Image

സ്ത്രീധന പ്രശ്നങ്ങള്‍: ആദ്യദിനം നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 108 പരാതികള്‍; അപരാജിതയില്‍ 76

Published on 23 June, 2021
 സ്ത്രീധന പ്രശ്നങ്ങള്‍: ആദ്യദിനം നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 108 പരാതികള്‍; അപരാജിതയില്‍ 76

തിരുവനന്തപുരം: കൊല്ലത്ത് വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പോലീസ് ക്രമീകരിച്ച പുതിയ സംവിധാനത്തിലേക്ക് പരാതികളുടെ പ്രവാഹം. സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്ന സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്ക്  ബുധനാഴ്ച 108 പരാതികള്‍ ലഭിച്ചു. മൊബൈല്‍ ഫോണിലൂടെയാണ് ഇന്നുമാത്രം ഇത്രയധികം പരാതികള്‍ ലഭിച്ചത്. 

ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ബുധനാഴ്ച വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണിത്. 


സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് അപരാജിത സംവിധാനം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. 9497999955 എന്ന നമ്പറില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറെ പരാതി അറിയിക്കാം. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ഫോണ്‍ 9497996992

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക