America

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

Published

on

എല്ലാവരും പോയി വീടൊഴിഞ്ഞപ്പോൾ സിങ്കിൽ നിറഞ്ഞൊഴുകുന്ന പാത്രക്കൂമ്പാരത്തെ നോക്കി സാലി നെടുവീർപ്പിട്ടു. എത്രനേരം അടുക്കളയിൽ നിന്നു വെച്ചൊരുക്കാനും അവൾക്കു മടിയില്ല. പക്ഷേ, വൃത്തിയാക്കൽ അവളെ മടുപ്പിച്ചുകളഞ്ഞു.
അടുക്കളയും കുളിമുറിയും വെള്ളം മുക്കി മോപ്പുകൊണ്ട് തുടയ്ക്കണം. തടിയുടെ നീണ്ട പിടിയിൽ നൂലുപോലെ തുണി പിടിപ്പിച്ച മോപ്പുകൊണ്ട് തുടയ്ക്കുന്നതും സാലിക്കിഷ്ടമില്ലാത്ത പണിയാണ്. കുളിമുറിയിലെ സിങ്കും കുളിക്കുന്ന ടബ്ബും ടോയ്ലറ്റും കഴുകണം. കുളിമുറിയിലെ കണ്ണാടിയിൽ പേസ്റ്റ് തെറിച്ചിരിപ്പുണ്ടാവും. സ്പഞ്ചും സോപ്പുമിട്ടു കഴുകിക്കഴിയുമ്പോൾ പുതിയതുപോലെ തിളങ്ങും കുളിമുറി .
സാലി പറയുന്ന വഴിക്കു പോകാൻ വിസമ്മതിച്ച് വാക്വം ക്ലീനറിന്റെ ട്യൂബ് പാമ്പുപോലെ വളഞ്ഞുപുളഞ്ഞു കിടന്നു. കാർപ്പെറ്റുള്ള മുറികൾ മാത്രമാണ് വാക്വം ക്ലീനറുകൊണ്ട് വൃത്തിയാക്കുന്നത്. വാക്വം പോയ വഴികൾ തെളിഞ്ഞു കാണാൻ പറ്റും. എല്ലാ മുറികളും വാക്വം ചെയ്തു കഴിയുമ്പോഴേക്കും സാലി തളർന്നു പോകും.
മനുവിന്റെ മുറിയിൽ വാക്വം ചെയ്യുകയായിരുന്ന സാലി ബെഡ്ഡിനടിയിൽ കിടക്കുന്ന പേപ്പർ കണ്ട് എടുത്തുനോക്കിയതാണ്. 35 എന്ന മാർക്കെഴുതിയ പേപ്പർ നോക്കി അവൾ അന്തംവിട്ടു. സയൻസിന്റെ പരീക്ഷ പേപ്പർ മനു വീട്ടിൽ കാണിച്ചിരുന്നില്ല.
ജോയിയെ ഗ്യാസ് സ്‌റ്റേഷനിലേക്കു വിളിച്ചാൽ സംസാരിക്കാൻ സമയം ഉണ്ടാവില്ല , പ്രത്യേകിച്ചും കസ്റ്റമേഴ്സ് മുമ്പിൽ ഉണ്ടെങ്കിൽ. അല്ലെങ്കിലും ജോയിക്ക് കടയിൽനിന്നും വിളിച്ച് വർത്തമാനം പറഞ്ഞിരിക്കുന്നത് ഇഷ്ടമില്ല. വീട്ടിൽ വരുമ്പോൾ പത്തുമണി കഴിയും. പിന്നെ ന്യൂസ് കണ്ടുകൊണ്ട് അയാൾ ചോറുണ്ണും. ഊണു കഴിഞ്ഞാൽ എല്ലാം മറന്നുറങ്ങും. അതിനിടയ്ക്ക്  വിമ്മിട്ടപ്പെടുത്തുന്ന കാര്യങ്ങളൊന്നും പറയാൻ സാലിക്ക് ആവില്ല. അത്യാവശ്യം വീട്ടുകാര്യങ്ങൾ അവൾ പറഞ്ഞൊപ്പിക്കും.
അന്നും അടുത്തൊരു പെണ്ണുകിടക്കുന്നത് അറിയാത്ത മട്ടിൽ ജോയി ഉറങ്ങി. അയാളിലെ പുരുഷൻ ഉറങ്ങിപ്പോയിരുന്നു. അസാദ്ധ്യമായതൊന്നും തുടങ്ങിവെക്കുന്നതിൽ ജോയിക്കു താൽപര്യമില്ല. അന്നുരാത്രിയും സാലി തണുത്തുറങ്ങി. വെറുമൊരു പെൺശരീരം.
മുപ്പത്തിയഞ്ചു മാർക്ക് എന്ന ഭാരത്തോടെ പാതിരാത്രിയിൽ സാലി കിടക്കയിൽ എഴുന്നേറ്റിരുന്നു. സാലിയുടെ ചങ്കിനകത്തിരുന്ന് ആട്ടുകല്ല് തിരിയുന്നു. കര.. കര... അരിയില്ല അതിനകത്ത്. മയപ്പെടുന്ന ഉഴുന്നില്ല. കുഴിക്കകത്ത് കര... കര... വെള്ളം പാകത്തിൽ ചേർത്തുകൊടുക്കുന്നില്ല ആരും. കല്ലുംകല്ലുംകൂടി അരയുകയാണ്. കര... കര...
ജോയിയുടെ കൂർക്കംവലി കുറച്ചുനേരം കേട്ടിരുന്നിട്ട് അവൾ ഊണുമുറിയിൽ പോയിരുന്നു. അവൾക്ക് ആരോടെങ്കിലും ഒന്നു പറഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ആട്ടുകല്ലൊന്നു താങ്ങാൻ ഒരാളുള്ളത് എത്ര ആശ്വാസകരമായിരിക്കും.
മേശവലിപ്പിൽനിന്നും അവൾ അഡ്രസ്സ് ബുക്ക് പുറത്തെടുത്തു. നീലക്കവറുള്ള ചെറിയ പുസ്തകത്തിന്റെ പുറത്ത് അഡ്രസ്സ് എന്നെഴുതിയിട്ടുണ്ട്. അക്ഷരമാലക്രമത്തിൽ പരിചയക്കാരുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതിയിട്ടുള്ള പുസ്തകത്തിലൂടെ സാലി വിരലോടിച്ചു. എ മുതൽ ഇസെഡ് വരെ മറിച്ചിട്ടും സാലിയുടെ നെഞ്ചിലെ ഭാരത്തിലേക്ക് ആ ബുക്കിൽനിന്നും ഒരു കൈയും നീണ്ടുവന്നില്ല.
പകരം പരിചയക്കാരും സ്നേഹിതരും ഒന്നായി ഫോൺ ബുക്കിൽനിന്നും ഇറങ്ങിവന്നു.
- ഹൊ , ഒരു ഗ്യാസ് സ്റ്റേഷൻ ഉടമ !
- ആ ചെറുക്കൻ മഹാ ഒഴപ്പനാ .
- പിള്ളാരെ നേരേചൊവ്വേ വളർത്തണം !
- അല്ലേലും അവക്കിച്ചിരെ അഹങ്കാരം കൂടുതലാ
പലരും സാലിയെ നോക്കി പൊട്ടിച്ചിരിച്ചു. അടക്കിച്ചിരിച്ചു. പുച്ഛത്തോടെ നോക്കി. അറിയാത്തമട്ടിൽ തോളുതിരിച്ചു.
ദൈവം എവിടെയാണ് ?
സാലി ഓർത്തു. എത്രകാലമായി ഈ ദുരിതം. എന്തുകൊണ്ട് ? ഒരു ജോലി തെണ്ടിയലഞ്ഞ കാലം സാലിയോർത്തു. അന്ന് എൽസി ആന്റിയുടെ ശാപംകൂട്ടി വിഴുങ്ങിയ ചോറ് അപ്പോഴും തൊണ്ടയിൽ തടഞ്ഞിരിപ്പുണ്ടെന്ന് സാലിക്കു തോന്നും.
സാലിക്കു സന്തോഷം പാടില്ല, സമാധാനം പാടില്ല. മൂന്നുകാലടുപ്പു കൂട്ടി ദുഷ്ടമന്ത്രവാദിനികൾ അവൾക്കായി ദുരിതം കാച്ചുന്നുണ്ട്. ഷാരന്റെ പുസ്തകത്തിലെ പടം പോലെ അവരുടെ നീണ്ട മൂക്ക്, കൂർത്ത തൊപ്പി, വളർന്നു നീണ്ട നഖങ്ങൾ ,ഉണങ്ങിച്ചുളിഞ്ഞ നീണ്ട കയ്യ്,ഭംഗികെട്ട കോലൻ മുടി. ചുളുങ്ങി കറയും കരിയും പിടിച്ച അലുമിനിയക്കലത്തിൽ സാലിക്കായുള്ള ദുഃഖവും മനസ്താപവും കുറുകി വേവുന്നു.
- സാത്താന്റെ സന്തതി !
അവർ പിറുപിറുക്കുന്നുമുണ്ട്.
സാലി പാറ്റിയോ ഡോറിന് അടുത്തിരിക്കുന്ന ഉണങ്ങിയ മുല്ലയെ നോക്കി. ചെടിയിൽ ഒരു പൊടിപ്പുപോലും വന്നിട്ടില്ല. സാലി മോഹിച്ചു വളർത്തിയ മുല്ലച്ചെടി . കഴിഞ്ഞ മഞ്ഞുകാലം തുടങ്ങിയപ്പോൾ ഉണങ്ങിപ്പോയതാണ്. സ്പ്രിങിൽ പൊടിച്ചുവരുമെന്ന് സാലി കരുതി. കമ്പുണങ്ങി നിൽക്കുന്നു. വരണ്ടുണങ്ങി , തളിർക്കാതെ പൂക്കാതെ, മോഹിപ്പിച്ചുകൊണ്ട്. പഠിത്തം ഉഴപ്പി ജോലി കിട്ടാതെ നടക്കുന്ന മനുവിന്റെ ചിത്രം സാലിയുടെ മനസ്സിൽ കടിച്ചുതൂങ്ങിക്കിടക്കുന്നു.
കാലത്തെ ജോയി തിരക്കിട്ട് ഗ്യാസ് സ്റ്റേഷനിലേക്കു പോകുന്നതിനു മുമ്പ് സാലി ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ ജോയി പൊട്ടിത്തെറിച്ചു. സാലിയാണ് കുട്ടികളെ ശ്രദ്ധിക്കാത്തതെന്നും വീട്ടിലുള്ളവരുടെയെല്ലാം ലക്ഷ്യം അയാളുണ്ടാക്കുന്ന പൈസ ഏതു വിധേനയും നശിപ്പിക്കുകയെന്നതാണെന്നും അയാൾ പറഞ്ഞു. മനുവിനെ കൈ ഉയർത്തി അടിച്ചിട്ട് അയാൾ അലറി :
- ഇനി പ്രോഗ്രസ്സ് റിപ്പോർട്ട് ഒപ്പിടീക്കാൻ നീയിങ്ങു വന്നേര്!
- തന്നത്താനെ പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്യാമെങ്കിൽ ഒപ്പിടാൻ മാത്രമായിട്ടെന്തിനാണൊരു പേരന്റ് ?
മനുവിന്റെ ആ ചോദ്യത്തിനു മുമ്പിൽ ജോയി തളർന്നുപോയെങ്കിലും തോൽവി സമ്മതിക്കാതെ അയാൾ അവനെ തലങ്ങും വിലങ്ങും അടിച്ചു.
മനുവിന് സാലിയോടു മിണ്ടുന്നതേ ഇഷ്ടമല്ലാതായിട്ടുണ്ട്. എന്തെങ്കിലും ചോദിച്ചാൽ മുഖം തിരിച്ചു നടന്നുകളയും . കുഞ്ഞായിരിക്കുമ്പോൾ മമ്മീന്നു വിളിച്ചു കെട്ടിപ്പിടിച്ചിരുന്ന നിമിഷങ്ങൾ തിരികെ കിട്ടാൻ അവൾ മോഹിച്ചു. അന്നൊന്നും ഇരുത്തിയൊന്നു കൊഞ്ചിക്കാൻ നേരം കിട്ടിയിട്ടില്ല. വിട്ടേ മോനേന്നു പറഞ്ഞ് പണിത്തിരക്കിലേക്കു പോയി.
ഇപ്പോൾ സാലിക്കു സമയമുണ്ട് പക്ഷേ, അവനൊന്നും മമ്മിയോടു പറയാനില്ലാതെ പോകുന്നു. എല്ലാം സ്വന്തം തെറ്റാണ്. ചെയ്തതൊന്നും ശരിയല്ല.
അന്ന് അവനോട് അടുപ്പം കൂടിയിരുന്നെങ്കിൽ ഇപ്പോഴവൻ അമ്മയെ തേടി വരുമായിരുന്നോ ?

                            തുടരും...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

View More