Image

പീഡനവും ആത്മഹത്യയും: വാർത്തേടെ ക്ഷാമം തീർന്ന പോയവാരം : ആൻസി സാജൻ

Published on 29 June, 2021
പീഡനവും ആത്മഹത്യയും:  വാർത്തേടെ ക്ഷാമം തീർന്ന പോയവാരം : ആൻസി സാജൻ
കഴിഞ്ഞ കുറെ ദിവസങ്ങളായി സ്ത്രീപീഡന സംഭവങ്ങളും വിവാഹ ജീവിതം കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന യുവതികളുടെ  കഥകളുമാണ് കേരളത്തിന്റെ വാർത്താ ലോകം നിറയ്ക്കുന്നത്. കഥകൾ ഉപകഥകൾ വീഡിയോകൾ ഇങ്ങനെ പെരുക്കം നിറയുന്ന കാലം. അതിനിടയിലൂടെ വനിതാ കമ്മീഷൻ അധ്യക്ഷ വടി കൊടുത്ത് അടി വാങ്ങി വീട്ടിലിരിക്കാനിടയായതും കണ്ടു. ( ഇനിയിപ്പം കേരളം ആ ആളെക്കൊണ്ട് ബുദ്ധിമുട്ടേണ്ടി വരില്ല.. )
ഓരോരോ സംഭവങ്ങൾ നടക്കുമ്പോഴും പ്രതികരിച്ച് പടക്കം പൊട്ടിച്ച് പിരിയുന്നവരായിരുന്നു നമ്മൾ. ഇതിപ്പോൾ ഒന്നിനു പുറകെ ഒന്നായി എത്ര പെൺകുട്ടികളുടെ അപമൃത്യുവാണുണ്ടായിരിക്കുന്നത്. പ്രതികരണപ്പടക്കങ്ങളുടെ പൊട്ടലും ചീറ്റലും തുടരുകയാണ്.
സങ്കടകരവും ക്ഷോഭങ്ങളുണർത്തുന്നതുമായ കാര്യങ്ങൾക്കിടയിലൂടെ ആനി ശിവ എന്ന യുവതിയുടെ ജീവിതവും കടന്നുവരുന്നു.
രണ്ടുമൂന്ന് ദിവസം മുമ്പാണ് ആനിയുടെ ജീവിതം കൊട്ടിഘോഷങ്ങളുമായി നമുക്കിടയിലേക്ക് വരുന്നത്. കഴിഞ്ഞ കാലങ്ങളത്രയും ആനി കടന്നുപോയ വഴികളും അനുഭവ തീക്ഷ്ണതയും അവരുടേത് മാത്രമായിരുന്നു. ഇന്നിപ്പോൾ സിനിമാക്കഥ പോലെ അത് നമ്മൾ ആസ്വദിക്കുന്നു. പോരാട്ട നായികയുടെ പരിവേഷമാണ് ആ യുവതിക്കിപ്പോൾ. അതും സംസ്ഥാനപ്പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അവർക്ക് ഉയർച്ച കിട്ടിയപ്പോൾ.
സ്ത്രീയെന്ന യാഥാർത്ഥ്യം ബോധപൂർവം മറച്ചുവെച്ച് ബാഹ്യമായ പുരുഷ വേഷംകെട്ടലിന്റെ മൂടുപടത്തിലൂടെയാണ് ആനിക്ക് ഈ സമൂഹത്തിൽ പിടിച്ചു നിൽക്കാനായത്. നിസ്വയും നിരാശ്രയയുമായി കുഞ്ഞിനൊപ്പം നിന്നിരുന്ന ആനിയെ ആർക്കും വേണ്ടായിരുന്നു. സ്വന്തം അച്ഛനമ്മമാർക്കു പോലും . 
കിടക്കാനിടവും കുഞ്ഞിനും തനിക്കും ആഹാരവും തേടി നടക്കുന്ന യാചകിയായി മാറി ആക്രമിക്കപ്പെട്ട് ജീവിക്കുകയോ മരിക്കുകയോ ചെയ്യേണ്ടിയിരുന്ന ഒരു ജന്മത്തെയാണ് അവർ പുനർജ്ജീവിപ്പിച്ചത്. നമ്മുടെ സാമൂഹികക്രമത്തിന്റെ കാപട്യങ്ങൾ കടന്നുവരാൻ ഒരു ആനിക്ക് കഴിഞ്ഞെങ്കിലും കെണിയിലകപ്പെടുകയും വഴിയിൽ വീണുപോവുകയും ചവിട്ടിത്തള്ളപ്പെടുകയും ചെയ്ത എത്രയധികം ജന്മങ്ങളുണ്ട്.
എങ്കിലും ഒരുപാട് പേർക്ക് പോരാടി മുന്നേറാൻ വലിയ പ്രചോദനമാകുന്നു ആനി .  അപ്പയായും ചേട്ടനായും സ്വന്തം മകന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ട ആനിക്ക് ആ കുഞ്ഞിന്റെ അമ്മയായി സ്വസ്ഥമായി തുടരാൻ കഴിയട്ടെ.
പരമ ദരിദ്രയായ് കൈനീട്ടിച്ചെന്ന അമ്മയെയും കുഞ്ഞിനെയും സ്വീകരിക്കാതെ ഇറക്കിവിട്ട അച്ഛന്റെ ചിത്രമാണ് ആനിയുടെ കഥയിൽ കണ്ടത്. എന്നാൽ വാരിക്കോരി കൊടുത്ത സ്വത്തോ സ്വർണ്ണമോ കാറോ ഒന്നും തങ്ങളുടെ മകൾക്ക് ഉപകാരമാകുന്നില്ലെന്ന് കണ്ടിട്ടും കൈനീട്ടി അവളെ ചേർത്തുനിർത്താനും അവളുടെ പ്രാണൻ വെടിയാതെ കാക്കാനും കഴിയാതെ പോയ കുടുംബമാണ് മറ്റ് സംഭവങ്ങളിലെ കാഴ്ച. പരമ ദയനീയം ...!
സങ്കടം പറഞ്ഞ് കരഞ്ഞ് പെൺമക്കളെത്തുമ്പോൾ വന്നതല്ലേ, ചോറുണ്ടിട്ട് വേഗം തിരിച്ചു പൊയ്ക്കോ എന്ന് പറഞ്ഞ് അവളെ തിരികെ അയയ്ക്കാൻ വേവലാതി കൂട്ടിയിട്ടുള്ളവർ ഓർക്കുക.
പറയാൻ വന്ന സങ്കടത്തെ സ്വയം അതിജീവിച്ചാലും നിങ്ങൾ വരച്ച മുറിവ് ഒരു കാലവും അവൾ മറന്നു പോകില്ല. 
പിന്നെയുള്ളത് നാട്ടിലെ പരിഷ്കർത്താക്കളായ സ്ത്രീകളാണ്. എന്തെങ്കിലുമുണ്ടായാൽ 'പോ പുല്ലേ ' എന്ന മട്ടിൽ ഇട്ടിട്ട് പോരണം എന്നാണ് അവരുടെ ആഹ്വാനം. അവൾ എങ്ങോട്ടാണ് പോരേണ്ടത്..!
മുഖം വീർപ്പിക്കുന്ന സ്വന്തം വീട്ടിലേക്കോ..?
അതോ നിങ്ങളുടെയൊക്കെ അടുത്തേക്കോ..?
സർക്കാർ സംവിധാനത്തിന്റെ പരാതി കേൾക്കൽ നമ്മൾ കണ്ടതാണ്.
25 ഉം 30 ഉം 40 ഉം അതിലധികവും വർഷങ്ങൾ പിന്നിട്ട ദാമ്പത്യ ഫോട്ടോകൾ കണ്ടിട്ടില്ലേ..
അവിടെവരെ അവർ എത്തിയിട്ടുള്ളത് ഫോട്ടോയിൽ കാട്ടുന്ന അതിസംതൃപ്ത ഭാവത്തോടെ ആയിരിക്കണമെന്നില്ല. കടന്നുപോയ കാലങ്ങളെ പിന്നോട്ട് നോക്കുക.
സമീപകാല സംഭവങ്ങളെ സ്ത്രീധനപീഡനമെന്ന് പറഞ്ഞൊതുക്കാതെ യഥാർത്ഥ കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.  മിഥ്യാ ധാരണകളും വികല സങ്കല്പങ്ങളുമായി ജീവിതത്തിലേക്ക് കടന്നുവരുന്നതായിരിക്കണം പ്രധാന പ്രശ്നം. സൗന്ദര്യവും സമ്പത്തും ചുറുചുറുക്കുമൊക്കെ വേണ്ടവിധത്തിലല്ലാതെ തലയ്ക്കു പിടിക്കാതിരിക്കാൻ നമ്മുടെ ചെറുപ്പക്കാർ പഠിക്കട്ടെ.
പെൺ വീട്ടുകാർ കൊടുക്കുന്ന പൈസകൊണ്ട് മണിയറയ്ക്കും കക്കൂസിനും വാതില് പിടിപ്പിക്കാനും വീടിന് ചുറ്റുമതിൽ കെട്ടാനും കല്യാണവണ്ടിയ്ക്ക് കാശ് കൊടുക്കാനും കാത്തിരുന്ന ഒരു കാലമുണ്ട്. കട്ടിലിൽ ഇടാനുള്ള മെത്തയും ടേബിൾ ഫാനുമൊക്കെ കല്യാണ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പണ്ടത്തെ സിനിമകളിൽ കണ്ടിട്ടില്ലേ..?
ഇങ്ങനെയൊക്കെയിണക്കി അമ്മയും പെങ്ങളുമൊക്കെ ചെന്ന് അളവ്ബ്ലൗസ്സും ചെരുപ്പളവും ഒക്കെ വാങ്ങിച്ച് അരുമയോടെ കല്ല്യാണം നടത്തി കൊണ്ടുവരുന്ന പെൺപിള്ളേർ ആദ്യരാവ് ഇരുണ്ട് വെളുക്കുമ്പോഴേക്കും ശത്രുവാകുന്ന രീതിയാണ്  കണ്ടുവരുന്നത്.
എങ്കിലും ഇപ്പോൾ കാര്യങ്ങൾക്ക് കുറെയൊക്കെ വ്യത്യാസമുണ്ട്. അമ്മായിഅമ്മയ്ക്കും മരുമോൾക്കുമറിയാം എങ്ങനെ പിടിച്ചു നിൽക്കണമെന്ന്. ജോലിക്ക് ദൂരസ്ഥലത്തായിരിക്കുന്നവരാണ് കൂടുതലും. ഇടയ്ക്ക് വരുമ്പോൾ അമ്മയും മകളും കവിളുകൾ മാറിമാറി ചുംബന വർഷം. ശേഷം മരുമോൾ ഒരുകുത്ത് നോട്ടെടുത്ത് അമ്മയ്ക്ക് കൊടുക്കും. പിന്നെ കുറെ വസ്ത്രങ്ങളും.
അവൾ വന്നപ്പോൾ മുതൽ ചെയ്യിച്ച പണികൾക്കും കൊച്ചിനെനോട്ടങ്ങൾക്കും എല്ലാത്തിനുമായി.
കണ്ടും കരുതിയും നിൽക്കാൻ പഠിച്ചാൽ എല്ലാവർക്കും നല്ലത്.
നെറികേടുകളുടെയും അസ്വസ്ഥതകളുടെയും കഥകളേ വാർത്തകളായി വരൂ..
കേൾക്കാൻ സുഖം നൽകുന്നതും അത്തരം കാര്യങ്ങളാണ്. എന്നാൽ കരുതലോടെയും പരസ്പര മമതകളോടെയും സമാധാന ജീവിതം നയിക്കുന്നവർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. കണ്ടു പഠിക്കാം അവയൊക്കെയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക