സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 12 June, 2021
സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)
റെയില്‍വേ കടന്നു ചെന്നിട്ടില്ലാത്ത ഗ്രാമത്തിലാണ് ജനിച്ചത്. തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കാന്‍ എട്ടുകിമീ കലെ പറവൂര്‍ സ്റ്റേഷനില്‍ ചെല്ലണം. കൊല്ലം തിരുവനന്തപുരം റൂട്ടില്‍  പതിനഞ്ചു കിമീ അകലെ ആദിച്ചനെല്ലൂരില്‍  ജനിച്ച വാസുദേവന്‍ അജയകുമാറിനു മുപ്പത്തേഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ കയറാന്‍. ഇപ്പോള്‍ കേരളത്തിനെ മുഖഛായ മാറ്റാന്‍ ഒരുങ്ങുന്ന സില്‍വര്‍ ലൈന്‍ എന്ന സെമിഹൈസ്പീഡ് റെയില്‍വേയുടെ സാരഥി.

മണിക്കൂറില്‍ 200 കിമീ സ്പീഡില്‍ പായാന്‍ ഉദ്ദേശിച്ചുള്ള  പുതിയ ലൈനിലൂടെ ഇപ്പോഴത്തെ 14  മണിക്കൂറിനു പകരം  നാലു മണിക്കൂര്‍ കൊണ്ട്  കാസര്‍ഗോട്ടുനിന്നു തിരുവന്തപുരത്തെത്താം. കൃത്യമായ പറഞ്ഞാല്‍ 3 മ. 54  മിനിറ്റ്. തിരുവനതപുരത്ത് നിന്ന് കൊച്ചിക്കു 1 മ.25 മി.  നേരെ കൊച്ചി എയര്‍പോര്‍ട്ടിലെത്താന്‍ പത്തു മിനിറ്റ്  കൂടി. ആകെ പന്ത്രണ്ട്  സ്റ്റോപ്പുകള്‍.

സെമി ഹൈ സ്പീഡ് റെയിലിനെതിരെ പരിസ്ഥിതിയുടെയും മറ്റും പേരു  പറഞ്ഞു ചിലര്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. പണ്ട് രാജഭരണ കാലത്ത് കൊല്ലം വരെ റെയില്‍വേ വന്നിട്ടും  തിരുവന്തപുരത്തേക്കു നീട്ടാന്‍ സമ്മതിക്കാതിരുന്ന യാഥാസ്ഥിതിക മനസ്ഥിതിക്കാര്‍ ഇപ്പോഴും ഉണ്ടെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

നേരിട്ടും അല്ലാതെയും അരലക്ഷം പേര്‍ക്ക് ജോലി കിട്ടുന്ന ഒരു ബൃഹദ് പദ്ധതി ആണ് സില്‍വര്‍ ലൈന്‍. പാതക്ക് സമീപമായി സര്‍വീസ് റോഡുകള്‍ വരുന്നതോടെ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് കൂടുതല്‍ റോഡ് സൗകര്യം ലഭിക്കും.  നിലവിലെ റെയില്‍ പാതകള്‍, ദേശിയ പാതകള്‍, സംസ്ഥാന പാതകള്‍ തുടങ്ങി സില്‍വര്‍ ലൈന്‍ മുറിച്ച് കടക്കുന്ന ഭാ ഗങ്ങളില്‍ മേല്‍പാലങ്ങള്‍, അടിപ്പാതകള്‍ ഫ്ളൈ ഓവറുകള്‍ എന്നിവ നിര്‍മ്മിക്കും.  

പുതുതായി 530 കിമീ പാത നിര്‍മിക്കാന്‍ 63,941 കോടി രൂപ ചെലവ് കണക്കാക്കുന്ന സില്‍വര്‍ലൈന്‍ നടപ്പാക്കുക കേരളവും കേന്ദ്രഗവര്‍മെന്റും ചേര്‍ന്നായിരിക്കും. അതിനു വേണ്ടി കെ-റെയില്‍ എന്ന ചുരുക്കപ്പേരില്‍ കേരളം റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന കമ്പനി പ്രവര്‍ത്തനം ആരഭിച്ചിട്ടു ഒരു വര്‍ഷത്തിലെ ഏറെയായി. 30 കണ്‍സല്‍ട്ടന്റ്മാര്‍ ഉള്‍പ്പെടെ എഴുപതു പേര്‍ തിരുവനന്തപുരം ആ സ്ഥാനമാക്കി ജോലി ചെയ്യുന്നു.

'ഇത്തരം ഭീമമായ ഒരു റൈല്‍പദ്ധതിയുടെ നാല്‍പതു ശതമാനം ജോലികളും കടലാസിലൂടെയും കംപ്യുട്ടറിലൂടെയുമാണ് തീര്‍ക്കണ്ടത്. മണ്ണിളക്കിയുള്ള പണി, പാളം, പാലങ്ങള്‍, സിഗ്‌നല്‍, എന്‍ജിന്‍, കോച്ചുകള്‍ തുടങ്ങിയവ ബാക്കി 60 ശതമാനത്തില്‍ വരും,'-ഐആര്‍എസ്എസ്ഇ  എന്ന  ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് സിഗ്‌നല്‍ എന്‍ജിനീയേഴ്സില്‍ 32 വര്‍ഷത്തെ അനുഭവപരിജ്ഞാനമുള്ള  അജിത്കുമാര്‍ (57) പറയുന്നു.  അതിവേഗ ട്രെയിനുകള്‍ ഓടുന്ന ചൈനയിലും അടുത്തകാലത്ത് ജര്‍മനിയിലും പരിശീലനം നേടി.

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ നിന്ന്   1985ല്‍  ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം  നേടി കുറേക്കാലം തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ പഠിപ്പിച്ച ശേഷമാണ് 25   വയസില്‍ റെയില്‍വേ സര്‍വീസില്‍ പ്രവേശിക്കുന്നത്. സിഗ്‌നലിംഗ് മാത്രമല്ല റയില്‍വെയുടെ സമസ്തമേഖലകളിലും പരിജ്ഞാനം നേടി. ചെന്നൈയില്‍ ദക്ഷിണ റയില്‍വെയുടെ സിഗ്നലിംഗ് ആന്‍ഡ് ടെലികമ്മ്യൂണികേഷന്‍ ചീഫ് എന്‍ജിനീയര്‍ ആയിരിക്കുമ്പോഴാണ് കെ-റെയിലിലേക്കു വരുന്നത്.

കേരളവും റെയില്‍വേ വകുപ്പും ചേര്‍ന്നു നിര്‍മിക്കുന്ന  പാതയുടെ ചെലവില്‍  പകുതി ഭാഗം ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും വായ്പയായി സമാഹരിക്കാനുള്ള നടപടികളാണ്  മുന്നോട്ടു പോയിട്ടുള്ളത്. നീതി ആയോഗിന്റെയും കേന്ദ്ര എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പിന്റെയും അനുമതി കിട്ടിക്കഴിഞ്ഞു. കൊച്ചുവേളി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗത്തെ 320  ഹെക്ടര്‍  ഭൂമി ഏറ്റെടുക്കുന്നതി വേണ്ടിവരുന്ന 3750 കോടി രൂപയില്‍ 3000 കോടി ഹഡ്കോ  വായ്പ അനുവദിച്ചു, 2100 കോടി കിഫ്ബിയില് നിന്ന് ലഭ്യമാകും.  

'സിവര്‍ ലൈന്‍ 2030ല്‍ പണിതീര്‍ക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.  കൊച്ചി വിമാനത്താവളം നിദിഷ്ട കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കിയത് പോലെ എല്ലാം അനുകൂലമായി വന്നാല്‍ സില്‍വര്‍ ലൈനും 2025ല്‍ പൂര്‍ത്തിയാകാനാവും,' അജിത്കുമാര്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു. കേന്ദ്ര ഗവര്‌മെന്റിനും റെയില്‍വേ മന്ത്രാലയത്തിനും പങ്കാളത്തമുള്ള പദ്ധതി ആയതു കൊണ്ട് അനുമതികള്‍ വേഗം   ലഭിക്കുന്നു.

വിശ്വാസമാണല്ലോ എല്ലാം! കണ്ണൂര്‍ വിമാനത്താവളം യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് എത്രവേഗമാണ് പൂര്‍ത്തിയാക്കിയത്. എയര്‍പോര്‍ട് ഉള്‍പ്പെടുന്ന മട്ടന്നൂരില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ കെകെ ശൈലജയുമൊത്ത് ധര്‍മടത്ത് വന്‍ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫലം അറിഞ്ഞു പിറ്റേന്ന് രാവിലെ ഒന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയത്  ഇന്‍ഡിഗോയുടെ നേരിട്ടുള്ള ഫ്‌ലൈറ്റില്‍ ആണ്. രാവിലെ 8 പുറപ്പെട്ടു 9.25നു തലസ്ഥാനത്തെത്തി.  2028 രൂപ ടിക്കറ്റ് ചാര്‍ജ്  

കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ മേഖലകളില്‍ ഒന്നായ ഇരിട്ടിയില്‍ 1990 കളുടെ ആദ്യം ബന്ധുജനങ്ങളില്‍ ഒരാളുടെ വിവാഹത്തിന് പോയ ഓര്‍മ്മയുണ്ട്. മിന്നാമിനുഗിന്റെ നുറുങ്ങുവെട്ടം പോലെ വൈദ്യത വിളക്കുകള്‍ കത്തുന്ന കാലം. കല്യാണ വീട്ടില്‍ പോലും മണ്ണെണ്ണ ഒഴിക്കുന്ന പെട്രോമാക്‌സ് വിളക്കുകള്‍ കരുതിയിരുന്നു. പക്ഷെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യതമന്ത്രിയായിരുന്ന 1996-98 കാലത്ത്  പിണറായി അതെല്ലാം മാറ്റിയെടുത്തു.  ഇന്ന് മലബാറില്‍ തിരുവിതാംകൂര്‍ പ്രദേശത്തെ വെല്ലുന്ന വോള്‍ട്ടേജുണ്ട്.

അതുപോലെ കേരളത്തിലെ ഗതാഗതമേഖലക്കു അപ്പാടെ ഹൈ വോള്‍ട്ടേജ് പകരുന്ന  പദ്ധതിയായിരിക്കും സില്‍വര്‍ ലൈന്‍. വികസനത്തില്‍ വിട്ടു വീഴ്ചയില്ല എന്ന മുദ്രാവാക്യവുമായി തുര്‍ച്ചയായി രണ്ടാം തവണ അധികാരം ഏറ്റ  എല്‍ഡിഎഫ് ഗവര്‍ മെന്റിന്റെ  പ്രകടനപത്രികയില്‍ പദ്ധതിക്കു മുന്‍ഗണന നല്‍കിയിട്ടുണ്ട്.

സെമി സ്പീഡ് എന്നാല്‍ പരമാവധി മണിക്കൂറില്‍ 200 കിമീ. ശരാശരി 175  കിമീ വേഗത്തില്‍ സഞ്ചരിക്കും. തിരുവനന്തപുരത്ത് നിന്ന്  കൊച്ചി വരെ 1 മണിക്കൂര്‍ 25 മിനിറ്റേ എടുക്കൂ. 12  സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും--തിരുവനന്തപുരം, ചെങ്ങന്നൂര്‍, എറണാകുളം, കൊച്ചി എയര്‍പോര്‍ട്, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്. ലൈന്‍ ഭാവിയില്‍ മംഗലാപുരത്തേക്ക് നീട്ടും.  

പതിനൊന്നു  ജില്ലകളിലോടെയായിരിക്കും സില്‍വര്‍ ലൈന്‍ കടന്നു പോവുക. പുതിയ ലൈനിനോട് അനുബന്ധമായി തിരുവനതപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നവിടങ്ങളില്‍ പുതിയ ടൗണ്‍ഷിപ്പുകള്‍ രൂപം കൊള്ളും. അപൂര്‍വം ചിലയിടങ്ങളില്‍ എലിവേറ്റഡ് ലൈനും ചിലയിടങ്ങളില്‍ അണ്ടര്‍ ഗ്രൗണ്ട് ലൈനും ഉണ്ടായിരിക്കും.

തിരുവനന്തപുരത്തുനിന്നു ഓരോസ്റ്റോപ്പിലേക്കുമുള്ള ദൂരവും എത്തിച്ചേരാന്‍ എടുക്കുന്ന സമയവും ഇങ്ങിനെ: കൊല്ലം  56 കിമീ--22 മിനിറ്റ്. ചെങ്ങന്നുര്‍ 103-46,, കോട്ടയം 137--1 മ..2 മി., എറണാകുളം 196--1.25,  കൊച്ചി എയര്‍പോര്‍ട് 213--1.35, തൃശൂര്‍ 260--1.56, തിരൂര്‍ 321--2.21, കോഴിക്കോട് 358--2.40, കണ്ണൂര്‍ 447--3.19, കാസര്‍ഗോഡ് 530--3.54

ചീഫ് സെക്രട്ടറി വിപി ജോയ് അധ്യക്ഷനായ കെ റെയില്‍ ഡയറക്ടര്‍ ബോര്‍ഡില്‍   എട്ടു പേരുണ്ട്--ഫൈനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. രാജേഷ് കുമാര്‍ സിംഗ്, ട്രാന്‍സ്പോര്‍ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയര്‍ ഷാജി സക്കറിയ  ഐആര്‍എസ്ഇ  റെയില്‍വേ ബോര്‍ഡ് എക്സിസിക്യൂട്ടീവ്  ഡയറക്ടര്‍ (വര്‍ക്‌സ്) ധനഞ്ജയസിംഗ്  ഐആര്‍എസ്ഇ  എന്നിവര്‍.

റെയില്‍വേ സര്‍വീസില്‍ നിന്നുള്ള വി. അജിത്കുമാര്‍ ഐആര്‍എസ് എസ് ഇ മാനേജിങ് ഡയറക്ര്‍. അതേ സര്‍വീസില്‍ പെട്ട പി.ജയകുമാര്‍ ഐആര്‍എസ്ഇ പ്രൊജക്ട് ആന്‍ഡ് പ്ലാനിങ്ങിന്റെ ചുമതലയുള്ള ഡയറക്ടര്‍ ആണ്.  ഫിനാന്‍സ് വകുപ്പില്‍ ജോയിന്റ് സെക്രട്ടറി ആയ  രജി ജോണ്‍ ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ്   ഫൈനാന്‍സിന്റെ ഡയറക്ടര്‍.

മുപ്പതു വയസ് ഇളപ്പമുള്ള അജിത്തിനു ഇ ശ്രീധരനെപോലെ മറ്റൊരു മെട്രോമാന്‍ ആകാന്‍ പറ്റില്ലേ?

'അദ്ദേഹം ആര് ഞാന്‍ ആര്? ലോകം മുഴുവന്‍ ആരാധ്യനായ മെട്രോമാന്റെ കാലടികള്‍  പിന്തുടരണമെന്നേ ആഗ്രഹമുള്ളു,' അജിത് മറുപടിപറഞ്ഞു. അച്ഛന്‍ വാസുദേവന്‍ കൊല്ലത്തു കശുവണ്ടി ഫാക്ടറിയില്‍ മാനേജര്‍ ആയിരുന്നു. അമ്മ സരോജിനി അധ്യാപിക. ഏകമകനാണ്. സഹോദരിമാര്‍ കവിതയും മോളിയും ഡോക്‌റ്ടര്‍മാര്‍.

ഭാര്യ ഷെര്‍ലിയോടപ്പം തിരുവനന്തപുരത്ത് താമസിക്കുന്ന അജിത്തിന് രണ്ടു പെണ്മക്കള്‍. രണ്ടുപേരും എന്‍ജിനീയറിങ് കഴുഞ്ഞു എംബിഎ  എടുത്തവര്‍, കാര്‍ഡിഫില്‍ പഠിച്ച അഞ്ജലി ഭര്‍ത്താവോടൊത്തു സിംഗപ്പൂരില്‍. ആതിര ഹൈദരാബാദിലെ മെഡിക്കല്‍ സ്ഥാപനം നൊവാര്‍ട്ടിസില്‍.

സില്‍വര്‍ലൈന്‍ കോട്ടയം വഴി  കടന്നു പോകുമെന്നതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഫിനാന്‍സ് ഡയറക്ടര്‍ തോട്ടയ്ക്കാട് ചക്കാലയില്‍ രജി ജോണ്‍. ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറി ആണ്. ലൈന്‍ യാഥാര്‍ധ്യമാകുമ്പോള്‍ ഒരു മണിക്കൂര്‍ 25 മിനിറ്റ കൊണ്ട് കോട്ടയത്ത് എത്താം.

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)
Mr. മോദി 2021-06-12 13:01:42
ഇപ്പോൾ ഓടുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ അത്ര സ്പീഡ് കാണുമോ സാറേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക