Image

ഹിമ (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 26 June, 2021
ഹിമ (കഥ: ഷാജന്‍ ആനിത്തോട്ടം)

"രവിവര്‍മ്മയുടെ പെയിന്റിംഗ്, വത്തിക്കാനില്‍ നിന്നുള്ള കൊന്ത, ജോര്‍ദ്ദാന്‍ നദിയിലെ വെള്ളം . . . എന്റെ അങ്കിളേ, ഞാനിത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞില്ലേ? ആദ്യം അങ്കിള്‍ മോളിയാന്റിയുമായി ഒരു സെറ്റില്‍മെന്റുണ്ടാക്ക്. എന്നിട്ടു മതി എന്റെയടുക്കലുള്ള ഈ സ്വപ്നം പങ്കുവയ്ക്കല്‍. അല്ലാതെ വെറുതെയെന്തിന് നമ്മുടെ രണ്ടുപേരുടെയും സമയം കളയുന്നു?''

സോനയുടെ വെട്ടിത്തുറന്നുള്ള പറച്ചില്‍ കേട്ട് അവളുടെ പപ്പയും മമ്മിയുമുള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. ജോര്‍ജ്ജ്കുട്ടിയ്ക്ക് പക്ഷേ മുഖമടച്ചൊരു അടി കിട്ടിയപോലെയാണ് തോന്നിയത്. പിറന്നുവീണ നാളുമുതലേ തനിയ്ക്കറിയാവുന്ന പെണ്‍കുട്ടിയാണ്; പീക്കിരിപ്പൈതലായിരുന്നപ്പോഴേ അവള്‍ ഒരുപാട് തമാശകള്‍ പറയുമായിരുന്നു. അവളുടെ കൊഞ്ചലും കുസൃതിത്തരങ്ങളും ഒത്തിരിയേറെ ആസ്വദിച്ചിട്ടുമുണ്ട്. എന്നാലും ഇതൊരു തമാശയായി കാണാന്‍ പറ്റുകയില്ല. വര്‍ഷങ്ങളായുള്ള തന്റെ സ്വപ്നങ്ങളെയാണിവള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ പരിഹസിക്കുന്നത്. എങ്ങനെയാണിവള്‍ക്കിങ്ങനെയൊക്കെ പറയാന്‍ തോന്നുന്നതെന്ന് ജോര്‍ജ്ജുകുട്ടി ആശ്ചര്യപ്പെട്ടു. അതിശയത്തേക്കാള്‍ അഭിമാനക്ഷതമേറ്റവന്റെ വേദനയായിരുന്നു അപ്പോള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞു കവിഞ്ഞിരുന്നത്.

""നീ വിഷമിക്കേണ്ട ജോര്‍ജ്ജുകുട്ടീ, ഇവളുടെ കാര്യം നിനക്കറിയാവുന്നതല്ലേ? നമുക്ക് വഴിയുണ്ടാക്കാം. നീ വന്നതല്ലേയുള്ളൂ. ഇത്തവണ നീ തിരിച്ചുപോകുന്നതിനുമുമ്പ് എന്തായാലും നമുക്കൊരു ഫൈനല്‍ പ്ലാനുണ്ടാക്കാം. തല്‍ക്കാലം നീ കൊണ്ടുവന്ന ആ കുപ്പിയങ്ങോട്ട് പൊട്ടിക്ക്. സ്‌കോച്ചിന്റെ രുചിയറിഞ്ഞ നാളു മറന്നു.  മഞ്ചൂ, നീ വേഗം അടുക്കളയിലോട്ട് ചെന്ന് ടച്ചിംഗ്‌സിനുളള സാധനങ്ങള്‍ റെഡിയാക്ക്.'' മാമ്മച്ചന്‍ മകളെ ന്യായീകരിക്കുന്നതിനൊപ്പം സ്‌നേഹിതനെ ഉഷാറാക്കാന്‍ ശ്രമിച്ചു.

മൂന്നാമത്തെ ഡ്രിങ്കെടുക്കുമ്പോഴും ജോര്‍ജ്ജുകുട്ടിയുടെ മുഖത്ത് മ്ലാനത തളം കെട്ടി നില്‍ക്കുന്നതു കണ്ട് മാമ്മച്ചന്‍ ദേഷ്യപ്പെട്ടു:

""എടാ ഉവ്വേ, താനിങ്ങനെ മൂഡിയായാലോ? അധികമൊന്നും ആലോചിക്കേണ്ട. നാളെത്തന്നെ, അല്ല വേണ്ട, ഡിന്നര്‍ കഴിഞ്ഞാലുടനെ നമുക്ക് മോളിയെ വിളിക്കാം. അപ്പോഴേയ്ക്കും അവിടെ നേരം നന്നായി വെളുക്കുമല്ലോ. പിന്നെ, ഒരു കാര്യം നീ അംഗീകരിച്ചേ പറ്റൂ - അവളുടെ ഇഷ്ടം കൂടി നമ്മള്‍ പരിഗണിക്കണം. ഈ വീട് എന്ന് പറയുന്നത് നിന്റെ മാത്രം ഇഷ്ടത്തിന് പണിയേണ്ടതല്ലല്ലോ. അവളുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടത് ധാര്‍മികമായി മാത്രമല്ല, നിയമപരമായും നിന്റെ ബാധ്യതയാണ്.''

""എന്റെ മാമ്മച്ചാ, നീയെന്നെ നിയമോം ചട്ടോമൊന്നും പഠിപ്പിക്കേണ്ട. ഒന്നാമത് മോളിയ്ക്ക് നാട്ടില്‍ വീട് പണിയുന്നതിനോട് ഒരു യോജിപ്പുമില്ല. അമേരിക്കയില്‍ എല്ലാ സൗകര്യങ്ങളുമുള്ള വീടുള്ളപ്പോള്‍ നാട്ടിലൊരു വീടു പണിയിപ്പിക്കുന്നത് എന്തിനാണെന്നാണ് അവള്‍ ചോദിക്കുന്നത്. വയസുകാലത്തെ വിശ്രമജീവിതത്തിന് അവിടെ ഒരുപാട് മറ്റു മാര്‍ഗങ്ങളുള്ളപ്പോള്‍ നാട്ടില്‍ പോയിക്കിടന്നു ചാവണമെന്നു പറയുന്നത് എന്റെ ഭ്രാന്തന്‍ മോഹമാണത്രേ. ഇനി അഥവാ പണിയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അവള്‍ പറയുന്നത് മോഡേണ്‍ സൗകര്യങ്ങളെല്ലാമുള്ള വലിയൊരു ബംഗ്ലാവ് പണിയണം എന്നാണ്. ഞാന്‍ ആഗ്രഹിക്കുന്നതുപോലത്തെ ആ ചെറിയ മൂന്നുമുറി വീട് അവളുടെ നോട്ടത്തില്‍ വെറുമൊരു കോഴിക്കൂടാണ്. പറുദീസയില്‍നിന്നാരെങ്കിലും പള്ളക്കാട്ടില്‍ പോയി കിടക്കുമോ എന്നാണ് അവളുടെ ചോദ്യം.'' ജോര്‍ജ്ജുകുട്ടി അത് പറഞ്ഞ് ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.

""അതൊരു ന്യായമായ ചോദ്യമല്ലേ അങ്കിളേ? ഏതായാലും അങ്കിള് നാട്ടിലൊരു വീടു പണിയാന്‍ തീരുമാനിച്ചു. എന്നാല്‍പ്പിന്നെ നാലാള്‍ കണ്ടാല്‍, "വൗ, വാട്ട് ആന്‍ അമൈസിംഗ് ഹോം' എന്ന് പറയുന്ന രീതിയിലൊന്നായിക്കൂടേ? നമ്മുടെ രാജാ രവിവര്‍മ്മയെ എങ്ങനെയാണ് ഒരു കുടിലില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കുക?'' കരിമീന്‍ പൊള്ളിച്ചത് തീന്‍മേശയില്‍ കൊണ്ട് വയ്ക്കുമ്പോള്‍ സോന ജോര്‍ജ്ജുകുട്ടിയെ ഒന്നു കൂടി പ്രകോപിപ്പിക്കുവാന്‍ നോക്കി.

""നീ എന്റെ കയ്യില്‍ നിന്ന് മേടിക്കും. നാട്ടില്‍ വേറെ എന്‍ജിനീയര്‍മാരില്ലാഞ്ഞിട്ടല്ല, ഉറ്റ സ്‌നേഹിതന്റെ ഒറ്റപ്പുത്രിയല്ലേ, റാങ്കോടെ പാസായ ആര്‍ക്കിടെക്ടല്ലേ എന്നൊക്കെ ഓര്‍ത്ത് സഹതാപം തോന്നിയാണ് നിന്നെ വീടിന്റെ പ്ലാനുണ്ടാക്കാന്‍ ഏല്പ്പിച്ചത്. ലിവിംഗ് റൂമിന്റെ ഭംഗി കൂട്ടാന്‍ രവിവര്‍മ്മയുടെ നല്ലൊരു പെയിന്റിംഗ് വയ്ക്കാനുള്ള സ്‌പേസ് ഡ്രോയിംഗിലുണ്ടാവണമെന്നും, പ്രാര്‍ത്ഥനാമുറിയില്‍ പോപ്പ് വെഞ്ചരിച്ച വലിയൊരു കൊന്ത വയ്ക്കണമെന്നും ഹൗസ് വാമിംഗിന് അച്ചന്‍ വരുമ്പോള്‍ കഴിഞ്ഞ തവണ ഞങ്ങള്‍ ഹോളി ലാന്‍ഡ് ടൂറിന് പോയപ്പോള്‍ ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും കോരിയെടുത്തു കൊണ്ടുവന്ന വെള്ളം കൊണ്ട് വെഞ്ചരിപ്പിക്കണമെന്നും ആഗ്രഹിച്ചതൊക്കെ വലിയ തെറ്റാണോടീ കൊച്ചേ? അല്ല, നീ തന്നെ ഇതൊക്കെ പറയണം. കുഞ്ഞായിരുന്നപ്പോള്‍ നിന്നെ എന്തുമാത്രം ഞാന്‍ പുന്നാരിച്ചതാണ്. മോളിയാന്റിയെ നീ കാണാന്‍ തുടങ്ങിയത് ഞാനവളെ കല്യാണം കഴിച്ച് കഴിഞ്ഞല്ലേ . . . ഇപ്പോള്‍ നീ കാലു മാറി അവളുടെ പക്ഷം ചേര്‍ന്നു അല്ലേ?''

""എന്റെ പൊന്നങ്കിളേ, ഞാന്‍ കാലു മാറിയിട്ടൊന്നുമില്ല. ഇപ്പോഴും ഞാന്‍ അങ്കിളിന്റെ ആളാണ്. എന്നാലും അങ്കിള്‍ ഒന്നുകൂടി ഒന്ന് ആലോചിക്ക്. എന്നിട്ട് നമുക്ക് ഫൈനലൈസ് ചെയ്യാം. പപ്പ പറഞ്ഞതുപോലെ, അങ്കിള്‍ തിരിച്ചുപോകുന്നതിനുമുമ്പ് ഞാനൊരു കിടിലന്‍ പ്ലാനുണ്ടാക്കി കാണിക്കാം. പിണങ്ങാതിരിക്കാന്‍ ദേ പിടിച്ചോ, എന്റെയൊരു ചക്കരയുമ്മ.'' ജോര്‍ജ്ജുകുട്ടിയുടെ കവിളില്‍ ഒരു സ്‌നേഹചുംബനം നല്കി സോന അയാളെ ഒരു വിധത്തില്‍ അനുനയിപ്പിച്ചു.

അടുത്ത കുറേ ദിവസങ്ങള്‍ മുഴുവനും ജോര്‍ജ്ജുകുട്ടി തനിക്ക് കുടുംബ ഓഹരിയായിക്കിട്ടിയ അരയേക്കര്‍ പറമ്പിലൂടെ അലസമായി നടന്ന് സമയം തള്ളിനീക്കുകയായിരുന്നു. വീട് പണിയുവാനുദ്ദേശിക്കുന്ന പ്ലോട്ടിന് ചുറ്റും കഴിഞ്ഞ തവണ വന്നപ്പോള്‍ നട്ടുപിടിപ്പിച്ച ചെറു മരങ്ങളും കായ് വൃക്ഷങ്ങളുമെല്ലാം ഉണങ്ങിക്കരിഞ്ഞു കിടക്കുന്നത് കണ്ട് അയാള്‍ വല്ലാതായി. വീട് പണിതു കഴിയുമ്പോഴേയ്ക്കും അത്യാവശ്യം ഒരു കുടുംബത്തിന് വേണ്ട പഴവര്‍ഗങ്ങളെല്ലാം നല്‍കുന്ന വൃക്ഷങ്ങളും ഒപ്പം വളര്‍ന്ന് ഫലം പുറപ്പെടുവിച്ചിരിക്കണമെന്ന ആഗ്രഹത്താല്‍ എവിടെ നിന്നെല്ലാമോ സംഘടിപ്പിച്ചാണ് പല വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചത്. അതിനായി എത്രയെത്ര നഴ്‌സറികളില്‍ കയറിയിറങ്ങിയിരിക്കുന്നു . . . പെട്ടെന്ന് കായ്ക്കുന്ന "വിയറ്റ്‌നാം ഏര്‍ലി സൂപ്പര്‍' വരിക്കച്ചക്കത്തൈകള്‍ മുതല്‍ വീടിനും ചുറ്റുവട്ടത്തും സദാ തണലും തണുപ്പും നല്കുന്ന വലിയ കോട്ടമാവിന്‍ തൈകള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു; ഒപ്പം, പെട്ടെന്ന് കായ്ക്കുന്ന ഒട്ടുമാവിന്‍ തൈകളും പേരയും തെങ്ങും മുരിങ്ങയും, അങ്ങനെ പലതും.

ആല്‍മരം പോലെ വളര്‍ന്ന് പടര്‍ന്നു പന്തലിടുന്ന കോട്ടമാവിന്‍ തൈകള്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ അവധിക്കാലത്ത് പാലക്കാട് വരെ പോയ കാര്യമോര്‍ത്തപ്പോള്‍ ജോര്‍ജ്ജുകുട്ടിയുടെ കണ്ണു നിറഞ്ഞു. തിരുവില്വാമലയില്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്ന പഴയ സതീര്‍ത്ഥ്യന്‍ പ്രസാദിന്റെ പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടില്‍ ഒരു ദിവസം അയാളോടൊപ്പം താമസിക്കാന്‍ പോയത് തന്നെ നല്ല പാലക്കാടന്‍ കോട്ടമാവിന്‍ തൈകള്‍ ആ പ്രദേശങ്ങളില്‍ നിന്നും സംഘടിപ്പിക്കാനായിരുന്നല്ലോ. പ്രസാദിന്റെ ആതിഥ്യം സ്വീകരിച്ച് പിറ്റേന്ന് നാല് മാവിന്‍ തൈകളും കൊണ്ട് തിരക്കേറിയ കോട്ടയം സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറി നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ മനസില്‍ നിറഞ്ഞുനിന്നത് ആ മാവിന്‍ തൈകള്‍ വളര്‍ന്ന് വലുതാവുന്നതും പെരുമരങ്ങളായി തന്റെ അരയേക്കര്‍ പറമ്പ് മുഴുവനും തണല്‍ വിരിച്ച്, സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുമായിരുന്നു. ആ നാലില്‍ മൂന്ന് തൈകളും ഉണങ്ങിക്കരിഞ്ഞുകഴിഞ്ഞു. അവശേഷിക്കുന്ന ഒരെണ്ണത്തില്‍ കണ്ട ഇളം മാന്തളിരില്‍ അയാള്‍ വാത്സല്യത്തോടെ തലോടി. ഇതെങ്കിലും നനച്ച് പരിപാലിക്കണം, അയാളുറപ്പിച്ചു. ചുള്ളിക്കമ്പുകള്‍ കൊണ്ട് ആ കുഞ്ഞന്‍ മരത്തിന് ചുറ്റും ജോര്‍ജ്ജുകുട്ടി ഒരു കവചമൊരുക്കി. പറമ്പിനതിരിലുള്ള തറവാട്ട് കിണറ്റില്‍ നിന്നും വെള്ളം കോരിക്കൊണ്ടുവന്ന് അരുമയോടെ അതിന് അയാള്‍ ജീവജലം പകര്‍ന്ന് നല്കി.

""ജോര്‍ജ്ജുകുട്ടീ, നീ പോക്കുവെയിലും കൊണ്ട് ഇവിടെത്തന്നെ നില്ക്കുകയാണോ? വേഗം വീട്ടിലോട്ട് ചെന്ന് വേഷം മാറി വാ, നമുക്ക് ഒരിടം വരെ പോണം.'' പഴയ സഹപാഠിയും അയല്‍വാസിയുമായ ജോയി വന്ന് വിളിക്കുമ്പോഴും ജോര്‍ജജുകുട്ടി കോട്ടമാവിന്‍ചുവട്ടിലെ സ്വപ്നലോകത്തായിരുന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച്, ഒടുവില്‍ പത്താം ക്ലാസിലെ ആ വലിയ പരീക്ഷക്കടമ്പ ചാടിക്കടക്കാനാവാതെ ഒരു മുച്ചക്രവാഹനസാരഥിയായി കാലം കഴിച്ച് കുടുംബം പോറ്റുകയാണ് ജോയി. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും നേടി, ഒടുവില്‍ മോളിയുടെ സാരിത്തുമ്പില്‍ തൂങ്ങി അമേരിക്കയ്ക്കു പറന്നെങ്കിലും ജോര്‍ജ്ജുകുട്ടി ഒരിക്കലും പഴയ കൂട്ടുകാരനെ മറന്നില്ല. നാട്ടിലെ ചെറുതും വലുതുമായ യാത്രകള്‍ക്ക് ഇന്നും ജോയിയുടെ ഓട്ടോറിക്ഷയെ അയാള്‍ ആശ്രയിക്കുന്നത് ആ വാഹനത്തോടുള്ള കമ്പം കൊണ്ടല്ലെന്ന് മറ്റാരേക്കാള്‍ കൂടുതലറിയാവുന്നതും ജോയിക്ക് തന്നെയായിരുന്നു.

""എന്താടാ നിന്റെ മുഖം വാടിയിരിക്കുന്നത്? പെണ്ണുമ്പിള്ള പിന്നെയും കൈവെച്ചോ?'' ജോര്‍ജ്ജുകുട്ടി ഒരു തമാശ പറഞ്ഞ് കൂട്ടുകാരനെ സ്വീകരിക്കാനൊരുങ്ങി.

""ചിരിക്കാനുള്ള വിഷയമല്ല ജോര്‍ജ്ജുകുട്ടീ. സംഗതി നീയറിഞ്ഞുകാണില്ലെന്നെനിക്കറിയാം. എടാ, നമ്മുടെ ഗോപി സുഖമില്ലാതെ കിടപ്പിലായിരുന്നല്ലോ. ഇന്ന് വെളുപ്പിന് അവന്‍ മരിച്ചു. നമുക്ക് അവിടം വരെയൊന്ന് ചെല്ലാം. നീ വേഗം റെഡിയാകൂ.''

ജോര്‍ജ്ജുകുട്ടിയ്ക്ക് വല്ലാതെ ദുഃഖം തോന്നി. ജോയിയേപ്പോലുള്ള മറ്റൊരു സ്‌നേഹിതനായിരുന്നു ഗോപി.  പ്രീഡിഗ്രി വരെ ഒപ്പം പഠിച്ചു. പരീക്ഷാഫലം വന്നപ്പോള്‍ തോറ്റതോടെ പഠനത്തോട് വിട പറഞ്ഞെങ്കിലും പടം വര തൊഴിലാക്കി മാന്യമായ വരുമാനം നേടാന്‍ തുടങ്ങി. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഡ്രോയിംഗ് മാഷിന്റെ പ്രശംസ സ്ഥിരമായി നേടിക്കൊണ്ടിരുന്ന ഗോപിയുടെ രഹസ്യസഹായത്തോടെയായിരുന്നു ജോയിയും ജോര്‍ജജുകുട്ടിയുമൊക്കെ ക്ലാസില്‍ പിടിച്ചുനിന്നിരുന്നത്. കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ ഗോപിയുടെ രോഗവിവരമറിഞ്ഞ് ജോയിയോടൊപ്പം കാണാന്‍ പോയതും  തറവാടിനടുത്ത് വീട് പണിയാന്‍ പോകുന്ന കാര്യം പറഞ്ഞത് കേട്ട് അവന്‍ ആവേശത്തോടെ പ്രതികരിച്ചതും പെട്ടെന്ന് ജോര്‍ജ്ജുകുട്ടിയുടെ മനസിലേയ്‌ക്കോടിയെത്തി:

""വീട് നീ ആരെക്കൊണ്ടെങ്കിലും പണിയിപ്പിച്ചോ. പക്ഷേ, നിന്റെ പുതിയ വീടിന്റെ നെയിം ബോര്‍ഡ് എഴുതുന്നത് ഞാനായിരിക്കും. പറ്റിയ പേര് ഇപ്പഴേ കണ്ടുവച്ചോളൂ ട്ടോ.''

""പേരൊക്കെ എന്നേ ഞാന്‍ തീരുമാനിച്ചിരിക്കുന്നൂ ഗോപീ. പക്ഷേ വീടുപണി തീര്‍ന്നുകഴിയുമ്പോഴേയ്ക്കും മതിയല്ലോ മതിലുപണിയും ബോര്‍ഡെഴുത്തുമൊക്കെ. എന്നാലും നല്ല ഡിസൈനൊക്കെ ഇപ്പോഴേ നീ മനസില്‍ രൂപപ്പെടുത്തിക്കോളൂ. ഹിമ - അതാവും എന്റെ വീടിന്റെ പേര്.

""ഹിമയോ? അതാരാടാ ഉവ്വേ? നിന്റെ പഴയ വല്ല കുറ്റികളുടെയും പേരാണോ? പെണ്ണുമ്പിള്ളയറിഞ്ഞ് വെറുതെ കുടുംബകലഹത്തിനുള്ള വിത്തെറിയരുത് ജോര്‍ജ്ജുകുട്ടീ'' കീമോതെറാപ്പിയുടെ അവശതകള്‍ക്കിടയിലും ഗോപി ഉറക്കെ ചിരിക്കാന്‍ ശ്രമിച്ചു.

""ഒരു കുറ്റിയുടെയും പേരല്ലടാ. ഹിമ എന്നാല്‍ മഞ്ഞ് എന്നേ അര്‍ത്ഥമുള്ളൂ. ഹിമാലയം, ഹിമവാന്‍ എന്നൊക്കെ കേട്ടിട്ടില്ലേ? പത്തുമുപ്പതുകൊല്ലം ചിക്കാഗോയിലെ മഞ്ഞും മഴയും സഹിച്ച് പണിയെടുത്തതിന്റെ ഓര്‍മ്മയ്ക്കാടാ ഗോപീ ഞാനാ പേരിടുന്നത്. അറബിയിലും മറ്റ് ഭാഷകളിലും അതിന് വേറെയും ചില അര്‍ത്ഥങ്ങളുണ്ട് കേട്ടോ. രസമതല്ല, ജാപ്പനീസ് ഭാഷയില്‍ ഹിമ എന്നാല്‍ വിനോദമെന്നാണര്‍ത്ഥം - വിശ്രമിക്കാനുള്ള സമയം. വീടുപണി കഴിഞ്ഞാല്‍ മോളിയും ഞാനും അമേരിക്ക വിടുകയാണ്. പിള്ളേരൊക്കെ അവിടെത്തന്നെ നില്‍ക്കും. അവരെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുവരാനാവില്ലല്ലോ. പിന്നെയുള്ള കാലം ജോയിയേയും നിന്നെയുംപോലുള്ള സ്‌നേഹിതന്മാരുടെ കൂടെ എനിക്ക് നാട്ടില്‍ വിശ്രമിക്കണം.''

താന്‍ അതു പറയുമ്പോള്‍ ഗോപിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടാവണം, വല്ലാതെ തിളങ്ങിയിരുന്നുവെന്ന് ജോര്‍ജ്ജ്കുട്ടി ഓര്‍ത്തു. മടങ്ങുമ്പോള്‍ അവന്റെ കിടയ്ക്കക്കരികില്‍ വച്ച പച്ചനോട്ടുകളേക്കള്‍ ഒരുപക്ഷേ അവനെ ആനന്ദിപ്പിച്ചത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സൗഹൃദക്കൂട്ടായ്മകളുടെ മാധുര്യമായിരുന്നിരിക്കണം. "ഹിമ' എന്ന സ്വപ്നം പൂവണിയുന്നതു കാണാനാവാതെ പാവം ഗോപി യാത്രപറഞ്ഞിരിക്കുന്നു - ജോര്‍ജ്ജ്കുട്ടി നനഞ്ഞ കണ്ണുകള്‍ തുടച്ചു.

ജോയിയുടെ ഓട്ടോറിക്ഷയില്‍ മരണവീട്ടിലേക്ക് പോവുമ്പോഴും ജോര്‍ജ്ജ്കുട്ടിയുടെ ഉള്ളില്‍ ഒരു നീറ്റലായി ഗോപിയുടെ ചിരിക്കുന്ന മുഖം നിറഞ്ഞുനിന്നു. കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നതെങ്കിലും ആരുടെ മുമ്പിലും തലകുനിക്കാതെ, ആര്‍ക്ക് മുമ്പിലും കരം നീട്ടാതെ ശരീരത്തിന്റെയും മനസിന്റെയും വേദനകള്‍ കടിച്ചമര്‍ത്തി ജീവിതം തള്ളിനീക്കിയ ഒരു പാവം കലാകാരന്‍ . . . വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരപകടത്തില്‍ പെട്ട് ഭാര്യ മരിച്ചതിനു ശേഷം ഭിന്നശേഷിക്കാരനായ ഏകമകനുവേണ്ടി മാത്രം ഉഴിഞ്ഞുവച്ചിരുന്ന ആ ജീവിതവും ഇപ്പോള്‍ കൊഴിഞ്ഞു വീണിരിക്കുന്നു. മനുഷ്യന്റെ സ്വപ്നങ്ങളും ജീവിതങ്ങളും എത്ര നശ്വരമാണെന്നയാള്‍ വേദനയോടെ ഓര്‍ക്കുകയായിരുന്നു.

""ഗോപിയുടെ ചെക്കന്റെ കാര്യത്തില്‍ വല്ല തീരുമാനവുമായിരുന്നോ ജോയീ? അവന്റെ സഹോദരി മാലതി ബോംബെയിലോ മറ്റോ ഉണ്ടല്ലോ. അവള്‍ അവനെ അങ്ങോട്ട് കൊണ്ടുപോവുമായിരിക്കും അല്ലേ?''

""അത് കണ്ടറിയണം. അവള്‍ക്ക് നാടുമായി വലിയ ബന്ധമൊന്നും ഇപ്പോഴില്ല. ടൈപ്പ് പഠിച്ച് ബോംബെയില്‍ "കൊട്ടാന്‍' പോയിക്കഴിഞ്ഞ് ആകെ രണ്ടോ മൂന്നോ തവണ മാത്രമാണ് അവള്‍ നാട്ടില്‍ വന്നത്. കൂടെ ജോലി ചെയ്യുന്ന തിരുവല്ലായിലോ കുട്ടനാട്ടിലോ എങ്ങാണ്ടുള്ള ഒരു പെന്തിക്കോസ്തുകാരനെ കല്യാണം കഴിച്ച് മതം മാറി അവിടെത്തന്നെ അവള്‍ സ്ഥിരം കൂടിയിരിക്കുകയാണെന്ന് കേട്ടു. ഗോപിയുടെ അകന്ന ബന്ധത്തിലുള്ള ഒരു കുഞ്ഞമ്മ കുറിച്ചിത്താനത്തോ മറ്റോ ഉണ്ട്. അവര് ഇടയ്ക്കിടെ അവനെ കാണാനും നോക്കാനും വരുമായിരുന്നു. ഇനിയിപ്പോള്‍ ചെക്കനെ അവര് കൊണ്ടുപോകുമായിരിക്കും. അല്ലാതെ ആര് നോക്കാനാണ്?''

അന്ന് രാത്രി ഉറങ്ങാന്‍ കിടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജോര്‍ജ്ജ്കുട്ടി ഗാഢചിന്തയില്‍ തന്നെയായിരുന്നു. നിദ്രാവിഹീനങ്ങളാകുന്ന രാവുകളില്‍ സ്ഥിരം ചെയ്യാറുള്ളതുപോലെ മനസിലെ വേദന മറക്കാന്‍ വീടെന്ന സ്വപ്നത്തിലേക്കയാള്‍ വീണ്ടും മടങ്ങി. മക്കള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. ഇനി ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ അവരുടെ വിവാഹം നടക്കും; അവരും മാതാപിതാക്കളാകും. "ഹിമ'യുടെ അകത്തളങ്ങളിലൂടെ തന്റെ കൊച്ചുമക്കള്‍ ഓടിക്കളിക്കും; പണ്ട് മക്കള്‍ ചെയ്തിരുന്നതുപോലെ "ആന കളിക്കാന്‍' കൊച്ചുമക്കളും തന്റെ പുറത്തുകയറും. ചാടിമറിഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ടവരും പറയും: ""എഗൈന്‍!'' ഇടയ്ക്കിടെ ഊഞ്ഞാലാടിക്കളിക്കാന്‍ അവര്‍ മുറ്റത്തെ കോട്ടമാവിന്റെ തണലിലേക്കോടും.

സുഖകരമായ ആ സ്വപ്നത്തിന്റെ ആലസ്യത്തില്‍ അയാള്‍ ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്‌ക്കെപ്പോഴോ കിടക്കയില്‍ നിന്നുമെഴുന്നേറ്റ ജോര്‍ജ്ജ്കുട്ടി ജാലകവാതില്‍ തുറന്ന് തന്റെ സ്വപ്നഭവനത്തിന്റെ പ്ലോട്ടിലേക്ക് നോക്കി. നിലാവെളിച്ചത്തില്‍ "ഹിമ'യുടെ മുറ്റത്തെ മാവിന്‍ചെടി തന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ അയാള്‍ക്ക് തോന്നി. മെല്ലെ വീശുന്ന ഇളം കാറ്റില്‍ മാന്തളിരുകള്‍ തല കുലുക്കുന്നുമുണ്ട്. നോക്കിനില്‍ക്കെ ആ ചെറുചെടിയൊരു മരമായി വളരുകയാണ്. നിമിഷങ്ങള്‍ കഴിയവേ അതൊരു പെരുമരമായി, വമ്പന്‍ ശിഖരങ്ങളും നിറയെ മാമ്പഴങ്ങളുമായി ഹിമവാനോളം വളര്‍ന്നതുപോലെ . . . കൊച്ചുമക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി അസംഖ്യം പേരാണ് ആ കോട്ടമാവിന്‍ ചുവട്ടില്‍ ആര്‍ത്തുല്ലസിക്കുന്നത്. ഒരു ഭ്രമകല്‍പ്പനയിലെന്നതുപോലെ ജോര്‍ജ്ജ്കുട്ടി ഏറെ നേരം ആ കാഴ്ച കണ്ടുനിന്നു.

രാവിലെ താമസിച്ചാണ് അയാള്‍ ഉറക്കമുണര്‍ന്നത്. ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ ജോര്‍ജ്ജ്കുട്ടി കോട്ടമാവിന്‍ ചുവട്ടിലേക്കോടി. പുതിയ മാന്തളിരുകള്‍ മൊട്ടിട്ടിരിക്കുന്നതു കാണാന്‍ അത്യുത്സാഹത്തോടെ ചെന്ന അയാളെ ഞെട്ടിച്ചുകൊണ്ട് ആ ചെറുചെടി അപ്പാടെ ഒടിഞ്ഞുനുറുങ്ങിക്കിടക്കുകയായിരുന്നു അപ്പോള്‍. അടുത്ത പറമ്പിലേക്ക് ആരോ ആടിനെയോ പശുവിനെയോ മേയ്ക്കാന്‍ കൊണ്ടുപോകുന്ന വഴി ആ പാവം ചെടി അവരുടെ ചവിട്ടോ കടിയോ കൊണ്ട് ജീവന്‍ വെടിഞ്ഞിരിക്കുന്നു! എന്തു ചെയ്യണമെന്നറിയാതെ ജോര്‍ജ്ജ്കുട്ടി ഏറെ നേരം അവിടെത്തന്നെ നിന്നു.

അവധി കഴിഞ്ഞ് മടങ്ങുന്നതിന്റെ തലേന്ന് ജോര്‍ജ്ജ്കുട്ടി സ്‌നേഹിതനെ വിളിച്ച് പറഞ്ഞു:

""സോനമോളോട് ഇനി എന്റെ വീടിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്ന് പറഞ്ഞേക്കൂ മാമ്മച്ചാ . . . നമ്മുടെ എല്ലാ സ്വപ്നങ്ങളും നിറവേറപ്പെടാനുള്ളവയല്ലല്ലോ. നാട്ടിലൊരു കൊച്ചുവീട് എന്ന സ്വപ്നം ഞാന്‍ ഉപേക്ഷിക്കുകയാണ്. കൂടുതല്‍ ആലോചിച്ചപ്പോള്‍, ഉണങ്ങിപ്പോയ നമ്മുടെ വേരുകളില്‍ വെള്ളമൊഴിക്കുന്നതും വളമിടുന്നതും ഒരു വൃഥാവ്യായാമമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെ മാമ്മച്ചാ, ഞാന്‍ വാങ്ങിവച്ചിരിക്കുന്ന ആ രവിവര്‍മ്മച്ചിത്രം ഇവിടെ ഭദ്രമായിരിപ്പുണ്ട് കേട്ടോ. മോള്‍ക്കുള്ള എന്റെ വിവാഹസമ്മാനമായി മുന്‍കൂട്ടിത്തന്നെ അത് നിന്നെ ഏല്പ്പിക്കുന്നു. കല്യാണം കഴിഞ്ഞ് ചെറുക്കന്റെ കൈപിടിച്ച് അവള്‍ നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോള്‍ ജോര്‍ദ്ദാന്‍ നദിയില്‍ നിന്നുള്ള വെള്ളം തളിച്ച് വേണം അവളെ സ്വീകരിക്കുവാനെന്നും നീ മഞ്ചുവിനോടും പറഞ്ഞേക്കണേ . . .''

മാമ്മച്ചനൊപ്പം ജോര്‍ജ്ജ്കുട്ടിയും പൊട്ടിച്ചിരിച്ചെങ്കിലും സ്വന്തം ഹൃദയത്തില്‍ ആഞ്ഞടിച്ച സങ്കടക്കടലിന്റെ തിരയിളക്കം അയാള്‍ വേദനയോടെ തിരിച്ചറിഞ്ഞു. ഉണങ്ങി വരണ്ട്, തരിശായിക്കിടക്കുന്ന "ഹിമാ'ലയത്തിലേക്ക് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ജോര്‍ജ്ജ്കുട്ടി ബാഗേജുകള്‍ ഒരുക്കുന്നതിനായി മുറിയിലേക്ക് മടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക