ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

Published on 16 June, 2021
ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)


വർണ സ്വപ്‌നങ്ങളായിരുന്നു
എന്നും എന്റെ നെഞ്ചില്‍,
ഉമ്മ പറയാറുണ്ട്‌
വെളുത്ത വാവിലായിരുന്നു
എന്റെ ജനനമെന്ന്‌.

പക്ഷേ,
മരണമോ
കറുത്ത വാവിലായിരുന്നു!

വായില്‍
വെള്ളിക്കരണ്ടിയുമായാണ്‌
ഞാന്‍ ജനിച്ചത്‌

പിടിവാശി നിറഞ്ഞ
എന്റെ ജീവിതാന്ത്യം
എത്ര വേദനാജനകം

വീട്‌ പണിയുമ്പോള്‍
മുറിയുടെ വിസ്താരം
പതിനാറേ പതിനാറ്‌
വേണമെന്നത്‌ എനിക്ക്‌
നിർബന്ധമായിരുന്നു

ഭക്ഷണത്തളികയില്‍
കണ്ട കറുത്ത
പൊടിയുടെ പേരില്‍
ഉമ്മയോട്‌ കയർത്തത് വേണ്ടായിരുന്നുമുടിയഴക് കണ്ട് കെട്ടിയവളുടെ
മുടിയൊന്ന് തളികയിൽ കണ്ടപ്പോൾ കരണത്തടിച്ചത്
ഇന്നോർക്കുമ്പോള്‍
എനിക്കെന്നെ
കുത്തിക്കൊല്ലണമെന്നുണ്ട്‌

വിലകൂടിയ
വസ്‌ത്രങ്ങളു
വാഹനങ്ങളും
എത്രവേഗത്തിലാണ്‌
ഞാൻ വലിച്ചെറിഞ്ഞിരുന്നത്‌

ഇന്നെനിക്കു കിട്ടിയ
ഈ മൂന്നുകഷ്‌ണം തുണി
എത്ര വിലകുറഞ്ഞതാണ്‌,
അതും ആരോ കനിഞ്ഞത്‌!

വിശാലമായ
വീട്ടില്‍നിന്ന്‌
ഞെരുങ്ങിക്കിടക്കുന്ന
ഖബറിലാണ്‌
ഞാന്‍ വന്നെത്തിയത്‌!

ഇനി ഈ ഇരുണ്ട,
ഇടുങ്ങിയ ഖബറ് പോലും
എനിക്ക്‌ എന്നന്നും
സ്വന്തമായിരിക്കുമോ?

മരണംവരെ
വേദവാക്യത്തിന്റെ
പൊരുള്
ഓരിതിത്തരാത്തവർ
ഇനിയെനിക്ക്‌
ഓതിത്തന്നിട്ടെന്തുകാര്യം?

അപാരബുദ്ധിയുടെ
ഉടമയെന്നഹങ്കരിച്ച ഞാന്‍
പള്ളിക്കാട്ടിലെ
ഈ മീസാൻ
കല്ലുകള്‍ക്കിടയിലെ ജീവിതം ചിന്തിച്ചതേയില്ല!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക