കു കിട്ടിയ മോചനം .
പോലീസ് അപ്പോൾ ആ റെഡ് വെൽവെറ്റ് കേക്കിന്റെ അവശിഷ്‌ടങ്ങള്‍ എടുക്കുകയായിരുന്നു .
ദിവസങ്ങൾക്കു ശേഷം ലഭിച്ച  ആ ഔദ്യോഗിക മരണ സര്‍ട്ടിഫിക്കേറ്റ്‌ നോക്കി അവൾ ചെറുതായി പുഞ്ചിരിച്ചു . മാസ്സിവ് ഹാർട്ട് അറ്റാക്ക് .
                   .....       ......         .....        .....


( വളരെയധികം വിഷവീര്യമുള്ള ഒരു ഔഷധ സസ്യമാണ് വത്സനാഭി '. ശാസ്ത്രീയ നാമം - Aconitum ferox Wall, ഇംഗ്ലീഷിൽ ഇന്ത്യൻ അക്കോണൈറ്റ് (Indian aconite) എന്നും Monk's hood എന്നും അറിയപ്പെടുന്നു. 
*അക്കോണൈറ്റ് എന്ന പേര് ഗ്രീക്കു ഭാഷയിൽ അമ്പ് എന്നർത്ഥമുള്ള അകോനിറ്റ് എന്ന പദത്തിൽ നിന്നാണുണ്ടായത്. ശരങ്ങളുടെ അഗ്രഭാഗത്ത് ഇതിന്റെ കറ പുരട്ടി മാരകമായ ആയുധമാക്കി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. നാഗത്തിന്റെ വിഷത്തിനോടു സമാനമായതിനാൽ വത്സനാഗം, വത്സനാഭി എന്നീ പേരുകൾ സിദ്ധിച്ചു,)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക