Image

നാഴൂരി കൊണ്ട് നാടാകെ വാക്സിൻ വിതരണം: ആൻസി സാജൻ

Published on 01 July, 2021
നാഴൂരി കൊണ്ട് നാടാകെ വാക്സിൻ വിതരണം: ആൻസി സാജൻ
കോവിഡ് വാക്സിൻ വിതരണത്തിലെ അശാസ്ത്രീയതയും നിരുത്തരവാദ സമീപനവും മൂലം ജനങ്ങൾ വലയുന്ന അവസ്ഥയാണിന്ന് കാണുന്നത്. രോഗവ്യാപനത്തിൽ വർദ്ധനയാണുള്ളതെന്ന് പറയുമ്പോൾ തന്നെ പ്രതിരോധ വാക്സിൻ ഏവർക്കും നൽകുന്നതിൽ ആശങ്കാകുലമായ കാലതാമസവും വരുന്നു. ഓൺലൈൻ റെജിസ്ട്രേഷൻ നടത്താത്തവർക്കും വാക്സിൻ ലഭിക്കും മുൻകൂർ റജിസ്ടേഷൻ ആവശ്യമില്ല എന്നൊക്കെയാണ് സർക്കാർ പറയുന്നതെങ്കിലും ഏട്ടിലെ പശു കെട്ടിയിട്ടിടത്ത് തന്നെ നിൽക്കുകയാണ്. സർക്കാരിന്റെ വാക്കുകൾ കേട്ട് വാക്സിൻ കേന്ദ്രങ്ങളിലെത്തുന്ന ജനക്കൂട്ടം ഉണ്ടാക്കുന്ന ബഹളങ്ങൾ തടയാനാവാതെയും വരുന്നു.
ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും വാക്സിൻ കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെന്ന് മരുന്ന് സ്വീകരിക്കാം എന്ന ഉത്തരവ് മെയ് 23 - ന് തന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. വളരെ വലിയ പ്രതിസന്ധിയാണ് ഇക്കാര്യത്തിൽ നാം നേരിട്ടു കൊണ്ടിരിക്കുന്നത്.
ഓരോ പഞ്ചായത്തിലെയും വാർഡുകൾ തിരിച്ച് ആശാവർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. മരുന്ന് ലഭ്യതയെപ്പറ്റി അവർ വിവരം നൽകും എന്നാണ് ധാരണ. എന്നാൽ ഇക്കണ്ട ജനങ്ങൾക്കൊക്കെയുമായി വളരെ കുറഞ്ഞ ഡോസ് മരുന്നാണ് എത്തുന്നത്. ആയിരക്കണക്കിന് പേർ കാത്തു നിൽക്കുന്നിടത്ത് 100 ഡോസ് മരുന്നൊക്കെയാണ് എത്തുന്നതെന്നിരിക്കെ അവർ എന്തു ചെയ്യാനാണ്. ദിവസേന തങ്ങൾ കേൾക്കുന്ന പഴികൾക്കും ചീത്തവിളികൾക്കും കണക്കില്ലെന്നാണ് അവരുടെ പരിദേവനം. 
ഇല്ലാത്ത മരുന്ന് ഇല്ലെന്ന് പറയാനുള്ള ആർജ്ജവം കാട്ടാതെ ജനത്തെ മുഴുവൻ പരക്കം പായിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. 100 പേർക്കുള്ളത് വന്നാൽ മുൻഗണനാക്രമത്തിൽ 100 പേരെ വിളിച്ചാൽ പോരെ.
ഇത് നാടടച്ച് സൗജന്യ വാക്സിൻ കൊടുക്കുന്നുവെന്ന പെരുമ നേടാൻ പ്രായമായവരെപ്പോലും നെട്ടോട്ടമോടിക്കുന്ന അവസ്ഥ.
45 - ന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കിട്ടാൻ സാധ്യതയില്ലെന്നതിരിക്കെ ആദ്യ ഡോസ് വിതരണം പോലും എങ്ങുമെത്തിയിട്ടില്ലെന്നതാണ് പരമസത്യം.
സ്മാർട്ട്ഫോൺ കയ്യിലുള്ള ഓവർ സ്മാർട്ടായവർക്കു പോലും സ്ലോട്ട് കിട്ടുന്നില്ലെന്നിരിക്കെ ഈ ടെക്നിക്കൊന്നുമറിയാത്തവർ എന്തു ചെയ്യും. ദിവസവും വൈകുന്നേരം ഏഴുമണിയാവുമ്പോൾ പ്രഹസനം പോലെ സ്ലോട്ട് രജിസ്ട്രേഷൻ ആരംഭിക്കും. കുത്തിപ്പിടിച്ചിരുന്ന് അതിൽ പറയുന്നതെല്ലാം ടിക്കീം ചേർത്തുമൊക്കെ കഴിയുമ്പോൾ 0 സ്ലോട്ട് എന്ന അറിയിപ്പ് കണ്ട് വിഷണ്ണരാകുകയാണ് സാധാരണക്കാർ. 
കാശ് കൊടുത്താൽ കിട്ടുന്ന സ്വകാര്യ ആശുപത്രികൾ ഉണ്ടാവും. എന്നാൽപ്പിന്നെ കൈവശം കാശില്ലാത്ത പാവപ്പെട്ടവർക്കല്ലേ പ്രശ്നം മുഴുവനും. മരുന്ന് കിട്ടും എന്നും പറഞ്ഞ് ഇല്ലാത്ത കാശ് മുടക്കി ഓട്ടോ പിടിച്ച് വാക്സിൻ കേന്ദ്രത്തിലെത്തി കാത്തിരുന്ന് മടങ്ങുന്ന വൃദ്ധജനങ്ങളുടെ അവസ്ഥയും ദയനീയം തന്നെ.
മരുന്ന് വരുന്നതനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ  കൊടുക്കാൻ ക്രമീകരണം നടത്തുകയല്ലേ വേണ്ടത് ? 
വാക്സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാക്കുകയും മരുന്ന് കിട്ടാത്തവരുടെ പ്രതികരണം രൂക്ഷമാക്കുകയും ചെയ്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ സൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയല്ലേ. രോഗവ്യാപന കേന്ദ്രങ്ങളായി വാക്സിനേഷൻ സ്ഥലങ്ങൾ മാറാനും സാധ്യതയുണ്ട്.
ഇങ്ങനെ അസ്വസ്ഥതകൾ ഉണ്ടാവുന്നത് കൊണ്ടാവും മരുന്ന്കൊടുത്ത ആളിന് തന്നെ വീണ്ടും കൊടുക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ആശാ വർക്കർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമൊക്കെ മാലാഖമാരല്ല ജീവനുള്ള മനുഷ്യർ തന്നെയാണ്.
വാക്സിൻ വിതരണത്തിൽ സത്യസന്ധമായ നിലപാടുകളെടുത്ത്  ആശങ്കകൾ അകറ്റേണ്ടത് അത്യാവശ്യമാണ്.
Join WhatsApp News
Silji Thomas 2021-07-01 12:30:55
അതെ ആൻസി, ശരിയാണ്, യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത് .
Dr.Gopala Krishnan, Kozhikode 2021-07-01 12:50:01
Primarily regn portal covin should automatically generate the date feasible and automated message should come. Patient dont have to run behind slots Aged n computer illeterate people should be given assistance at home itself. Area wise seggregation of vaccine required Its not the message saying Its FREE, is wrong. Its the syastem going wrong in a 130 crore population . Software should b simple n more user friendly In America multiple players are in market where as in india till recently only 2 companies r active. Viz covishield n covaxin
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക