Image

അരനൂറ്റാണ്ടു മുമ്പ് ഞാൻ കണ്ട ലക്ഷദ്വീപ് (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

Published on 02 June, 2021
അരനൂറ്റാണ്ടു  മുമ്പ് ഞാൻ കണ്ട ലക്ഷദ്വീപ് (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
ഇന്ന് എല്ലാ മലയാള ടെലിവിഷൻ ചാനലുകളിലും വളരെയധികം വാർത്താപ്രാധാന്യം കൊടുത്തുകൊണ്ടിരിക്കുന്ന വിഷയമാണ് ലക്ഷദ്വീപും അവിടെ നടത്താൻ  ഉദ്ദേശിക്കുന്ന ഭരണപരിഷ്ക്കാരങ്ങളും.
 
എന്റെ ഔദ്യോഗികജീവിതത്തിനിടയിൽ,  1969-ൽ , ഏകദേശം ആറുമാസക്കാലം ലക്ഷദ്വീപുകളുടെ തലസ്ഥാനമായ കവരത്തിയിലെ  ഏക ആരോഗ്യപരിപാലനകേന്ദ്രത്തിൽ സേവനം ചെയ്യുന്നതിന് അവസരം ലഭിച്ചു. കേരള ആരോഗ്യവകുപ്പിൽ സേവനം അനുഷ്ഠിക്കവെയാണ്, ലക്ഷദ്വീപിലെ ആശുപത്രിയിൽ സേവനം ചെയ്യാൻ കേരള ഗവണ്മെന്റ് ഡെപ്യൂട്ടേഷനിൽ എന്നെ അയച്ചതു. യാത്രയ്ക്കുള്ള ദിവസങ്ങൾ അടുത്തപ്പോഴേക്കും മൺസൂൺ കാലാവസ്ഥ അറബിക്കടലിൽ ഉഗ്രതാണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു. അക്കാരണത്താൽ കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ നിശ്ചിതദിവസം പുറപ്പെടാൻ സാധിച്ചില്ല. പിറ്റേദിവസം കടൽ അല്പം ശാന്തമായപ്പോൾ, കൊച്ചിയിൽ നിന്നും ദ്വീപിലേക്ക് പുറപ്പെട്ട കപ്പലിന്റെ ഒരു ക്യാബിനിൽ ഞാനും ഉണ്ടായിരുന്നു. യാത്രക്കാർ വളരെ കുറവായിരുന്നു. സ്ത്രീയായി ഞാൻ മാത്രം. അടുത്ത ക്യാബിനിൽ എന്നെപ്പോലെതന്നെ, ഡെപ്യൂട്ടേഷനിൽ ദ്വീപിലേക്ക് പോകുന്ന രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു. കപ്പൽയാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ എന്റെ ഭർത്താവ് അവരെ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. ഒരാൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നും ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ സെക്രട്ടേറിയറ്റിലേക്ക് പോകുന്ന ഉദ്യോഗസ്ഥനും, മറ്റെയാൾ കവരത്തി ഹൈസ്‌കൂളിലേക്ക് പോകുന്ന ഒരു അധ്യാപകനും ആയിരുന്നു.
കപ്പൽയാത്ര ആരംഭിച്ചതോടെ, കടൽ കൂടുതൽ പ്രക്ഷുബ്ധമാകുകയും കടൽചൊരുക്ക് എന്ന അസുഖം എന്നെ അലട്ടാൻ തുടങ്ങുകയും ചെയ്തു. പതിന്നാലുമണിക്കൂർനേരത്തെ കപ്പൽയാത്രയിൽ ആഹാരം കഴിക്കുന്നതിനോ ക്യാബിനിൽനിന്നും പുറത്തുവരുന്നതിനോ, എനിക്ക് സാധിച്ചില്ല.  കപ്പൽ നേരെ കവരത്തിയിലേക്കാണ്  പോയതു. അവിടെ കരയിൽനിന്നും കുറച്ചകലെയായി കപ്പൽ നങ്കൂരമിട്ടു. കടൽക്ഷോഭം കാരണം കപ്പൽ മിനിക്കോയിലേക്ക് നീങ്ങുന്നില്ല എന്ന കാരണത്താൽ എനിക്ക് കവരത്തിയിൽ ഇറങ്ങുവാനുള്ള ക്രമീകരണങ്ങൾ ഇതിനോടകം ഗവൺമെന്റിൽ നിന്നും ചെയ്തുകഴിഞ്ഞിരുന്നു.
 
 മിനിക്കോയ് ആശുപത്രിയിലേക്കായിരുന്നു എന്റെ നിയമനം. കരയിൽ നിന്നും എത്തി കപ്പലിനോടു ചേർത്തിട്ട വള്ളത്തിലേക്ക്, കയർ കൊണ്ടുണ്ടാക്കിയ ഒരു ഏണിയിൽ കൂടിയാണു  ഇറങ്ങേണ്ടിവന്നത്. ദ്വീപു നിവാസികളായ വള്ളക്കാർ ഉലയുന്ന വള്ളത്തിൽ നിഷ്പ്രയാസം എന്നെ സ്വസ്ഥമായി ഇരുത്തി. വള്ളം കരയിലെത്തിയപ്പോഴേക്കും എന്നെ സ്വീകരിക്കാനായി ചില ദ്വീപുനിവാസികളും ആശുപത്രി അധികൃതരും എത്തിയിരുന്നു. കാറോ, മറ്റേതെങ്കിലും വാഹനസൗകര്യങ്ങളോ അവിടെയില്ല. ഈ ചെറിയ ദ്വീപിൽ അതിന്റെ ആവശ്യം ഇല്ലായിരിക്കാം എന്നു ഞാൻ ചിന്തിച്ചു. ചുറ്റും കടലും മനോഹരമായ മണൽത്തിട്ടകളും തെങ്ങു ഉൾപ്പെടെ വിവിധതരം വൃക്ഷങ്ങൾ കൊണ്ട് ഹരിതാഭമായ ഒരു ഭൂപ്രദേശം. കേരളത്തിലെ പഴയ ഗ്രാമങ്ങളിലെ വീതികുറഞ്ഞ ചെമ്മൺപാതകളെ (ചെമ്മണ്ണിനു പകരം ഇവിടെ തരിമണലാണെന്ന വ്യത്യാസം) അനുസ്മരിപ്പിക്കുന്ന വഴിയിൽകൂടി കുറച്ചു നടന്നപ്പോൾ ആശുപത്രിയിൽനിന്നും അധികം ദൂരത്തിലല്ലാതെ, നേഴ്സ്മാർക്കായി കരുതിയിരിക്കുന്ന ക്വർട്ടേഴ്‌സിലെത്തി. എന്നെക്കൂടാതെ മൂന്നു നേഴ്‌സുമാർ അവിടെ താമസിക്കുന്നു. പിറ്റേദിവസം തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
 
വളരെ പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രി. ഒരു മെഡിക്കൽ ഡോക്ടർമാത്രം. അദ്ദേഹമാണ് ആശുപത്രിയുടെ എല്ലാ ചുമതലകളും വഹിക്കുന്നത്. വളരെ കുറച്ചു രോഗികൾ മാത്രമേ ചികിത്സ തേടി ആശുപത്രിയെ സമീപിക്കാറുള്ളു. അഞ്ചെട്ടു കിടക്കകൾ മാത്രമുള്ള ഒരു ചെറിയ കെട്ടിടവും രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കവരത്തി സൈനികരിൽ ആരെങ്കിലും രോഗികളായി എത്തിയാൽ അവർക്കുവേണ്ടി മറ്റൊരു ചെറിയ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. ഇതാണ് ആശുപത്രി. ദ്വീപിൽ ആരെങ്കിലും ഗുരുതരമായി രോഗബാധിതരായാൽ അവരെ മെയിൻലാന്റിലേക്ക് (കൂടുതലും കോഴിക്കോട്ടേക്ക്) അയക്കാറുണ്ട്. ദ്വീപ് നിവാസികളെ പരിചയപ്പെട്ടിടത്തോളം പരിഷ്ക്കാരങ്ങൾ ഒന്നും  തീണ്ടിയിട്ടില്ലാത്ത നിഷ്‌ക്കളങ്കരായ ഇസ്‌ലാം മതവിശ്വാസികൾ. അവരുടെ വസ്ത്രധാരണരീതിയിൽ പോലും അവരുടെ സംസ്കാരം പുലർത്തുന്നവർ, പരപുരുഷന്മാരുമായി സ്ത്രീകൾ സംസാരിക്കുന്നതു തന്നെ പാപമായി കരുതുന്ന തികഞ്ഞ മതവിശ്വാസികൾ.
 
ആശുപത്രി കൂടാതെ, ഒരു ഹൈസ്‌കൂൾ, ട്രഷറി, സെക്രട്ടേറിയേറ്റ് എന്നീ ഗവണ്മെന്റ് സ്ഥാപനങ്ങളും ഈ ചെറിയ ദ്വീപിൽ പ്രവർത്തിക്കുന്നു. അമ്പലങ്ങളോ, കൃസ്തീയദേവാലയങ്ങളോ ഈ ദ്വീപിൽ ഇല്ല. വിനോദങ്ങൾക്കായി പ്രത്യേക ക്ലബുകളോ , സിനിമാശാലകളോ ഒന്നും ഈ ദ്വീപിന്റെ സ്വച്ഛതയെ അലോസരപ്പെടുത്തുന്നില്ല.  കേരളത്തിൽ നിന്നും എന്നെപ്പോലെ ദ്വീപിൽ എത്തിയിരിക്കുന്നവർ ചിലർ മാസത്തിന്റെ രണ്ടാം ശനിയാഴ്ച്ച വൈകുന്നേരം ഒന്നിച്ചുകൂടുന്ന പതിവ് നടപ്പിലുണ്ടായിരുന്നു. ക്രമേണ അതും മന്ദീഭവിച്ചു. ഒരു പ്രാവശ്യം ഞാനും അത്തരം ഒരു കൂട്ടായ്മയിൽ സംബന്ധിച്ചതായി ഓർക്കുന്നു. പൊതുവെ പറഞ്ഞാൽ "കള്ളവും, ചതിയുമില്ല എള്ളോളമില്ല പൊളിവചനം" എന്നു ഓണക്കാലത്ത് കേരളത്തിൽ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ച് പാടികേട്ടിട്ടുള്ള വരികൾ ഈ ദ്വീപ് നിവാസികളെക്കുറിച്ച് അന്വർത്ഥമാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. പോലീസ്, കള്ളൻ, ജയിൽ എന്നീ വാക്കുകളൊന്നും ദ്വീപിലെ എന്റെ ചുരുങ്ങിയ താമസത്തിനിടയിൽ കേൾക്കാനിടയായിട്ടില്ല. തികച്ചും സമാധാനത്തിന്റെ ദ്വീപ് എന്നു വേണമെങ്കിൽ പറയാം.
 
വല്ലപ്പോഴും മെയിൻലാന്റിൽനിന്നും (കോഴിക്കോട്, കൊച്ചി, എന്നിവിടങ്ങളിൽ നിന്നും) എത്തുന്ന കപ്പലുകളിൽ ദ്വീപ് നിവാസികൾക്കാവശ്യമായ  നിത്യോപയോഗസാധനങ്ങൾ വരുന്നു. എന്റെ ഓർമ്മയിൽ കപ്പലടുക്കുന്ന ഭാഗത്തിന് സമീപമായി സൊസൈറ്റി എന്നറിയപ്പെടുന്ന ഒരു സ്ഥാപനമുണ്ടായിരുന്നു. കപ്പൽ എത്തിക്കഴിഞ്ഞാൽ സൊസൈറ്റി കടയിൽ നിന്നും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ സൗകര്യമുണ്ട്. അരിയും മൽസ്യവർഗ്ഗങ്ങളുമാണ് അക്കാലത്ത് അവിടത്തെ പ്രധാന ആഹാരമായിരുന്നത്. വല്ലപ്പോഴുമൊക്കെ ചപ്പാത്തിയും. മിതമായ രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു കാന്റീനും ദ്വീപിൽ ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. പാചകകലയിൽ വേണ്ടത്ര പ്രാവീണ്യം ഇല്ലാതിരുന്ന എനിക്ക് കാന്റീനിൽ നിന്നും ചിലപ്പോഴെക്കെ ആഹാരം എത്തിച്ചു  തന്നിട്ടുണ്ട്.
 
ദ്വീപ് അക്കാലത്തും അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. 1969 ഒക്ടോബർ പത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദ്വീപ് സന്ദർശിച്ചത് ഒരു ചരിത്രസംഭവമായി എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ വഴിയാണ് ദ്വീപിൽ തയ്യാറാക്കിയിരുന്ന ചെറിയ മൈതാനിയിൽ പ്രധാനമന്ത്രി വന്നിറങ്ങിയത്. ഇന്ദിരാഗാന്ധിയുടെ ഇംഗളീഷിലുള്ള പ്രസംഗം ദ്വീപ് നിവാസികൾക്കുവേണ്ടി മലയാളത്തിൽ തർജ്ജിമ ചെയ്തുകൊടുത്തത്  കപ്പൽയാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്നു. പിറ്റേദിവസം, ഞാൻ ആശുപത്രിയിലെത്തിയപ്പോൾ അവിടെ രോഗികളായി കിടന്നിരുന്ന ചില സൈനികർ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം അവരുമായി പങ്കുവയ്ക്കാൻ എന്നോടാവശ്യപ്പെട്ടു. ഇംഗളീഷും മലയാളവും വശമില്ലാതിരുന്ന അവർക്ക് ഹിന്ദി മാത്രമാണ് മനസ്സിലാകുന്ന ഭാഷ. ഇന്ത്യൻ എയർഫോഴ്‌സിൽ സേവനം അനുഷ്ടിച്ചിരുന്ന കാലത്ത് വശമാക്കിയ അൽപ്പം ഹിന്ദിയിൽ ഭാഗികമായിട്ടെങ്കിലും വിവരിച്ചുകൊടുത്ത പ്രസംഗം പങ്കുവയ്ക്കാൻ സാധിച്ചതിൽ അവർ സന്തുഷ്ടരായി കാണപ്പെട്ടു. മാസങ്ങൾക്ക് ശേഷം, കവരത്തിയിൽ  നിന്നും ഞാൻ വിട വാങ്ങുമ്പോൾ അവരിൽ പലരും കപ്പലിനടുത്തെത്തി, എനിക്ക് ശുഭയാത്ര ആശംസിച്ചു.
 

ദ്വീപിൽ നിന്നും മടങ്ങുമ്പോൾ അറബിക്കടൽ വളരെ ശാന്തമായിരുന്നു. കാറ്റും കോളും ഒഴിഞ്ഞ എന്റെ മനസ്സുപോലെ. കൊച്ചിതുറമുഖത്ത് എന്നെയും കാത്ത് എന്റെ പ്രിയപ്പെട്ടവൻ കാത്തുനിൽക്കുന്നുണ്ടല്ലോ എന്ന ചിന്ത യാത്രയെ വളരെ സുഗമമാക്കിത്തീർത്തു. ജീവിതയാത്രയിൽ എത്രയോ അനുഭവങ്ങൾ!
ഇന്ന് വിവാദമായിരിക്കുന്ന ലക്ഷദ്വീപിനെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ (ലക്കിടീവ്സ് എന്നാണു അന്നു ഈ ദ്വീപസമൂഹത്തെ കൂടുതലായി അറിയപ്പെട്ടിരുന്നത്) അരനൂറ്റാണ്ടിനപ്പുറത്തുള്ള എന്റെ പ്രഥമ കപ്പൽയാത്രയും, നിഷ്ക്കളങ്കരായ ദ്വീപുനിവാസികളും, അവരുടെ പൈതൃകമായ സംസ്കാരവും ഒക്കെ എന്റെ ഓർമ്മയുടെ സരോവരതീരങ്ങളിൽ കുഞ്ഞോളങ്ങളായി ഓടിയെത്തുന്നു.
************

(കവരത്തി ദ്വീപിലെ  ചില ചിത്രങ്ങൾ)

അരനൂറ്റാണ്ടു  മുമ്പ് ഞാൻ കണ്ട ലക്ഷദ്വീപ് (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക