ബംഗാളിലെ കാറ്റ് ത്രിപുരയിലും ബിജെപിയ്ക്ക് ക്ഷീണമാകുന്നു

Published on 17 June, 2021
ബംഗാളിലെ കാറ്റ് ത്രിപുരയിലും ബിജെപിയ്ക്ക് ക്ഷീണമാകുന്നു


അഗര്‍ത്തല: വിമതരെ ചാക്കിലാക്കി ഭരണം പിടിച്ചെങ്കിലും ബംഗാളിലെ കാറ്റ് ത്രിപുരയിലും ബിജെപിയ്ക്ക് ക്ഷീണമാകുന്നു. തൃണമൂലില്‍ നിന്നും ബിജെപിയു?ടെ ഭാഗമായി മാറിയ എംഎല്‍എ മാര്‍ തിരിച്ചുപോകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ ദേശീയ നേതൃത്വത്തില്‍ നിന്നുള്ളവര്‍ ത്രിപുരയില്‍ എത്തി. 2017 ല്‍ തൃണമൂലില്‍ നിന്നും ബി.ജെ.പിയിലെത്തിയ സുദീപ് റോയ് ബര്‍മനടക്കമുള്ളവര്‍ ബി.ജെ.പി. വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനായ സുദീപ് റോയ് ബര്‍മനും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപം സ്ഥിതി രൂക്ഷമാക്കുമെന്നാണ് കരുതുന്നത്. ബിപ്ലബ് ദേബിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വന്‍ കലാപം ഉയര്‍ത്തിയയാളാണ് സുദീപ്‌റോയി. ഈ അസ്വാരസ്യം തന്നെയാണ് തൃണമൂലിലേക്ക് ഇദ്ദേഹം തിരിച്ചുപോയേക്കും എന്ന അഭ്യൂഹത്തിന് കരുത്തു പകരുന്നതും.

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ മുകുള്‍റോയി അടക്കമുള്ളവര്‍  വീണ്ടും മാതൃസംഘടനയില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ ആകെയുള്ള 72 എംഎല്‍എ മാരില്‍ 34 പേരോളം തൃണമൂലിലേക്ക് വീണ്ടും വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മമതാബാനര്‍ജിയ്ക്ക് കത്തെഴുതുകയും? ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ത്രിപുരയിലും പ്രതിസന്ധി നേരിടുന്നത്.

തൃണമൂലില്‍ നിന്നും ബി.ജെ.പിയിലെത്തിയ എം.എല്‍.എമാര്‍ തിരിച്ചുപോകുമെന്നാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണമുണ്ടായത്. പാര്‍ട്ടി എം.എല്‍.എമാര്‍ മറുകണ്ടം ചാടുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി നേതൃത്വം സ്ഥലത്ത് എത്തുകയും ചെയ്തിട്ടുണ്ട്.  എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ത്രിപുരയുടെ മേല്‍നോട്ടം വഹിക്കുന്ന ഫനീന്ദ്ര നാഥ് ശര്‍മ തുടങ്ങിയവര്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച യോഗം ചേരും. യോഗത്തില്‍ ദേശീയ നേതൃത്വം പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. ബി. ജെ.പി. കുടുംബത്തില്‍ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. മണിക് സാഹ ബുധനാഴ്ച പ്രതികരിച്ചിരുന്നു. ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുദീപ് റോയ് ബര്‍മനും മറ്റു നേതാക്കളും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചിരുന്നു.

ബംഗാളിലെ ഈ രാഷ്ട്രീയ സാഹചര്യവും ത്രിപുരയിലെ പാര്‍ട്ടി മാറ്റത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളില്‍ അടുത്തിടെ ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണില്‍ സംസാരിച്ചുവെന്ന് മുകുള്‍ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക