Image

അടഞ്ഞ ജാലകം (കവിത: രമണി അമ്മാൾ)

Published on 05 August, 2021
അടഞ്ഞ ജാലകം (കവിത: രമണി അമ്മാൾ)
ഏറെനാളായടഞ്ഞു
കിടക്കും 
ജാലകമൊന്നു തുറക്കട്ടെ ഞാൻ..!
തുരുമ്പു തിന്ന കൊളുത്തും
ജീർണ്ണത പുല്കിയ
പാളികളും 
നീരസമോടെയടർന്നു
വീഴുന്നു...
ഇരുളിൽ പിടഞ്ഞൊടുങ്ങിയ
വെളിച്ചത്തിൻ 
ചീഞ്ഞ ഗന്ധം വമിക്കും
മുറിയിലേക്ക്.
ഇരയെവിഴുങ്ങാനാ-
ഞ്ഞടുക്കും പുറംവെട്ടം..
ഇരവോയിതു പകലോ..
പുറം കണ്ണിലും 
അകക്കണ്ണിലുമിടപഴകിയോരന്ധകാരം..
തരിശു ഭൂമിയും 
നരച്ചയാകാശവും
മനോമുകുരത്തിൻ
മരച്ചില്ലയ്ക്കിടയ്ക്കൂടെ-
ത്തിനോക്കുമൊരു
കീറു വെട്ടവും...!
കൊടും തപസ്സിന്നൊടുക്കം
ശാപമോക്ഷം..
ആയുസ്സിന്നിലകളെ 
കീടങ്ങൾ ഭക്ഷിക്കും 
മുൻപൊരുവട്ടംകൂടി
പകൽവെട്ടം നുണയാൻ 
പിന്നെയീ ജാലകം
ചേർത്തടച്ചു സമാധിക്കായ്
കാത്തിരിക്കാൻ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക