സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

Published on 18 June, 2021
സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)
 
അവനവനിലേക്കപരനെ ആനയിക്കും
മനോധർമ്മത്തിൻ വീഥിയിൽ
ദർപ്പണങ്ങളുണ്ട്..
ഇച്ഛാനുസൃതമവ പ്രതിബിംബങ്ങളെ സൃഷ്ടിക്കും
സുഗമസഞ്ചാരപഥങ്ങൾ
കണ്ടെത്തും..
 
സമീപനങ്ങൾ
സമാധാനത്തിന്റേതെങ്കിൽ
വിഹായസ്സിൽ വെള്ളരിപ്രാവുകൾ പറക്കും..
 വ്യാഘ്രങ്ങളും പുഞ്ചിരിക്കും
 
നയപരമെങ്കിൽ
നടന്നടുക്കുഗ്നിജ്വാലകൾക്കു മുന്നിൽ
മഞ്ഞുമലകൾ നിലയുറപ്പിക്കും.
കനലുകളും കെട്ടടങ്ങും.
 
തന്ത്രപരമെങ്കിൽ  
ഓട്ടപന്തയത്തിലാമകൾ ജയിക്കും..
മുയലുകൾ തോൽക്കും..
 
കാപട്യത്തിന്റെ പാമ്പിൻകുഞ്ഞുങ്ങളിഴയും
പുൽമേടുകളിൽ പാദങ്ങൾ
മൂടും പാദുകങ്ങൾ  ധരിക്കണം .
മറികടക്കണം.
നെടുവീർപ്പിന്റെയാശ്വാസമാരുമറിയില്ല
വാത്സല്യത്തിൻ
മേച്ചിൽപുറങ്ങളിലോടിനടക്കും
പൈക്കിടാവാകണം.
ക്രൂരതയുടെ  കനിവില്ലാത്ത
കുറുനരികൾക്കൊപ്പം
നടക്കാനും പഠിക്കണം...
മുഖംമൂടിയനിവാര്യമെന്നറിഞ്ഞീടണം.
 
 
സമീപനങ്ങൾ
ക്രോധമെങ്കിൽ  ഉച്ചഭാഷിണിക്കരികിലൊരു
 ലോഹപ്രതിമയാകണം
ബധിരതയഭിനയിക്കണം
ആരവങ്ങളവസാനിക്കവേ
ജീവൻ വയ്ക്കണം.
വഞ്ചകരാം
വന്യമൃഗങ്ങൾക്കു മുന്നിൽ
മാൻപേടയാകരുത്.
ഓടിമറയണം
ഒളിച്ചിരിക്കണം.
തിരഞ്ഞു തളരുമ്പോഴവ
ശവങ്ങളെ തിന്നു വിശപ്പടക്കും
തിരിച്ചു പോകും.
മറക്കാതെ മേച്ചിൽപുറങ്ങൾ
സ്വന്തമാക്കി വിഹരിക്കണം..
കാരുണ്യമെങ്കിൽ
കദനത്തിന്റെ കൊടുംവേനലിൽ
മഴത്തുള്ളികൾ  പെയ്യും.
നനുത്തകാറ്റും തൂവൽസ്പർശമാകും.
 
സമീപനങ്ങൾ
പൊങ്ങച്ചമെങ്കിൽ
വിലകുറഞ്ഞൊരു വാസനദ്രവ്യത്തിന്റെ
വൃത്തികെട്ട ഗന്ധമറിയും
അടിമത്തത്തിന്റെ അന്ധതയിലാണ്
കുഴലൂത്തുകാരനു പിന്നാലെയൊരുപറ്റം
എലികൾ നടക്കുക..
അജ്ഞാതമായി
അവസാനിക്കുന്നതവറ്റയുടെ വിധി..
അധികാരത്തിനു മുന്നിൽ
വിധേയത്വമുണ്ട്.
അടിച്ചമർത്തലിന്റെയമർഷങ്ങളവിടെ
നിതാന്ത നിദ്രയിലാണ്.
 
സമീപനങ്ങളിലറിയണം,.
രൂപങ്ങൾക്ക്‌ വേണ്ടത്
മാറ്റമില്ലാത്ത പ്രതിബിംബങ്ങൾ സൃഷ്ടിക്കും
ദർപ്പണങ്ങളെയാണ് .
 
കോരിച്ചൊരിയും മഴയിൽ
കേവലമൊരു കുടയല്ല
കെട്ടുറപ്പുള്ള കെട്ടിടത്തിൻ സുരക്ഷ വേണം..
അപരനെ അവനവനായല്ല
അപരനായറിയണം..
അംഗീകരിക്കണം..
ആർച്ച ആശ 2021-06-19 14:32:35
നല്ല വരികൾ ഡോക്ടർ... അപരനെ അവനായി അറിയണം...👌👌👌👌👌
Mini s s SS 2021-06-20 09:55:34
സമീപനങ്ങൾ അറിയണം😭.....നല്ല വരികൾ❤️❤️❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക