കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ. നേതാവായ പിണറായി വിജയനുമായി സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നും ആ സംഘര്‍ഷത്തിന്റെ ഫലമായി അദ്ദേഹത്തെ ചവിട്ടി താഴെയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ കെ.സുധാകരന്‍ പറയുകയുണ്ടായി.
ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇത്തരം ഒരു അനുഭവം ഇല്ലാത്ത ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനും ഒരു കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. അന്ന് എം.എ. ബേബിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഞാന്‍ ചെയര്‍മാനായത്.
മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന കേരളത്തിലെ ഐ.ജിയായിരുന്ന ഒരാളായിരുന്നു അന്ന് കൊല്ലം ജില്ലാ എസ്.എഫ്.ഐ. പ്രസിഡന്റ്. അന്ന് കെ.എസ്.യു. നേതാവായിരുന്ന എന്നെ കോളേജില്‍ വെച്ച് അതികഠിനമായി മര്‍ദ്ദിച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ട്.
ബേബി അടക്കമുള്ള ആളുകളില്‍ നിന്ന് ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നിട്ട് ക്യാമ്പസ് വിട്ടതിന് ശേഷം ഞങ്ങളൊക്കെ എത്ര സൗഹൃദപരമായാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം. ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ നമ്മള്‍ തുറന്ന് പറയാറുണ്ട്. ഇത്തരത്തില്‍ കെ.സുധാകരന്‍ പറഞ്ഞ ക്യാമ്പസ് രാഷ്ട്രീയത്തിലെ ഒരു അനുഭവം.
ഇത്ര ഗൗരവത്തോടെ കേരളത്തിലെ ഒരു മുഖ്യമന്ത്രി എടുക്കേണ്ട കാര്യമുണ്ടോ. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കെ. സുധാകരന്‍ തല്ലിയെന്നോ ചവിട്ടിയെന്നോ ഒക്കെ പറഞ്ഞാല്‍ പിണറായി ഇത്ര പ്രകോപിതനാകണ്ട കാര്യമുണ്ടോ? ജീവിതത്തില്‍ ആരോടും തോല്‍ക്കാന്‍ തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.