Image

സ്പർശം (കഥ: നിർമ്മല )

Published on 03 July, 2021
സ്പർശം (കഥ: നിർമ്മല )
ജോലികൾ തീർന്നിട്ടുണ്ടായിരുന്നില്ല. ജോലി ചെയ്യാനുള്ള ഊർജത്തിന്റെ
അവസാന തുള്ളിയും വറ്റിപ്പോയതുമാണ്. എന്നിട്ടും ജേക്കബ് വന്നു
ഷിഫ്റ്റിന്റെ സമയം കഴിഞ്ഞത് വീണ്ടും ഓർമ്മിപ്പിച്ചപ്പോഴാണ് ഞാൻ
ജോലി നിർത്തി ഇറങ്ങിയത്. ഒരു മണിക്കൂർ മുൻപ് എൻ്റെ ഊഴം
ഏറ്റെടുക്കുമ്പോൾ ജേക്കബ് ഉപദേശിച്ചതാണ് വീട്ടിൽ പോയി
നന്നായിട്ടുറങ്ങണമെന്ന്. നാഴികമണി വരക്കുന്ന കളങ്ങൾക്കും ശരാശരി
പ്രവര്‍ത്തനശേഷിക്കും ഇടയിൽ നൂണ്ടു കിടക്കാനുള്ള കാലമല്ലിത്.
കാറിലിരുന്നുകൊണ്ടു ഞാൻ നാദിയക്ക് മെസേജ് അയച്ചു. ഞാൻ
എത്തുന്നതിനു മുൻപ് അമ്മുവിനെ ഉറക്കണമെന്ന് ശട്ടംകെട്ടി. നാദിയയുടെ
ഫോണിന്റെ റിങ്-ടോൺ കേൾക്കുമ്പോൾ അമ്മുവിനറിയാം അതു
ഡാഡിയാണെന്നു, അവൾ ഫോണിൽ കൊഞ്ചിക്കുഴയാൻ വരും. പിന്നെ
അമ്മുവിനെ ഉറക്കാൻ നാദിയക്ക് സാധിക്കില്ല.
നാദിയയുടെ why എന്ന ഉത്തരച്ചോദ്യത്തിനു ഞാൻ മറുപടി അയച്ചില്ല.
വണ്ടി ഹെർക്കിമർ സ്ട്രീറ്റിൽ നിന്നും വലത്തേക്ക് തിരിഞ്ഞതും ഒരു
പോലീസ്കാറ് മുകളിൽ കറങ്ങുന്ന ലൈറ്റുമായി പിന്നിൽ പ്രത്യക്ഷപ്പെട്ടു.
കാറ് നടപ്പാതയോടു ചേർത്ത്നിർത്തി ഞാൻ ജനൽച്ചില്ലു താഴ്ത്തി. പോലീസ്
അടുത്ത് വരുന്നതിനു മുൻപേ കപ്പ് ഹോൾഡറിൽ കിടന്ന മാസ്ക് എടുത്തു
മുഖത്തുവെച്ചു.
-നിങ്ങൾ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ആളാണോ?
എൻ്റെ യൂണിഫോമിൽ കുത്തിയിരുന്ന പേരിലേക്കു നോക്കി
കുറച്ചൊന്നു പിന്നോക്കം മാറി പോലീസുകാരൻ ചോദിച്ചു.
-അതേ, ഇതാ ബാഡ്ജ്.
- വേണമെന്നില്ല. ഇവിടെ കർഫ്യൂ ഒന്നുമില്ല, വീട്ടിലിരിക്കാൻ
ആഹ്വാനമേയുള്ളു. ഒറ്റക്കു പോകുന്നതിൽ നിയമ ലംഘനമില്ല.
ഞാൻ സംശയത്തോടെ പോലീസുകാരെനോക്കി. സ്പീഡ് കൂടിപ്പോയെന്നു
തോന്നിയില്ല. ലൈറ്റ് ചുവപ്പായിരുന്നോ, ഓർമിച്ചെടുക്കാൻ എനിക്കു
സാധിച്ചില്ല.
-നിങ്ങളുടെ കാറിന്റെ പിന്നിലെ വലതുലൈറ്റ് തെളിയുന്നില്ല.
-ഓ... ക്ഷമിക്കണം. ഞാൻ അറിഞ്ഞിരുന്നില്ല. ആശുപത്രിയിൽ നിന്നും
വീട്ടിലേക്കും വീട്ടിൽ നിന്നും ആശുപത്രിയിലേക്കും മാത്രം ഡ്രൈവു
ചെയ്യുന്നതു കൊണ്ടു കാണാതെ പോയതാണ്.
- അറിയാം സർ. നിങ്ങളുടെ സേവനത്തിനു എൻ്റെ ആദരവ്.
പോലീസുകാരൻ ഇടതു കൈപ്പത്തി ഉയർത്തി അയാളുടെ വലതു
പോക്കറ്റിനു മുകളിൽ അമർത്തിവെച്ചുകൊണ്ടു പറഞ്ഞു. ആ ആദരവ്
ആസ്വദിച്ചുകൊണ്ടു ഞാൻ മറുപടി പറഞ്ഞു.
-നന്ദി സുഹൃത്തേ. നിങ്ങൾക്കും എൻ്റെ ആദരവ്. വീട്ടിലടച്ചിരിക്കാൻ
നിങ്ങൾക്കും പറ്റില്ലല്ലോ!
-ശരിയാണ്, പക്ഷെ ഞങ്ങൾ നിങ്ങളെക്കാൾ എത്രയോ സുരക്ഷിതരാണ്.
അപകടത്തിനു നടുവിൽ നിന്നുകൊണ്ടല്ലേ നിങ്ങൾ വിശ്രമമില്ലാതെ ഈ
നാടിനെയും, മനുഷ്യരെയും രക്ഷിക്കുന്നത്.
-പോലീസിന്റെ ജോലി എല്ലാ കാലത്തും അപകടങ്ങൾക്കു നടുവിലല്ലേ.
ഞങ്ങളെയും ഈ നാടിനെയും സംരക്ഷിക്കാൻ.
- ശരി.... ശരി... ഇങ്ങനെ പോയാൽ ഒരു പോലീസ് ഓഫീസറെ
കരയിച്ചതിനു നിങ്ങൾക്കു ഞാൻ പിഴ എഴുതിത്തരേണ്ടി വരും!
അയാളുടെ ഉത്തരത്തിൽ ഞങ്ങൾ രണ്ടുപേരും ചിരിച്ചു.
- ലൈറ്റില്ലാതെ ഓടിക്കുന്നത് അപകടമാണ്. പിന്നിലുള്ളയാൾക്ക് നിങ്ങൾ
തിരിയാൻ പോകുന്നകാര്യം അറിയാൻ പറ്റില്ല. എത്രയും വേഗം അതു
നന്നാക്കൂ.
പോലീസുകാരൻ എന്നെ വീണ്ടും ഓർമ്മിപ്പിച്ചു. നന്ദിയും യാത്രയും
പറഞ്ഞു ഞാൻ വണ്ടി സ്റ്റാർട്ടാക്കി. എൻ്റെ ആശുപത്രി വേഷം
കണ്ടിട്ടായിരിക്കും അയാൾ പിന്നിലേക്ക് മാറിയതെന്നു ഡ്രൈവ്
ചെയ്യുന്നതിനിടയിൽ ഞാൻ നിശ്ചയിച്ചു.
വീട്ടിലെത്തിയതും ഞാൻ ഇട്ടിരുന്നതെല്ലാം ഊരിമാറ്റി വാഷിംഗ്
മിഷീനിലിട്ടു, കബോഡിൽ നിന്നും പുതിയ ടവ്വൽ എടുത്തുചുറ്റി കുളിക്കാൻ
കയറി. കുളിമുറിയിൽ നിന്നും ഇറങ്ങുമ്പോൾ കുറച്ചുനേരം ഞാൻ
ചെവിയോർത്തു. മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും ടിവിയുടെ ശബ്ദം
കേൾക്കുന്നുണ്ടായിരുന്നില്ല. അമ്മുവും നാദിയയും ഉറങ്ങിയിട്ടുണ്ടാവും
എന്നു ഞാൻ സമാധാനിച്ചു.
ഞാൻ കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ നാദിയ ഊണു മേശക്കരികിൽ
ഇരിക്കുന്നതു കണ്ടു.
- നദി ഉറങ്ങിയില്ലേ?
ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.
- ഇല്ല, മഹി കഴിക്കാൻ വരൂ.
എന്തു പറഞ്ഞാണ് അവളെ തിരികെ കിടപ്പു മുറിയിലേക്കു
വിടേണ്ടതെന്നാലോചിച്ചു ഞാൻ അവളെ നോക്കിനിന്നു.
- നദി കഴിച്ചോ?ഇല്ലെന്ന് അവൾ തലയാട്ടി.
- മഹി വന്നിട്ടു കഴിക്കാന്നു വെച്ചു. എനിക്കു വിശപ്പുണ്ടായിരുന്നില്ല.
കബോഡു തുറന്നു വിസ്കി എടുത്തുകൊണ്ടു ഞാൻ ചോദിച്ചു
- നിനക്കൊരു വൈൻ വേണോ?
- വേണ്ട, വൈനും കോഴിക്കോടൻ ബിരിയാണിയും ചേരില്ല.
മേശപ്പുറത്തു നിരത്തിവെച്ച അത്താഴം ചൂണ്ടി നാദിയ
അടക്കിച്ചിരിച്ചു.
കസേര പിന്നിലേക്കു വലിച്ചു മാറ്റിയിട്ടു ഞാനിരുന്നു. വിസ്കിയുടെ
ഒരിറക്കെടുത്തു വായുടെ മേൽത്തട്ടിൽ ചേർത്ത് ആദ്യത്തെ എരിച്ചിലിനെ
അണ്ണാക്കിലേക്ക് ആവാഹിച്ചു. പിന്നെ ദീർഘമായ ഒരു ശ്വാസമെടുത്തപ്പോൾ
കരിഞ്ഞ ഓക്കിന്റെ രുചിമണം എൻ്റെ നാഡികളിൽ നിറഞ്ഞു.
നാദിയയുടെ പ്രശസ്തമായ ബിരിയാണിയുടെ മണം അന്തരീക്ഷത്തിൽ
കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
- എന്തിനാ മഹീ അമ്മൂനെ നേരത്തെ ഒറക്കാൻ പറഞ്ഞത്. ഞാൻ
കൊറേ പാടുപെട്ടു.
ഞാൻ വിസ്‌ക്കി ഒരിറക്കു കൂടിയെടുത്തു.
- നിങ്ങൾ രണ്ടാളും കൂടി ഒരു മാസം ഷീന ആന്റിടെ വീട്ടിൽ പോയി
നില്ക്കു. അമ്മൂന് എന്തായാലും ഓൺലൈൻ അല്ലേ ക്ലാസ്. ആന്റിക്കും
കൂട്ടാവും.
പെട്ടെന്നു ഊണു നിർത്തി നാദിയ എന്നെ തുറിച്ചു നോക്കി. പിന്നെ
ശബ്ദമുയർത്തി
ചോദിച്ചു.
- എന്താ ഉണ്ടായെന്നു പറയ്
- വേരിയന്റ് ഞങ്ങളുടെ ഹോസ്പിറ്റലിലും എത്തിയിട്ടുണ്ട്.
- മഹി ഈ ജോലി കളഞ്ഞിട്ടു വരാമെങ്കിൽ നമുക്കു പോകാം. എവിടെ
വേണമെങ്കിലും ഞാൻ വരാം.
- നദീ, ഇപ്പോഴാണ് ഈ ജോലി ചെയ്യേണ്ടതിന്റെ ആവശ്യം.
- ഞങ്ങളെ സേഫായി പാക്ക് ചെയ്തു വിട്ടിട്ടു.... മഹിക്ക് കിട്ടില്ല
എന്നുറപ്പുണ്ടോ?
നാദിയ പ്ളേറ്റുമായി എഴുന്നേറ്റു.
- ഞങ്ങൾക്ക് പ്രൊട്ടക്ടീവ് എക്വിപ്മെൻറ്സ് എല്ലാമുണ്ട്.
- എന്നാൽപ്പിന്നെ ഞങ്ങൾ ഇവിടെ താമസിക്കുന്നതിൽ ഇത്ര
പേടിക്കാനെന്താണ്? പൊറത്തേക്ക് എറങ്ങണില്ലല്ലോ!
നാദിയ ശബ്ദമുയർത്തിയപ്പോൾ അമ്മു ഉണർന്നു താഴേക്കു വരുമെന്നു
ഞാൻ ഭയപ്പെട്ടു. എന്നെ കണ്ടാലുടൻ അവൾ മടിയിൽ കയറിയിരിക്കും.
പാത്രം ശബ്ദത്തോടെ സിങ്കിലിട്ടു മാസ്റ്റർ ബെഡ്റൂമിലേക്ക്
പോകുന്നതിനിടയിൽ നാദിയ പറഞ്ഞു
- അച്ഛൻ വിളിച്ചിരുന്നു.
നാദിയയുടെ അകന്നു പോകുന്ന ഉടലിനെ നോക്കി ഞാൻ ശബ്ദം കുറച്ചു
പറഞ്ഞു.
- ജിഞ്ചർ-ജിറാഫിനെ എടുത്തു അമ്മൂന്റെ വലതുവശത്തു വെക്കണം.
അവനെ തലകുത്തി, കാലു തലയിണയിലായിട്ട്.
ഞാൻ വരുന്നതിനു മുൻപ് അമ്മു ഉറങ്ങിയാൽ, അവളുടെ മുറിയിൽ
പോയി ഉമ്മകൊടുത്തു, ഡാഡിയുടെ ജീവൻ മുഴുവൻ കവിഞ്ഞൊഴുകുന്ന
സ്നേഹം ചെവിയിൽ പറയണമെന്നുള്ളതായിരുന്നു ഞങ്ങൾ തമ്മിലുള്ള
കരാർ. അതിനു തെളിവായി അവളുടെ ഇടത്തുവശത്തുറങ്ങുന്ന ജിഞ്ചർ -
ജിറാഫിനെ വലതുവശത്തു വെക്കണം. രാവിലെ ഉണരുമ്പോൾ ഡാഡി
വ്യവസ്ഥ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള അടയാളമായിരുന്നു അത്.
ഇന്നൊരു തലകുത്തി-ദിവസമായിരുന്നെന്നുള്ള അടയാളമായിട്ടാണ്
ജിറാഫിൻ്റെ കാലുകൾ തലയിണയിലായി വെക്കുന്നത്. ഡാഡിക്കു നേരത്തെ
വരാൻ സാധിക്കാഞ്ഞതിനുള്ള ക്ഷമാപണ കാരണം. മനഃശാസ്ത്രം പഠിച്ച
നാദിയ ക്രേസി എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് അമ്മുവിനു
പറഞ്ഞു കൊടുത്തിട്ടുണ്ട്. അതിനു പകരം topsy-turvy day എന്നാണു അമ്മു
പറയുന്നത്.
മേശപ്പുറത്തിരുന്ന റിമോട്ടെടുത്തു ഞാൻ ടി.വി ഓണാക്കി. ടിവിയിലെ
ചാനലുകളിൽ വാർത്തയുടെ സമയമായിരുന്നു. പല നിറത്തിലുള്ള വരകൾ
നെടുകെയും കുറുകെയും പോകുന്ന ഗ്രാഫുകളായിരുന്നു വാർത്തയുടെ
പശ്ചാത്തലത്തിലെ സ്‌ക്രീനിൽ. അതോരോന്നും ചൂണ്ടി ആങ്കർ
രോഗസ്ഥിരീകരണത്തിന്റെയും മരണങ്ങളുടെയും കണക്കുകളും നിരക്കുകളും
വിശദമാക്കിക്കൊണ്ടിരുന്നു.
വേഗത്തിൽ ഞാൻ ചാനൽ മാറ്റി. മഞ്ഞനിറത്തിലുള്ള ഐസലേഷൻ
ഗൗണുകളും പേഴ്‌സണൽ പ്രൊട്ടക്ടീവ് വസ്തുക്കളും ഇട്ടവരുടെ നിര
കിടക്കക്കു ചുറ്റും നിൽക്കുന്നതും വേഗത്തിൽ ഉന്തിക്കൊണ്ടു പോകുന്ന ട്രോളി
ബെഡുകളുമായിരുന്നു ആ ചാനലിൽ. ഒരു ഐ-ഫോൺ അതിൽ നിന്നും
ഊർന്നു വീഴുന്നുണ്ടോ എന്ന ഞെട്ടലിൽ ഞാൻ ചാനൽ മാറ്റി.
അവിടുത്തെ വാർത്തയിൽ ഡോക്ടർമാരായിരുന്നു അതിഥികൾ.
അവരോടു ചോദ്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ച് ആങ്കർ സമയം കടത്തി
വിട്ടു. പുതിയ സിനിമയെപ്പറ്റി ചർച്ച ചെയ്യാൻ അതിഥികളൊന്നും
ഉണ്ടായിരുന്നില്ല. പുതിയ സിനിമ എന്തെങ്കിലും ഇറങ്ങിയിട്ടുണ്ടായിരുന്നോ
എന്ന് എനിക്കറിയില്ലായിരുന്നു.
ടി.വി ഓഫാക്കിയിട്ടു ഞാൻ അച്ഛനെ വിളിച്ചു.
- നീ ഹോസ്പ്പിറ്റലിന്നു വന്നോ
- വന്നിട്ടു കുറച്ചു നേരമായതേ ഉള്ളൂ അച്ഛ
- നിനക്ക് ഒരു മാസം അവധി എടുക്കാൻ വയ്യേ? ഒരു വർഷമായില്ലേ നീ
അവധി എടുത്തിട്ട്?
- ഇപ്പോത്തന്നെ അവിടെ ആവശ്യത്തിനുള്ള ജോലിക്കാരില്ല. അവധി
എടുക്കുന്നതു ശരിയല്ല.
- എന്തോന്നു ശരിയല്ല. അവനോന്റെ കാര്യം നോക്കണം. ഇതൊരു
ജോലിയാണ്. അല്ലാതെ എല്ലാം നിന്റെ തലയിലല്ല ..
നാദിയ അച്ഛനോടു പരാതിപ്പെട്ടിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി.
- അച്ഛന്റെ ലിപ്പിറ്റോർ ഈ ആഴ്ച്ചകൊണ്ടു തീരില്ലേ? ഫാർമസിയിൽ
വിളിച്ചു പറയാം. അവരു ഡെലിവറി ചെയ്യും.
- നീ അതുംകൊണ്ട് ഈ വഴി വാടാ. എത്രനാളായി നിന്നെ കണ്ടിട്ട്.
- വേണ്ട...വേണ്ട... പ്രായമായവർ കൂടുതൽ സൂക്ഷിക്കണം. അച്ഛൻ
ന്യൂസ് കാണുന്നില്ലേ?
- നീ റോഡുവരെ വന്നാൽ മതി. ഞാൻ വരാന്തയിൽ നിന്നും വർത്തമാനം
പറയാം. ഞാൻ വാക്സിൻ എടുത്തതല്ലേ. പിന്നെന്താ?
- ഹേമന്ത് എവിടെ അച്ഛാ ..
ഞാൻ പിന്നെയും വിഷയം മാറ്റാൻ നോക്കി.
- ദേ അവൻ പിന്നേം അടുക്കളപ്പരീക്ഷണത്തിലാണ്. ഇന്നെനിക്കവൻ
ടിരമിസു ഉണ്ടാക്കിത്തന്നു.
അച്ഛന്റെ ഡയബെറ്റിസിനെപ്പറ്റി ഹേമന്തിനു വിചാരമില്ലെന്നു ഞാൻ
മനസ്സിലോർത്തു.
-ലോക്ഡൗൺ കൊണ്ട് എനിക്കു സുഖമായി. ഞാൻ പറഞ്ഞതു കേട്ട്
അവനുംകൂടി മെഡിസിനു പോയിരുന്നെങ്കി ഞാനിപ്പഴും ഒറ്റയ്ക്കായിപ്പോയേനെ. ഒരാളൊന്നു കേറിവരാനില്ലാതെ!
ഹേമന്ത് ഫോണിൽ വന്നപ്പോൾ എനിക്കു കുറച്ചൊരു ആശ്വാസം തോന്നി.
- എങ്ങനെയുണ്ട് ഹേം ജീവിതം?
- പഴയതുപോലെ തന്നെ, അപാര ബോറടി.
- നീ അവിടെയുള്ളത് അച്ഛനു സന്തോഷമാണ്.
- ചായ അടിക്കാൻ പോകുന്നെന്നു പറഞ്ഞ് എന്നെ എത്ര വഴക്കു
പറഞ്ഞതും പരിഹസിച്ചിട്ടുള്ളതുമാണ്. ഇപ്പൊ അച്ഛനിഷ്ടമുള്ളതെല്ലാം
ഉണ്ടാക്കി കൊടുക്കുമ്പോൾ അതിനു പരാതി പറയില്ല.
മടിച്ചുകൊണ്ടു ഞാൻ അവനോടു ചോദിച്ചു.
- നിനക്കിന്നു ജോലി ഉണ്ടായിരുന്നോ?
- രണ്ടു മണിക്കൂർ. അവർ എല്ലാ ജോലിക്കാർക്കും കുറച്ചു മണിക്കൂർവീതം കൊടുക്കാൻ നോക്കുകയാണ്.
- ആളുകൾ വരുന്നുണ്ടോ?
-പിന്നില്ലേ, ലോക് - ഡൗൺ ആണെങ്കിലും കാപ്പിയും ഡോണറ്റും
ഇല്ലാതെന്തു ജീവിതം! അതുകൊണ്ട് അത്രയും സമയം പോയിക്കിട്ടും.
ഹേമന്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.
- എടാ സൂക്ഷിക്കണം. വേരിയന്റ് അപകടം പിടിച്ചതാണ്. എയർബോൺ
ആണ്. ജോലിക്കു പോകണമെന്നു നിർബ്ബന്ധമുണ്ടോ?
- ആഹ! ഇപ്പൊത്തന്നെ ഇവിടെയിരുന്ന്‌ എനിക്കു വട്ടു പിടിക്കുന്ന
അവസ്ഥയായി. അച്ഛനു ഭക്ഷണമുണ്ടാക്കലാണ് എൻ്റെ ആകെ
എന്റർടൈൻമെന്റ്!
- അധികം വൈകാതെ പഴയപോലെയാവും. നിന്റെ സിറ്റിയിലെ
റെസ്റ്റോറന്റ് തുറക്കാൻ പറ്റും. അതുവരെ പിടിച്ചു നില്ക്കാൻ നോക്ക്.
ഫോണിൽ സംസാരിക്കുമ്പോൾ പത്തുസെക്കന്റ് മൗനം എത്ര
ദീർഘമാണെന്നു കണക്കെടുത്തുകൊണ്ടു ഞാൻ ശബ്ദം നേരെയാക്കുന്ന മട്ടിൽ
ഒന്നു ചുമച്ചു. എന്നിട്ട് ആ ചോദ്യം ചോദിച്ചു.
- ഹേം ഞാൻ കുറച്ചു പണം ഇ-ട്രാൻസ്ഫർ ചെയ്യട്ടെ?
- വേണ്ട മഹി. ഗവണ്മെന്റിന്റെ എയ്ഡ് ഉണ്ടല്ലോ. അച്ഛന്റെ അടുത്തു
നിൽക്കുന്നതുകൊണ്ട് ഇപ്പോ അതു മതിയാവും. സിറ്റിയിലെ വാടകയല്ലേ
പറ്റാത്തത്.
- ആവശ്യം വന്നാൽ ചോദിക്കാൻ മടിക്കല്ലേടാ.
- തീർച്ചയായും.
ഫോൺ വെച്ചുകഴിഞ്ഞു ഞാൻ വിസ്കിയുടെ അവസാനത്തെ സിപ്പെടുത്തു.
മേശക്കരികിൽ നിന്നുമെഴുന്നേറ്റു. ഗ്ലാസ്സും പാത്രവും സിങ്കിൽവെച്ചിട്ട്
അടുക്കളയിലെ എച്ചിൽപ്പാട്ട പുറത്തെടുത്തു. രാവിലെ എഴുന്നേറ്റു വരുമ്പോൾ
ബിരിയാണി അതിൽ കിടക്കുന്നതു നാദിയ കാണാതിരിക്കാനായി ഞാനത്
പുറത്തെ വലിയ വീപ്പയിൽ കൊണ്ടുപോയി കളഞ്ഞു. പുറത്ത് അപ്പോൾ
നല്ല ഇരുട്ടായിരുന്നു. വലിയ ചവറു വീപ്പക്കടുത്തു കുറച്ചു നേരം ഞാൻ
ഇരുട്ടിൽ തെളിയുന്ന രൂപങ്ങൾ കണ്ടു നിന്നു.
അമ്മുവിന്റെ കൂടെ പുറത്തു കളിച്ചിട്ടു കുറേനാളായി.
ഞാൻ ഡിസ്ഇൻഫെക്ടഡ് കൊണ്ടു റിമോട്ട് നന്നായി തുടച്ചു
മാറ്റിവെച്ചു.
നാദിയ ജിറാഫിനെ മാറ്റി വെക്കാൻ മറന്നിരിക്കുമോ എന്നു സംശയിച്ചു
ഞാൻ അവൾക്ക് ഒരു മെസേജ് അയച്ചു.
- ജിഞ്ചർ - ജിറാഫിനെ മാറ്റാൻ മറക്കരുത്.
കുറച്ചു നേരംകൂടി  മറുപടി കാത്തു. കിടപ്പു മുറിയിൽ നിന്നും
ശബ്ദമൊന്നും വരുന്നുണ്ടായിരുന്നില്ല. നാദിയ ഉറങ്ങിയിട്ടുണ്ടാവും.
രാവിലെ ഉണരുമ്പോൾ ജിഞ്ചർ - ജിറാഫ് അമ്മു കിടത്തിയിരുന്ന
സ്ഥലത്തു തന്നെയാണെങ്കിൽ അവൾ പിണങ്ങും. വാക്കുപാലിക്കാത്ത
ഡാഡിയെ അമ്മു ഒരിക്കലും വിശ്വസിക്കില്ല.
നാദിയ ചിലപ്പോൾ അമ്മുവിൻ്റെ കൂടെയാവും ഉറങ്ങുന്നത്.
ചരിഞ്ഞു കിടന്നുറങ്ങുന്ന അമ്മുവിനെ നാദിയ ഒരു കൈകൊണ്ടു
ചുറ്റിപ്പിടിച്ചിട്ടുണ്ടായിരിക്കും. മാസ്റ്റർ ബെഡ്‌റൂമിലേക്കൊന്നു പോകാനുള്ള
ആഗ്രഹത്തെ അടക്കിവെച്ചു ഞാൻ എൻ്റെ കിടപ്പുമുറിയിലേക്കു നടന്നു.
രാത്രിയിൽ നാദിയ എൻ്റെ കിടക്കയിൽ വന്നിരുന്നു. അവളുടെ
കൈയിൽ ആവിപറക്കുന്ന ഒരു കാപ്പച്ചീനോ ഉണ്ടായിരുന്നു. കല്യാണ
നിശ്ചയത്തിന് ഇട്ടു കൊടുത്ത മൂന്നുചുറ്റു മോതിരം കൊണ്ടു പതിവു പോലെ
കപ്പിൽ തട്ടിത്തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടാണ് അവൾ സിനിമയുടെ റിവ്യൂ
പറയാൻ തുടങ്ങിയത്.
നാദിയ മാസ്ക് വെച്ചിരുന്നത് കുറച്ചു കഴിഞ്ഞാണ് ഞാൻ ശ്രദ്ധിച്ചത്.
മാസ്ക്കിനകത്തു കൂടി പുറത്തേക്കു വരുന്ന ശബ്ദം നാദിയയുടേതല്ലാതായി.
അത് ഇന്ന് ഐ.സി.യു.വിലുണ്ടായിരുന്ന രോഗിയുടേതായിരുന്നു.
- അമ്മ.. അമ്മയെ ഒന്നു വിളിക്കാമോ?
പോക്കറ്റിലെ ഫോണിൽ തട്ടിക്കൊണ്ടു കിട്ടാത്ത ശ്വാസത്തിനിടയിലൂടെ
അയാൾ അവസാനമായി പറഞ്ഞ അതേ ശബ്ദമായിരുന്നു ഞാൻ കേട്ടത്.
നേഴ്സ് എൻ്റെ നേരെ നോക്കി. ഞാൻ സമ്മതത്തോടെ തലയാട്ടി.
മറ്റേത്തലക്കൽ ഫോണടിക്കാൻ തുടങ്ങിയപ്പോൾ നേഴ്സ് ഫോൺ അയാൾക്കു
കൊടുത്തു. ഫോണിൽ ഹലോ...ആഡം...ആഡം... എന്ന ശബ്ദം കിടക്കക്കു
ചുറ്റും നിന്ന ഞങ്ങൾക്കെല്ലാം കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു. മറുപടി
പറയുന്നതിനു മുൻപേ ഫോൺ അയാളുടെ കൈയിൽ നിന്നും ഊർന്നു
നിലത്തേക്ക് വീണത്.
ആ നമ്പറിൽനിന്നും പിന്നെ തുടരെത്തുടരെ വിളി
വന്നുകൊണ്ടിരുന്നപ്പോൾ അത് ഓഫാക്കി വെക്കാൻ ഉച്ചത്തിൽ പറഞ്ഞത്
ഞാനാണ്.
നാദിയയുടെ കൈയിൽ കാപ്പിച്ചീനോ അല്ല, അതൊരു ഐ -
ഫോണായിരുന്നു. കിടക്കയിൽ ഇരുന്നത് നാദിയ ആയിരുന്നില്ല.
ഇരുപത്തിനാലു വയസ്സുള്ള ആഡമായിരുന്നു. എന്നെ തുറിച്ചു
നോക്കിക്കൊണ്ട് ആഡം പറഞ്ഞു.
- ഹലോ ... ഹലോ.... അച്ഛ... ഹലോ അച്ഛ ഹലോ
ആഡത്തിന്റ ഉള്ളിൽ വിലങ്ങിപ്പോയ ഹലോ അത്യുച്ചത്തിലാണ്
പുറത്തേക്കു വന്നുകൊണ്ടിരുന്നത്.
ഞാൻ ഞെട്ടിയുണർന്നു. ബോഡിപില്ലോയിൽ ഇറുകെ ഇറുകെ
കെട്ടിപ്പിടിച്ചു.
എൻ്റെ ക്ഷീണവും ഉറക്കവും എങ്ങോട്ടോ പോയിരുന്നു. കുറച്ചു നേരം
ഞാൻ കിടക്കയിൽ വെറുതെയിരുന്നു. പിന്നെ യൂണിഫോമിട്ട് ആശുപത്രിയിൽ
പോകാൻ തയ്യാറായി.
പുറത്തേക്കിറങ്ങുന്നതിനു മുൻപ് ജോലികഴിഞ്ഞു വന്നപ്പോൾ
കഴുകാനിട്ടിരുന്ന തുണികൾ ഞാൻ ഡ്രയറിലേക്ക് മാറ്റി. രാവിലെ നാദിയ
ഉണർന്നു വരുമ്പോൾ എല്ലാം ഉണങ്ങിയിരിക്കട്ടെ. വാഷിങ് മിഷീനടുത്തിരുന്ന
മുഷിഞ്ഞ തുണികളുടെ കൊട്ടയിൽ എൻ്റെ കാൽ തട്ടി. അതിൻ്റെ മൂടി
തുറന്നു നാദിയയുടെ ഒരു ബ്ലൗസെടുത്ത് അതിൽ ഞാൻ മുഖമമർത്തി. അമ്മ
ആശുപത്രിയിൽ കിടക്കുമ്പോൾ പത്തു വയസ്സുകാരനായ ഹേമന്ത് അമ്മയുടെ
ബ്ലൗസ് മണക്കാറുണ്ടായിരുന്നതു പോലെ.
ഹെർക്കിമർ സ്ട്രീറ്റിൽ എത്തുന്നതിനു മുൻപേ പോലീസ്കാർ ചുറ്റുന്ന
ലൈറ്റുമായി എൻ്റെ കാറിനു പിന്നിൽ വന്നു. കാറിനടുത്തേക്കു നടന്നു
വരുന്ന പോലീസുകാരനെ പിൻകണ്ണാടിയിൽക്കൂടി ഞാൻ കണ്ടു. അതു പഴയ
പോലീസുകാരൻ തന്നെയായിരുന്നു.
പോലീസുകാരൻ അടുത്തെത്തിയപ്പോൾ ഞാൻ കാർജനലിന്റെ ചില്ലു
താഴ്ത്തി. ഇത്തവണ അയാൾ പുറകോട്ടു രണ്ടടി വെച്ചത് ഞാൻ
തീർച്ചയായും കണ്ടു.
- ഓ നിങ്ങൾ തന്നെയാണോ?
- അതെ, ലൈറ്റ് നന്നാക്കാനുള്ള സമയം കിട്ടിയില്ല.
- അത് പ്രശ്നമല്ല. നിങ്ങൾക്ക് ഡിന്നർ ബ്രേക്ക് ആയിരുന്നോ? ഇനിയും
രാത്രിജോലിയുണ്ടോ?
അയാളുടെ പ്രശംസ വീണ്ടും കേൾക്കാൻ എൻ്റെ ചെവികൾ
തയ്യാറെടുത്തു. കാറിൽ നിന്നുമിറങ്ങി അയാളെ കെട്ടിപ്പിടിക്കണമെന്ന്
എനിക്കു തോന്നി.
- അത് എനിക്ക്….
- ശരി, കുഴപ്പമില്ല, പോയ്ക്കോളൂ.
അയാൾ പുറകിൽ നിന്നും വരുന്ന മറ്റൊരു കാറിനെ ശ്രദ്ധിച്ചുകൊണ്ടു
പറഞ്ഞു.
റോഡിലേക്ക് തിരികെ കയറുന്നതിനു മുൻപ് ഞാൻ വീണ്ടും നാദിയയുടെ
ബ്ലൗസ് മുഖത്തു ചേർത്തുവെച്ച് ശ്വാസത്തിനു പോരാടുന്ന രോഗിയെപ്പോലെ
ആഞ്ഞാഞ്ഞ് വലിച്ചു.
                    
                  ( ഏഷ്യാനെറ്റ് വാക്കുൽസവത്തിൽ പ്രസിദ്ധീകരിച്ചത്. )
Join WhatsApp News
Renu Sreevatsan 2021-07-03 15:40:06
വർത്തമാന കാലത്തിൽ ഉറച്ചു നിൽക്കുന്ന കഥ. ഒരു കഥയല്ല ജീവിതത്തിൻ്റെ നേർചിത്രം തന്നെ..ഗംഭീരം..👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക