പാമ്പും കോണിയും - നിർമ്മല - നോവൽ - 58

Published on 07 August, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 58
വെസ്റ്റേൺ സ്ട്രീറ്റിലെ 178 -ാം കെട്ടിടത്തിലേക്കു പോകണമെന്ന് തെയ്യാമ്മയ്ക്കു തോന്നി. നാല് അപ്പാർട്ടുമെന്റ് യൂണിറ്റുകളുള്ള ചെറിയ രണ്ടുനിലക്കെട്ടിടം . ഇടനാഴിക്ക് ഇരുവശവുമായി രണ്ട് അപ്പാർട്ടുമെന്റുകൾ വീതം. ആദ്യമായി ഈപ്പനും തെയ്യാമ്മയും സ്വന്തമായി വാങ്ങിയ കെട്ടിടമാണത്. മറ്റു മലയാളികൾ ചെറിയ വീടുകൾ വാങ്ങിയപ്പോൾ ഈപ്പൻ പറഞ്ഞത് ഇതു വാങ്ങാമെന്നായിരുന്നു. രണ്ടാം നിലയിലെ അപ്പാർട്ടുമെന്റിൽ താമസിച്ചുകൊണ്ട് മറ്റു മൂന്നു യൂണിറ്റുകളും അവർ വാടകയ്ക്കു കൊടുത്തു. വാടക കൊടുക്കാതെ മറ്റു താമസക്കാരിൽ നിന്നും വാടക വാങ്ങി കടംവീട്ടി. ഈപ്പന് റിയൽ എസ്റ്റേറ്റ് ലഹരിയായി മാറിയത് അങ്ങനെയാണ്. വീടുകൾ വാങ്ങുക. അറ്റകുറ്റപ്പണികൾ തീർത്ത് വിൽക്കുക. വില കുറഞ്ഞു നിൽക്കുന്ന സമയത്ത് അയാൾ വീടുകൾ വാടകയ്ക്കും കൊടുത്തു.
ഭംഗിയായി സൂക്ഷിക്കാതിരുന്ന പഴയ വീടുകൾ കുറഞ്ഞ വിലയ്ക്കു വാങ്ങാൻ ഈപ്പൻ പഠിച്ചു. ഒരു സിവിൽ എൻജിനിയറുടെ കഴിവുകൊണ്ട് അയാൾ അതിനെ പുതുക്കിയെടുത്തു. കാനഡയിൽ എല്ലാം റെഡിമെയ്ഡായി വാങ്ങാൻ കിട്ടും . കുറഞ്ഞ പണിക്ക് വിസയില്ലാത്ത കൂലിക്കാരെയും അയാളുടെ ബുദ്ധി കണ്ടുപിടിച്ചു. രണ്ടു കൂട്ടർക്കും ലാഭം ലാഭം! പെയിന്റു ചെയ്ത് , തോട്ടം വെച്ചുപിടിപ്പിച്ച് കല്ലും ചരലും നിരത്തി അകവും പുറവും ഭംഗിയാക്കി അയാൾ വീടുകളെ സുന്ദരമാക്കി. പിന്നെ സൗന്ദര്യം തികഞ്ഞ വീടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ സഹായിച്ചു വിഹിതം നേടി. പക്ഷേ, ആ കണക്കുകളൊക്കെ തെയ്യാമ്മയുടെ ലോകത്തിനു പുറത്തായിരുന്നു.
വെസ്റ്റേണിലെ 178-ാം നമ്പർ കെട്ടിടം വാങ്ങിയത് ഈപ്പനും തെയ്യാമ്മയും ഒന്നിച്ച് ആലോചിച്ചിട്ടായിരുന്നു. പതിനായിരം ഡോളർ ഡിപ്പോസിറ്റു കൊടുത്തതുകൂടി നഷ്ടപ്പെട്ടാലെന്തു ചെയ്യുമെന്ന് ഉൽകണ്ഠപ്പെട്ട് അവർ ഉറങ്ങാതെ കിടന്നിട്ടുണ്ട്. ഇപ്പോൾ അക്കൗണ്ടിൽ നിന്നും പതിനായിരം ഡോളർ പോയാൽ തെയ്യാമ്മ അറിയില്ല.
അന്ന് തെയ്യാമ്മയാണ് വാടകക്കാർക്കുവേണ്ടി അപ്പാർട്ടുമെന്റ് ഒരുക്കിയത്. നല്ല മണത്തിന് ഓവനിൽ കേക്ക് ബേക്ക് ചെയ്തു. പ്ലാസ്റ്റിക് പൂവുകൾ കുളിമുറിയിൽ വെച്ചു. പുതിയൊരു ചവുട്ടി വാങ്ങി വാതിലിനടുത്തിട്ടു. കാണാൻ വരുന്ന വർക്ക് ആകർഷകം, ചെളിയൊക്കെ വൃത്തിയാക്കിയ മുറികൾക്കകത്തേയ്ക്കു കടക്കാതെ, ആശുപത്രിയിലെ കൂട്ടുകാരികൾ പറഞ്ഞു കൊടുത്ത വിദ്യകളൊക്കെ തെയ്യാമ്മ പ്രയോഗിച്ചു.
ഓരോ വാടകക്കാരു പോയിക്കഴിഞ്ഞപ്പോഴും അവർ രണ്ടു പേരുംകൂടി അപ്പാർട്ടുമെന്റ് പെയിന്റ് ചെയ്തു. പുറവും നടുവും വേദനിച്ചിട്ടും പണിതീർന്നുകഴിയുമ്പോൾ അവർക്കു വല്ലാത്തൊരു സംതൃപ്തിയുണ്ടായിരുന്നു. അതുകഴിഞ്ഞ് ആദ്യത്തെ വീടു വാങ്ങുമ്പോഴേക്കും തെയ്യാമ്മയുടെ വിദ്യകളൊക്കെ ഈപ്പനു പഴയതായി ക്കഴിഞ്ഞിരുന്നു.
വീടുകാണിച്ച് ഇതാണു നമ്മൾ വാങ്ങാൻ പോകുന്നതെന്ന് അയാൾ 
തെയ്യാമ്മയോടു പറഞ്ഞു. അതിന്റെ ഗുണങ്ങളൊക്കെ കാണിച്ചു കൊടുത്തു.
തെയ്യാമ്മ പറഞ്ഞ കുറവുകളെയൊക്കെ മറ്റു ഗുണങ്ങളുടെ മുമ്പിൽ നിസ്സാരമാക്കി തെളിയിച്ചു. ലാഭം ..അതിലാഭം. പിന്നെ അവർ വീടുകൾ രണ്ടുകൂടി മാറി. ഏറ്റവും അവസാനത്തേത് രണ്ടേക്കർ പുരയിടത്തിൽ നാലായിരം സ്ക്വയർ ഫീറ്റിൽ മാർബിളും സ്കൈലൈറ്റും റോമൻ ബാത്തുമായി കലണ്ടറിലെ ചിത്രംപോലൊരു വീട്.

തെയ്യാമ്മ വെസ്റ്റേൺസ്ട്രീറ്റിലെ അപ്പാർട്ടുമെന്റിനു മുമ്പിൽ കാറ് നിർത്തി. മുപ്പത്തിയഞ്ചു വർഷങ്ങൾ അതിനെ വളരെ പഴയതാക്കിയിരിക്കുന്നു. അതോ പുതിയതും മെച്ചപ്പെട്ടതും കണ്ണിനു ശീലമായിപ്പോയതുകൊണ്ട് തെയ്യാമ്മയ്ക്ക് അങ്ങനെ തോന്നുന്നതാണോ?
അവർ തുറന്നുകിടന്ന വാതിലിലൂടെ മുകളിലത്തെ നിലയിലേക്കു നടന്നു. ഹാളിനകത്തു പാറ്റാവിഷത്തിന്റെയും പിന്നിലെ ഗ്യാസ് സ്റ്റേഷനിൽ നിന്നുള്ള ഗ്യാസലിന്റെയും മണം.
ഇരുപത്തിമൂന്നാം യൂണിറ്റിലെ കിടപ്പുമുറിയുടെ ജനൽ തുറന്നിട്ട് ആ മണം ഉള്ളിലേക്കു വലിച്ചിട്ടുള്ളത് തെയ്യാമ്മ ഓർത്തു. പഴയ ഗ്യാസലിന്റെ മണം അവരെ സ്നേഹത്തോടെ പുൽകി. അന്ന് കിടപ്പുമുറിയിൽ നിൽക്കുമ്പോൾ തെയ്യാമ്മയുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു. ഒരുപാടൊക്കെ നേടാനുണ്ടെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്തെല്ലാം നേടി. ഇപ്പോൾ നാക്കിൽ ക്യാൻസർ വരെ !
23 - എന്നെഴുതിയ വാതിലിൽ തെയ്യാമ്മ മുട്ടി. പ്രായം കൂടിയ ഒരു സ്ത്രീ പകുതി വാതിൽ തുറന്ന് വാതിൽച്ചങ്ങല മാറ്റാതെ എന്തു വേണമെന്നു ചോദിച്ചപ്പോൾ ഉത്തരം കിട്ടാതെ അവൾ കുഴങ്ങി.
- അപ്പാർട്ടുമെന്റ് റെന്റു ചെയ്യുന്നുണ്ടോ ?
അവരുടെ വിഡ്ഢിച്ചോദ്യം കേട്ട് ആ സ്ത്രീ കയർക്കാൻ തുടങ്ങി.
- ഗെറ്റ് എവേ ഫ്രം മൈ ഡോർ . യൂ ബിച്ച് !
തിരികെ കാറോടിക്കുമ്പോൾ തെയ്യാമ്മ ആവർത്തിച്ചു പറഞ്ഞു:
- കൊടിച്ചി ... ചുരുണ്ടു കിടക്കാൻ ഇടമില്ലാത്ത കൊടിച്ചി ...! തെണ്ടിത്തിരിഞ്ഞു നടക്കുന്ന കൊടിച്ചി. കൊടിച്ചി ..

തെയ്യാമ്മ എത്തുമ്പോൾ ഈപ്പൻ വീട്ടിലുണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചയായിരുന്നു. അയാൾക്ക് വിൽക്കാനിട്ടിരിക്കുന്ന ഓപ്പൺ ഹൗസുകൾക്കു കാവലിരിക്കണം. വീടും ചിരിയും തുറന്നു വലവിരിച്ചിരിക്കണം. തെയ്യാമ്മ പരിചയപ്പെട്ടിട്ടു തന്നെയില്ലാത്ത ഇന്റീരിയർ ഡെക്കറേറ്ററാണ് ഇപ്പോൾ വീടുകൾ അലങ്കരിക്കുന്നത്. ഞായറാഴ്ചകളിൽ അയാൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിട്ട് കാലം എത്രയായി. പള്ളിയിൽ പോകാൻ ഈപ്പനെ നിർബന്ധിച്ചിരുന്ന പഴയകാലത്തെ തെയ്യാമ്മയോർത്തു.
എവിടെയാണു പിഴച്ചത്. ഒന്നും എങ്ങും പിഴച്ചിട്ടില്ല. ഇത് ഇങ്ങനൊക്കെയാണ്. തെയ്യാമ്മയുടെ മനസ്സ് പറഞ്ഞു. സ്നേഹവും കരുതലുമില്ലാത്ത ജീവിതം വെറും കളവാണെന്ന് അവൾക്കറിയാം. പരസ്പരം ഒന്നും പറയാനില്ലാത്ത ശൂന്യമായ ദിവസങ്ങളും നിറഞ്ഞു കവിയുന്ന മനസ്സുമായി അവരുടെ ജീവിതം വിങ്ങിപ്പൊട്ടിത്തീരുകയാണ്.
ഇപ്പോഴത്തെ വീട്ടിലെ കട്ടിയുള്ള നീലപ്പട്ടുകൊണ്ടു തീർത്ത കർട്ടനു പുറത്തെ ലോകം തെയ്യാമ്മയ്ക്ക് അറിയാത്തതായിരുന്നു. ഈപ്പന് അവളോടൊന്നും പറയാനില്ല. തെയ്യാമ്മ പറയുന്നതൊന്നും കേൾക്കാനുമിഷ്ടമില്ല. ഒരേ കിടക്കയിൽ പരസ്പരം തൊടരുതെന്ന് ഉറപ്പുവരുത്തി ശ്രദ്ധയോടെ അവർ ഉറങ്ങി. വലിയ മുറികൾ. വലിയ ഊണുമേശ , വലിയ കട്ടിൽ . പരസ്പരം അടുക്കാതിരിക്കാനുള്ള എല്ലാ വഴികളും അയാൾ കണ്ടുവെച്ചിരുന്നു.
അപ്പനൊരു മുറി അമ്മയ്ക്കു വേറൊരു മുറി എന്നു കണ്ടു ശീലിച്ചതായിരുന്നു ഈപ്പന്റെ ശരി. കുടുംബമഹിമ കുത്തി നിറച്ചുവെച്ചിരിക്കുന്ന ആ വീട്ടിൽ പല മുറികളിലായി ജീവിതം അടക്കിപ്പിടിച്ചു വെച്ചിരിക്കുന്നത് തെയ്യാമ്മയ്ക്കറിയാം. അപ്പൻ ഒന്നാമനായി ഉണ്ണാനിരിക്കും. കുട്ടികൾ മറ്റൊരു സമയത്ത് . പെണ്ണുങ്ങൾ വേണ്ടത് എടുത്ത് അടുക്കളപ്പുറത്തോ ഉരലിൻപുറത്തോ ചിലപ്പോൾ സ്വന്തം മുറിയിലോ ഇരുന്നു കഴിക്കും. കുടുംബം ഈപ്പനിലെ കുട്ടിക്ക് ഒരിക്കലും അഭയമായിരുന്നില്ലെന്ന് അവളറിഞ്ഞു. അയാൾക്കു കിട്ടാത്തത് , കൈവശമില്ലാത്തത് അയാളെങ്ങനെയാണു മറ്റൊരാൾക്കു കൊടുക്കുന്നത്.
ഇവിടെയും ഈപ്പൻ ആഹ്ളാദങ്ങൾക്കും ആസ്വാദനത്തിനും സ്വന്തമായി ഒരു ലോകം കെട്ടിയുണ്ടാക്കി. അടച്ചുപൂട്ടിയ കോട്ടപോലുള്ള ഈപ്പന്റെ ലോകത്തിനു പുറത്ത് തെയ്യാമ്മ ഒറ്റയ്ക്കു നിന്നു. അയാൾ സുഹൃത്തുക്കളെ കോട്ടയ്ക്കകത്തേക്കു കൈപിടിച്ചു കയറ്റി. അവരവിടെയിരുന്നു തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. ഈപ്പന്റെ സുഹൃത്തുക്കൾ അവരുടെ ഭാര്യമാരെയും അയാളുടെ ലോകത്തേക്കുകൊണ്ടു പോയി. അവരൊന്നിച്ചു ചിരിച്ചുരസിച്ചു. തെയ്യാമ്മ ഏകാകിയായി പുറത്തുനിന്നു. പുറത്തു തണുപ്പായിരുന്നു. കൂട്ടുകാരികൾ അസൂയപ്പെട്ടു.
- എന്തൊരു നല്ല മനുഷ്യൻ !
- ഈപ്പൻ ഞങ്ങളെ പുതിയ ഡൈനിങ് റൂം സെറ്റ് കാണിച്ചു.
അയാളുടെ കോട്ടയ്ക്കകത്തെ വർണക്കാഴ്ചകൾ തെയ്യാമ്മ കൂട്ടുകാരികളിലൂടെ അറിഞ്ഞു.
- 25 8 ബെർഗ് മാൻസ് ലെയ്നിലെ വീട്ടിലെ ആ ലിവിങ് റൂം സെറ്റ് എവിടുത്തേതാ തെയ്യാമ്മ ?
- ഈപ്പന്റെ സെലക്ഷൻ നല്ലതാ. കാശുമൊടക്കിയതിന്റെ കാണാനൊണ്ട് .
തെയ്യാമ്മയ്ക്കറിയാത്ത മോഡലുകൾ, തെയ്യാമ്മയ്ക്കറിയാത്ത ഫാഷനുകൾ , തെയ്യാമ്മയ്ക്കറിയാത്ത തെയ്യാമ്മയുടെ ജീവിതത്തിന്റെ പങ്കുവെപ്പ്.
തുറന്ന പുസ്തകം പോലുള്ള സ്വന്തം ജീവിതം നിരർത്ഥകമാണെന്ന് അവൾക്കു തോന്നി. കുടഞ്ഞു കളയാനാവാത്തൊരു തലച്ചുമടായി ജീവിതം തെയ്യാമ്മയെ ഭയപ്പെടുത്തി. അയാൾ കുതിരപ്പുറത്തു കയറി ഊരുകൾ ചുറ്റുകയാണ്. അവളൊറ്റയ്ക്ക് ഒരേ സ്ഥലത്ത് തണുത്തുറഞ്ഞ് കാത്തിരിക്കുന്നു.
തെയ്യാമ്മ ഡാർളിയെ ഓർത്തു. ഡാർളിയുടെ വഴികൾ എത്ര ശരിയായിരുന്നുവെന്ന് അവരറിഞ്ഞു. ഒരു ദിവസമെങ്കിൽ ഒരു ദിവസം. മറ്റൊരാൾക്കു വേണ്ടപ്പെട്ടവളായി ജീവിക്കുക എന്നത് എത്ര ആനന്ദകരവും സംതൃപ്തവും ആയിരിക്കും എന്ന് തെയ്യാമ്മ കൊതിയോടെ നിനച്ചു.
എന്തിനാണ് ഈ കഷ്ടപ്പാടെന്ന് അവൾ ആലോചിക്കാറുണ്ട്. ഇത്രയും വലിയ വീട് അവൾ ആഗ്രഹിച്ചിട്ടില്ല. ഏതെങ്കിലുമൊരു കാർ എന്നതിലധികമൊരു മോഹവും അവൾ കൊണ്ടു നടന്നിട്ടില്ല.
ഈപ്പന് സ്വന്തം ബിസിനസ്സു വേണമെന്നായിരുന്നു ആഗ്രഹം. നാട്ടിൽ എൻജിനീയറായിരുന്ന അയാളൊരിക്കലും എൻജിനിയറിങ് പ്രൊഫഷനിലേക്കു കടന്നില്ല. ഈപ്പന്റെ നോട്ടം പണത്തിലായിരുന്നു. പണത്തിലും ആഡംബരത്തിലുമായിരുന്നു. പണം തീർന്നുപോയ വീട്ടിലെ ഇല്ലായ്മകൾ അയാളെ എന്നും ഭരിച്ചു. ഈപ്പന്റെ ചെറുപ്പകാലത്ത് അവരുടെ വീട്ടിൽ സ്നേഹം ഉണ്ടായിരുന്നില്ല. കലഹവും മറച്ചുപിടിക്കേണ്ട ദാരിദ്ര്യവും കണ്ടാണ് അയാളിലെ കുട്ടി വളർന്നത്. ആ കുട്ടിയുടെ ആഹ്ളാദങ്ങളും ആശ്വാസങ്ങളും വീടിനു പുറത്തായിരുന്നു.
ഈപ്പൻ റിയൽ എസ്റ്റേറ്റിലേക്കു തിരിഞ്ഞ കാലത്ത് അതിൽനിന്നും സ്ഥിരമായി വരുമാനം കിട്ടിയിരുന്നില്ല. വരുമാനം ഉണ്ടാവുമോ എന്നു തന്നെ ഭയപ്പെടുത്തുന്നൊരു കടബാധ്യതയായി ഈപ്പന്റെ ബിസിനസ്സ് തെയ്യാമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. വരവും ചെലവും തട്ടിക്കിഴിച്ചാൽ ഒരു ശമ്പളംകൂടി ഇല്ലാതെ പറ്റില്ലായിരുന്നു. ഈപ്പന്റെ ആഗ്രഹങ്ങൾക്കു വളർന്നു കയറാനൊരു താങ്ങുമരമായി തെയ്യാമ്മയുടെ ജോലി പല ആശുപത്രികളിലായി പടർന്നു പന്തലിച്ചു. തിങ്കൾ മുതൽ വെള്ളി വരെ . വെള്ളി മുതൽ തിങ്കൾ വരെ ആ വരവുകളുടെ ബലത്തിലാണ് ഈപ്പന്റെ ബിസിനസ്സ് വളർന്നത്.
ബിസിനസ്സ് ഇപ്പോൾ വന്മരമായിരിക്കുന്നു. തെയ്യാമ്മയുടെ ശമ്പളം ഇനി അയാൾക്ക് ആവശ്യമില്ല, തെയ്യാമ്മയെത്തന്നെ ഈപ്പന് ആവശ്യം ഇല്ലാതായിട്ട് വളരെക്കാലമായിരിക്കുന്നു. ഇപ്പോൾ ജോലി തെയ്യാമ്മയ്ക്കൊരു ആശ്വാസമാണ്.
- എഴുന്നേറ്റ് കുളിക്കുകേം തുണിമാറുകേം ചെയ്യുമല്ലോ.
അവൾ സ്വയം പറയും. ആരുടെ ജീവിതമാണു താൻ ജീവിക്കുന്നതെന്ന് തെയ്യാമ്മ ആലോചിക്കാറുണ്ട്.
പ്രതിഫലം തന്നീടുവാൻ യേശുരാജൻ വന്നീടുവാൻ 
അധികമില്ലിനിയും നാളുകൾ
നമ്മുടെ ആധികൾ തീർന്നീടുവാൻ ...
വല്യമ്മച്ചി പാടിയ പാട്ട് ആരും വീട്ടിലില്ലാത്തതിന്റെ സ്വാതന്ത്ര്യത്തിൽ തെയ്യാമ്മ ഉറക്കെ പാടി. തലമുറ രണ്ടു കഴിഞ്ഞിരിക്കുന്നു. യേശുരാജൻ വന്നില്ലല്ലോ. എന്തിന്റെ പ്രതിഫലം എങ്ങനെയാണു തരുന്നത് ?
തെയ്യാമ്മയിലെ തർക്കക്കാരി ഉണർന്നു.
- സ്വച്ഛന്ദമായ ഉറക്കം. എല്ലാ അത്യദ്ധ്വാനത്തിനും പ്രതിഫലം സുഖനിദ്ര.
ഓരോ കയറ്റത്തിനും ഓരോ ഇറക്കമുണ്ട്. ആരോ പറഞ്ഞത് തെയ്യാമ്മ ഓർത്തു. കയറ്റം മാത്രമായിട്ടുള്ള വഴി നടന്നു ക്ഷീണിച്ചിരിക്കുന്നു. ഇനി ഇവിടെ നിന്നും എല്ലാം ഇറക്കമായിരിക്കും.
അന്തമില്ലാത്തൊരു കുഴിയിലേക്ക്?
തെയ്യാമ്മ കിതച്ചു. ശ്വാസം വിടാൻ കൂടുതൽ ബുദ്ധിമുട്ടാകുന്നു.
തളരാൻ പറ്റില്ല. തളരാൻ പാടില്ല.
എത്ര രോഗികളെ അവൾ പറഞ്ഞാശ്വസിപ്പിച്ചിട്ടുണ്ട്. എത്ര രോഗികളെ സുഖപ്പെടില്ല എന്നറിഞ്ഞു കൊണ്ട് - യൂ ആർ ഓൾ ഗുഡ് എന്നു പറഞ്ഞിട്ടുണ്ട്.
കുട്ടികൾ ഓമനച്ചിരിയോടെ ഭിത്തിയിലെ ഫ്രെയിമിലിരുന്നോർമ്മിപ്പിച്ചു.
തെയ്യാമ്മ പടം കൈയിലെടുത്തു. വളരെ പഴയ പടമാണ്. രണ്ടു പേരും എത്ര മാറിപ്പോയിരിക്കുന്നു. പടങ്ങളിലെ കുട്ടിത്തം നിറഞ്ഞ മുഖങ്ങൾ കണ്ടപ്പോൾ അവളുടെ മുല ത്രസിച്ചു. 
കുട്ടികൾക്കും അമ്മയെ മടുത്തിരിക്കുന്നു. 
തെയ്യാമ്മയുടെ മക്കളും ഇപ്പോൾ സുഹൃത്തുക്കളുടെ ഹരംപിടിപ്പിക്കുന്ന സുന്ദരലോകത്താണ്.
                      തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ - 58
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക