Image

കേരളത്തെ ഞെട്ടിച്ച, മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവ് നിരപരാധി

Published on 21 June, 2021
കേരളത്തെ ഞെട്ടിച്ച, മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവ് നിരപരാധി
തിരുവനന്തപുരം : കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം.  അമ്മ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള   പതിമൂന്ന് വയസ്സുകാരന്‍റെ തന്ത്രമായിരുന്നു അമ്മയ്‌ക്കെതിരെയുള്ള ഇല്ലാക്കേസ്.

മകന്റെ വാക്കുകള്‍ കേട്ട് ഭര്‍ത്താവും യുവതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, അമ്മയുടെ കൂടെ നില്‍ക്കുന്ന ഇളയ കുട്ടി മാത്രം അവസാനം വരെ സത്യം അമ്മയ്‌ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞു. അമ്മ ചേട്ടനെ പീഡിപ്പിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ തന്റെ സഹോദരനെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമായിരുന്നു ഇളയകുട്ടി കേസിന്റെ തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നത്.

പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ കുട്ടിയുടെ അമ്മയെ കഴിഞ്ഞ ഡിസംബര്‍ 28ന് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള പരാതി നല്‍കിയതാണെന്നാണ് അമ്മയുടെ വാദം.

37കാരിയായ യുവതി അത്തരത്തിലൊരു സ്ത്രീയല്ലെന്നും അവര്‍ നിരപരധിയാണെന്നും യുവതിയുടെ നാട്ടുകാരും പറഞ്ഞിരുന്നു. ഇവരുടെയെല്ലാം വാക്കുകള്‍ സത്യമാവുകയാണ്. സത്യം എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും പുറത്തുവരുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. 

പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. മൂന്ന് കുട്ടികളെയും ഇയാള്‍ ഒപ്പം കൂട്ടി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് അമ്മയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക