അമേരിക്കയിൽ എങ്ങനെ കുടിയേറാം എന്ന മഴവിൽ വർണ്ണങ്ങൾ നിറഞ്ഞ പഴയ സ്വപ്നങ്ങൾക്ക് പകരം ഇന്ത്യയിൽ നിന്ന് ഏതു വിധം പുറത്തു കടക്കാം എന്ന നരച്ച ആലോചനകൾക്ക് കാര്യങ്ങൾ വഴിമാറിയത് വളരെ പെട്ടെന്നായിരുന്നു. യു എസ്സിൽ നഴ്സിംഗ് ജോലി ചെയ്യുവാനുള്ള ലൈസൻസ്, Registerd Nurse ( RN) എന്ന പരീക്ഷ ജയിച്ചതോടെ ഭാര്യക്ക് ലഭ്യമായി IELTS കൂടെ പാസ്സായപ്പോൾ പറക്കുവാൻ ഉള്ള അവസരവും ഒരുങ്ങി ....കുടുംബവുമായി ഒന്നിച്ചു പോകാം എന്നുള്ള സന്തോഷകരമായ അവസ്ഥയിൽ ഇരിക്കവേ ആണ് ചുവപ്പ് നാടകളുടെ അഴിയാക്കുരുക്കുകൾ നൂലാമാലകളായി ക്ഷണിച്ചു വരുത്തിയ അതിഥികളെ പോലെ ചുറ്റും കൂടിയത്.
ഫാമിലി വിസയായിരുന്നതുകൊണ്ടു കുടുംബം മുഴുവന്റെയും പേപ്പറുകൾ കൊടുക്കണമായിരുന്നു, അപ്പോഴാണ് ആദ്യമായി റേഷൻ കാർഡ് പോലെയുള്ള പാസ്പോർട്ടിനെയും സിംഹത്തലയൻ മുദ്രപത്രത്തിൽ തുല്യം ചെയ്തു തരുന്ന ജനന,കല്യാണ സർട്ടിഫിക്കറ്റുളെ കുറിച്ചുമുള്ള ചിന്തകൾ കൊച്ചിയിലെ കൊതുകുകളെ പോലെ എന്റെ തലക്കു ചുറ്റും കറങ്ങാൻ തുടങ്ങിയത് ഭാര്യക്ക് ഒഴികെ മറ്റാർക്കും പാസ്പോർട്ട് പോലും ഉണ്ടായിരുന്നില്ല .
ജനന സർട്ടിഫിക്കറ്റിന് വേണ്ടി ആദ്യമായി എന്റെ പഞ്ചായത്തിൽ ചെന്നപ്പോൾ ജനിക്കേണ്ടായിരുന്നു എന്ന തോന്നിപോയി ....... പക്ഷെ കാരണക്കാരൻ ഞാനല്ലല്ലോ എന്ന് സമാശ്വസിച്ചു. SSLC ബുക്കിലുള്ളത് പോലെ ഒരു ജനന സർട്ടിഫിക്കറ്റ് തന്നുകൂടെ സർ .. ? എന്ന എന്റെ ചോദ്യം അദ്ദേഹത്തിന് തീരെ സുഖിച്ചില്ല. ' നീ എന്തിനു ജനിച്ചു ........' എന്ന മുഖഭാവവുമായി സർ CP സ്റ്റൈലിൽ തന്നെ അദ്ദേഹം എന്നെ വിരട്ടി. " തരാൻ സാധിക്കില്ല " എന്ന രാജശാസനം കേട്ടത് മുതൽ പ്രശ്നങ്ങളുടെ തുടക്കമാരംഭിച്ചു ....
"ഞങ്ങൾ ഇവിടുള്ള രജിസ്റ്റർ ഒന്ന് തിരയട്ടെ ഒരു മാസം കഴിഞ്ഞു വരൂ....." സർ CP ഉത്തരവിട്ടു , ഒരു മാസം തിരഞ്ഞിട്ടും അവർക്കു എന്റെ പേര് അവിടെ കാണാൻ കഴിഞ്ഞില്ല ..
"അപ്പൊ ....അമ്മയുടെ പഞ്ചായത്തിലായിരിക്കും ജനനം , നേരെ അങ്ങോട്ട് വിട്ടോ ..........." ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം ചെന്ന എന്നോട് സർ CP പറഞ്ഞു
ഞാൻ അമ്മയുടെ സ്വന്തം പഞ്ചായത്തിൽ ചെന്നു .....അവരും ഇതേ കഥ തന്നെ ആവർത്തിച്ചു , രണ്ടു മാസത്തോളം അവർ എന്നെ അവിടെ തിരഞ്ഞു ..എവിടെ കാണാൻ......ഞാൻ വീണ്ടും സർ CP യുടെ അടുക്കൽ വന്ന് കാര്യം പറഞ്ഞു, " ഇവൻ ജനിച്ചിട്ടുണ്ടോ.....?" എന്ന സംശയം നിഴലിച്ച മുഖവുമായി അദ്ദേഹം എന്നെ ആപാദചൂഡം നോക്കി............'
"എന്തെങ്കിലും ഒരു തെളിവ് വേണ്ടേ .....ന്നാ , പള്ളിയിലെ മാമ്മോദിസാ കണക്ക് കൊണ്ട് വരൂ .........." ഏതോ ദൗർഭാഗ്യവാന്റെ ഫയലിൽ ചുവന്ന മഷി കൊണ്ട് വരക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു
മാമ്മോദിസാ കണക്കെടുത്തപ്പോൾ അതിലേറെ രസകരം ..ജനിച്ച ദിവസ്സം മാത്രമല്ല മാറിയിരിക്കുന്നത്, ഒരു വർഷവും കുടി പുറകിലേക്ക് പോയി. അന്വേഷിച്ചപ്പോളല്ലേ അറിയുന്നത്, അന്ന് ഞങ്ങളുടെ അടുത്തുള്ള എയിഡഡ് സ്‌കൂളിലെ ഒന്നാം ക്‌ളാസ് ടീച്ചറുടെ ജോലി ഉറപ്പിക്കുവാൻ വേണ്ടി നാലു വയസായ എന്നെ അഞ്ചു വയസുകാരനാക്കി സ്‌കൂളിൽ ചേർത്തതാണെന്ന്, ബോണസ്സായി കിട്ടിയ ഒരു വർഷം, പക്ഷെ പിന്നീട് ഗുണം ചെയ്തിരുന്നു. പതിനേഴിന്റെ പടി കഴിഞ്ഞപ്പോൾ തന്നെ പതിനെട്ടാം വയസുകാരനായി ഗവണ്മെന്റ് ഉദ്യോഗത്തിൽ പ്രവേശിച്ചു.
മാമോദിസ സർട്ടിഫിക്കറ്റ് സർ CP ക്ക് കൊടുത്താൽ അത് കൂടുതൽ കുഴപ്പങ്ങളിലേക്കു വഴി തെളിക്കും എന്നറിയാമായിരുന്നത് കൊണ്ട് , പള്ളിയിൽ മാമ്മോദിസാ കണക്കു കാണുന്നില്ല എന്ന് കളവു പറഞ്ഞു. അവർ തിരച്ചിൽ നിർത്തിയില്ല ,പഞ്ചായത്തിൽ ,വില്ലേജിൽ ,താലൂക്കിൽ അവസാനം കളക്ടറേറ്റിൽ വരെ എന്നെ തിരഞ്ഞു. ഒരിടത്തും കാണാനാവാതെ അവസാനം എന്നേക്കാൾ മൂത്ത രണ്ടു പേരുടെ സത്യപ്രതിജ്ഞാ പ്രസ്താവനയിലൂടെ SSLC ബുക്കിന്റെ വെളിച്ചത്തിലുള്ള ജനന സർട്ടിട്ടിഫിക്കറ്റ് എഴുതി തന്നു.
കല്യാണ സർട്ടിഫിക്കറ്റിന്റെ കഥ വേറെ ആയിരുന്നു. അതിനു വേണ്ടി താലൂക്ക് ഓഫീസിന്റെ വരാന്തയിൽ ഞങ്ങളുടെ രണ്ട് കുട്ടികളെയും സാക്ഷിയാക്കി വീണ്ടും കല്യാണം കഴിക്കേണ്ടി വന്നു. 'ഇന്നയാൾ............ഇന്നയാളെ കല്യാണം കഴിച്ചു' എന്നും, 'ആർക്കെകിലും പരാതി ഉണ്ടെങ്കിൽ അറിയിക്കണം............" എന്നും എഴുതിയ നോട്ടീസ് ഒരു മാസം അവിടുത്തെ നോട്ടീസ് ബോർഡിൽ കിടന്നതിനു ശേഷമാണ് അവർ സട്ടിഫിക്കറ്റ് തന്നത്.
പാസ്പോർട്ട് എടുക്കുക എന്നത് ഒരാനക്കാര്യം അല്ല എന്ന് ആദ്യം തോന്നിച്ചിരുന്നെങ്കിലും, ആനയ്ക്ക് പോലും അത് താങ്ങുവാൻ പറ്റാത്തതെന്ന് പിന്നീട് മനസ്സിലായി. പാസ്‌പോർട്ടിന് അപേക്ഷിക്കുവാൻ ഡിപ്പാർട്മെന്റിൽ നിന്ന് No Objection Certificate ( NOC) വേണമായിരുന്നു . ഞാൻ ജോലി ചെയ്തിരുന്നത് Railway Mail Service (RMS) എന്ന ഡിപ്പാർട്മെന്റിൽ ആയിരുന്നു. ഇങ്ങനെ ഒരു ഡിപ്പാർട്മെന്റിനെ കുറിച്ച് അധികമാരും അറിയുവാൻ വഴിയില്ല. ഞാൻ തന്നെ അറിയുന്നത് അവിടെ ജോലി കിട്ടിയതിനു ശേഷമാണ്. ഏറ്റവും ചെറിയ വാക്കിൽ പറഞ്ഞാൽ ഇന്ത്യൻ റെയിൽവെ എന്ന അച്ഛന് പോസ്റ്റൽ ഡിപ്പാർട്മെന്റ് എന്ന അമ്മയിൽ ഉണ്ടായ കുട്ടി എന്ന് വേണമെങ്കിൽ ഉപമാലങ്കാരത്തിൽ പറയാം. ഇന്ത്യയിൽ അഴിമതി രഹിതമായ ഡിപ്പാർട്മെന്റുകളുടെ ഒരു പട്ടിക എടുത്തത്താൽ ഒന്നാമത് നിൽക്കുന്നത് RMS എന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായിരിക്കും എന്ന് ഉറപ്പിച്ചു പറയാം, പൊതുജനങ്ങളുമായി നേരിട്ട് ഇടപാടുകൾ ഇല്ല എന്നതായിരിക്കാം ഒരു കാരണം
RMS -നെ കുറിച്ച് അല്പം .... കല്ലിനുമുണ്ടൊരു കഥ പറയാൻ എന്ന് ചാച്ചാജി പറഞ്ഞ പോലെ,കത്തുകൾക്കുമുണ്ടൊരു കഥ പറയാൻ ..... കാശ്മീരിലെ തണുത്തുറഞ്ഞ ഒരു ചുവന്ന തപാൽ പെട്ടിയിൽ പോസ്റ്റ് ചെയ്യുന്ന കത്ത് എങ്ങനെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറക്കു സമീപം ഉള്ള വിലാസക്കാരന്റെ കയ്യിൽ എത്തുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? പോസ്റ്റ് ഓഫീസിൽ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്കുള്ള ഈ കത്തുകളുടെ യാത്ര RMS വഴിയാണ്. നിരവധി കൈകളിലൂടെ ഉള്ള യാത്ര................ ആ കൈകൾ മുഴുവൻ RMS ജീവനക്കാരുടേതാണ് . ജോലി കിട്ടി ട്രെയിനിംഗിന് പോകുമ്പോൾ, സൗന്ദര രാജൻ എന്ന തമിഴ് ഇൻസ്‌ട്രുക്ടർ പറഞ്ഞത് ഇപ്പോഴും ചെവികളിൽ മുഴങ്ങുന്നു.
"നിങ്ങളുടെ കൈകളിലൂടെ പോകുന്നത് കത്തുകളല്ല............സ്പന്ദിക്കുന്ന ഹൃദയങ്ങളാണ് , അവയിൽ സന്തോഷം തെളിഞ്ഞു നിൽക്കുന്നുണ്ടാകും സന്താപം ഒളിഞ്ഞും കിടക്കുന്നുണ്ടാകും, പ്രേമം,കാമം, കോപം,ക്രോധം തുടങ്ങി എല്ലാ വികാരങ്ങളും പേറുന്നവയുമാണ് അവ ........ ഈ കത്തുകൾ ഒരു പോറൽ പോലുമേൽപ്പികാതെ, അതിന്റെ ഉടമയെ ഏല്പിക്കുക എന്നതാണ് നിങ്ങളുടെ ദൗത്യം ........"
RMS നെ പറ്റി ഇത്രയും പറഞ്ഞാൽ പോരെ ......അഴിമതി രഹിതമാണെങ്കിലും, എന്റെ പാസ്പോർട്ടിനുള്ള NOC യുടെ അപേക്ഷ ചെന്നതോടു കൂടി ,നാലു വശത്തു നിന്നും നിരവധി ചോദ്യങ്ങൾ വരുവാൻ തുടങ്ങി
എന്തിനു പാസ്പോർട്ട്? , എവിടെ പോകുന്നു?....... തുടങ്ങി അവർക്കാവശ്യമില്ലാത്ത നിരവധി ചോദ്യങ്ങൾ , അവയ്‌ക്കൊക്കെ നിശബ്ദത കൊണ്ട് മറുപടി പറഞ്ഞു....... . "നിനക്ക് വേണ്ടി ഡിപ്പാർട്മെന്റ് ചിലവാക്കിയ തുക മുഴുവൻ തിരിച്ചു നൽകേണ്ടി വരും ...." ഭീഷണിയും പുറകെ വന്നു
അന്ന് ടോട്ടൽ കംപ്യൂട്ടറൈസേഷൻ എന്ന പ്രക്രിയ ഡിപ്പാർട്മെന്റിൽ തകൃതിയായി നടക്കുന്ന സമയമാണ് ,പ്രത്യേകിച്ചും പോസ്റ്റൽ ഡിപ്പാർട്മെറ്റിന്റെ ഉപവിഭാഗമായ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്ന വിഭാഗത്തിൽ. ഇന്ത്യയിൽ ആദ്യമായി ഇൻഷുറൻസ് സമ്പ്രദായം തുടങ്ങിയത് LIC, OIC ,NIC തുടങ്ങിയ വമ്പന്മാരാണ് എന്ന് ആരെങ്കിലും ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ മാറ്റിക്കോളൂട്ടോ ...... അത് 1884 ൽ സ്ഥാപിതമായ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ( PLI) ആണ്. കൂടുതൽ ആളുകളിലേക്ക് ആ സർവീസ് കടന്നു ചെല്ലാതിരുന്നത് ,അത് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതിപ്പെടുത്തിയിരുന്നു എന്നുള്ളത് കൊണ്ടായിരുന്നു . പിന്നീട് Rural Postal Life Insurance (RPLI ) ഗ്രാമീണ ജനങ്ങൾക്ക് വേണ്ടി ആരംഭിച്ചു, തുടർന്ന് അതിന്റെ കംപ്യൂട്ടറൈസേഷൻ നടപടികളും, ആയിടക്ക് എന്നെ അവിടേക്കു ഡെപ്യൂട് ചെയ്യുകയും ചെയ്തു.
Rural Postal Life Insurance (RPLI ) എന്ന വിഭാഗത്തിൽ ജോയിൻ ചെയ്തപ്പോഴാണ് കാര്യങ്ങളുടെ സങ്കീർണ്ണത മനസിലായത് . കംപ്യൂട്ടറൈസേഷന്റെ ഭാഗമായി National Informatic Center (NIC ) ഡെവലപ്പ് ചെയ്ത സോഫ്ട്‍വെയർ അകെ പ്രശ്നങ്ങളുണ്ടാക്കുന്നു . ഇത്രയും അഡ്വാൻസ് ആയ ഈ കാലത്ത് സോഫ്റ്റ്‌വെയർ എത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് IT രംഗത്തെ പലർക്കും അറിയാം ..അപ്പോൾ കമ്പ്യൂട്ടറുകൾ പിച്ച വെക്കുന്ന കാലത്തെകുറിച്ചു പറയേണ്ടതില്ലല്ലോ .....ഒരു ചെറിയ പാച്ച് ചേർക്കാൻ പോലും ഡൽഹിയിൽ നിന്ന് ആള് വരേണ്ട അവസ്ഥയായി .അതുകൊണ്ടു ഞങ്ങൾ രണ്ടു പേരെ പ്രൈവറ്റായി ഒറാക്കിൾ ,വിഷ്വൽ ബേസിക് തുടങ്ങിയ പ്രോഗ്രാമുകൾ പഠിപ്പിച്ചു .നല്ലൊരു തുക ആ സ്‌കൂളുകൾക്ക് കൊടുത്ത വകയിൽ ഡിപ്പാർട്മെന്റിന് ചിലവാകുകയും ചെയ്തു.
ആ തുക തിരിച്ചടയ്ക്കാതെ പാസ്പോർട്ടിനുള്ള NOC കൊടുക്കാൻ പാടില്ല എന്ന് സെൿഷൻ ഓഫീസർ ചുവന്ന വട്ടം വരച്ചു എഴുതി വച്ചു. അതിനും മുകളിലുള്ള ഓഫിസറും 'പൂർണ്ണമായും ശരി' എന്നെഴുതി രണ്ടു ചുവന്ന വട്ടവും കുടി വരച്ചു . ചുരുക്കത്തിൽ NOC തരുവാൻ ഭാവമില്ലായിരുന്നു . ഇനിയെന്ത് എന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് പോസ്റ്റ് മാസ്റ്റർ ജനറലിനു (PMG ) അപ്പീൽ കൊടുക്കുവാൻ ആരോ ഉപദേശിച്ചത്, അദ്ദേഹവും മൂന്നാമത് ഒരു ചുവന്ന വട്ടവും കൂടി വരയ്ക്കും എന്നുറപ്പാണ് .......
പക്ഷെ, നടക്കേണ്ടത് നടന്നിരിക്കും എന്ന് പറയും പോലെ , ആയിടെ ഒരു പുതിയ PMG ചാർജ് എടുക്കുന്നു, സരസനും, രസികനും, നർമപ്രിയനും ആയ അദ്ദേഹം റിട്ടയർ ചെയ്യുവാൻ അധികം നാളുകൾ ഉണ്ടായിരുന്നില്ല. എന്തായാലും ഞാൻ അപ്പീൽ പ്രോപ്പർ ചാനലിലൂടെ അയക്കാതെ നേരിട്ട് പോയി അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ വിവരിച്ചു.
"ഇത്രയേ ഉള്ളോ ....താൻ പൊക്കോ, ശരിയാക്കാം " അദ്ദേഹം പറഞ്ഞു.
പിറ്റേ ദിവസം തന്നെ പഴയ ഓഫിസർ എന്നെ വിളിച്ചു പറഞ്ഞു "തന്റെ NOC ദേ ഒപ്പിട്ടിട്ടുണ്ട് കൊണ്ട് പൊയ്ക്കോ "
ചുവന്ന മഷിയിൽ വട്ടമിട്ട ആൾ തന്നെ നീല മഷിയിൽ ഒപ്പിട്ടു തന്നു. സർപ്പദംശനം ഏറ്റപോലെ കരുവാളിച്ച അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ NOC കൈപ്പറ്റി. അങ്ങനെ പാസ്പോർട്ടിനുള്ള വഴിയൊരുങ്ങി ,
ഇതിനിടയിൽ മാസ്സങ്ങൾ കടന്നു പോയിരുന്നു ......ഞങ്ങളുടെ റിക്രൂട്ടിങ് കമ്പനിയിൽ നിന്നും ദിനം തോറും ഇ മെയിലുകൾ വന്നുകൊണ്ടേ ഇരുന്നു ...സായിപ്പിനുണ്ടോ നമ്മുടെ നാട്ടിലെ ചുവപ്പു നാടകളെയും നൂലാമാലകളെ പറ്റി അറിയൂ .....?
അവസാനം അവർ ഒരു ദിവസം എഴുതി പറഞ്ഞു ...." നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്കിഷ്ടമുള്ളപ്പോൾ തന്നാൽ മതി ,കാരണവും അതിനു ചുവടെ ഉണ്ടായിരുന്നു .
"അമേരിക്കൻ വിസകൾ അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ചിരിക്കുന്നു ......."
ഇമെയിൽ വായിച്ച ഭാര്യയുടെ മുഖത്തു ഒരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല ..ഞാൻ എന്റെ സ്വപ്നങ്ങളെ പൊതിഞ്ഞു കെട്ടി രാത്രിയിലെ ഏകാന്തതകൾക്കു കളിക്കുവാൻ വിട്ടു കൊടുത്തു , അമേരിക്കൻ സ്വപ്‌നങ്ങൾ മറന്ന് വീണ്ടും ഞങ്ങളുടെ ഹീറോ ഹോണ്ട ബൈക്കിൽ ജോലിക്കു പോകുവാൻ തുടങ്ങി, RPLI വിഭാഗത്തിലെ വഴങ്ങാത്ത സോഫ്ട്‍വെയറിന്റെ മെരുങ്ങാത്ത കോഡുകളിലൂടെ ഉള്ള സഞ്ചാരം വീണ്ടും തുടർന്നു.
മുൻഭാഗങ്ങൾ വായിക്കുവാൻ ,താഴെ ലിങ്കിൽ ക്ലിക് ചെയ്താൽ മതി