മലയാളസാഹിത്യത്തിന്റെ വരദാനമായ മാധവിക്കുട്ടി എന്ന കമലാ ദാസിന് മുന്‍പും രുപാട് വനിതാ എഴുത്തുകാര്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. അവര്‍ക്ക് ശേഷവും ന്ന് അനേകം പെണ്ണെഴുത്തുകാര്‍ ദിനംപ്രതി ജനിയ്ക്കുന്നു. എന്നിട്ടും എന്തുകൊണ്ട് മാധവിക്കുട്ടി അവരില്‍ നിന്നും വ്യത്യസ്തമായി വായനക്കാരുടെ നസ്സില്‍ തങ്ങിനില്‍ക്കുന്നു? ഒരു ശോഭ മങ്ങാത്ത എഴുത്തുകാരിയായി ഇവര്‍ ഇന്നും ലയാളസാഹിത്യത്തോടൊപ്പം സഞ്ചരിയ്ക്കുന്നു? ജീവിതത്തെ നിസ്സങ്കോചം അക്ഷരങ്ങളിലൂടെ അവതരിപ്പിച്ച സുധീരയായ ഴുത്തുകാരിയാണ് മാധവിക്കുട്ടി. സദാചാരസദസ്സുകളില്‍ കാപട്യത്തിന്റെ വസ്ത്രം ലിച്ചെറിഞ്ഞു മാനുഷികവികാരങ്ങളെ നഗ്‌നമാക്കി ധീരതയോടെ വരച്ചുകാട്ടാന്‍ ഇവര്‍ രെയും പേടിച്ചില്ല. അവരുടെ തൂലികയ്ക്ക് ജീവന്‍നല്‍കിയിരുന്നത് ഈ പച്ചയായ മാനുഷികവികാരങ്ങളായിരുന്നു. സ്ത്രീയെന്ന സൃഷ്ടിയിലെ വൈകാരികതയെ നിഷ്‌കളങ്കമായിത്തന്നെ ആവിഷ്‌കരിയ്ക്കുന്നതില്‍ ഇവര്‍ വിജയിച്ചതായി പല രചനകളിലും കാണപ്പെടുന്നു. കാല്‍പ്പനിക സൗന്ദര്യത്തിന്റെ നറുതേനില്‍ മുക്കി ഗൃഹാതുരത്വത്തെ രചനകളില്‍ ചേര്‍ത്തു വായനക്കാരെ കൂടെ കൊണ്ടുപോകാന്‍ അവര്‍ക്ക്എ പ്പോഴും കഴിഞ്ഞിട്ടുണ്ട്. രചനകളില്‍ സ്വപ്നങ്ങള്‍ നിറച്ച് വായനക്കാരെ മറ്റൊരു ലോകത്തേയ്ക്ക് ആനയിച്ചുകൊണ്ടുപോകാന്‍ ഈ അനുഗ്രഹീത എഴുത്തുകാരി നടത്തിയ ശ്രമങ്ങള്‍ വിജയകരമായിട്ടുണ്ട്.
മലയാളഭാഷയ്ക്ക് ഇവര്‍ നല്‍കിയ എല്ലാ പുസ്തകങ്ങളും വായിക്കാന്‍ അവസരം
ലഭിച്ചിട്ടില്ല എങ്കിലും വായിച്ച രചനകളില്‍ ഈ എഴുത്തുകാരിയുടെ സ്വാതന്ത്ര
ബോധം ശ്രദ്ധയില്‍ പെടാറുണ്ട്. ഒരു എഴുത്തുകാരന്‍ എപ്പോഴും ഒരു ശക്തിക്കും
അടിമപ്പെടാതെ സ്വതന്ത്രനായിരിക്കണം. എന്നത് ഇവരുടെ എഴുത്തില്‍ നിന്നും
വ്യക്തമാകാറുണ്ട്. ഒരു എഴുത്തുകാരന്റെ മനസ്സില്‍ വന്ന കാര്യങ്ങള്‍ അതേപടി
തന്റെ രചനകളില്‍ പകര്‍ത്താമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും എന്ന ഒരു ഉത്തരം
ഇവരുടെ കൃതികള്‍ നല്‍കാറുണ്ട്. മെയില്‍ ഷോവനിസ്റ്റുകള്‍ക്ക് അംഗീകരിക്കാന്‍
കഴിയാത്ത കാര്യങ്ങള്‍ മാധവികുട്ടി എഴുതി എന്നത് തന്നെയാണ് മറ്റുള്ളവരില്‍
നിന്നും ഇവര്‍ വ്യത്യസ്തയാകാനുള്ള പ്രധാന കാരണം.
ഇതു മാത്രമല്ല ഇവരുടെ പല രചനകളും വരാന്‍ പോകുന്ന കാലഘട്ടത്തിന്റെ ഒരു
മുന്‍വിധിയാണോ എന്ന് തോന്നിപോകാം. 1968-ല്‍ ഇവര്‍ എഴുതിയ 'വിശുദ്ധ പശു' എന്ന സൃഷ്ടി ഇന്നത്തെ ഗോസംരക്ഷണത്തെ അടിസ്ഥാനപ്പെടുത്തി ആയിരുന്നുവോ എന്ന് സംശയിയ്ക്കാം. കുപ്പത്തൊട്ടിയില്‍ കിടന്ന ഒരു പഴത്തൊലി വിശന്നു തളര്‍ന്ന ഒരു
കുട്ടി എടുത്തുകഴിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഒരു പശു അത് കുട്ടിയില്‍
നിന്നും തട്ടിയെടുക്കുവാന്‍ ശ്രമിയ്ക്കുന്നു. വിശപ്പു സഹിയ്ക്കാനാകാത്ത
കുട്ടി പശുവിനെ തട്ടി മാറ്റി ആ പഴത്തൊലി തിന്നുന്നു. തട്ടിമാറ്റിയപ്പോള്‍
കരഞ്ഞുകൊണ്ട് ഓടിപ്പോയ പശുവിനെ സന്യാസിമാര്‍ ശ്രദ്ധിയ്ക്കുന്നു. അവര്‍
കുട്ടിയെ ചോദ്യം ചെയ്യുന്നു. പശുവിനെ നീയാണോ ഉപദ്രവിച്ചതെന്നു
ചോദിയ്ക്കുന്നു. സംഭവങ്ങളെല്ലാം സത്യമായി പറഞ്ഞ കുട്ടിയോടാവര്‍ നീ
ഹിന്ദുവാണോ, മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്ന് ചോദിയ്ക്കുന്നു.
എനിയ്ക്കു ഇതേപ്പറ്റി ഒന്നും അറിയില്ല എന്നതായിരുന്നു കുട്ടിയുടെ മറുപടി.
വീണ്ടും അവര്‍ അവനോടു നീ പള്ളിയിലാണോ അമ്പലത്തിലാണോ പോകാറുള്ളത് എന്ന് ചോദിയ്ക്കുന്നു. ഞാന്‍ എവിടെയും പോകാറില്ല എനിയ്ക്കു കുപ്പായമില്ല, എന്റെ
നിക്കറിന്റെ പുറകുവശം കീറിയിരിയ്ക്കുന്നു എന്ന സത്യസന്ധമായ മറുപടി
കേട്ടിട്ടും അവര്‍ ഈ കുട്ടി ഒരു ഇസ്ലാമാണെന്ന തീരുമാനമെടുത്തു അവനെ കൊന്നു
അതെ കുപ്പത്തൊട്ടിയില്‍ ഇട്ടു. ഭഗവാന്റെ നാമത്തില്‍ എല്ലാം സമര്‍പ്പിയ്ക്കുന്നു
എന്ന സംതൃപ്തിയോടെ സന്യാസിമാര്‍ മടങ്ങുന്നതാണ് വിശുദ്ധ പശുവിന്റെ
ഉള്ളടക്കം.
ഹിന്ദുമതത്തിലെ സന്യാസിമാര്‍ ആ മതത്തെ ദുര്‍വ്യാഖ്യാനം ചെയ്തു
കളങ്കപ്പെടുത്തുമ്പോള്‍ അതില്‍ തുടരുന്നത് എന്തിനെന്നു അവര്‍ ചിന്തിച്ചു
കാണുമായിരിയ്ക്കാം. മതം മാറ്റം എന്ന ആശയം ഒരുപക്ഷെ ഇവിടെ നിന്നും
അവരുടെ മനസ്സില്‍ മുളപൊട്ടിയിട്ടുണ്ടാകാം. ഈ ആശയം അവരുടെ
മനസ്സിലുണ്ടായിരുന്നെന്നും അവര്‍ അതേപ്പറ്റി ഭര്‍ത്താവിനോട് സൂചിപ്പിച്ചതായും
ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. വിശുദ്ധ പശു എന്ന കഥ ആ ചിന്താഗതിയെ
സ്ഥിരീകരിക്കുന്നു. മതം മാറിയതിനുശേഷം അവര്‍ ആ തീരുമാനത്തില്‍
പശ്ചാത്തപിക്കുന്നതായും പ്രകടിപ്പിച്ചിട്ടുണ്ട്. വികാരങ്ങള്‍ അവരുടെ
വിവേകത്തെ പലപ്പോഴും പിടിച്ചുലക്കുന്നതായി അവരുടെ രചനകളില്‍
പ്രകടമാകുന്നതായി വായനക്കാരന് തോന്നാം.
വരാനിരിക്കുന്ന കാലഘട്ടത്തിന്റെ ഒരു മുന്‍വിധിയായി തോന്നാവുന്ന മറ്റൊരു
നോവലാണ് 'ചന്ദനമരം'. സ്വവര്‍ഗ്ഗ പ്രണയം എന്നത് അത്രമാത്രം ആര്‍ക്കും
അറിയപ്പെടാത്ത ഒരു കാലഘട്ടത്തിലാണ് രണ്ട് ലെസ്ബിയനുകളുടെ കഥ പറയുന്ന ഈ
നോവല്‍ അവര്‍ എഴുതിയത്. കളികൂട്ടുകാരായ കല്ല്യാണികുട്ടിയും, ഷീലയുമാണ് ഇതിലെ കഥാപാത്രങ്ങള്‍. കളിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ കല്യാണികുട്ടിയുടെ
നോട്ടത്തിലും സാമീപ്യത്തിലും ഉണ്ടായ ഭാവവ്യത്യാസങ്ങള്‍ ഷീല തിരിച്ചറിയുകയും
അവള്‍ അതില്‍ ഒരു എതിര്‍ ലിംഗക്കാരനോടെന്നോണം വശംവദയാകുകയും ചെയ്യുന്നു.
കല്ല്യാണികുട്ടിയ്ക്ക് ഷീലയോടുള്ള പ്രണയം പ്രാണനേക്കാള്‍ വലുതായി മാറുന്നു.
പരസ്പരം ഇവരിലെ പ്രണയം പുറത്ത് പറയാനാകാതെ രണ്ടുപേരും സമൂഹത്തിന്റെ
ചട്ടങ്ങള്‍ക്കനുസരിച്ച് ഓരോ പുരുഷന്മാര്‍ക്കൊപ്പം വിവാഹിതരാകുന്നു. ആ
വിവാഹബന്ധത്തില്‍ സംതൃപ്തരാകാന്‍ കഴിയാതെ രണ്ടുപേരും അസ്വസ്ഥരാകുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രണ്ടു വിവാഹം കഴിച്ചിട്ടും കല്ല്യാണികുട്ടി
ഷീലയെ അന്വേഷിച്ചെത്തുന്നു. കല്ല്യാണികുട്ടി ഗര്ഭിണിയാകുന്നു.
എന്നിട്ടും ഷീലയുടെ കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ശാസ്ത്രത്തിനുപോലും ഇത്
അസാധ്യമാണെന്നറിവുള്ള ഡോക്ടറായ കല്ല്യാണികുട്ടിയിലെ സ്വവര്‍ഗ്ഗ പ്രണയം
ദാഹിയ്ക്കുന്നു. ഷീല ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് അനുസൃതമായി
ജീവിച്ചിരുന്ന ഭാര്യ ആയിരുന്നിട്ടും കല്ല്യാണികുട്ടിയെ കാണുമ്പോള്‍ അവള്‍
സ്വവര്‍ഗ്ഗ പ്രണയത്തിലെ പ്രണയിനി ആകുന്നു. നോവലിന്റെ അവസാനം രണ്ടുപേരുടെയും അച്ഛന്‍ ഒന്നാണെന്നും, ഷീലയുടെ ഭര്‍ത്താവ് കല്ല്യാണികുട്ടിയെ കാമിച്ചിരുന്നു എന്നുമുള്ള രണ്ടു വഴിത്തിരിവുകള്‍, കൂട്ടുകാരികള്‍ തമ്മിലുണ്ടായ
ബന്ധത്തെക്കുറിച്ച് വായനക്കാര്‍ക്ക് മുന്നില്‍ പല ചോദ്യങ്ങളും നിരത്തുന്നു.
രക്തബന്ധമാണോ ഈ ബന്ധത്തിന്റെ അടിസ്ഥാനം അതോ പരസ്ത്രീകളെ കാമിയ്ക്കുന്ന പുരുഷനാല്‍ വഞ്ചിയ്ക്കപ്പെടുന്നതിലും സുരക്ഷ സ്വവര്‍ഗ്ഗ പ്രണയത്തിനാണെന്നു ഷീല ചിന്തിച്ചുവോ?
മാധവിക്കുട്ടിയുടെ പ്രശസ്ത നോവലായ 'നീര്‍മാതളം പൂത്ത കാലം' എന്ന കൃതിയില്‍
അവരുടെ കുടുംബവീടായ നാലപ്പാട്ട് തറവാടും പരിസരങ്ങളും, കല്കട്ടയും
പശ്ചാത്തലങ്ങളാകുന്നു. അമ്മമ്മയും പാറുകുട്ടിയും കുഞ്ഞാഞ്ഞു മാപ്പിളയും
കഥാപാത്രങ്ങളാകുമ്പോള്‍ ഒരു പതിനാലു വയസ്സുകാരിയുടെ പൊങ്ങച്ചങ്ങള്‍ പോലും
ഒഴിവാക്കാതെ അവിടുത്തെ ജീവിതം ഒരു തെളിനീര് പോലെ പകര്‍ത്തിവയ്ക്കുന്നു
വളരെ ലളിതമായ ഭാഷയാണ് എഴുതാന്‍ ഉപയോഗിക്കുന്നത് എങ്കിലും അതിനൊരു മാസ്മര ശക്തിയുണ്ട്. ഗൃഹാതുരത്വത്തിന്റെ നേരിയ നോവ് നമ്മുടെ മനസ്സില്‍ അത്
നിറയ്ക്കുന്നു. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ മുഖഛായ ഇപ്പോള്‍
മാറിയെങ്കിലും അതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ വ്യക്തികള്‍ എല്ലാം നമുക്ക്
ചിരകാല പരിചിതരെപോലെ അനുഭവപ്പെടുന്നു. പകര്‍ന്നുകൊടുക്കാന്‍ സമൃദ്ധമായ സ്‌നേഹം ഉണ്ടായിട്ടും അനുഭവിയ്ക്കുന്ന ഏകാന്തതയെ തുറന്നു കാണിയ്ക്കാന്‍ അവര്‍ ധൈര്യം കാണിയ്ക്കുന്നു. 'പ്രകടമാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ് പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യം' എന്നവര്‍ സ്‌നേഹത്തെകുറിച്ച
പറയുന്നു. 'വായ് മൂടിക്കെട്ടിയ ചീന ഭരണിപോലെയായിരുന്നു ആ വീട്ടില്‍
എല്ലാവരും. തന്റെ ഗന്ധമോ, സ്വാദോ മറ്റൊരാളെ അറിയിക്കാതെ ജീവിയ്ക്കുന്നവര്‍'
എന്ന് തറവാട്ടിലെ ആളുകളെ കുറിച്ചവര്‍ വിലയിരുത്തി. 'അമ്മാവനും പോയി,
അമ്മമ്മയും പോയി ജ്യേഷ്ഠനും പോയി, സ്‌നേഹിച്ചിരുന്നവരെല്ലാം പോയി.
ജീവിയ്ക്കുവാന്‍ വൃഥാ കാരണങ്ങള്‍ തേടിക്കൊണ്ട് ഞാന്‍ മാത്രം എല്ലാവരെയും
ഓര്‍മ്മിച്ചു ഇന്നും ജീവിയ്ക്കുന്നു' എന്ന് ഏകാന്തത ജീവിതത്തെ വേട്ടയാടിയ
സാഹചര്യത്തെ അവര്‍ വിലയിരുത്തി. ' എന്റെ പിന്നില്‍ വാലാട്ടിക്കൊണ്ട്
നടക്കുവാന്‍ ഒരു പട്ടികുട്ടിയെ വില കൊടുത്തു വാങ്ങണമെന്ന് ഞാന്‍ കലശലായി
മോഹിച്ചു' എന്ന് സ്‌നേഹിയ്ക്കാനും സ്‌നേഹിയ്ക്കപ്പെടാനും അതിയായി ആഗ്രഹിച്ച
അവര്‍ എഴുതി.
സ്‌നേഹമെന്ന വികാരം ഉയര്‍ച്ച താഴ്ചകളില്ലാതെ ജാതിമത വര്‍ഗ്ഗ
വ്യത്യാസങ്ങളില്ലാതെ ഏതൊരു പച്ചയായ മനുഷ്യനിലും ഉരിത്തിരിയുന്നതാണെന്നു
അവര്‍ പല സ്ഥലത്തും വ്യക്തമാക്കുന്നു 'സ്‌നേഹം ദരിദ്രനും ധനവാനും
ഇടത്തരക്കാരനും എല്ലാവര്‍ക്കും വരാതിരിയ്ക്കില്ല അതുകൊണ്ട്
സ്‌നേഹിയ്ക്കണമെങ്കില്‍ തന്നെക്കാള്‍ താഴ്ന്നവനെയാകണമെന്നില്ല' എന്നവര്‍ മതിലുകള്‍ എന്ന കഥാസമാഹാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യമനസ്സിലെ എല്ലാ
ദൗര്‌ലഭ്യങ്ങളെയും ചുണ്ടികാണിയ്ക്കുന്ന വിവിധ കഥാപാത്രങ്ങളെ നിരത്തി
നിര്‍ത്തുന്ന ഏതാനും കഥകള്‍ അടങ്ങുന്ന കഥാ സമാഹാരമാണ് മതിലുകള്‍ എന്ന സൃഷ്ടി.
പുരുഷന്റെ പ്രവര്‍ത്തികൊണ്ട് ഏതൊരു പരിശുദ്ധയായ സ്ത്രീയെയും
അപമാനിതയാക്കാനും, അവളുടെ ജീവിതം ദുസ്സഹമാക്കാനും കഴിയുമെന്ന സമൂഹം
നിര്‍മ്മിച്ചുവച്ച ചട്ടക്കൂടാണ് പുരുഷമേധാവിത്വത്തിന്റെ വിജയം എന്ന് ഈ
എഴുത്തുകാരി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തെ അതിജീവിയ്ക്കാന്‍
'നന്നായി ഒന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകിയാല്‍ തീരാത്ത ഒരു കളങ്കവും
സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്നും ഉണ്ടാകുന്നില്ല.' എന്ന് വളരെ
ലാഘവത്തോടെ എഴുതി സ്ത്രീയ്ക് ധൈര്യം പകരാന്‍ അവര്‍ ശ്രമിച്ചിരുന്നു.
പുരുഷമേധാവിത്വത്തെ ഇത്രയും ലളിതമായി കാണാന്‍ ധൈര്യം കാണിയ്ക്കുന്ന ഇവരെ പുരുഷകേസരികള്‍ ഭയപ്പെട്ടിരിയ്ക്കാം. ഈ ഭയം അവരെ തകര്‍ക്കാനുള്ള കുല്‍സിത ശ്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകാം എന്ന് ഊഹിയ്ക്കാം. ലൈംഗികത എന്ന മനുഷ്യ വികാരരത്തെ മാധവികുട്ടി എന്ന സ്ത്രീ എഴുത്തുകാരി ഒട്ടും സങ്കോചം കൂടാതെ എഴുതിയപ്പോള്‍ ഇവരില്‍ അനിയന്ത്രിതമായ കാമമുള്ളതുകൊണ്ടെന്നു പലരും വിലയിരുത്തി.
എന്നാല്‍ സാഹിത്യകാരന്മാര്‍ എടുത്തുകാട്ടാന്‍ മടികാണിച്ചിരുന്ന അതേസമയം എല്ലാ
മനുഷ്യരുടെയും സ്വകാര്യതയില്‍ അടച്ചുപൂട്ടി വച്ചിരുന്ന മനുഷ്യന്റെ മുഖമാണ്
അവര്‍ വാക്കുകളിലൂടെ തുറന്നു കാണിച്ചത്. 'എന്റെ കഥ' എന്ന
മാധവിക്കുട്ടിയുടെ ആത്മകഥയിലെ വാക്കുകള്‍ ഉദ്ധരിക്കാം. 'ഇന്നോളം ഞാന്‍
ധാരാളം കഥകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ എന്റെ കഥ എഴുതിയപ്പോള്‍ കിട്ടിയ
സന്തോഷം മറ്റൊന്നും തന്നില്ല. എന്റെ രഹസ്യങ്ങള്‍ എല്ലാം പുറത്തുവിട്ട്
വൃത്തിയാക്കിയ ഒരു മനഃസാക്ഷിയോടെ എനിക്ക് ഈ ലോകം വിടണം''. സമൂഹത്തിലെ അനാചാരങ്ങളോട് എതിര്‍ക്കാന്‍ എന്നും അവര്‍ ആഗ്രഹിച്ചിരുന്നു എന്ന് തുറന്ന എഴുത്തില്‍ നിന്നും മനസ്സിലാക്കാം. അന്ന് കാലഘട്ടത്തില്‍ നിലനിന്നിരുന്ന
അനാചാരങ്ങള്‍ പുരുഷമേധാവിത്വത്തെ സഹായിക്കുമ്പോള്‍ സ്ത്രീകള്‍ അതിന്റെ
ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു എന്നവര്‍ മനസ്സലാക്കിയിരുന്നു. അതുകൊണ്ട്
സമൂഹത്തിലെ അത്തരം ദുഷ്പ്രവത്തകള്‍ക്കെതിരെ അവര്‍ രൂക്ഷമായി എഴുതി,
പരിഹസിച്ചു. എന്റെ കഥ, മലയാളനാട് പ്രസിദ്ധീകരിച്ചപ്പോള്‍ അത്
തുടരാതിരിക്കാന്‍ പലരും ശ്രമിച്ചു. ഓരോരുത്തരെയും കുറിച്ചുള്ള ലൈംഗികമായ
പരാമര്‍ശങ്ങള്‍ തന്റെ ഭാവനാ ലോകം മാത്രമാണെന്ന വിശകലനത്തോടെ അവര്‍ തുടര്‍ന്നു.
'നെയ്പായസം' എന്ന കഥ മാറ്റിനിര്‍ത്തികൊണ്ട് മാധവികുട്ടിയുടെ
രചനാലോകത്തേക്ക് കടക്കുക എന്നത് നിഷ്ഫലമായേക്കാം. കാരണം
കുടുംബജീവിതത്തില്‍ ഒരു സ്ത്രീയുടെ പ്രാധാന്യത്തെയാണവര്‍ ഈ കഥയിലൂടെ
മനസ്സിലാക്കിത്തരാന്‍ ശ്രമിയ്ക്കുന്നത്. സ്‌നേഹത്തിന്റെ നിഷ്‌ക്കളങ്കമായ
മുഖം ഈ കഥയിലൂടെ മാധവിക്കുട്ടി ആവിഷ്‌ക്കരിക്കുന്നു. നിനച്ചിരിക്കാത്ത
നിമിഷത്തില്‍ ഭാര്യയെ നഷ്ടപ്പെട്ടപ്പോള്‍ യാഥാര്‍ഥ്യങ്ങളുടെ ഭീകരമുഖം കണ്ട്
ഭയപ്പെട്ടുനില്‍ക്കുന്ന ഭര്‍ത്താവിനെ ഇതില്‍ കാണാം. ഭാര്യയുടെ ശവമടക്ക്
കഴിഞ്ഞ് നിസ്സഹായനായി വീട്ടിലേക്ക് മടങ്ങുന്ന ഭര്‍ത്താവ്, അയാളുടെ
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നോക്കി മനസ്സില്‍ വിതുമ്പുന്നു. മക്കള്‍ക്കായി
'അമ്മ ഭക്ഷണം പാകം ചെയ്ത വച്ചിട്ടുണ്ട്. ഇടക്കിടെ ഉണ്ടാകാറുള്ള
നെയ്പായസവും ഒരു സ്പടികപാത്രത്തില്‍ വച്ചിരിക്കുന്നു. 'അമ്മ മരണപ്പെട്ടു
എന്നറിയാതെ ഭക്ഷണം കഴിക്കുന്ന കുഞ്ഞുങ്ങളെ നോക്കി വികാരാധീനനാകുന്ന
ഭര്‍ത്താവ് ചിന്തിക്കുന്നു. കുട്ടികള്‍ അമ്മയുടെ വിയോഗം ഇപ്പോള്‍ അറിയേണ്ട.
സത്യത്തിനു ഒരു ദിവസം കൂടി കാത്തിരിക്കാം. എത്രയോ ഹൃദയഭേദകമായ നിമിഷങ്ങള്‍ ഈ കഥയില്‍ നമ്മള്‍ കാണുന്നു. കുട്ടികളെ പരിപാലിയ്ക്കുന്ന, വീട്
സംരക്ഷിയ്ക്കുന്ന ഒരു അമ്മയെ മാത്രമല്ല നഷ്ടപ്പെട്ടത് മറിച്ച്
ഉത്തരവാദിത്വങ്ങള്‍ ഒരു പരാതിയും കൂടാതെ ചുമന്നിരുന്ന ദാമ്പത്യജീവിതത്തിലെ
ഒരു ഭാഗമാണ് നഷ്ടപ്പെട്ടിരിയ്ക്കുന്നത്. ഹൃദയസ്പര്‍ശിയായ ഈ കഥയിലൂടെ
സ്ത്രീപുരുഷബന്ധങ്ങളുടെ ശക്തിയും, പവിത്രതയും
ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.
മാധവിക്കുട്ടിയുടെ രചനാലോകത്തില്‍ പല കഥാപാത്രങ്ങളെയും കാല്പനികതയിലൂടെ
അവര്‍ കാണുന്നു. മിക്കവാറും കഥകളില്‍ സ്ത്രീഹൃദയങ്ങളുടെ കാമനകള്‍
വര്‍ണ്ണിക്കുന്നുണ്ട്. ഇവയെല്ലാം ഒരുപക്ഷെ രഹസ്യമായി സമ്മതിയ്ക്കുന്നതും
അതെ സമയം സദാചാരത്തില്‍ അവര്‍ മറച്ചുവയ്ക്കുന്നവയും ആകുന്നു. നിലനില്‍പ്പിനു ഒരു സാങ്കല്‍പ്പിക ലോകം വേണമെന്ന് അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കണ്ടുമുട്ടാകാനാകാത്ത പലതും കാല്പനികതയിലൂടെ കണ്ടുമുട്ടി മാധവികുട്ടി എന്ന എഴുത്തുകാരി ആനന്ദം കൊള്ളുന്നു.
ഹൃദയത്തിന്റെ ഭാഷയാലും, വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളാലും മലയാള
സാഹിത്യത്തിന് എന്നും അനുപമയാണ് മാധവികുട്ടി എന്ന എഴുത്തുകാരി. മലയാള സാഹിത്യത്തോടൊപ്പം മാധവികുട്ടി എന്ന എഴുത്തുകാരിയുടെ നിലയ്ക്കാത്തപ്രയാണത്തിന് കൂട്ടായി ഇനിയും മാധവികുട്ടികള്‍ മലയാളസാഹിത്യത്തില്‍ ജനിയ്‌ക്കേണ്ടതുണ്ട്.