Image

അടുത്ത വർഷം യെരുശലേമിൽ (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 82)

Published on 04 June, 2021
അടുത്ത വർഷം യെരുശലേമിൽ (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 82)

(next year in Jerusalem)

"അടുത്തവർഷം നമ്മൾ യെരുശമേലിൽ ആയിരിക്കും" ഈ വാക്കുകൾ വെറുമൊരു ആചാരത്തിന്റെ ഭാഗമായിരുന്നില്ല. സ്വന്തം ജന്മഭൂമി നഷ്ടപ്പെട്ട ഒരു കൂട്ടം ജനതയുടെ ദൃഢനിശ്ചയത്തിന്റെ വാക്കുകളായിരുന്നു. യഹൂദ  മതസ്ഥരുടെ വിശേഷപ്പെട്ട ഒരു ആഘോഷമാണ്  'പാസ് ഓവർ സെഡർ'. ജൂതന്മാർ അടിമകളായിരുന്ന കാലഘട്ടത്തെകുറിച്ചുള്ള സ്മരണയും അവർ വിശ്വസിക്കുന്ന ദൈവം  അവരെ അതിൽനിന്നും വിമുക്തരാക്കിയതിന്റെ ഓർമ്മ പുതുക്കലുമാണ് ഈ ആഘോഷത്തിന്റെ ഐതിഹ്യം. ഈ ദിവസം അവർ പരസ്പരം കൈമാറിയിരുന്ന സന്ദേശമാണ് അടുത്ത വര്ഷം നമ്മൾ യെരുശമേലിൽ ആയിരിക്കും എന്നത്. 

സ്വന്തം മാതൃഭൂമി വിട്ട് ലോകത്തിന്റെ നാനാഭാഗത്ത് അഭയാർഥികളായി കഴിയുന്നവർ ഒരിക്കൽ അവരുടെ ജന്മഭൂമിയിൽ ഒത്തുചേരും എന്ന ശുഭാപ്തി വിശ്വാസം ജൂതന്മാർ കൈവെടിഞ്ഞില്ല. ഈ വിശ്വാസം തന്നെയായിരിക്കാം അവർക്ക് അവരുടെ സ്വന്തം ജന്മഭൂമി തിരിച്ചു കിട്ടാൻ ഇടവരുത്തിയത്. എന്നാൽ വളരെ കാലത്തെ പരിശ്രമത്താൽ ജന്മഭൂമിയിൽ തിരിച്ചെത്തിയ അവർക്ക് ഒരിക്കലും  മനസ്സമാധാനം ലഭിച്ചിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത.

പാലസ്തീൻ അറബികളും ഇസ്രായേൽ ജൂതരും ഒരിക്കലും ഒരുമയോടെ കഴിഞ്ഞിരുന്നില്ല. ഈ ഭൂമി പരസ്പരം അവകാശപ്പെട്ട്  മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ യഥാർത്ഥത്തിൽ ഇത് ആരുടെ മണ്ണാണ് എന്നതാണ് വിലയിരുത്തേണ്ടത് . ഇതേകുറിച്ച് മനസ്സിലാക്കാൻ ചരിത്രത്തിന്റെ താളുകളിലൂടെ ഒരു അവലോകനം ആവശ്യമാണ്.  

സെമിറ്റിക് മതങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇസ്ലാം മതവും, ക്രിസ്തുമതവും, ജൂതമതവും. പ്രപഞ്ചശക്തിയിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ദൈവം, സൃഷ്ടി കർത്താവ് ഉണ്ടെന്ന അടിസ്ഥാന തത്വത്തിൽ തന്നെയാണ് ഈ മൂന്നു മതങ്ങളും വിശ്വസിക്കുന്നത്. സെമിറ്റിക് മതങ്ങളിൽ ആദ്യത്തേതായ ജൂതന്മാർ അല്ലെങ്കിൽ യഹൂദന്മാർ പ്രവാചക പരമ്പരയിൽപ്പെട്ടവരാണ്. 

ഇവരുടെ ആദ്യത്തെ പ്രവാചകൻ അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിം ആണെന്ന് ബൈബിളിൽ കാണുന്നുണ്ട്.   അബ്രഹാമിനു ദാസിയിൽ ഉണ്ടായ മകൻ ഇസ്മായിലും ഭാര്യയിൽ ജനിച്ച ഇസഹാക്കും രണ്ട് മക്കൾ.  ഇതിൽ ഇസഹാക്കിന്റെ മകനാണ് യാക്കോബ്. ഈ യാക്കോബിന് ദൈവം നൽകിയ പേരാണ് ഇസ്രായേൽ എന്ന് ബൈബിളിൽ പറയുന്നു. യാക്കോബിന്‌ പന്ത്രണ്ടു മക്കളായിരുന്നു. ഇതിൽ ഒരാളായ ജോസഫിനെ സഹോദരന്മാർ  ഈജിപ്തിലേക്ക് അടിമയാക്കി വിൽക്കുന്നു. അവിടെ  ജോസഫ് ഉന്നതപദവികളിൽ എത്തുകയും സ്വന്തം സഹോദരന്മാരെ ഈജിപ്റ്റിലേയ്ക് കൊണ്ടുപോകുകയും ചെയ്തു. ഇവരുടെ തലമുറ ക്രമാതീതമായി വർധിക്കുന്നത് കണ്ട് ആശങ്കപ്പെട്ടു ഫറോമാർ  ഇവരെ അടിമകളാക്കി. അവരെ മോശ മോചിപ്പിച്ച് ഇസ്രായിലേക്ക് കൊണ്ടുവരുന്നു. മോശയെ മൂസാനബി എന്നും വിശേഷിപ്പിക്കുന്നു. 

അവർ അവരുടെ ജീവിതം തുടരുമ്പോൾ സോളമൻ ദൈവത്തിനായി ഒരു ക്ഷേത്രം പണിയുന്നു.  പിന്നീട് ഈ ക്ഷേത്രം ബാബിലോണിയൻ രാജാവ് നെബൂഖദ്നേസർ തകർക്കുകയും ജൂതരെ അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

പാലും തേനും ഒഴുകുന്ന കനാൻ ദേശം (ഇസ്രായേൽ) എബ്രഹാമിനും അദ്ദേഹത്തിന്റെ സന്തതികൾക്കും ദൈവം വാഗ്‌ദാനം ചെയ്തതായി ബൈബിൾ പറയുന്നുണ്ട്.

യെരുശലേം എന്ന വാക്കിനർത്ഥം സമാധാനത്തിന്റെ നഗരി എന്നാണെങ്കിലും അവിടെ യുദ്ധമൊഴിഞ്ഞ  നേരമുണ്ടായിട്ടില്ല. യെരുശലേം 52 തവണ ആക്രമിക്കപ്പെട്ടു. നാല്പത്തിനാലു തവണ പിടിച്ചടക്കപ്പെടുകയും തിരിച്ചു പിടിക്കപ്പെടുകയും ചെയ്തു. ഇരുപത്തിമൂന്നു തവണ ഉപരോധിക്കപ്പെട്ടു. രണ്ട് തവണ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. 

ആധുനിക പുരാവസ്തുശാസ്ത്രം പക്ഷെ ബൈബിൾ രേഖകളെ നിരാകരിക്കുന്നു. എന്നാൽ ആരായിരുന്നു അവിടെ യഥാർത്ഥ പൂർവ നിവാസികൾ എന്ന് കൃത്യമായി പറയാൻ സാധിച്ചിട്ടില്ല. മത ഗ്രൻഥങ്ങളെ ആസ്പദമാക്കി പറയുമ്പോൾ മുവ്വായിരം വർഷത്തോളം പഴക്കമുള്ള ഈ രാജ്യത്ത് വ്യത്യസ്തരായ ജനങ്ങൾ ജീവിച്ചുകാണണം എന്നനുമാനിക്കാം.

ഇസ്രായേൽ പല സാമ്രാജ്യശക്തികളുടെയും ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഈജിപ്തുകാർ ഈ രാജ്യം കീഴടക്കി അവരുടെ അധീനതയിൽ കൊണ്ടുവന്നു. അതിന്ശേഷം ക്നാനീയർ, ഗ്രീക്കുകാർ, റോമൻ, പേർഷ്യൻ, ബൈസന്റയിൻ സാമ്രാജ്യം, ഇസ്‌ലാമിക് കലിഫകൾ, കുരിശുയുദ്ധക്കാർ, ഓട്ടോമൻ തുർക്കികൾ  തുടങ്ങി അവസാനം ബ്രിട്ടീഷുകാരുടെ അധീനതയിലായി   

ജൂതന്മാരുടെ പ്രവാസം ആരംഭിക്കുന്നത് അവരെ ബാബിലോൺ ആക്രമിച്ചപ്പോഴും റോമാ സാമ്രാജ്യം ആക്രമിച്ചപ്പോഴുമാണ്.  പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ജൂതർ അവരുടെ ജന്മദേശമായ ഇസ്രായേലിലേക്ക് കുടിയേറ്റം ആരംഭിച്ചു. എണ്ണമറ്റ ജൂതകുടുംബങ്ങൾ ഇങ്ങനെ ചേക്കേറുന്നത് അവിടത്തെ താമസക്കാരായ അറബികൾ എതിർത്തു. അറബികളും ജൂതരും തമ്മിലുള്ള ശത്രുത ഇവിടെനിന്നും ആരംഭിച്ചുവെന്നു കരുതാം. 

ഈ ആഭ്യന്തര പ്രശനം പരിഹരിക്കാൻ കഴിയാതെ ബ്രിട്ടീഷുകാർ ഇസ്രായേൽ വിടുകയും ഐക്യരാഷ്ട്ര സംഘടനാ ജൂത രാജ്യമെന്നും സ്വതന്ത്ര അറബ് രാജ്യമെന്നും (ഇസ്രേയൽ, പാലസ്തീൻ) വിഭജിച്ച് പ്രശ്‍നം പരിഹരിച്ചുവെന്നു ഉറപ്പിച്ചു. എന്നാൽ ഇതിന്റെ അതിർത്തികൾ നിശ്ചയിച്ചതും വിചിത്രമായിട്ടായിരുന്നു.  ഇസ്രയേലിനു നൽകിയ പരിധിയ്ക്കകത്ത് പാലസ്തീനു അധികാരമുള്ള സ്ഥലങ്ങളും പാലസ്തീനു നൽകിയ സ്ഥലത്ത് ഇസ്രയേലിനും അധികാരം നൽകി. ജെറുസലേം രണ്ടുകൂട്ടരും അവകാശപ്പെടുന്നതിനാൽ അതിനു അന്തർദേശീയ സ്ഥാനം നൽകുകയും ചെയ്തു. പക്ഷെ ഇത് അംഗീകരിക്കാൻ അറബികൾ വിസമ്മതിച്ചു. എന്നാൽ ഇത് പഴയ നിയമ പ്രകാരമുള്ള പ്രവചനത്തിന്റെ സാക്ഷാത്കാരമായി ജൂതർ വിശ്വസിച്ചു. 

ഇസ്രായേൽ  അവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ അറബ് സൈന്യം അവർക്ക് നേരെ തിരിഞ്ഞു. 1948 ൽ അറബ് ഇസ്രായേൽ യുദ്ധം ആർമഭിച്ചു.  ജോർദാൻ, സിറിയ, ഇറാഖ്, ഈജിപ്റ്റ്, ലെബനൻ എന്നീ അഞ്ചു രാജ്യങ്ങൾ ഇസ്രയേലിനെതിരെ തിരിഞ്ഞു. 1949 ൽ യുദ്ധം അവസാനിച്ചപ്പോൾ ഇസ്രായേൽ പാലസ്തീനിന്റെ മൂന്നിൽ രണ്ടുഭാഗം കൈവശമാക്കി.  ജോർദാൻ വെസ്റ്റ് ബാങ്കും, ഈജിപ്റ്റ് ഗാസയും അവർ കൈവശപ്പെടുത്തി.  ഈ സംഘർഷം ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിന് ആരംഭം കുറിച്ചു.  അതിന്നും തുടരുന്നു. ആറുദിവസങ്ങൾ നീണ്ടുനിന്ന 1967 ലെ യുദ്ധത്തിൽ വെസ്റ്റ് ബാങ്കും ഗാസയും ഇസ്രായേൽ കൈവശമാക്കി. 

ഇസ്രയേലിലെ സയോണിസം എന്ന ആശയമാണ് മതപരമായ പരിവേഷം ചാർത്തുന്നത്. അവർ വിശ്വസിക്കുന്നത് ആ ഭൂമി അവർക്കായി ദൈവം വാഗ്‌ദാനം ചെയ്തിട്ടുള്ളതാണ്. അത് തിരിച്ചുപിടിക്കണം. ഒരു പക്ഷെ ഇങ്ങനെ ഒരു കലഹത്തിന് കാരണക്കാർ ബ്രിട്ടീഷുകാർ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. കാരണം ഒന്നാം ലോകമഹായുദ്ധകാലത്ത്  ഓട്ടോമൻ  സാമ്രാജ്യത്തെ തോൽപ്പിക്കാൻ അവർക്ക് ജൂതരുടെയും അറബികളുടെയും സഹായം ആവശ്യമായിരുന്നു. അങ്ങനെ ബ്രിട്ടൻ ജയിച്ചാൽ ജൂതർക്ക് സ്വന്തമായ ഭൂമി നൽകുമെന്ന് വാഗ്‌ദാനം ചെയ്തു.  യുദ്ധം ജയിച്ചപ്പോൾ പാലസ്തീൻ പിടിച്ചെടുത്ത ബ്രിട്ടൻ അവിടെ അടിമകളാക്കി വച്ചിരുന്ന ജൂതമതക്കാരോട് ചില സൗമനസ്യം കാണിച്ചു. അതിന്റെ ഭാഗമായി ജൂതന്മാരെ കൊല്ലുന്നത് ബ്രിട്ടൻ നിർത്തലാക്കിയപ്പോൾ നാനാഭാഗത്തുനിന്നും ജൂതന്മാർ ഇസ്രായേലിൽ തിരിച്ചെത്തി. ഇത് അറബ് ജനതയെ പരിഭ്രമിപ്പിക്കുകയും അതുവരെ തമ്മിലടിച്ചുകൊണ്ടിരുന്ന 11  മുസ്ലിം രാഷ്ട്രങ്ങൾ ഒറ്റകെട്ടായി ജൂതന്മാർക്കെതിരെ തിരിഞ്ഞു. ഇത് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു 

ഇസ്രായേൽ പാലസ്തീൻ പ്രക്ഷോഭങ്ങൾ കാലങ്ങളായി തുടരുന്നു. എന്നാൽ ഇയ്യിടെ കലാപം പൊട്ടിപ്പുറപെടാൻ കാരണം ഈസ്റ്റ് ജറുസലേമിൽ നിന്നും പാലസ്തീൻ കുടുംബങ്ങളെ മാറ്റാനുള്ള ഇസ്രേയിലിന്റെ തീരുമാനമായിരുന്നു. 2014 ലെ ഗാസ യുദ്ധത്തിനുശേഷം ഏറ്റവും അക്രമകരമായിരുന്നു ഇത്. കൂടാതെ റംസാൻ മാസാരംഭ രാത്രിയിൽ ഇസ്രേയേൽ പോലീസ് അൽ അക്സ മോസ്‌ക് റെയ്ഡ് ചെയ്യുകയുണ്ടായി. പ്രാർത്ഥന പ്രക്ഷേപണം ചെയ്തിരുന്ന ദൂരഭാഷിണികൾ അവർ വിച്ഛേദിച്ചു. പ്രധാന സമ്മേളനങ്ങൾ നടന്നിരുന്ന അടുത്തുള്ള ഒരു പൊതുസ്ഥലത്തേക്കുള്ള പ്രവേശനം പോലീസ് നിഷേധിച്ചു. പുണ്യമാസമായ റമസാന്റെ ആരംഭരാത്രിയിൽ മോസ്കിൽ പോലീസ് കയറിയത് അവരുടെ വിശ്വാസത്തിനു നേരെ പോലീസ് കാട്ടിയ നിന്ദയാണെന്നു മുസ്ലീമുകൾ ആരോപിച്ചു. ഹമാസ് തീവ്രവാദികൾ ഇസ്രായേലിനു നേരെ റോക്കറ്റുകൾ വിക്ഷേപിച്ചു. ഇസ്രായേൽ തിരിച്ചും ആക്രമണം ആരംഭിച്ചു. പതിനൊന്നു ദിവസത്തെ യുദ്ധത്തിനുശേഷം മറ്റു രാജ്യങ്ങൾ ഇടപെട്ട് തൽക്കാല യുദ്ധവിരാമം ഉണ്ടായെങ്കിലും അവിടെ അശാന്തി പടർന്നുകൊണ്ടിരിക്കുന്നു.

ചരിത്രത്തിലൂടെ നോക്കുകയാണെങ്കിൽ ഇസ്രായേൽ എന്നത് ക്രിസ്ത്യാനികളുടെയോ, മുസ്ലീമുകളുടെയോ ഭൂമിയല്ല. ഇസ്രായേയിലെ സയോണിസം എന്ന ആശയമാണ്  മതപരമായ പരിവേഷം ചാർത്തുന്നത്. അവർ വിശ്വസിക്കുന്നത് ആ ഭൂമി അവർക്കായി ദൈവം വാഗ്‌ദാനം ചെയ്തിട്ടുള്ളതാണ്. തന്റെ ജന്മഭൂമി നഷ്ടപ്പെട്ട ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് പലായനം ചെയ്യപ്പെട്ട ജൂതന്മാർക്ക് അനേകവര്ഷത്തെ പോരാട്ടത്തിനുശേഷം തിരിച്ചുകിട്ടിയ അവരുടെ ഭൂമിയിൽ നിന്നും ലഭിച്ച ഒരു അംശം മാത്രമാണ്. 

മതപരമായതോ അധികാരമോഹമോ എന്താണ് ഇസ്രായേൽ പാലസ്തീൻ കലാപത്തിനു പിന്നിലുള്ള വികാരമെന്നറിയില്ല. ഇനി മതത്തിന്റെ പേരിലാണെങ്കിലും ഓരോ മതങ്ങൾക്കായി ഒരു രാഷ്ട്രം വിഭജിച്ചു കൊടുക്കുന്നത് അസാധ്യമായ ഒന്നാണ്. പ്രാചീന കാലംമുതൽ ഒരു ജനസമൂഹം ജീവിച്ചിരുന്ന ഭൂമി അവരുടേതാണ്. അവിടെ ജാതിമതങ്ങൾക്ക് പ്രാധാന്യമില്ല. ആ ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ ജീവിത രീതികളും ആഘോഷങ്ങളും ചിട്ടകളും അവർ പിന്തുടരുന്നു. തന്റെ മാതൃഭൂമിയിൽ ജീവിച്ചു മരിക്കുക എന്നത് ഒരു പൗരന്റെ അവകാശമാണ്. ആ അവകാശം നിഷേധിക്കപ്പെട്ട ജന്മഭുമിയെവിട്ട് പലായനം ചെയ്യുക എന്നത് ശോചനീയമായ ഒരവസ്ഥയാണ്. ലോകരാഷ്ട്രങ്ങളിൽ സൈന്യബലത്താലും സാമ്പത്തിക ശക്തിയാലും  ഓരോ രാഷ്ടത്തിനിടയിലും ഉയർത്ത താഴ്ചകൾ ഉണ്ടായേക്കാം എന്നാൽ അവശ വിഭാഗത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നതും അധികാരമോഹവുമാണ് ഓരോ രാജ്യത്തിന്റെയും സമാധാനത്തെ നഷ്ടപ്പെടുത്തുന്നത്. 

നമ്മുടെ  ചരിത്രം തന്നെ നോക്കിയാൽ  ഭാരതത്തിൽ നിന്നു തന്നെ ഉരുത്തിരിഞ്ഞ പാക്കിസ്ഥാനാണ് ഇന്നും ഭാരതത്തിന്റെ ക്രമാസമാധാനത്തെ ഇല്ലാതാക്കുന്നത്. പലപ്പോഴും അധികാരമോഹങ്ങളും, അക്രമങ്ങളും സാമ്പത്തികമായും, സാമൂഹികമായും  രാഷ്ട്രങ്ങളുടെ  ശക്തി ക്ഷയിക്കാൻ കാരണമാകുന്നു. എന്തായാലും ഒരുവൻ ജനിച്ച ജന്മഭൂമി അവനു അവകാശപ്പെട്ടതാണ്.

ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി"

ജനനിയും ജന്മഭുമിയും സ്വർഗ്ഗത്തേക്കാൾ മഹത്തരം

Join WhatsApp News
Girish Nair 2021-06-05 00:57:55
ഇസ്രായേൽ എന്ന് നമ്മൾ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാടും ഏക ജൂത രാഷ്ട്രവും. ആ പേരുകേട്ടാൽ നമുക്കോർമ്മവരിക വർഷങ്ങളായി അവിടെ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചും വർഷങ്ങളായി അവിടെ നടക്കുന്ന സംഘർഷത്തെ കുറിച്ചും. അതിസങ്കീർണ്ണമാണ് അവർക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം. തമ്മിൽ നടത്തിയ അധിനിവേശങ്ങളുടെ,പരസ്പരം പ്രവർത്തിച്ച അതിക്രമങ്ങളുടെ,ഗറില്ലായുദ്ധങ്ങളുടെ ചരിത്രം തിരഞ്ഞെടുത്തത് മനോഹരമായും ലളിതമായും അവതരിപ്പിച്ച ലേഖികക്ക് അഭിനന്ദനങ്ങൾ.
M. A. ജോർജ്ജ് 2021-06-05 16:07:49
പാലസ്തീൻ പ്രശ്നം എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരുടേയും ഉള്ളിൽ തെളിയുന്ന ഒരു ചിത്രമുണ്ട് "യഹൂദന്മാരും മുസ്ലിംകളും" തമ്മിലുള്ള കലഹം. സത്യത്തിൽ ഇസ്ലാം വരുന്നതിന് എത്രയോ മുമ്പ് ഈ ഭിന്നത നിലനിന്നിരുന്നു. ഒരേ തറവാട്ടിൽ നിന്ന് പിരിഞ്ഞ വിഭിന്ന വിഭാഗങ്ങൾ തമ്മിലുള്ള മൂപ്പിള തർക്കം, പ്രാദേശിക മേഥാവിത്വത്തിനുള്ള കിടമത്സരം, എത്രയോ കാലങ്ങൾക്കു മുമ്പു തന്നെ ഉടലെടുത്തിരുന്നു. ഇന്ന് അതു വളർന്നു ഒരു അന്താരാഷ്ട്ര പ്രശ്നമായി വളർന്നിരിക്കുന്നു. ലോകത്തെവിടെയും രണ്ടു ചേരികളായി പോർമുഖം തെളിക്കുന്നക്കും പാലസ്തീൻ പ്രശ്നം തന്നെ. ഒരു പക്ഷെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന പ്രശ്നമായി ഭവിച്ചേക്കാമെന്ന് ഭയപ്പെടുന്നു. പാലസ്തീൻ ജനതയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ഹമ്മാസ് ഒരു ഭീകര സംഘടനയായി ഇസ്രയേൽ കണക്കാക്കുന്നു. അതുകൊണ്ടു തന്നെ അവരുടെ ഏത് ഇടപെടലും ഇസ്രയേൽ അംഗീകരിക്കില്ല, ഇസ്രയേലിനെ ഹമ്മാസും. അതുകൊണ്ടു തന്നെ ഈ പ്രശ്നം തുടർന്നുകൊണ്ടേയിരിക്കും.
Jyothylakshmy Nambiar 2021-06-06 07:16:30
അഭിപ്രായങ്ങളും, പ്രോത്സാഹനങ്ങളും നൽകിയ എല്ലാവര്ക്കും നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക