Image

മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 02 August, 2021
മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കിക്കൊടുത്ത് ഓസ്‌ട്രേലിയയിലും ഇന്‍ഡ്യയിലും പാവങ്ങളെ ഊട്ടുന്ന മലയാളി കുടുംബം; മുംബൈയിലെ ചേരിയില്‍ സ്‌കൂള്‍, ഉഗാണ്ടയിലും ഇന്തോനേഷ്യയിലും  തൂടങ്ങി വിവിധ സ്ഥലങ്ങളിൽ കാരുണ്യപ്രവർത്തനങ്ങളിൽ വ്യാപൃതൻ ആയിരിക്കുന്ന ഒരു മലയാളിയെപ്പറ്റി മലയാളപത്രങ്ങളിൽ  ചുരുങ്ങിയ  കാലമായി പലപ്പോഴും വാർത്തകൾ വന്നിരുന്നു.

“വിദേശ മലയാളിയായ യുവാവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ ദുരിതം അനുഭവിക്കുന്നവർക്കു സഹായഹസ്തം. ആസ്‌ട്രേലിയയിൽ ജോലിയുള്ള കോഴഞ്ചേരി കീഴുകര കോയിക്കലേതു അനിയന്റെ മകൻ ജോർജി തോമസ് (34) ആണ് റിസ്റ്റോർ കേരള എന്ന പദ്ധതിയുടെ ഭാഗമായി ഭഷ്യ കിറ്റുകൾ വിതരണം  ചെയ്യുന്നത്. കോട്ടയം കുറിച്ചി, പനച്ചിക്കാട്, കഞ്ഞിരപ്പള്ളി, എടപ്പാൾ, ചെങ്ങന്നൂർ, ഇടനാട്, മാരമൻ, കീഴുകര തുടങ്ങി 12 സ്ഥലങ്ങളിൽ 1000 രൂപാ വിലവരുന്ന 400 ഭക്ഷ്യ കിറ്റുകൾ ആദ്യ ഘട്ടമായി വിതരണം ചെയ്തു. അടുത്ത ഘട്ടത്തിൽ മരുന്നുകൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആസ്‌ട്രേലയയിലെ സാമൂഹ്യ സേവന സംഘടനയായ മസ്റ്റാർഡ് സീഡ് ഫാമിലി പ്രോജെക്ടിന്റെ  ഡയറക്ടറും CEO യുമാണ് ജോർജി”

ഓസ്ട്രേലിയയില്‍ സാമൂഹ്യ  പ്രവര്‍ത്തകനായ ജോഷി ഇമ്മാനുവേൽ  പറഞ്ഞാണ് ജോര്‍ജ്ജിയെക്കുറിച്ച് കേള്‍ക്കുന്നത്. കുപ്പിപെറുക്കി വിറ്റ് പാവങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു മലയാളി. അറിഞ്ഞപ്പോള്‍ കൗതുകമായി. അങ്ങനെ ജോഷിയിൽ  നിന്നും അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു.

ഓസ്ട്രേലിയയില്‍ ഒരു ഹോട്ടലിലെ സീനിയര്‍ മാനേജരായിരുന്ന  ജോര്‍ജ്ജി തോമസ്, രണ്ടു വർഷമായി അവിടുത്തെ "ദി ഘാൻ" എന്ന ആഡംബര ട്രെയിനിൽ ജോലി ചെയ്യുന്ന  മഹല്‍വ്യക്തിയാണ്. ജോർജ്ജിയോട് വിശേഷങ്ങള്‍ നേരിട്ട് ചോദിച്ചറിയണം എന്ന് ഉറപ്പിച്ചു. അമേരിക്കൻ  ലാസ് വേഗാസ്‌ സമയത്തേക്കാള്‍ പതിനാറു  മണിക്കൂര്‍ മുന്നിലാണ് ഓസ്ട്രേലിയന്‍ സമയം. പല തവണ ഫോണില്‍ ട്രൈ ചെയ്തു. ഒടുവില്‍ അവിടുത്തെ ആളെ നേരിട്ട് കിട്ടിയപ്പോൾ  വളരെ സന്തോഷത്തോടെ ഞങ്ങൾ ഏറെ നേരം വിശദമായി സംസാരിച്ചു. അങ്ങനെ അറിഞ്ഞതിൽ പ്രസക്തഭാഗങ്ങൾ ചിന്തകളിൽ താലോലിച്ചപ്പോൾ, മാനവികത മനസ്സിൽ പേറുന്ന ചുരുക്കം യുവാക്കളിൽ ഇദ്ദേഹം എത്ര ആദരണീയൻ എന്ന് തോന്നിത്തുടങ്ങി.

2019 പുതുവര്‍ഷം പിറന്നത് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജോര്‍ജ്ജിയുടെ ഹൃദയത്തില്‍  മുറിവുകളേല്‍പിച്ചുകൊണ്ടായിരുന്നു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത ചുറ്റുമുള്ളവരുടെ ജീവിതമായിരുന്നു അയാളുടെ മനസില്‍ മുറിപ്പാടുകള്‍ ഏല്‍പിച്ചിട്ടുപോയത്. ജോർജി പറഞ്ഞു തൂടങ്ങി. “എട്ടു വയസുകാരിയായ എന്‍റെ മോളും ഞങ്ങളോടൊപ്പം ചേര്‍ന്നു. അന്ന് രാത്രി ഞങ്ങള്‍ സിറ്റിയിലാകെ കറങ്ങി. അദ്ഭുതമെന്നു പറയട്ടെ ഞങ്ങള്‍ക്ക് ധാരാളം ബോട്ടിലുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. ആ മാസം ഞങ്ങള്‍ക്ക് 1,000 ഡോളര്‍ (50,000 രൂപ) കളക്ട് ചെയ്യാന്‍ പറ്റി.”
 
ജോര്‍ജ്ജിയും മിനുവും മകള്‍ ഇവാന്‍ജലീനും മകനും

”സഹജീവികളുടെ ജീവിതത്തിലെ ബുദ്ധിമുട്ട് എന്‍റെ ഹൃദയത്തിലെങ്ങനെ കയറിക്കൂടിയെന്ന് വിവരിക്കാന്‍ കഴിയില്ല. പക്ഷെ നാട്ടിലേയും ഞാന്‍ ജീവിക്കുന്ന ഓസ്ട്രേലിയയിലേയും വിശപ്പിന്‍റെ വിളികള്‍ എപ്പോഴോ എന്നിലേക്ക് പതിക്കുകയായിരുന്നു. എന്നിലേക്കു മാത്രം എന്നു പറയുന്നത് ശരിയല്ല. എന്‍റെ കുടുംബത്തിലേക്കാണ് ആ വേദനകള്‍ വന്നു പതിച്ചത്,” ജോര്‍ജ്ജി പറഞ്ഞു തുടങ്ങി.

”ഞാന്‍ ഹോട്ടല്‍ മാനേജ്മെന്‍റാണ് പഠിച്ചത്. ഫൈവ് സ്റ്റാർ പദവി ഉള്ള  അഡിലേയ്ഡ് എയര്‍പോര്‍ട്ടിന്‍റെ റെസ്റ്റോറന്‍റിന്‍റെ മാനേജരായിരുന്നു, കഴിക്കുന്നത് സ്റ്റാര്‍ ഫൂഡ്. അത്ര നല്ല രീതിയില്‍ ജീവിതം. പക്ഷെ എനിക്കു ചുറ്റുമുള്ളവര്‍ ആഹാരത്തിനായി യാചിക്കുന്നതു കാണുമ്പോള്‍ ഉള്ളിലെവിടെയോ ഒരു വിങ്ങല്‍. എനിക്കു മാത്രമല്ല ഭാര്യ മിനുവിനും എന്‍റെ അതേ അനുഭവമാണ് ഉണ്ടായിരുന്നതു.

”പക്ഷെ എങ്ങനെ സഹായിക്കും? അതിനുള്ള പണം എവിടെ നിന്നു കണ്ടെത്തും? (ഞാനിതൊക്കെ പറയുമ്പോഴും മിനു അവളുടെ ജോലിയില്‍ നിന്നു കിട്ടുന്ന പണം കൊണ്ട് ആളുകളെ സഹായിക്കുന്നുണ്ടായിരുന്നു. മാത്രമല്ല നാട്ടില്‍ കുട്ടികളെ ഒക്കെ പഠിപ്പിക്കുന്നതിന് സ്പോണ്‍സര്‍ ചെയ്യുന്നുമുണ്ടായിരുന്നു.) ആലോചനകള്‍ തുടങ്ങി. പക്ഷെ അധികമായി പണം കണ്ടെത്താതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല.

“അങ്ങനെ ആ ഒരു ആലോചനയിലാണ് തെരുവോരങ്ങളില്‍ നിന്നും ബീച്ചുകളില്‍ നിന്നും ബോട്ടില്‍ പെറുക്കി റീസ്ലൈക്ലിങ്ങിന് കൊടുത്താല്‍ പണം ലഭിക്കുമെന്നറിയുന്നത്. എങ്കില്‍ പിന്നെ എന്തുകൊണ്ട് ആ വഴി തിരഞ്ഞെടുത്തുകൂടാ. ഞങ്ങള്‍ കുറച്ചു ബുദ്ധിമുട്ടിയാല്‍ മതി, കുറെ കുടുംബങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ സഹായിക്കാന്‍ കഴിയും. എങ്കില്‍ പിന്നെ അരക്കൈ നോക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

“മാത്രമല്ല ഒരു ബോട്ടിലിന് പത്ത് സെന്‍റ് (അഞ്ചു രൂപ)വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വളരെ സീരിയസ് ആയി നടപ്പാക്കിയ പദ്ധതിയാണിത്,” ടെന്‍ സെന്‍റ് സ്ഫോര്‍ എ ഫാമിലി (Ten Cents 4 A Family ) എന്ന ആശയത്തിലേക്ക് എത്തിയതിനെപ്പറ്റി ജോര്‍ജ്ജി പറയുന്നു.

ഇവാന്‍ജലീന

2019 ജനുവരി മാസം മൂന്നാം തിയതിയാണ് ഞാനും എന്‍റെ കുടുംബവും ചേര്‍ന്ന് ബോട്ടില്‍ ശേഖരണം ആരംഭിക്കുന്നത്. ബോട്ടില്‍ ശേഖരണമെന്നു പറയുമ്പോള്‍ വഴിയരികിലും ബീച്ചിലുമൊക്കെ കറങ്ങി ഉപേക്ഷിക്കപ്പെട്ടവ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്.


തുടക്കത്തില്‍ സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ ഈ ആക്രി പെറുക്കല്‍ പരിപാടിയെ ശരിക്കും കളിയാക്കിയിരുന്നുവെന്ന് ജോര്‍ജ്ജി. ആദ്യമൊക്കെ ഒരു ചെറിയ നാണക്കേട് തോന്നിയിരുന്നുവെന്ന് ജോര്‍ജ്ജി സമ്മതിക്കുകയും ചെയ്യുന്നു.

”ആദ്യമൊക്കെ സുഹൃത്തുക്കളൊന്നും കാണാതെ ഇരുട്ടിന്‍റെ മറ പറ്റിയായിരുന്നു ബോട്ടില്‍ ശേഖരണം. കണ്ടവരൊക്കെ പറഞ്ഞു ഇയാള്‍ക്കിതിന്‍റെ ആവശ്യം വല്ലതുമുണ്ടോയെന്ന്,” ജോര്‍ജ്ജി ചിരിക്കുന്നു. എന്നാല്‍ ലക്ഷ്യത്തെക്കുറിച്ചും അതിനുപിന്നിലെ നന്മയെക്കുറിച്ചും നല്ല ഉറപ്പുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം പിന്മാറിയില്ല.

“ഞാനുപയോഗിക്കുന്ന കാറിലാണ് ഈ കുപ്പികള്‍ പെറുക്കുന്നത്. അതില്‍ പല തരത്തിലുള്ള കുപ്പികള്‍ ഉണ്ടാവും. രാത്രിയില്‍ ശേഖരിക്കുന്ന കുപ്പികള്‍ രാവിലെ മാത്രമേ എന്‍റെ കാറില്‍ നിന്നു നീക്കാന്‍ കഴിയുകയുള്ളു. കുപ്പിയുടെ ഈ രൂക്ഷ ഗന്ധം കാറിനുള്ളില്‍ തങ്ങി നില്‍ക്കും.” കാറില്‍ ലിഫ്റ്റ് കൊടുക്കുന്നവരോട് ജോര്‍ജ്ജി പറയാറുണ്ട്, കാറിനുള്ള ചീത്ത മണമുണ്ട്, സഹിക്കാന്‍ കഴിയുമെങ്കില്‍ മാത്രം കയറുക എന്ന്. അധികം വൈകാതെ കളിയാക്കിക്കൊണ്ടിരുന്ന സുഹൃത്തുക്കളും കൂടെക്കൂടി. പലരും ബോട്ടിലുകള്‍ ശേഖരിച്ചു ജോര്‍ജ്ജിക്ക് നല്‍കാന്‍ തുടങ്ങി.

“ബോട്ടിലുകള്‍ സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ കളക്ഷന്‍ ഡിപ്പോകളില്‍ റീസൈക്ലിങ്ങിനായി തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഒരു കുപ്പിയ്ക്ക് പത്തു സെന്‍റ് എന്ന നിരക്കിലാണ് വില തരുന്നത്,” ജോര്‍ജ്ജി പറയുന്നു. ആദ്യം കിട്ടിയ പണം കൊണ്ട് ഓസ്ട്രേലിയയിലെ തന്നെ ഒരു പ്രമുഖ ചാരിറ്റി സംഘടനയായ സാല്‍വോസിന് അവിടുത്തെ അന്തേവാസികള്‍ക്കായി ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. കുറേക്കാലം കേടുകൂടാതിരിക്കുന്ന ടിന്‍ഫുഡും ജ്യൂസുകളുമൊക്കെയായിരുന്നു ജോര്‍ജ്ജിയും കുടുംബവും അന്ന് വാങ്ങി നല്‍കിയത്. അതുപോലെ തന്നെ പശ്ചിമബംഗാളിലെ ഒരു ഗ്രാമത്തിലേക്ക് അവര്‍ക്കാവശ്യമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കാനും തുടങ്ങിയെന്ന് ജോര്‍ജ്ജി അഭിമാനത്തോടെ പറയുന്നു.

”പദ്ധതി രണ്ടാം മാസത്തിലേക്ക് എത്തിയതോടെ ഞങ്ങളുടെ പ്രതീക്ഷകളും ഇരട്ടിച്ചു. കൂടുതല്‍ കൂടുതല്‍ ബോട്ടിലുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. അതോടെ കുറച്ചു കൂടി വിപുലമായി കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ആ മാസം ഓസ്ട്രേലിയയില്‍ തന്നെ ബ്ലഡ് കാന്‍സര്‍ ബാധിച്ച ഒരു കുട്ടിയുടെ ആശുപത്രിയിലെ ബില്ലുകള്‍ മുഴുവന്‍ അടക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. മാത്രമല്ല ആ മാസവും ടിന്‍ ഫുഡ് വിതരണം ചെയ്യുന്നതിനും കഴിഞ്ഞു,” ജോര്‍ജ്ജി തുടരുന്നു.

ഓസ്ട്രേലിയയില്‍ എത്തും മുന്‍പ് ഗോവയിലും ദുബായിലും ലണ്ടനിലും ഹോട്ടല്‍ മാനേജരായി ജോലി ചെയ്തിട്ടുള്ള ജോര്‍ജ്ജി കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കാരനാണ്. ഓസ്ട്രേലിയയില്‍ ലോണ്‍ട്രി ഹെല്‍പറായി മുമ്പ് ജോലി ചെയ്തിരുന്ന  മിനു, ഇടുക്കി അടിമാലിക്കാരിയും.

 ചാരിറ്റിയ്ക്കു വേണ്ടിയാണ് ജോര്‍ജ്ജിയും കുടുംബവും ബോട്ടില്‍ ശേഖരണം ആരംഭിച്ചതെങ്കിലും സുഹൃത്തുക്കളിലൊരാളാണ് അതിന്‍റെ മറ്റൊരു സാമൂഹ്യ നന്മയെക്കുറിച്ച്  വിശദീകരിച്ചത്.

”ജോര്‍ജ്ജീ താനീ ചെയ്യുന്നത് ഒരു നന്മ മാത്രമല്ല കേട്ടോ. ഭൂമിയ്ക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കിനെതിരെ കൂടിയുള്ള ഒരു പോരാട്ടമാണ് കേട്ടോ,” അപ്പോഴാണ് ഞാനതിന്‍റെ പൊതുനന്മയുടെ മറ്റൊരു വശം തിരിച്ചറിഞ്ഞത്. ഞാനായിട്ട് ഭൂമിയെ സംരക്ഷിക്കുന്നു എന്ന് മറ്റൊരാളുടെ നാവില്‍ നിന്നു കേട്ടപ്പോള്‍ ഞാന്‍ ശരിക്കും എക്സൈറ്റഡ് ആയി,”കാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ കൂടിയാണെന്ന് അറിഞ്ഞുകൊണ്ട് ചെയ്യാന്‍ തുടങ്ങിയത് അങ്ങനെയാണെന്ന് ജോര്‍ജ്ജി പറയുന്നു.
 
”ആദ്യമൊക്കെ ഒരു രജിട്രേഡ് സ്ഥാപനമായല്ല ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. കുപ്പി പെറുക്കി വിറ്റു കിട്ടുന്ന പണം ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് നീക്കിവെച്ചിരുന്നത്. പക്ഷെ സംഭവം അത്യാവശ്യം ആളുകള്‍ അറിഞ്ഞു തുടങ്ങിയതോടെ ഓരോ മാസവും ഓരോ മിഷന്‍ മാത്രം ഏറ്റെടുക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായി,’ അങ്ങനെയാണ് ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രെജിസ്റ്റര്‍ ചെയ്യുന്നതെന്ന് ജോര്‍ജ്ജി.

 മുംബെയിലെ ചേരിയിലേക്ക്

”കഴിഞ്ഞ ഏപ്രില്‍ മാസത്തോടെയാണ് ടെന്‍ സെന്‍റ് സ് ഫോര്‍ എ ഫാമിലിയുടെ  പ്രവര്‍ത്തനങ്ങള്‍ മുംബൈയിലെ ചേരിയിലേക്ക് വ്യാപിപ്പിച്ചാലെന്താണ് എന്നാലോചിക്കുന്നത്. ആലോചനയുടെ അന്ത്യത്തില്‍ അവിടെയുള്ള ഒരു സുഹൃത്തിന്‍റെ സഹായം തേടി. എന്‍റെ അച്ഛനുമൊത്തായിരുന്നു മുംബെയിലേക്ക് വണ്ടി കയറിയത്,” മുംബൈയില്‍ കണ്ടത് ഹൃദയം പൊട്ടുന്ന കാഴ്ചകളായിരുന്നുവെന്ന് ജോര്‍ജ്ജി.

മുംബൈ താനെയിലെ ഒരു വലിയ ചേരിയിലേക്കായിരുന്നു അവരുടെ ആദ്യ യാത്ര. “പക്ഷെ അവിടെ കയറിപ്പറ്റുകയെന്നത് ഞങ്ങള്‍ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല. പതിയെപ്പതിയെ അവരുടെ ഇടയിലുള്ള ഒരാളുമായി സൗഹൃദത്തിലാകുകയും ചേരിയിലേക്ക് കടക്കാന്‍ കഴിയുമെന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ അവിടെയുള്ളവര്‍ക്ക് നമ്മളിലുള്ള വിശ്വാസം ആദ്യം നേടിയെടുക്കണം.

മുംബൈയിലെ ചേരിയില്‍‍ ഭക്ഷണക്കിറ്റുകള്‍ നല്‍കാനെത്തിയ ജോര്ജ്ജി അവിടെ ഒരു സ്കൂള്‍ സ്ഥാപിക്കണമെന്ന തീരുമാനവുമായാണ് തിരിച്ചുവന്നത്.

“ഞങ്ങളെ കണ്ടതും പ്രദേശത്തെ ചില സ്ത്രീകള്‍ അലമുറയിടാന്‍ തുടങ്ങി. ഞങ്ങളുടെ കുട്ടികളുടെ കിഡ്നിയും അവയവങ്ങളും എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞായിരുന്നു അവര്‍ ബഹളം വെച്ചത്. എന്നാല്‍ ഞങ്ങള്‍ അവരെപ്പോലെ തന്നെയുള്ളവരാണെന്നും സഹായിക്കാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ കുറച്ചൊക്കെ അയഞ്ഞു. അങ്ങനെ ഞങ്ങളവിടെ കയറിപ്പറ്റി.

“ഞങ്ങള്‍ കരുതിയിരുന്ന ബിസ്‌ക്കറ്റും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളും അവിടുത്തെ കുട്ടികള്‍ക്കു കൊടുത്തു. എന്നാല്‍ എനിക്ക് ദുഖം താങ്ങാന്‍ കഴിയാതെ വന്നത് അപ്പോഴൊന്നുമല്ല. ഞാന്‍ കൊടുത്ത ബിസ്‌ക്കറ്റ് ഒരു കുട്ടിയുടെ കൈയ്യില്‍ നിന്നും താഴെ പോയി.

“എപ്പോള്‍ വേണമെങ്കിലും നിലംപൊത്താറായ കുടിലുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന അഴുക്കുചാലിലേക്കാണ് അത് വീണത്. പക്ഷെ ആ കുട്ടി ആ ബിസ്‌ക്കറ്റ് അവിടെ നിന്നുമെടുത്തു കഴിക്കാന്‍ ശ്രമിക്കുന്നു.ശരിക്കും പറഞ്ഞാല്‍ എന്‍റെ സങ്കടം സഹിക്കാനായില്ല. പൊട്ടിക്കരഞ്ഞു പോയി,” ജോര്‍ജ്ജിക്കിപ്പോഴും ആ കാഴ്ച മറക്കാനാവുന്നില്ല.

മുംബൈയിലെ ചേരിയിലെ ആ ദിവസം സന്ദര്‍ശിച്ചത്  ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നുവെന്ന് ജോര്‍ജ്ജി തുറന്നുപറയുന്നു

ഭക്ഷണക്കിറ്റുകള്‍ (അരിയും പ‌ഞ്ചസാരയും ബിസ്‌കറ്റും പരിപ്പും എണ്ണയും ചോക്ലേറ്റുമൊക്കെ അടങ്ങുന്നതായിരുന്നു കിറ്റ്) അവിടെ വിതരണം ചെയ്തു.

“അവിടെയൊരു സ്‌കൂള്‍ തുടങ്ങാന്‍ ഞാന്‍ പദ്ധതിയിട്ടു. എന്നാല്‍ ആഹാരത്തിന് വകയില്ലാത്തവര്‍ എങ്ങനെ സ്‌കൂളില്‍ പോകും? മാത്രമല്ല കുട്ടികള്‍ ജോലിയെടുത്ത് ദിവസേന 200 രൂപയോളം വീട്ടില്‍ കൊണ്ടുകൊടുക്കാറുമുണ്ട്. കുട്ടികളെ സ്‌കൂളിലേക്കയച്ചാല്‍ ഞങ്ങള്‍ക്ക് ആ തുക കിട്ടുമെന്ന് ഉറപ്പാക്കി തരണം. എങ്കില്‍ സ്‌കൂളില്‍ വിടാം എന്നായി അവര്‍. അവരുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായി.

“ആ ചേരിയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു. അതില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. 6 വയസു മുതല്‍ 14 വയസുവരെയുളള കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സ്‌കൂളിന്‍റെ ലക്ഷ്യം. അക്ഷരമാല, കണക്ക്, ഹിന്ദി എന്നിവ കുട്ടികള്‍ക്കു പഠിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു പ്രാഥമികമായി സ്‌കൂളില്‍ നടപ്പാക്കിയത്,” ജോര്‍ജ്ജി വിശദമാക്കുന്നു.

മുംബൈയില്‍ ആരംഭിച്ച സ്കൂള്‍.

സ്‌കൂളില്‍ വരുന്ന കുട്ടികള്‍ ദിവസവും ഉച്ചക്ക് ഭക്ഷണം നല്‍കാനും തുടങ്ങി. നാല്‍പതോളം കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. വളരെ താല്‍പര്യപൂര്‍വ്വം മുന്നോട്ടുവന്ന സീമയെയാണ് സ്‌കൂള്‍ നടത്തിപ്പ് ഏല്‍പിച്ചിരിക്കുന്നതെന്ന് ജോര്‍ജ്ജി.

മുബൈയിലെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ മാത്രം ഒതുക്കിയില്ല. ചേരിയിലെ പെണ്‍കുട്ടികളുടേയും അമ്മമാരുടേയും ശാക്തീകരണം ലക്ഷ്യമാക്കി അവധി ദിവസങ്ങളില്‍ തയ്യല്‍ ക്ലാസുകള്‍ തുടങ്ങി. ധാരാളം സ്ത്രീകളും പെണ്‍കുട്ടികളും തയ്യല്‍ പഠിക്കാനായി അവിടെയെത്തുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.

ജോര്‍ജ്ജിയുടെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ ഒതുങ്ങി നില്‍ക്കുന്നില്ല.

യു പിയിലെ തുകല്‍പൂരില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്തു. പിന്നെ, പഞ്ചാബിലും കഴിയാവുന്നതുപോലെ ചില കാരുണ്യപ്രവര്‍ത്തികള്‍. ഇതിനിടയിലൊന്നും കേരളത്തേയും മറന്നില്ല.

മിഷന്‍ ഓസ്ട്രേലിയ

”10 സെന്‍റ്സ് 4 എ ഫാമിലി ആരംഭിക്കുമ്പോള്‍ എന്‍റെ ലക്ഷ്യം ഓസ്ട്രേലിയ മാത്രമായിരുന്നില്ല. എന്നെ ഞാനാക്കി വളര്‍ത്തിയ എന്‍റെ നാടിന്‍റെ ഉന്നമനത്തിനു കൂടിയുള്ള കരുതലായിരുന്നു ലക്ഷ്യം. ഓസ്ട്രേലിയ എനിക്ക് അന്നം തരുന്നു. എന്‍റെ ഉയര്‍ച്ചയ്ക്ക് എന്‍റെ നാടാണ് കാരണം,”ജോര്‍ജ്ജി തുടരുന്നു

മിഷന്‍ ഓസ്ട്രേലിയയുടെ ഭാഗമായുള്ള ചൈല്‍ഡ്ഹുഡ് കാന്‍സര്‍ അസോസിയേഷനുമായും റെഡ്ക്രോസ് ആര്‍മിയുമായും സാല്‍വേഷന്‍ ആര്‍മിയുമായും ജോര്‍ജ്ജിയുടെ 10 സെന്‍റ്സ് 4 എ ഫാമിലി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. വീടില്ലാത്ത പാവപ്പെട്ട ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് വീടുവെച്ചുനല്‍കുക, ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുക, മദ്യം-മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിപ്പെട്ടുപോയവരെ മോചനത്തിന് സഹായിക്കുക, കൂടാതെ തൊഴില്‍ രഹിതര്‍ക്ക് തൊഴിലിനായുള്ള പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മിഷന്‍ ഓസ്ട്രേലിയയിലും ജോര്‍ജ്ജിയും കുടുംബവും സജീവമായി പങ്കെടുക്കുന്നു.

ജോര്‍ജ്ജിയും കുടുംബവും ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ അവിടേക്കു കൂടി വ്യാപിപ്പിച്ചുകഴിഞ്ഞു.

പഞ്ചാബി പെണ്‍കുട്ടിയുടെ കരുതല്‍

”ഒരു രൂപ പോലും ആരില്‍ നിന്നും വാങ്ങാതെയും എന്‍റെ സ്വന്തം അധ്വാനത്തിന്‍റെ ഫലം ഉപയോഗിച്ചും ഞാന്‍ സമൂഹത്തില്‍ നടത്തുന്ന സേവനങ്ങള്‍ക്ക് വലിയ വിമര്‍ശനങ്ങള്‍ ഒക്കെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ പണമുള്ള ഞാനെന്തിന് ഈ ബോട്ടില്‍ പെറുക്കി നടക്കുന്നു എന്നൊക്കെയും ആളുകള്‍ പറഞ്ഞിരുന്നു.

“ഞാനും ഭാര്യയും എട്ടുവയസുകാരി മോളും കൂടിയാണ് വൈകുന്നേരങ്ങളില്‍ ബോട്ടില്‍ ശേഖരിക്കാന്‍ ഇറങ്ങുന്നത്. വേനല്‍ കടുത്തതോടെ എന്‍റെ കാറിന്‍റെ ഡിക്കിയില്‍ ഉള്‍ക്കൊള്ളുന്നതിലും അധികം ബോട്ടിലുകള്‍ (ടിന്നുകള്‍, ക്യാനുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍) നിരത്തിലും ബീച്ചിലും…

“ഞാന്‍ നേരത്തേ പറഞ്ഞല്ലോ ആദ്യമാസം ഞങ്ങള്‍ക്ക് 1,000 ഡോളര്‍ നേടാന്‍ കഴിഞ്ഞെന്ന്. മാത്രമല്ല എന്‍റെ ആക്ടിവിറ്റീസിലെ സുതാര്യത കൂടി മനസിലാക്കിയതോടെ ആളുകള്‍ എന്നിലേക്ക് കൂടുതല്‍ ആകൃഷ്ടരായി തുടങ്ങി. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും എനിക്ക് വേണ്ടി ഉപയോഗശൂന്യമായ ബോട്ടിലുകള്‍ മാറ്റിവെച്ചു തുടങ്ങി,” ജോര്‍ജ്ജി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വളരെ സംതൃപ്തിയോടെ വിവരിക്കുന്നു.

”അതിലേറെ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിയ ഒരു സംഭവം എന്താണെന്ന് വെച്ചാല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആക്യഷ്ടയായ ഒരു കൊച്ചു പഞ്ചാബി പെണ്‍കുട്ടി അടുത്തിടെ എന്നെ വിളിച്ചു. അങ്കിള്‍ ഞാന്‍ കുറച്ച് ബോട്ടില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. വന്നു കളക്ട് ചെയ്യാന്‍ കഴിയുമോ എന്നു ചോദിച്ചു. ആ കുട്ടിയുടെ സ്നേഹം, കരുതല്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഞാന്‍ അവളോട് പറഞ്ഞു മോള് കുറച്ചു കൂടി ബോട്ടില്‍ കളക്ട് ചെയ്തോളൂ ഞാന്‍ വന്നെടുത്തോളാം എന്ന്. ആ കുട്ടിയുടെ കുടുംബത്തിന് എന്നെ നേരിട്ടറിയില്ല,” അദ്ദേഹം തുടരുന്നു.

ഇത്തരത്തില്‍ നിരവധി പേരാണ് ജോര്‍ജ്ജിയുടെ ലക്ഷ്യത്തിന് കൈത്താങ്ങായി കൂടെയുള്ളത്.

”ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നില്‍ അവസാനിക്കാനുള്ളതല്ല. അത് മറ്റുള്ളവരും ജീവിതത്തില്‍ പകര്‍ത്തണം. എങ്കിലേ ഞാന്‍ തുടങ്ങി വെച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഫലം കാണാനാകൂ,” ജോര്‍ജ്ജി പറയുന്നു.

ജോര്‍ജ്ജിയും കുടുംബവും ഒരിക്കലും വെക്കേഷന്‍ മൂഡിലൊന്നുമല്ല. അവര്‍ അപ്പോഴും ബോട്ടിലുകള്‍ പെറുക്കുകയാണ്. കഴിഞ്ഞ  ഏപ്രിലില്‍ ജോര്‍ജ്ജിയും കുടുംബവും ഇന്‍ഡൊനേഷ്യയിലെ ബാലിയിലേക്ക് ഒരു ട്രിപ്പ് പോയി. പക്ഷെ അതും വെറുമൊരു ടൂറില്‍ അവസാനിപ്പിക്കാന്‍ ജോര്‍ജ്ജി ഒരുക്കമല്ലായിരുന്നു .

”ഞങ്ങള്‍ അവിടുത്തെ ഒരു ചാരിറ്റി ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ യാത്ര അറേഞ്ച് ചെയ്തിരുന്നത്. ഒരു സുഹൃത്താണ് അതിനായി സഹായിച്ചത്. ഭക്ഷണം, വസ്ത്രം, മറ്റ് ആവശ്യമായ പിന്തുണ എന്നിവയാൽ  ആ  അനാഥാലയത്തെ ഞങ്ങൾ പിന്തുണച്ചു.” ജോര്‍ജ്ജി ആ യാത്രയെപ്പറ്റി ചുരുക്കി  പറഞ്ഞു.

കോഴഞ്ചേരിയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറുമ്പോള്‍ ജോര്‍ജ്ജിയുടെ മനസില്‍ ഇത്തരം ആശയങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് വന്ന് ഭവിച്ചതാണ്.

”ഭൂമിയ്ക്ക് നാശമായി വലിച്ചെറിയപ്പെടുന്ന കുപ്പികള്‍ കൊണ്ട് ആളുകളുടെ വിശപ്പുമാറ്റാനാകുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ. അതുപോലെ ആ പ്ലാസ്റ്റിക്കുകള്‍ ഭുമിക്ക് ഭാരമാകാതെ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നു എന്നതും മികച്ച കാര്യങ്ങളിലൊന്നാണ്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നതുപോലെ എന്നേക്കൊണ്ടും എന്‍റെ കുടുബത്തേക്കൊണ്ടും ചെയ്യാന്‍ കഴിയുന്നത് ഞങ്ങള്‍ ചെയ്യുന്നു,” അദ്ദേഹം വിനയത്തോടെ പറയുന്നു.

പാവങ്ങളെ സഹായിക്കാനുള്ള മറ്റു ചില പദ്ധതികളാണ് കെ എഫ്‌ സി  വിതരണവും, പെയ്ഡ് ഫോർ യൂ കഫേയും.

"രാത്രി ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ കുറച്ച് സന്നദ്ധപ്രവർത്തകർ ഭവനരഹിതർക്ക് പുതുതായി തയാറാക്കിയകെ എഫ്‌ സി  നൽകുന്നു. അങ്ങനെ ഭവനരഹിതരുമായി ഒരു ബന്ധം സൃഷ്ടിക്കുന്നു."
 
4 യു കഫെ കേവലം ഒരു പേ ഇറ്റ് ഫോർ‌വേഡ് കഫേയാണ്,  അടുത്ത വ്യക്തിക്കായി അല്ലെങ്കിൽ ഹോംലെസ്സ് ആൾക്കാർക്കുവേണ്ടി കഴിവുള്ളവർ മുൻ‌കൂർ പണമടക്കുന്നു , ആവശ്യമുള്ളവർക്ക് സൗജന്യമായി ഭക്ഷണം. ഇതുപോലെ വിതരണം ചെയ്യുന്ന കഫേ വിജയകരമായി മുന്നേറുന്നു. പെയ്ഡ്  4 യു കഫെ ഒരാഴ്ച, ഞാൻ നടത്തും, അടുത്ത ഒരാഴ്ച എന്റെ ഭാര്യ സന്നദ്ധപ്രവർത്തകർക്കൊപ്പം കഫേ നടത്തും. പെയ്ഡ് 4 യു കഫെ, കഷ്ടപ്പെടുന്ന കുടുംബങ്ങൾക്കും ഭവനരഹിതർക്കും കോഫി പരിശീലനം നേടാനുള്ള സ്ഥലമായി അവർക്ക് അംഗീകൃത പരിശീലനവും തൊഴിൽ പരിശീലന അനുഭവവും നൽകി സാധാരണ ജീവിത ശൈലിയിലേക്ക് മടങ്ങുവാൻ ഞങ്ങൾ സഹായിക്കുന്നു.


റിസ്റ്റോർ കേരളാ എന്ന പദ്ധതി പ്രകാരം, പ്രതിമാസ ഭക്ഷണ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളുമുള്ള 400 ഓളം കുടുംബങ്ങളെ ഞങ്ങൾ പിന്തുണച്ചതു പോലെ, അടുത്ത ഘട്ടത്തിൽ കേരളത്തിലെ നിരവധി പാവപ്പെട്ട  കുടുംബങ്ങൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുവാനുള്ള പദ്ധതിയുടെ തയ്യാറെടുപ്പിലാണ് ജോർജിയും കുടുംബവും ഇപ്പോൾ.

ഓസ്ട്രേലിയയില്‍ വേനല്‍ കടുത്തതിനാലും ജോര്‍ജ്ജി നല്ല തിരക്കിലായിരുന്നു. ഹോട്ടലിലെ തിരക്കു കഴിഞ്ഞുള്ള സമയത്ത് ബീച്ചുകളിലും റോഡുകളിലും കുപ്പി പെറുക്കിയെടുക്കുന്ന തിരക്കിലാവും ജോര്‍ജ്ജി.

വേനലില്‍ വെള്ളംകുടി കൂടുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ കുപ്പികളുടെ എണ്ണവും കൂടും; അപ്പോള്‍ ജോര്‍ജ്ജിക്ക് പണിയും കൂടും

ഓസ്ട്രേലിയന്‍ സമയം രാത്രി പത്തരയോടെയാണ് ഞാനും ജോര്‍ജ്ജിയും തമ്മിലുള്ള ദീര്‍ഘ സംഭാഷണം അവസാനിച്ചത്. ആ സമയത്ത് വഴിയരികില്‍ എവിടെയോ കുറെ കുപ്പികള്‍ കിടക്കുന്നത് അദ്ദേഹത്തിന്‍റെ കണ്ണില്‍ പെടുന്നത്. ‘ വണ്ടിയിൽ ഇടമില്ല എങ്കിലും ഞാനതു കൂടി വണ്ടിയില്‍ പെറുക്കിയിടാം, മാത്രമല്ല അതിരാവിലെ 120 സ്ലീപ്പിങ് ബാഗുകൾ. ഹോംലെസ്സ് ആയവർക്ക് വിതരണം ചെയ്യാനുണ്ട്. ’ എന്ന് സ്വയം പറഞ്ഞ് അദ്ദേഹം കോള്‍ കട്ട് ചെയ്തു.

നിരവധി പേർ കോടികളുടെ സമ്പാദ്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ നിശ്ശ്ബ്ദരായിരിക്കുമ്പോൾ, തെരുവുകളിലും ബീച്ചുകളിലും കുപ്പികൾ പെറുക്കി പാവങ്ങളെ സഹായിക്കുന്ന ജോർജ്ജിനും കുടുംബത്തിനും അഭിവാദനങ്ങൾ.

മനുഷ്യസ്നേഹവും നന്മയും സ്വല്പമെങ്കിലും മനസ്സിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അഗതികൾക്കും അർഹരായപാവപ്പെട്ടവർക്കും, നല്ല ജീവിതവും അതിജീവനത്തിനുള്ള പടവുകളും നമുക്ക് ഒരുക്കിക്കൊടുക്കാമെന്ന് ജോർജ്ജി മാതൃകയാകുന്നു.
മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Join WhatsApp News
Joshy Emmanuel 2021-08-02 20:39:17
I know Georgi and his family personality for years. I never imagind his charity work would impact in such way when he shared his vision on his project couple of years ago.I know his works from the scratch, but still I couldn’t read completely this Dr. Mathew Joyce’s article without tears in my eyes at 5 am this morning. Mr. Georgi and his family is the classic example of how much someone can do for humanity and this needy world. If the rich share their wealth with the needy, then I believe no one in the world go to bed hungry. And their will be equality too. The creator enriched the earth with wealth, and endless resources so that every one can enjoy the life. But unfortunately the wealth is amassed by the few. Look! Georgi, he finds the resources from the rubbish to feed the needy to bring their dreams into reality. And it is really a shame for the rich who don’t even know what to do with their millions. I remember a verse from the Bible “Woe unto the rich as you stored up your richness in this end time, and this richness will stand against you in the day of judgement, and the same will be rotten and be eaten by the worms”. Let us lern and start to share with the needy after reading this uncommon story. You may not see another Georgi among millions, but we can do atleast a little for the needy and marginalised. I strongly recommend anyone who read this article to give a ring to Georgi to know him personally and to be a part with what he does. I give Dr. Mathew Joyce and his family a big thanks for taking their valuable time, and showing the interest to study Georgi’s zealous charity work to bring it to millions of eyes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക