Image

അമ്മമനസ്സ് (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

Published on 10 August, 2021
അമ്മമനസ്സ് (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)
ഇല്ല,കാലം മാപ്പുനൽകില്ലമ്മ തൻ
നൊമ്പരച്ചൂടു തൊട്ടറിയാത്തയാർക്കും!

അകലെയുള്ള മകൻ്റെ സാമീപ്യ-
ത്തിനായടക്കാൻ കഴിയാത്ത,
ആശയുമായ്,കാത്തിരിക്കുന്നമ്മ;
അമ്മ തന്നുൾത്താപമീറൻമിഴിയിൽ നിസ്സഹായതയായ് നിറയുമ്പോൾ
ഞാൻ കാണുന്നു, എൻ്റെ വാർദ്ധക്യം.
കാലം 'കനിവോടെ ' നൽകിയ കേൾവിക്കുറവിൽ, അപ്രിയ വാർത്തകൾ കാതുകൾ
കേൾവിയിലെത്തിക്കാത്ത, വാർദ്ധക്യത്തിൻ 'വരപ്രസാദവും '!

ഇല്ല,കാലം മാപ്പു നൽകില്ലീ നൊമ്പര-
ച്ചൂടു തൊട്ടറിയാത്തയാർക്കും!നനവുകൾ വറ്റിയ മിഴിയിൽ ഞാൻകാണുന്നു; ഉള്ളിൽ
പൊടിയുന്ന മുറിവിൻ,നിറയും ചുവപ്പും, എരിയുന്ന കനലിൻ്റെ ചൂടും.

മക്കൾ തൻ, മരുമക്കൾ തൻ,
കൊച്ചുമക്കൾ തന്നായുസ്സിനായ്
പ്രാർത്ഥിച്ചു മനസ്സിൽ സ്നേഹനിറവു- മായമ്മ;
ഇതു ഞാൻ തന്നെ, യെന്നറിവിൻ വിങ്ങലുമായി ,
സ്വാർത്ഥമെൻ മനസ്സും തേങ്ങുന്നു.
ഈ മനമറിയില്ലയെങ്കിൽ, ഇല്ല, കാലം മാപ്പു നൽകില്ലയാർക്കും,
എന്നുള്ളിൽ പറയുന്നു.

വേണ്ടെനിക്കൊന്നും; കാഴ്ച മങ്ങുന്നേരം,
കേൾവി കുറയുന്നേരം; എൻ്റെ ശരീരമെന്നെ
താങ്ങുവാനാവാതെ കിതയ്ക്കുന്നേരം;
എൻ്റെയാ വാർദ്ധക്യത്തിലെനിക്കു വേണ്ടതൊന്നു മാത്രം;
വല്ലപ്പോഴും, മക്കൾ തൻ സന്തോഷമോടെയൊന്നായുള്ള
സാമിപ്യം; അവർ തൻ ദുഃഖങ്ങൾ പങ്കിടൽ;
വേർതിരിക്കാനാവില്ലെനിക്കെങ്കിലു
മെന്നരികിലവരുടെ ചിരിയൂറും ശബ്ദങ്ങൾ;
പാട്ടും ചിരിയും തമാശയു,മെന്നെയും ചേർത്തുള്ള
നിറയും നിമിഷങ്ങളും, അത്രമാത്രം!
അച്ഛൻ്റെയാത്മാവും തെളിഞ്ഞു,കളിചിരികൾ നിറഞ്ഞു
മന്ദഹസിക്കുന്ന വീടിൻ്റെയുള്ളവും!

വേണ്ട തേങ്ങലുകൾ,ഞാൻ യാത്ര- പോകുമ്പോൾ,
ഒരു നിമിഷം മിഴിപൂട്ടി,  ഹൃദയത്തിൽ 'അമ്മേ'യെന്ന വിളി
മാത്രം മതി; യതു മാത്രം മതി;
അമ്മ കേൾക്കും, ആത്മാവു മക്കൾക്കായ്-
മോഹിച്ചവർ തന്നരികെയെത്തും,
സാന്ത്വനമായ്, സ്നേഹപ്രപഞ്ചമായി.

ഇല്ല,കാലം മാപ്പു നൽകില്ലമ്മ തൻ നൊമ്പരച്ചൂടു തൊട്ടറിയാത്തതയാർക്കും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക