MediaAppUSA

പാമ്പും കോണിയും - നിർമ്മല (നോവൽ - 52 )

Published on 26 June, 2021
പാമ്പും കോണിയും - നിർമ്മല (നോവൽ - 52 )
ലളിതയുടെ വീട്ടിലാണ് അത്താഴവിരുന്ന് . ആളുകൾ മുറികൾ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നുണ്ട്. സ്വീകരണമുറിയിൽ പുരുഷന്മാരുടെ ചിരിയും ഉച്ചത്തിലുള്ള സംസാരവും. ഊണുമുറിയിലും ഫാമിലിറൂമിലും പെണ്ണുങ്ങളാണ് അധികവും. കാഞ്ചീപുരം, ബിന്നി സിൽക്ക് . പല നിറത്തിലും ഭാവത്തിലും സാരിത്തലപ്പുകൾ പാറിക്കളിച്ചു. വിലകുറഞ്ഞ പെർഫ്യൂമുകളുടെ ഇടകലർന്ന മണം അവിടെ തങ്ങിനിന്നു.
ലളിതയുടെ വീട്ടിലെ ഊണുമേശയ്ക്കരികിൽ സാലിയും ഉഷയും അഭിമുഖമായിട്ടിരുന്നു. പെണ്ണുങ്ങൾ വട്ടംകൂടിയിരുന്ന് വർത്തമാനം പറയുമ്പോൾ കൂടുതലും മക്കളുടെ കേമത്തങ്ങൾ പുറത്തേയ്ക്കൊഴുകി. ജാൻസിയും കൂട്ടരും കുറ്റാന്വേഷണകഥകളിൽ മുഴുകി ഇരിക്കുകയാണ്.
- ആ കുഞ്ഞമ്മേടെ മോന് ഗേൾഫ്രണ്ടുണ്ടെന്ന്.
ആണോ ? കറുത്തതോ വെളുമ്പിയോ ?
സാലി ഉഷയോടു ചോദിച്ചു
ഉഷ വരാൻ താമസിച്ചോ? ഞാൻ അഞ്ചരയ്ക്കു വിളിച്ചിരുന്നു.
ഫ്രൈഡേ എയ്റോബിക്സുള്ള ദിവസമാണ്. ഞാൻ ആറര കഴിഞ്ഞേ വരൂ.
സാലി ശരിക്കും അമ്പരന്നു. ഉഷ എയ്റോബിക്സിനു പോകുന്നെന്നോ?
- എവിടെയാ പോകുന്നത്.
ഉഷയ്ക്ക് സാലിയുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാറില്ല. എത്ര നാളായി പോകുന്നു. ആരെങ്കിലും കൂട്ടിനുണ്ടോ . ജോലിസ്ഥലത്തുനിന്നും കൂടെ പോകുന്നത് ഇന്ത്യക്കാരാരെങ്കിലും ആണോ? എത്ര രൂപയാവും എന്തു വേഷമാണിടുന്നത്.
ഒരു നൂറു ചോദ്യങ്ങൾ . ഉത്തരം പറയുമ്പോൾ ഉത്തരത്തെക്കുറിച്ചും ചോദ്യങ്ങൾ . അന്തമില്ലാത്ത ചോദ്യങ്ങൾ . ഉത്തരം അർഹിക്കാത്ത ചോദ്യങ്ങൾ. ചോദ്യങ്ങളുടെ ചുഴിയിൽ ഉഷയ്ക്കു കോപം തിളച്ചുമറിയും. ഉഷയുടെ പരാതി കേട്ട് ജിമ്മി പറഞ്ഞു:
- സാലിച്ചേച്ചിക്ക് വീടും ജോലിയും അല്ലാതെ ഒന്നും അറിയില്ല. അച്ചാച്ചൻ ഒന്നിനും വിടുകയും ഇല്ല. അതുകൊണ്ടാണ്...
- എന്തിനാണു വിടുന്നത് ഷി ഈസ് വർക്കിങ് ആൻഡ് മെയ്ക്കിങ് മണി.
ജിമ്മി അതിനുത്തരം പറഞ്ഞില്ല. ഉഷയ്ക്കു മനസ്സിലാവാത്ത കാര്യങ്ങളാണ് അതൊക്കെ. പഠിച്ച് ജോലി കിട്ടി. ജോലി ചെയ്യാനറിയാം. ശമ്പളം വാങ്ങാനറിയാം. അതു ചെലവാക്കാൻ മറ്റൊരാളുടെ സഹായം എന്തിനാണ് ? അസ്വാതന്ത്ര്യത്തെക്കാളേറെ അനാവശ്യമായിട്ടാണ് ഉഷയ്ക്ക് അതൊക്കെ അനുഭവപ്പെട്ടത്.
ചെറുപ്പം മുതൽ ബോർഡിങ്ങിൽ താമസിച്ചു പഠിച്ച ഉഷയ്ക്ക് തീരുമാനങ്ങളെടുക്കാൻ മറ്റാരുടെയും ആവശ്യമില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പലപ്പോഴും ഒരു കടന്നുകയറ്റമായി അവൾക്കു തോന്നി.
- എന്തിനാണ് സാലിച്ചേച്ചി ഈ സാരി വേണോ, ആ സാരി വേണോ എന്നൊക്കെ ചോദിക്കുന്നത് ഇഷ്ടമുള്ളത് ചൂസ് ചെയ്യുക.
ഉഷ ' ചോദിച്ചിട്ടു' ചെയ്യാത്തതിൽ ആദ്യമൊക്കെ ജിമ്മിക്കും വിഷമം തോന്നിയിരുന്നു. ഇപ്പോൾ അയാൾക്കും അത്തരം ചോദ്യങ്ങളും അഭിപ്രായം അന്വേഷിക്കലും അത്യാവശ്യമില്ലാത്തവയാണെന്നു തോന്നാൻ തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും ഉഷയ്ക്കിഷ്ടമുള്ള കാര്യങ്ങൾ ഉഷ ചെയ്യും.
പെണ്ണുങ്ങളുടെ സംസാരം സാരിയിലേക്കും ആഭരണത്തിലേക്കും മാറിയിരുന്നു. അവർ സാരിയുടെ പേരുകൾ പറഞ്ഞു. ആഭരണത്തിന്റെ ഡിസൈൻ പറഞ്ഞു. കേൾവിക്കാരിയായി സാലിയിരുന്നു.
- ഓ ഗോഡ്. ഇപ്പോഴും അറുപതിലെയും എഴുപതിലെയും സ്‌റ്റൈലിലുള്ള താമരയും അരയന്നവും ലോക്കറ്റുകളല്ലേ എല്ലാവരും ഇടുന്നത്.
ഉഷയുടെ കമന്റിൽ സാലി ചൂളി. രണ്ട് അരയന്നങ്ങൾ ചുണ്ടുചേർത്തു നിൽക്കുന്നൊരു നെക്ലേസ് അവളുടെ സ്വപ്നമായിരുന്നു. ഉഷയുടേത് വളരെ ചെറിയ ആഭരണങ്ങളാണെന്ന കാര്യം സാലി ശ്രദ്ധിച്ചു.
- കണ്ണിലിട്ടാ കിരുകിരുക്കാത്തത് !
നാട്ടിൽനിന്നും വന്ന സമയത്ത് സാലിയുടെ വീട്ടുമുറ്റത്തു നിന്നിരുന്ന ബെന്തിയെ നോക്കി ഉഷ ചോദിച്ചു:
മെറിഗോൾഡിന്റെ മിക്സഡ് കളേഴ്സാണല്ലേ ?
കടയിൽനിന്നും വാങ്ങുമ്പോൾ ചെടിച്ചട്ടിയിൽ കുത്തിനിർത്തിയിരുന്ന ചെറിയ കുറിപ്പിൽ സാലി ചെടിയുടെ പേരു നോക്കി. അതിൽ മെറിഗോൾഡെന്നു തന്നെ ആയിരുന്നു എഴുതിയിരുന്നത്. ഉഷ ജമന്തിയെ മംസ് എന്നു വിളിച്ചു. ബെന്തി, ജമന്തി എന്നൊക്കെയുള്ള പേരുകൾ ഉഷയ്ക്ക് അറിയില്ലായിരിക്കുമോ എന്ന് സാലി അൽഭുതപ്പെട്ടു.
ഉഷയ്ക്ക് ഇംഗ്ലീഷ് സിനിമകളുടെ പേരുകൾ അറിയാം. ഓരോ സാരിക്കും ചേരുന്ന നെക്ലേസും ബ്രേസ് ലെറ്റും കമ്മലുമുണ്ട്. പഫുവെച്ച കൈയുള്ള സാരി ബ്ലൗസ്സുകൾ. അതൊക്കെ നോക്കിയിരിക്കാൻ കുറെ പെണ്ണുങ്ങളുമുണ്ട്.
- ഇതെവിടുന്നു വാങ്ങീതാ.
- വെരി നൈസ്. ഉഷേടെ സെലക്ഷൻ വളരെ നല്ലതാ.
- അതേ, റെയറായിട്ടുള്ളത് എവിടുന്നു കണ്ടുപിടിക്കും?
- ഉഷയ്ക്ക് അഭിമാനത്തോടെ ഉത്തരം പറയാൻ ചോദ്യങ്ങളുടെ മഴ പെയ്തുകൊണ്ടിരുന്നു. കൈ നിറയെ വളയ്ക്കു പകരം ബ്രേസ് ലെറ്റ് എന്ന സാധനത്തെ സാലിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.
അപ്പോഴാണ് ഷൈലയും കുടുംബവും എത്തിയത്. ഷൈല വീട് കുലുക്കി, ലിവിങ് റൂമിലിരിക്കുന്ന എല്ലാവരോടും കുശലം പറഞ്ഞാണു വീടിന്റെ പിന്നാമ്പുറത്തേക്കു വന്നത്. ഷൈല അടുത്തു വന്നിരുന്നതും സാലിക്കു സങ്കോചം തോന്നി.
ഉഷയ്ക്ക് ഇഷ്ടപ്പെടില്ല ഇവരുടെ വർത്തമാനം.
സാലി ചൂളിച്ചുളുങ്ങി. അവൾ അവിടെനിന്നും പതിയെ എഴുന്നേറ്റ് മുകളിലത്തെ നിലയിലേക്കു പോയി. സാലി സന്ദീപിന്റെ മുറിയിലേക്ക് എത്തിനോക്കി. അതിസമർത്ഥനെന്നു പേരുകേൾപ്പിച്ചവനാണ് സന്ദീപ്. കട്ടിപ്പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നു. ഭിത്തിയിൽ പല അവാർഡുകൾ.
പഠിത്തക്കുട്ടിയുടെ മുറി ഇങ്ങനെയാണല്ലേ.
അർഹിക്കാത്തിടത്തു നിൽക്കുന്നതുപോലെ സാലിക്കുതോന്നി. വല്ലാത്തൊരു വേവും ചുട്ടുപൊള്ളലും.
കുട്ടികൾക്കുള്ളത് ബേസ്മെന്റ് എന്ന താഴത്തെ നിലയാണ്. ബേസ്മെന്റിന്റെ പകുതി ഭാഗം ഭൂമിക്ക് അടിയിലായിരിക്കും. ബേസ്മെന്റിലെ നിലത്ത് ചിപ്സ്, മിക്സ്ചറിന്റെ തരികൾ,കളിപ്പാട്ടങ്ങൾ എന്നിവയും ചിതറിക്കിടന്ന് പാർട്ടി ആഘോഷിക്കുന്നുണ്ട്. കുട്ടികളെല്ലാം ആഹ്ളാദത്തിമിർപ്പിലായിരുന്നു. കുറച്ചുപേർ ടി.വി.ക്കു മുന്നിലുണ്ട്. പ്രായത്തിൽ മൂത്ത പെൺകുട്ടികൾ അകലെ കിടന്നിരുന്ന സോഫയിലിരുന്ന് പെൺവർത്തമാനം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു. ലളിതയുടെ മുഖം വലിഞ്ഞുമുറുകിയാണ് ഇരിക്കുന്നത്. എന്നിട്ടും മനസ്സിന്റെ പിരിമുറുക്കം ആരും അറിയാതിരിക്കാൻ തേച്ചുപിടിപ്പിച്ചൊരു ചിരിയുമായി അവൾ അതിഥികൾക്കിടയിലും അടുക്കളയിലുമായി ഓടിനടന്നു. പല ദിവസങ്ങളായിട്ടുള്ള അധ്വാനമാണ്. ലളിതയ്ക്കു ക്ഷീണവും മടുപ്പുമുണ്ട്. ഭക്ഷണം തികയുമോ, സ്വാദുണ്ടോ എന്നൊക്കെയുള്ള സംശയവും അവളുടെ മനസ്സിലുണ്ട്.
കേടുതട്ടാതെ സൂക്ഷിച്ചുവെക്കുകയും അടുത്ത തലമുറയ്ക്കു പകരുകയും ചെയ്യേണ്ട ഒരു സംസ്കാരം ! ഇതിലും നല്ലത് സ്വന്തം ശവസംസ്കാരം തന്നെയാണെന്ന് ക്ഷീണം കൊണ്ടു മടുത്തു പോയ ലളിതയ്ക്കു തോന്നി.
ഊണുമുറിയിലെ മേശയ്ക്കു ചുറ്റും ഓമന ,റോസിലി, മീന, മേരിക്കുട്ടി , തങ്കം ,ലിസി , മിനി. ഉച്ചത്തിൽ സംസാരിച്ചും വിലകുറഞ്ഞ തമാശകൾ പറഞ്ഞും ഷൈല ചുറ്റുമുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നുണ്ട്. ഷൈലയുടെ ശബ്ദം പോലും ഉഷയ്ക്ക് അരോചകമായിത്തോന്നി.
ഉഷ തിരക്കൊക്കെ കഴിഞ്ഞ് അവസാനമാണ് ചോറെടുത്തത്. അപ്പോഴേക്കും മറ്റുള്ളവരൊക്കെ കഴിച്ചു കഴിഞ്ഞിരുന്നു. പാത്രം നിറയെ കറികൾ, ചോറുവെക്കാൻ സ്ഥലമില്ലാത്തത്ര . ഊണു തുടങ്ങിയപ്പോൾ തന്നെ ക്ലാര ഉഷയുടെ അടുത്തു വന്നിരുന്നു. ചിരിച്ചു കുശലം പറഞ്ഞിട്ട് ഉഷ ഊണിലേക്കു മടങ്ങി. ക്ലാര കസേര ഒന്നുകൂടി അടുപ്പിച്ചിട്ട് വിശേഷം പറയാൻ തുടങ്ങി.
ക്ലാരയുടെ ഇളയമകൻ സോബി എൻജിനിയറിംഗിന് അവസാന വർഷമാണ്. പരീക്ഷ കഴിഞ്ഞാലുടൻ അവനും കൂട്ടുകാരുംകൂടി യൂറോപ്പ് കാണാൻ പരിപാടിയിടുന്നു. അവർ പോകുന്ന ഓരോ സ്ഥലവും ക്ലാര വിശദമായി വിസ്തരിച്ചു. മര്യാദയ്ക്കുവേണ്ടി ഇടയ്ക്കിടെ തലയാട്ടിയും ഉവ്വോ എന്നു ചോദിച്ചും ഉഷ താൽപ്പര്യം കാണിക്കാൻ ശ്രമിച്ചു.
പിന്നെ ക്ലാര സോബിയുടെ പഠിത്തത്തിലേക്കു കടന്നു. അവർ സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കുന്നുണ്ട്. ഉഷ അകന്നു മാറിയിരിക്കാൻ ശ്രമിക്കുന്തോറും കൂടുതൽകൂടുതൽ അടുത്തേക്കു വന്നിരുന്നാണ് ക്ലാര സംസാരിക്കുന്നത്. ഉഷയ്ക്ക് എങ്ങനെയെങ്കിലും അവിടെനിന്നും രക്ഷപെട്ടാൽ മതിയെന്നായി.
വെള്ളം എടുക്കാനെന്നു പറഞ്ഞ് അവൾ ക്ലാരയുടെ അടുത്തുനിന്നു മാറി .
വെള്ളം എടുക്കാൻ ഉഷ അടുക്കളയിൽ എത്തിയപ്പോൾ ഈപ്പനും കുമാരനും സംസാരിച്ചു നിൽക്കുന്നു. കഴുത്തു മറയ്ക്കുന്ന ടെട്രിൽ നെക് സ്വെറ്ററാണ് ഈപ്പൻ എപ്പോഴും ഇടുന്നത്. അൻപതു കഴിഞ്ഞ ആളാണെങ്കിലും ഈപ്പന്റെ ചിരി ഉഷയ്ക്കു തീരെ ദഹിക്കാറില്ല. കരളുന്ന കണ്ണുകളാണ് അയാൾക്കെന്ന് അവൾക്കു തോന്നും. അവൾ ചിരിച്ചെന്നു വരുത്തി തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ ഭയപ്പെട്ടതുപോലെ പിന്നിൽ നിന്നും ചോദ്യം വന്നു :
- അയ്യോ ഉഷേ, ഇതെന്താ കണ്ടിട്ടു മിണ്ടാതങ്ങു പോന്നെ?
മറുപടിയായി അവളൊരു വെറും ചിരി ചിരിച്ചു.
- ചോറൊക്കെ എടുത്തു കഴിക്ക് , നന്നാകട്ട്.
- താനങ്ങു നന്നാക് !
ഉത്തരം ഉഷയുടെ നാവിൻതുമ്പത്തു പുളച്ചു. കുമാരൻ സൗഹാർദത്തോടെ ചോദിച്ചു:
- ജിമ്മി വന്നിട്ടില്ലേ ?
- ഉവ്വ്, താഴെക്കാണും .
പെട്ടെന്ന് അവിടെയാകെ ഇരുളുപരക്കുന്നത് ഉഷ വ്യക്തമായിക്കണ്ടു. അവൾ പാതി കഴിച്ച ചോറിന്റെ പേപ്പർ പ്ലേറ്റ് ഗാർബേജിലേക്കിട്ടു.
ചാഞ്ഞ മരത്തിൽ ഓടിക്കയറാം. ജിമ്മി ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഏതു സൽക്കാരത്തിലും ജിമ്മി സ്വമേധയാ ബാർ അറ്റൻഡറാവും. മറ്റുള്ളവർക്ക് ഒഴിച്ചു കൊടുക്കുന്നതിലും അധികം മദ്യം ജിമ്മി കുടിക്കും. പിന്നെ തോരാതെ വർത്തമാനം പറയും. മറ്റുള്ളവരുടെ മുഖത്തെ മടുപ്പ് ഉഷയ്ക്കു വായിച്ചെടുക്കാൻ പറ്റും. പലപ്പോഴും ഉഷ പറയാൻ ശ്രമിച്ചുനോക്കി. പാർട്ടികൾക്കു പോയാൽ ഉഷയെപ്പോലെ സംസാരിക്കാതിരിക്കുന്നത് അഹംഭാവംകൊണ്ടാണെന്ന് ജിമ്മി തിരിച്ചടിച്ചു. അങ്ങനെയുള്ളവരെക്കൊണ്ടാണു മറ്റുള്ളവർക്കു മടുത്തുപോകുന്നത് എന്നൊക്കെയുള്ള പരാതികൾ ജിമ്മി തിരികെ വെച്ചു.
പാർട്ടി കഴിഞ്ഞിറങ്ങുമ്പോൾ ആരെങ്കിലും കരുതലോടെ ഉറപ്പാക്കും.
- ഉഷയല്ലേ ഡ്രൈവു ചെയ്യുന്നത് ?
തലകുനിച്ച് കുട്ടികളുടെ കൈകളിൽ ഇറുകെപ്പിടിച്ച് ഉഷ പുറത്തേക്കിറങ്ങും.
           തുടരും ....
പാമ്പും കോണിയും - നിർമ്മല (നോവൽ - 52 )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക