Image

ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

Published on 24 June, 2021
ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ
ദുബായ്: ഇന്നു മുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി, ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ ആറു വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രാ വിലക്ക് ഇന്ന് അവസാനിച്ചതിനാല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഎഇയിലേക്കു വരാന്‍ ഇന്ത്യയില്‍ കാത്തിരിക്കുന്നവര്‍. എമിറേറ്റ്‌സ് അടക്കമുള്ള മറ്റു വിമാന കമ്പനികളും സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

ഒരു യാത്രക്കാരനുള്ള മറുപടിയായി എയര്‍ ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി തങ്ങളുടെ വെബ് സൈറ്റ്, ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരണമെന്നും നിര്‍ദേശിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്ന് നാളെ മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു

യാത്രാ വിലക്ക് നീങ്ങിയെങ്കിലും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അടക്കമുള്ള വിമാനങ്ങള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാത്തതിനാല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. അധികൃതരില്‍ നിന്ന് ഇതുവരെ തങ്ങള്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ ഇന്നലെ മനോരമ ഓണ്‍ലൈനോടു വ്യക്തമാക്കിയിരുന്നു.

യാത്രാ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും ഒരു മണിക്കൂറിനകം നിര്‍ത്തലാക്കി. ഫ്‌ലൈ ദുബായിയും ഇന്‍ഡിഗോയും സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, നാളെ സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഈ കമ്പനികളുടെ ഭാഗത്ത് നിന്നും അറിയിപ്പ് ഉണ്ടായിട്ടില്ല.

യുഎഇ അംഗീകരിച്ച വാക്‌സീന്റെ രണ്ട് ഡോസുകളും എടുത്ത താമസ വീസക്കാര്‍ക്ക് മടങ്ങിവരാമെന്നാണ് യുഎഇ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഏറെ കാലം മുന്‍പേ വാക്‌സീന്‍ സ്വീകരിച്ചവരുടെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലും വീസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല എന്നതും വിമാന കമ്പനികളെ ആശയക്കുഴപ്പത്തിലാക്കുന്നു. യാത്രയ്ക്ക് മുന്‍പ് ജിഡിആര്‍എഫ്എ, െഎസിഎ അനുമതി വാങ്ങിക്കേണ്ടതുണ്ടോ എന്ന കാര്യവും സംശയമായി തുടരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തമായ അറിയിപ്പ് ലഭിച്ചാല്‍ മാത്രം ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതരുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക