'പിടികിട്ടാപ്പുള്ളി'യുമായി ജിഷ്ണു ശ്രീകണ്ഠന്‍, സണ്ണി വെയ്ന്‍ ചിത്രം, ക്രൈം കോമഡി

Published on 20 July, 2021
'പിടികിട്ടാപ്പുള്ളി'യുമായി ജിഷ്ണു ശ്രീകണ്ഠന്‍, സണ്ണി വെയ്ന്‍ ചിത്രം, ക്രൈം കോമഡി


നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ തന്നെ ചര്‍ച്ചയായതും അതൊക്കെകൊണ്ടുതന്നെയാണ്.  ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി എന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറാണെന്ന് സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍ പറഞ്ഞു.

ഒരൊറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ആള് മാറി കിഡ്‌നാപ്പ് ചെയ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. സിനിമ ഒടിടി റിലീസ് ആണ് ലക്ഷ്യമിടുന്നത് എന്നും ജിഷ്ണു ശ്രീകണ്ഠന്‍ പറഞ്ഞു.

സണ്ണി വെയ്ന്‍ ആണ് ചിത്രത്തില്‍ നായകന്‍. അഹാന കൃഷ്ണ ആണ്  നായികയായി എത്തുന്നത്. മറീന മൈക്കിള്‍, അനൂപ് രമേശ്, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുമേഷ് വി റോബിന്‍ ആണ് തിരക്കഥാകൃത്ത്. അജോയ് സാമുവല്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാര്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന. രാകേഷ് കെ രാജന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എം എസ് നിതിന്‍ ദാസ് അസോസിയേറ്റ് ഡയറക്ടര്‍.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിഷ്ണു ശ്രീകണ്ഠന്‍. ദര്‍ബേ ഗുജേ എന്ന ക്രൈം കോമഡി  ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹ്രസ്വചിത്രങ്ങളില്‍ വേറിട്ട ദൃശ്യഭാഷ സ്വീകരിച്ച ദര്‍ബേ ഗുജേയുടെ സംവിധാനത്തിന് പുറമേ ഛായാഗ്രാഹണവും ചിത്രസംയോജനവും നിര്‍വഹിച്ചതും ജിഷ്ണു ശ്രീകണ്ഠനാണ്. കേരള രാജ്യന്തര ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ദര്‍ബേ ഗുജേയ്ക്ക് ലഭിച്ചിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക