Image

തണുത്ത വിരുന്നുകൾ (കഥ: പുഷ്പമ്മ ചാണ്ടി)

Published on 17 August, 2021
തണുത്ത വിരുന്നുകൾ (കഥ: പുഷ്പമ്മ ചാണ്ടി)
ഇലകൾ പൊഴിച്ച മരങ്ങളിൽ പറ്റിയിരിക്കുന്ന വെള്ളപ്പഞ്ഞി പോലെ ഹിമകണങ്ങൾ . വല്ലാത്ത ഒരു മൂളലോടെ ആഞ്ഞടിക്കുന്ന കുത്തിത്തറയ്ക്കുന്ന ചുളുചുളുപ്പൻകാറ്റ് .
കാറ്റിൽ താൻ വീണുപോകുമെന്നു തോന്നി . ചെറുതായി മഞ്ഞു പൊഴിയുന്നുണ്ട് . ഷീല കാറ്റിൽ കുട പറന്നു പോകാതിരിക്കാൻ , ബലമായി അത് പിടിച്ചുകൊണ്ടു നീണ്ട കാൽവെപ്പുകളോടെ നടന്നു .
തന്റെ നരച്ച കമ്പിളി മേലങ്കിയുടെ പോക്കറ്റിൽ നിന്നും വീടിന്റെ താക്കോൽ എടുത്തു വീട് തുറന്നു . 
ഈ താക്കോലും അടച്ചുപൂട്ടിയ വീടും എന്നും ശ്വാസം മുട്ടിക്കും . നാട്ടിലെ വീട് ഒരിക്കലും ഇങ്ങനെ അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല . എല്ലാവരും കൂടി വീട് പൂട്ടി എങ്ങും പോകാറില്ല . ഇവിടെ വന്നതിനു ശേഷം കൊല്ലങ്ങളായിട്ടും  ഇപ്പോഴും അതൊരു ഇഷ്ടക്കേടാണ് .
ഇരുട്ടു നിറഞ്ഞ മുറിയിൽ കയറി അവൾ ലൈറ്റിട്ടു. വേഷം മാറിവന്നു കടുപ്പത്തിൽ ഒരു കാപ്പി ഇട്ടു . ആസ്വദിച്ച് അതു കുടിക്കുമ്പോൾ ഓർത്തു .
എത്ര കപ്പു കാപ്പിയാണ് താൻ ഒരു ദിവസം കുടിക്കുന്നത് ... നാത്തൂൻ റീന പറയുന്നതുപോലെ 
ഉറക്കം ഇല്ല എന്ന് പറയാതെ ഈ കാപ്പികുടി ഒന്ന് നിർത്തുമോ . ഇതും ഒരു  അഡിക്ഷൻ ആണ് ..

അത് അറിയാഞ്ഞിട്ടല്ല , എന്തോ ചൂട് കാപ്പി ഊതി കുടിക്കുമ്പോൾ ഒരു സുഖം .
അല്ല ജീവിതത്തിൽ എന്തെങ്കിലും ഒരു ദുശ്ശീലം വേണ്ടേ ?"
ഫോൺ മണിയടിക്കാൻ തുടങ്ങി . തോമാസ്‌കുട്ടിയാണ്.
വെറുതെ ആ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയിരുന്നു, എപ്പോഴും ഇങ്ങനെയാണ് അയാൾ വിളിക്കുമ്പോൾ ഉടനെ ഫോൺ  എടുക്കില്ല.
കുറച്ചു കഴിഞ്ഞു തിരികെ വിളിക്കും . സത്യത്തിൽ അത് എന്തിനാണെന്ന് അറിയില്ല.
 തിരികെ വിളിച്ചപ്പോൾ ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു ..
ഷീല , സുഖം ആണോ ..
സുഖം ..
നാളെ എന്താണ് പരിപാടി ?
നാളെ വെള്ളിയാഴ്ച അല്ലെ , ഓഫീസിൽ പോകണം .
ഹാഫ് ഡേ ലീവ് എടുക്കാൻ പറ്റുമോ ?
എന്താ ലഞ്ച് വേണമോ ?
അയാൾ ചിരിച്ചു . അതെ എനിക്ക് ലണ്ടനിൽ ഒരു മീറ്റിംഗ് ഉണ്ട് .
അത് കഴിഞ്ഞ് ഒരൊന്നര ആകുമ്പോൾ എത്താം .
ശരി എന്ന് പറഞ്ഞു ഫോൺ വെക്കുമ്പോൾ അയാൾ ഓർമപ്പെടുത്തി . ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി മറക്കല്ലേ .
" ഉം "
ഫോൺ വെച്ചുകഴിഞ്ഞപ്പോൾ ഓർത്തു .അല്ല താൻ എന്തിനാ ശരി എന്ന് പറഞ്ഞത് ? 
തോമസുകുട്ടി തൻ്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയിട്ടു എട്ടു വർഷം ആയി . തന്നെ തനിച്ചാക്കി പോയിട്ട് , ഇടയ്ക്കു വീണ്ടും വേദന തരാൻ തൻ്റെ ഏകാന്തതയെ  ഒളിഞ്ഞു നോക്കാൻ അനുവാദം കൂടാതെ
തന്‍റെ മനസ്സിന്‍റെ മുറിവുകളെ മാന്തി നോവിക്കാൻ ....
അല്ലാതെയെന്തിന്..?
അമ്മ എന്തിനാണ് അയാളെ ഇങ്ങനെ പിന്നെയും എൻറ്റർറ്റേൻ ചെയ്യന്നത് എന്നെനിക്കു അറിയില്ല .
ഇന്ത്യൻ ഫുഡ് കഴിക്കാൻ തോന്നുമ്പോൾ കയറി വരും . എനിക്ക് തോന്നുന്നു അമ്മ അത് ആസ്വദിക്കുന്നു എന്ന് .
അമ്മക്ക് അയാൾ തരുന്നത് കോംപ്ലിമെൻറ് അല്ല , ഹി ഈസ് യൂസിങ് യുവർ ഗുഡ് വിൽ ..

നിയമപരമായി ഇന്നും വിവാഹമോചിതർ ആയിട്ടില്ല . എന്നാലും തോമസുകുട്ടി ഇന്ന് മറ്റൊരാളുടെയാണ് .
പിന്നെ അവൾ പറഞ്ഞത് നേരാണ് .
താൻ ഇന്നും അയാളുടെ സാമിപ്യം ഇഷ്ടപ്പെടുന്നു . വെച്ച് ഉണ്ടാക്കി കൊടുക്കുമ്പോൾ .. അയാൾ അത് ആസ്വദിച്ചു കഴിക്കുമ്പോൾ സന്തോഷിക്കുന്നു .
ഇതുപോലെ മഞ്ഞു പൊഴിയുന്ന ഒരു ദിവസം ആണ് തോമസുകുട്ടി അത് പറഞ്ഞത് , 
ഷീല ഇവിടെ വന്നിരിക്കു, ഒരു കാര്യം പറയാനുണ്ട്  ഞാൻ വീട് മാറുന്നു. 
തമാശ പറയുകയാണെന്ന് തോന്നി .
ഞാൻ ബിയാങ്കയുമായി  പ്രണയത്തിലാണ്..
ആരാ ബിയാങ്ക ?
ഞങ്ങൾ ഒന്നിച്ചു നേരത്തെ ജോലി ചെയ്തിരുന്നു . ഇപ്പോൾ അവൾ വേറെ ഓഫീസിൽ ആണ് ..
ആകസ്‌മികാഘാതം കൊണ്ടാണെന്നു തോന്നുന്നു ഞെട്ടിപ്പോയി . പക്ഷെ കണ്ണ് നിറഞ്ഞില്ല .
എത്ര നാളായി ?
നാല് വർഷം . സത്യത്തിൽ ഒരു കാഷ്വൽ റിലേഷൻഷിപ് ആയിരുന്നു . അവൾ കൂടെ താമസിക്കാൻ നിർബന്ധിക്കുന്നു .
ഈ നാല് വർഷം എന്നെ ചതിക്കുകയായിരുന്നോ ?
അയാൾ ഒരു കുറ്റവാളിയുടെ മുഖഭാവത്തോടെ തലകുനിച്ചിരിന്നു .

ഇരുപത്തഞ്ചു വർഷം ഒന്നിച്ചു താമസിച്ചിട്ടും താൻ അയാളെ അറിഞ്ഞില്ല.
ഇന്ന് വയസ്സ് നാല്പത്തിയെട്ട് . അയാൾക്ക് അമ്പതും . ഇപ്പോഴും സ്വന്തം കുളിമുറിയിൽ തോർത്തുടുത്തു  കുളിക്കുന്ന തോമസുകുട്ടി . തമ്മിൽ നഗ്നത ഇനിയും പ്രദർശിപ്പിക്കാത്ത ഭാര്യയും ഭർത്താവും .
കരഞ്ഞില്ല , അലറിവിളിച്ചില്ല .. പുറത്തു പെയ്യുന്ന മഞ്ഞിലെ തണുപ്പ് തന്നിലേക്ക് ഊർന്നിറങ്ങിയ പോലെ .
മകൾ ഇന്നും അപ്പനോട് ക്ഷമിച്ചിട്ടില്ല . അവൾ ഇടയ്ക്കു പറയും
ഹി ഈസ് എ  ചീറ്റ് . അമ്മാ.
പഠനം പൂർത്തിയാക്കി മകൾ  വാഷിങ്ടണിൽ ജോലി കിട്ടി പോയി .
സത്യത്തിൽ അപ്പനെ കാണാതിരിക്കാൻ ആണ് ഞാൻ ഇത്രയും ദൂരം പോകുന്നത് .
അമ്മ തന്നെ എന്തിനാ ഇവിടെ ? നമുക്ക് ഒന്നിച്ചു താമസിക്കാം എന്ന് പറഞ്ഞെങ്കിലും പോകാൻ തോന്നിയില്ല . ഡിവോഴ്സ് പെറ്റിഷൻ കൊടുക്കാൻ പറഞ്ഞു .
അതും കേട്ടില്ല . താൻ ആയിട്ട് അത് ചെയ്യില്ല . തോമസുകുട്ടി ചോദിച്ചാൽ കൊടുക്കാം .

തൻ്റെ പ്രതിഷേധം എങ്ങനെ രേഖപ്പെടുത്തണം എന്നറിയില്ലായിരുന്നു , അന്നുവരെ ഇച്ചായാ എന്നാണ് വിളിച്ചിരുന്നത് അത് മാറ്റി 
തോമസുകുട്ടി എന്നാക്കി .
അത്ര മാത്രം .
അമ്മ ഇത്ര പാവം ആയിപോയല്ലോ.മകൾ പറയും .
പണ്ട് തോമസുകുട്ടി പറഞ്ഞത് ഓർത്തു..
എത്രയെത്ര നുണകളാണല്ലേ...!എങ്ങനെയിത്ര നിഷ്കളങ്കമായ മുഖത്തോടെ കളളം  പറയാൻ സാധിക്കുന്നു.ഇത്രയും അയാളെ സ്നേഹിക്കുന്ന ഒരുവളോട്.... 
ആ  നുണകളായിരിക്കണം ഒരുപക്ഷെ അയാളിലേക്ക് തന്നെ ആഴത്തിൽ ഇറക്കിയത്. എന്നാൽ ഇപ്പോൾ അതൊക്കെ ഓർക്കുമ്പോ ചുണ്ടിലൊരു ചിരി മാത്രം...നനഞ്ഞ ചിരി .

എത്ര ഭംഗിയായിട്ടാണ്  ഇത്രയും വർഷം തന്നെ  സ്നേഹിക്കുന്നുണ്ടെന്ന് തോമസുകുട്ടി തന്നെ വിശ്വസിപ്പിച്ചത്... പറഞ്ഞതത്രയും ഓർത്തെടുക്കുമ്പോൾ..തന്നോട് തന്നെ വെറുപ്പ് തോന്നിപ്പോകും . താൻ ഇല്ലാത്ത ജീവിതം ചിന്തിക്കാൻ സാധിക്കില്ല എന്ന് 
എന്നിട്ടിപ്പോഴോ...?

സ്നേഹം , കരുതൽ , പ്രണയം , ഇതൊക്കെ മനസ്സറിഞ്ഞു കിട്ടണം .
പിടിച്ചു വാങ്ങാൻ സാധിക്കില്ലല്ലോ .

എന്നാലും നാളെ ഉച്ചയൂണിന് അയാൾ വരും എന്ന് പറഞ്ഞപ്പോൾ അയാൾക്കായി ഭക്ഷണം പാചകം ചെയ്യാൻ അവൾ തയ്യാറായി . രാവിലെ ഒന്നിനും നേരംകാണില്ല . ഉറങ്ങാൻ കുറച്ചു താമസിച്ചാലും എല്ലാം വെച്ച്
ഉണ്ടാക്കിയിട്ട് കിടക്കാം .
അയാൾക്ക് ഇഷ്ടമുള്ള മീൻകറി .
പുളിയിട്ടു വെച്ചത് പിടിക്കില്ല .
തക്കാളി ഇട്ടു  തേങ്ങാ അരച്ച മീൻ കറി.
കൂടെ ഉരുളക്കിഴങ്ങു മെഴുക്കുവരട്ടി, ബീൻസ് തോരൻ 
അത്ര മതി . 
മീൻകറി ഉണ്ടാക്കിയപ്പോൾ അമ്മച്ചിയെ ഓർമ്മ വന്നു .
ഇത് വെക്കാൻ അമ്മച്ചിയാണ് പഠിപ്പിച്ചത് . 
തൻ്റെ ജീവിതം അമ്മച്ചിയെ വല്ലാതെ കരയിച്ചു . അത് കൂടാതെ  ആങ്ങളയുടെ  പെട്ടെന്നുള്ള മരണം .. പുത്രദുഃഖത്താൽ അമ്മച്ചി വേഗം പോയി . ആങ്ങളയുടെ ഭാര്യ മാത്രം ഇപ്പോൾ വീട്ടിൽ .
കൂടെ അവരുടെ രണ്ടു പെൺമക്കളും . തെറ്റാതെ ഒരു തുക അവർക്ക് അയക്കാറുണ്ട് . താൻ പണിതതായിട്ടും ആ വീടും അവർക്കു കൊടുത്തു .
ആഴ്ചയിൽ ഒന്ന് റീന വിളിക്കും . കുറെ നാളുകളായി നാട്ടിൽ പോയിട്ട് . എന്തോ തോന്നാറില്ല . അപ്പച്ചനെ കണ്ട ഓർമ്മ ഇല്ല | അമ്മച്ചി ആയിരുന്നു എല്ലാം . അമ്മയില്ലാത്ത  ആങ്ങള ഇല്ലാത്ത വീട് .
റീന പരിഭവം പറയും
അപ്പോൾ ഞങ്ങളൊന്നും നാത്തൂന്റെ ആരും അല്ലെ ?

അടുത്ത വർഷം പോകണം . എല്ലാവരെയും കാണണം .

രാവിലെ ഓഫീസിൽ എത്തിയിട്ടും മനസ്സ് മുഴുവനും തോമസുകുട്ടി ആയിരുന്നു . ആദ്യം ജോലിക്കു വരേണ്ട എന്ന് കരുതിയതാണ്. സാധാരണ ദിവസങ്ങളിൽ  സംസാരിക്കാൻ ആരും ഇല്ല . ഓഫീസ് വിട്ടു ഇറങ്ങിയാൽ പിറ്റേ ദിവസം തിരികെ വരുന്നത് വരെ . മകൾ ഏതോ പ്രൊജക്റ്റ് ചെയ്യന്നു . തിരക്കാണെന്നു വിളിച്ചു പറഞ്ഞു . ഇനി അടുത്ത ഞായറേ വിളിക്കൂ , റീന ഇന്നലെ വിളിച്ചിരുന്നു . കൂട്ടുകാരികളും 
ശനി  ഞായർ ദിവസങ്ങളിലെ വിളിക്കൂ .

പന്ത്രണ്ടു മണി ആയപ്പോൾ വീട്ടിലേക്കു പുറപ്പെട്ടു . 
ചോറ് വെച്ച് , മേശമേൽ എല്ലാം എടുത്തു വെച്ച് , സൂക്ഷ്മം ഒരു മണിക്ക് തോമസുകുട്ടി ബെൽ അടിച്ചു .
കൈയ്യിൽ വെള്ള റോസാപ്പൂക്കൾ . എല്ലാ പ്രാവശ്യവും പൂച്ചെണ്ട്‌ കൊണ്ടുവരും . 
പൂക്കൾ വാസിൽ വെക്കാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു
ഷീല എനിക്ക് വല്ലാതെ വിശക്കുന്നു | ബ്രേക്‌ഫാസ്റ് കഴിച്ചില്ല .
പെട്ടെന്ന് ചോറ് വിളമ്പി .
കൂടെ ഇരിക്കാൻ പറഞ്ഞെങ്കിലും ഇരുന്നില്ല.. 
അയാൾ ആസ്വദിച്ചു കഴിക്കുന്നത് നോക്കിയിരുന്നു .

മോൾ ഇപ്പോഴും എന്നോട് പിണക്കത്തിലാണ് .
എനിക്കറിയാം 
ഇവിടെ ജനിച്ചു വളർന്നിട്ടും അവൾക്ക് എന്താ എന്നെ മനസ്സിലാകാത്തത് ..?
എവിടെ ജനിച്ചാലെന്താ , മനുഷ്യരുടെ വികാരം, ക്ഷോഭം, ഇതൊക്കെ ഒരേപോലെ അല്ലെ ?
ബിയാങ്ക എന്ത് പറയുന്നു ..?
 സന്തോഷമായിരിക്കുന്നു . ക്രിസ്തുമസിന് ഇറ്റലിക്ക് പോകുന്നു.. അവളുടെ മമ്മായെ കാണാൻ , ഞാനും ഒരാഴ്ചത്തേക്ക് പോകും ?
നിനക്ക് മോളുടെ അടുത്ത് പൊയ്ക്കൂടേ ക്രിസ്തുമസിന് , എന്തിനാ തനിയെ ഇവിടെ..!

തീരുമാനിച്ചില്ല  എന്ന് മറുപടി പറഞ്ഞു.
തന്നെപ്പറ്റി ഇത്ര കരുതൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ തനിച്ചാക്കുമായിരുന്നോ ? ചോദിയ്ക്കാൻ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല . എന്തിനാ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു
മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നത്.ശരീരവും , മനസ്സും 
 ഇരുവഴികളായി  പിരിഞ്ഞവർ തൻ്റെ മനസ്സ് ഇപ്പോഴും അവിടെ ഉടക്കി നിൽക്കുന്നു അത് സത്യം ... തുലാമഴമേഘം പോലെ  അവർക്കിടയിൽ  മൗനം 
കനക്കുന്നുണ്ടായിരുന്നു.
അയാൾ പിന്നെയും ചോറെടുത്തു പാത്രത്തിൽ ഇട്ടു കൊണ്ടു പറഞ്ഞു
നിന്റെ കൈപ്പുണ്യം , സത്യത്തിൽ നീ വെച്ചുണ്ടാക്കുന്നതു കഴിക്കുമ്പോൾ ആണ് ഒരു തൃപ്തി .
ഇറ്റലിക്കാർക്കു നമ്മുടെ പാചകം അറിയില്ലല്ലോ ..
പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു ,
അതും നേരാ .
കഴിച്ച പാത്രം സിങ്കിലിട്ട് അവൾ തിരഞ്ഞു നോക്കിയപ്പോൾ  തോമസുകുട്ടി ചുമരിലെ ഫോട്ടോകൾ നോക്കുകയായിരുന്നു . ഇത് സ്ഥിരം  പതിവാണ്.
ഇയാൾ സത്യത്തിൽ എന്തിനാണ് എന്നെ വിട്ടിട്ടു പോയത് . താൻ തോമസ്‌കുട്ടിയുടെ സ്നേഹത്തിനായി , സാമീപ്യത്തിനായി  എന്തിനും തയ്യാറായിരുന്നു .

പെട്ടെന്ന് അയാൾ പോകാൻ തയ്യാറായി . ഇറങ്ങുമ്പോൾ അവളുടെ ഇരുകൈകളും ചേർത്തയാൾ അമർത്തിച്ചുംബിച്ചു .ആ ചുംബനം തൻ്റെ ചുണ്ടിൽ ആയിരുന്നെങ്കിൽ എന്നവൾ വെറുതെ മോഹിച്ചു പോയി. വാതിൽപ്പടിയിൽ അയാൾ പോകുന്നതും നോക്കി നിന്നപ്പോൾ   പുറത്ത് അപ്പോഴും ആഞ്ഞു വീശിക്കൊണ്ടിരുന്ന  മഞ്ഞുകണങ്ങൾ  അവളുടെ ചുണ്ടിലും  മുഖത്തും  നെറ്റിയിലും  മാറിലും ഉമ്മ വെച്ചു .പക്ഷെ ആ ചുംബനത്തിനു വല്ലാത്ത ഒരു തണുപ്പായിരുന്നു ..
ചുണ്ടുകൾ ചേരാത്തതു പോലെയുള്ള ഒരു കൊള്ളാത്ത തണുപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക