കോവിഡ് വൈറസിന് വ്യതിയാനം ഇനിയും വരാം; ഒരു ലക്ഷം മുന്‍നിര പോരാളികളെ അണിനിരത്തും-മോദി

Published on 18 June, 2021
കോവിഡ് വൈറസിന് വ്യതിയാനം ഇനിയും വരാം; ഒരു ലക്ഷം മുന്‍നിര പോരാളികളെ അണിനിരത്തും-മോദി


ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ലക്ഷം കോവിഡ് 19 മുന്‍നിര പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നുളളതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌കില്‍ ഇന്ത്യയുടെ കീഴില്‍ കോവിഡ് 19 മുന്‍നിര പ്രവര്‍ത്തകര്‍ക്കായുളള ആറിന ക്രാഷ്‌കോഴ്‌സ് പ്രോഗ്രാമിന്റെ ലോഞ്ച് നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം. രണ്ടാംതരംഗത്തില്‍ കൊറോണ വൈറസിന് പലതവണ വ്യതിയാനമുണ്ടാകുന്നത് നാം കണ്ടു. ഏതൊക്കെ തരത്തിലുളള വെല്ലുവിളികളാണ് ഇതുയര്‍ത്തുന്നതെന്നും നാം മനസ്സിലാക്കി. വൈറസ് നമുക്കിടയില്‍ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഒരു ലക്ഷം കോവിഡ് 19 മുന്‍നിര പോരാളികളെ സജ്ജീകരിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നത്.' പ്രധാനമന്ത്രി പറഞ്ഞു. പുതിയ ക്രാഷ് കോഴ്‌സിലൂടെ നിരവധി പേര്‍ മുന്‍നിര പ്രവര്‍ത്തന രംഗത്തെത്തുന്നതോടെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1500 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാനുളള ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജില്ലയിലേക്കും സേവനം എത്തിക്കാനാവുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഇതിനായി മനുഷ്യവിഭവശേഷിയുടെ ആവശ്യമുണ്ട്. നിലവില്‍ രാജ്യത്ത് കോവിഡിനോട് പോരാടിക്കൊണ്ടിരിക്കുന്ന മുന്‍നിര പോരാളികളെ പിന്തുണയ്ക്കുന്നതിനായി ഒരുലക്ഷം ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം. 2-3 മാസങ്ങള്‍ക്കുളളില്‍ പരിശീലനം പൂര്‍ത്തിയാകും. സേവനത്തിനായി വേഗത്തില്‍ ഇവര്‍ സജ്ജരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പ്രോഗ്രാമിന്റെ കീഴില്‍ കേന്ദ്ര-സംസ്ഥാന പ്രദേശങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങള്‍ ആരംഭിമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക