Image

അഫ്‌ഗാനു വേണ്ടി കണ്ണീർ പൊഴിക്കണോ? (വെള്ളാശേരി ജോസഫ്)

Published on 18 August, 2021
അഫ്‌ഗാനു വേണ്ടി  കണ്ണീർ പൊഴിക്കണോ?  (വെള്ളാശേരി ജോസഫ്)
താലിബാനെ അപലപിക്കുവാൻ വെമ്പുന്ന നാം മുപ്പതു വർഷം മുമ്പത്തെ ഉത്തരേന്ത്യൻ വിദൂര ഗ്രാമീണ മേഖലകളിലെ ഗോത്രീയത മറന്നുപോകരുത്; ഇന്ത്യയിലെ പ്രശ്നങ്ങൾ കാണാതിരിന്നുകൊണ്ട് നമ്മളെന്തിനാണ് അഫ്‌ഗാനിസ്ഥാനെ ഓർത്ത് വലിയ തോതിൽ കണ്ണീർ പൊഴിക്കുന്നത്?
 
അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം താലിബാൻ ഇത്തവണ വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. പഴയപോലെ കൂട്ട കൊലപാതകങ്ങളും വംശീയമായ ആക്രമണങ്ങളും ഇതുവരെ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. അല്ലെങ്കിലും ലിബറലുകൾ നോക്കി കാണുന്നതുപോലെ ഇന്നത്തെ താലിബാൻ അത്ര പ്രശ്നക്കാരാണെന്നു തോന്നുന്നില്ല. പ്രശ്നങ്ങൾ ഉണ്ട്; ഇല്ലെന്നല്ല. പക്ഷെ ആ പ്രശ്നങ്ങൾ കൂടുതലും ലിബറൽ വീക്ഷണത്തിൽ നിന്ന് കാര്യങ്ങളെ വിലയിരുത്തുമ്പോഴാണ്. 'ലിബറൽ പേഴ്സ്പെക്റ്റീവ്'' ഒന്നും ഗോത്രീയത നിലനിൽക്കുന്ന ഒരു രാജ്യത്ത്; പ്രത്യേകിച്ച് അവിടുത്തെ ഗ്രാമീണ വിദൂര മേഖലകളിൽ ഒന്നും നടപ്പാകുന്ന കാര്യങ്ങളല്ല.
 
ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ ഒരു മുപ്പതു വർഷം മുമ്പത്തെ ഉത്തരേന്ത്യൻ വിദൂര ഗ്രാമീണ മേഖലകളെ കുറിച്ച് മനസിലാക്കിയാൽ ധാരാളം മതി. 30-40 വർഷം മുമ്പ് ഇഷ്ടം പോലെ ദുരഭിമാന കൊലകൾ നടന്നിരുന്ന സ്ഥലമാണ് ഇന്നത്തെ ഉത്തരേന്ത്യ. ഇപ്പോഴും നടക്കുന്നുണ്ട്; പണ്ടത്തെപോലെ അത്രയും ഇല്ലന്നേയുള്ളൂ. 22 വർഷം മുമ്പ് ഡൽഹിയിൽ വെച്ച് ഒരാൾ ഇതെഴുതുന്ന ആളോട് പറഞ്ഞത് ഉത്തരേന്ത്യയിൽ ഗോത്രാചാരങ്ങൾ ലംഖിച്ചുകൊണ്ട് ആൺകുട്ടികളും പെൺകുട്ടികളും പ്രണയിത്തിലായാൽ ഗ്രാമവാസികൾ രണ്ടു പേരേയും കൊല്ലും; ആണിൻറ്റേയും പെണ്ണിൻറ്റേയും വീട്ടിൽ നിന്ന് ആരും ചോദിക്കാൻ വരില്ലാ എന്നാണ്. കേവലം 18 വർഷങ്ങൾക്കു മുമ്പ് ഡൽഹി-ഹരിയാന അതിർത്തിക്കടുത്തുള്ള ഡൽഹി ഡെവലപ്പ്മെൻറ്റ് ഏരിയയുടെ (DDA) കീഴിലുള്ള ഹൗസിംഗ്‌ കോളനിയിലേക്ക് താമസം മാറിയപ്പോൾ അതിനടുത്തുള്ള ഗ്രാമത്തിൽ മുഖം മറക്കാത്ത ഒറ്റ സ്ത്രീകളെ പോലും എനിക്ക് കാണാൻ സാധിച്ചിട്ടില്ല.
 
അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളെ പറ്റി പറയുമ്പോൾ, ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്ര്യത്തിൻറ്റേ കാര്യത്തിലും നാം ചില കാര്യങ്ങളൊക്കെ മനസിലാക്കേണ്ടതുണ്ട്. ഹിന്ദി ബെൽറ്റിലും, ഇന്ത്യയുടെ വിദൂര ഗ്രാമ പ്രദേശങ്ങളിലും ഇന്നും യാഥാസ്ഥികത്ത്വത്തിന് ഒരു കുറവും ഇല്ലാ. മുസ്ലിം കമ്യൂണിറ്റി മാത്രമല്ല ഇവിടെ പ്രശ്നക്കാർ. 18 വർഷങ്ങൾക്ക് മുമ്പ് ഡൽഹി-ഹരിയാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിനരികിൽ ഉള്ള ഒരു ഫ്ളാറ്റിൽ ഞാൻ താമസിക്കാൻ തുടങ്ങിയപ്പോൾ ആ ഗ്രാമത്തിലെ ഒരു സ്ത്രീയെ പോലും മുഖം മറക്കാതെ കണ്ടിട്ടില്ല. ഇന്നിപ്പോൾ യുവ തലമുറയിൽ പെട്ട ആ ഗ്രാമത്തിലെ പെൺകുട്ടികൾ ഒരുപാട് മാറി. ജീൻസും, ടോപ്പുമിട്ട് തലയിൽ സിമൻറ്റ് ചട്ടിയിൽ ചാണകവുമായി യുവതലമുറയിൽ പെട്ട പെൺകുട്ടികളെ ഇന്നവിടെ ധാരാളം കാണാം.
 
തല മറച്ച സ്ത്രീകളെ; അഥവാ 'ഖൂമ്ഘട്ട്' അല്ലെങ്കിൽ 'പല്ലു' അണിഞ്ഞ സ്ത്രീകളെ ഉത്തരേന്ത്യൻ വിദൂര ഗ്രാമീണ മേഖലകളിൽ ഇന്നും ധാരാളമായി കാണാം.  പണ്ടത്തെ ഉത്തരേന്ത്യയിൽ നടമാടിയിരുന്ന ദാരിദ്ര്യത്തെ കുറിച്ചും, 'വയലൻസിനെ' കുറിച്ചും മനസിലാക്കാനുള്ള വളരെ നല്ല ഒരു സിനിമയാണ് 'ബണ്ടിറ്റ് ക്യൂൻ'. ആ സിനിമ കേവലം ഫൂലൻ ദേവിയുടെ ചരിത്രം മാത്രമല്ല കാണിക്കുന്നത്. ഫൂലൻ ദേവിയെ നഗ്നയാക്കി ഗ്രാമ വഴികളിലൂടെ നടത്തുമ്പോൾ അമ്മമാർ ആൺകുട്ടികളുടെ കണ്ണ് പൊത്തുന്ന രംഗമുണ്ടതിൽ. ഇത്തരത്തിൽ ഉത്തരേന്ത്യയിൽ ആൾക്കൂട്ട വിചാരണയും, മർദ്ദനവും കൊലപാതകവും, കൂട്ട ബലാത്സംഗങ്ങളും ചില ഗ്രാമങ്ങളിൽ ഉണ്ടാകാറുണ്ടായിരുന്നു. ഉത്തർ പ്രദേശ്, ഹരിയാന, മധ്യ പ്രദേശ് - ഇവിടെയൊക്കെ ഏറ്റവും കൂടുതൽ അക്രമം കാണിക്കുന്നത് ജാട്ടുകളാണ്. പണ്ട് ഉപ പ്രധാന മന്ത്രിയായിരുന്ന ദേവി ലാലിൻറ്റെ ഒരു 'പച്ച സേന' ഉണ്ടായിരുന്നു. ഹരിയാന തെരെഞ്ഞെടുപ്പിൽ അവർ ആണിയടിച്ച ലാത്തി വെച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചു കൊല്ലുന്ന ഫോട്ടോയൊക്കെ പത്രങ്ങളിൽ വന്നതാണ്. അന്നൊക്കെ 'ജാട്ട്' സമ്മേളനം നടക്കുമ്പോൾ അമ്മമാർ പെൺകുട്ടികളെ ഒളിപ്പിക്കുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബീഹാറിലെ യാദവരും അക്രമം കാണിക്കുന്നതിൽ ഒട്ടും മോശക്കാരല്ലായിരുന്നു. ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കേസിൽ അറസ്റ്റു ചെയ്യുന്നതിനെതിരെ കണ്ടമാനം അക്രമം കാണിച്ചവരാണവർ. ജാർക്കണ്ട്, ബീഹാർ, ഛത്തിസ്ഗഢ് - ഈ സംസ്ഥാനങ്ങളിൽ ദുർമന്ത്രവാദം ആരോപിച്ച്  സ്ത്രീകളെ നഗ്നയാക്കി ഗ്രാമ വഴികളിലൂടെ പണ്ട് നടത്താറുണ്ടായിരുന്നു. അവരുടെ സ്വത്തു തട്ടിയെടുക്കാനുള്ള തൽപര കക്ഷികളുടെ ശ്രമമാണിതൊക്കെ എന്നാണ് ചിലരൊക്കെ ഇതിനെ കുറിച്ച് പറഞ്ഞിരുന്നത്.
 
താഴ്ന്ന ജാതിക്കാർക്കും, പെൺകുട്ടികൾക്കും വിദ്യ അഭ്യസിക്കൽ പണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ പ്രശ്നങ്ങൾ തന്നെ ആയിരുന്നു  . ഇതെഴുതുന്നയാൾ താമസിക്കുന്ന ഡൽഹി-ഹരിയാന അതിർത്തിയോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ പണ്ട് ഇറ്റാലിയൻ മിഷനറിമാർ സ്കൂൾ തുടങ്ങി. പക്ഷെ അവിടുത്തെ ജാട്ടുകാർ താഴ്ന്ന ജാതിക്കാർ വിദ്യാഭ്യാസം അഭ്യസിക്കുന്നതിനെ ശക്തമായി എതിർത്തു. അതുപോലെ തന്നെ നമ്മുടെ പാരമ്പര്യ സമൂഹം എതിർത്ത ഒന്നായിരുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസം. 'മിർച്ച് മസാല' എന്ന ഹിന്ദി ചിത്രത്തിൽ ഗ്രാമമുഖ്യൻ തൻറ്റെ മകളെ ഭാര്യ സ്കൂളിൽ ചേർത്ത കാര്യം അറിഞ്ഞു കോപാകുലനായി പെൺകുഞ്ഞിനെ സ്കൂളിൽ നിന്ന് ബലമായി വലിച്ചിഴച്ചു കൊണ്ടുവരുന്ന രംഗം കാണിക്കുന്നുണ്ട്. രാജസ്ഥാനിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ നടന്ന കാര്യങ്ങളുടെ സിനിമാവിഷ്കാരമാണ് അതൊക്കെ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിലോമകരമായ മനോഭാവമാണ് അത്തരം പെരുമാറ്റ രീതികളിലൂടെ 'മിർച്ച് മസാല' പോലുള്ള സിനിമകളിൽ കാണിക്കുന്നത്.
 
30-40 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഇന്ത്യയിൽ നടന്നിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല. ലോക്സഭാ ചാനലിൽ ആണെന്ന് തോന്നുന്നു - മഹാരാഷ്ട്രയിലെ ദേവദാസി സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി നല്ല ഒരു സിനിമ പ്രക്ഷേപണം ചെയ്തിരുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും 'സ്ട്രക്ച്ചറൽ വയലൻസ്' കണ്ടമാനം ഉണ്ട്. 'സുബ്രമണ്യപുരം' സിനിമ തമിഴ്നാട്ടിലെ 'സ്ട്രക്ച്ചറൽ വയലൻസ്' കാണിക്കുന്നുണ്ടല്ലോ. പണ്ട് ഗിരീഷ് കർണാട് സംവിധാനം ചെയ്ത ഒരു കന്നഡ സിനിമയും രണ്ടു ഗ്രാമങ്ങളിലുള്ളവർ ഏറ്റുമുട്ടുന്നത് കാണിച്ചു. അതും ദേശീയ ചാനലിൽ വന്നതാണ്. പോലീസ് പോലും ഇത്തരക്കാരുടെ മുമ്പിൽ നിസ്സഹായരാകുമായിരുന്നു. ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് ഗുണ്ടായിസവും, അക്രമവും, അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. പിന്നെ നമ്മളെന്തിനാണ് അഫ്‌ഗാനിസ്ഥാനെ ഓർത്ത് വലിയ തോതിൽ കണ്ണീർ പൊഴിക്കുന്നത്? അഫ്ഗാനികൾ തന്നെ താലിബാനെ തകർക്കട്ടെ. അവരുടെ ഗോത്രീയതയേയും മതാന്ധതയേയും അപലപിക്കുമ്പോൾ നാം നമ്മുടെ ഇന്ത്യയിലെ പ്രശ്നങ്ങൾ ഒരിക്കലും കാണാതിരിക്കരുത്.  
 
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
Join WhatsApp News
മുതല കണ്ണുനീര്‍ പൊഴിക്കുന്നവര്‍ 2021-08-18 20:54:03
ലോകരാഷ്ട്രീയത്തിലെ നമ്മുടെ ഒരു പൊതുധാരണ, എല്ലാവരും LP സ്കൂളിലെ കുട്ടികൾ ആണെന്നാണ്. ഇന്റർനാഷണൽ പൊളിറ്റിക്സിൽ ഇണക്കവും ഇല്ല പിണക്കവും ഇല്ല. രാജ്യതാല്പര്യങ്ങൾ മാത്രമേ ഉള്ളൂ. മാനവികതയും തീവ്രവാദവിരുദ്ധതയും ഒക്കെ ഉണ്ടെന്ന് വെറുതെ തോന്നുന്നതാണ്. അമേരിക്ക പിൻവാങ്ങി എന്നതിൽ നമ്മൾ അത്ഭുതപ്പെടേണ്ട കാര്യമേ ഇല്ല. അത് പക്ഷെ "അവന്മാർ അല്ലേലും അങ്ങനാ, ഊളകൾ " - ആ ലൈൻ അല്ല. നമ്മളത്രയും, മനുഷ്യരാശി ഒട്ടുക്കും അങ്ങനെ ആണ്. അമേരിക്ക സൈന്യത്തെ വലിച്ചത് അമേരിക്കൻ ജനതയുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് തന്നെയാണ്. ജനങ്ങൾക്ക് ഇടയിലെ അഭിപ്രായവോട്ടെടുപ്പിൽ 70 % ആൾക്കാർ ആണ് withdraw എന്ന് പറഞ്ഞത്. കാരണം മൂന്ന് ട്രില്യൺ ഡോളർ already പുകയായി. അന്ന് അമേരിക്കക്കാർക്ക് 9/11ന്റെ പ്രതികാരം വേണമായിരുന്നു. ഇന്ന് അതിന്റെ തിളപ്പ് കഴിഞ്ഞു. രണ്ട് തിളപ്പും ഭരണകൂടത്തിന്റെ ആണെന്ന് തെറ്റിദ്ധരിയ്ക്കരുത്. ഭരണകൂടത്തിന്, അത് എവിടെ ആയാലും ഒറ്റ തിളപ്പേ ഉള്ളൂ - ഭരണം തുടരുക. അതിന് ജനതയുടെ, ആൾക്കൂട്ടങ്ങളുടെ validation നിർബന്ധം. പ്രതികാരത്തിന് ശേഷവും അമേരിക്കൻ പട്ടാളക്കാർ അവിടെ മരിച്ചു വീഴുന്നുണ്ട് എന്ന് അമേരിക്കൻ പൗരന് ഇന്ന് ബോധ്യമുണ്ട്. അമേരിക്കൻ പട്ടാളക്കാരൻ മരിച്ചു വീഴുന്നതും അഫ്‌ഘാൻ പൗരൻ മരിച്ചു വീഴുന്നതിലും തമ്മിൽ എന്താണ് വ്യത്യാസം എന്ന് നമുക്ക് ചോദിയ്ക്കാം. വ്യത്യാസം ഉണ്ട്, ഒരു അമേരിക്കക്കാരന് വ്യത്യാസമുണ്ട്, ഒരാൾ സ്വന്തമാണ്. മറ്റയാൾ അന്യനാണ്. നോക്കൂ, ഈ അന്യതാബോധം ആണ് മനുഷ്യരാശിയിൽ ഒട്ടുക്കും. വേറെത് രാജ്യം ആയിരുന്നെങ്കിലും ഇത് തന്നെ ചെയ്തേനെ. ഒരു സംശയവും വേണ്ട- ഇന്ത്യ ആയിരുന്നെങ്കിലും. ഭരണകൂടങ്ങൾ, അവ ജനാഭിലാഷങ്ങളുടെ extrapolation മാത്രമാണ്. ജനങ്ങളുടെ character എന്താണ്? അവർക്ക് അടിസ്ഥാനപരമായിട്ട് ഉള്ളത് അന്യതാബോധം ആണ്. ഇന്ത്യക്കാർ എന്ന് നാം പറയുമ്പോൾ അതിന് ഒരു അതിർത്തി ഉണ്ട്. അതിന് അപ്പുറങ്ങൾ ഉണ്ട്. പാകിസ്താനിലേയ്ക്ക് ഒരു മിസൈൽ കുതിയ്ക്കുമ്പോൾ നമുക്ക് ഓർഗാസം കിട്ടുന്നുണ്ടല്ലോ. നമ്മളേതാ മൊതല്? അത് അറിയണേൽ, പലായനം ചെയ്ത് വരുന്നു ഒരു അഫ്‌ഘാനി അയാളുടെ സ്വന്തം വാടകയിൽ നമ്മുടെ അയലോക്കത്ത് താമസിയ്‌ക്കാൻ വന്നാൽ മതി- നമ്മൾ വെറും ഊള ആയി പെരുമാറുമെന്നേ. സംശയമുണ്ടോ? അത് കൊണ്ട് ഒറ്റപ്പെട്ട സമൂഹങ്ങൾ, അവർക്ക് അവരെ ഉണ്ടാവുകയുള്ളു. നമുക്കും നമ്മളെ ഉണ്ടാവുള്ളു. ശ്രീലങ്കയിൽ അത് കണ്ടതാണ്. UN വളരെ നൈസ് ആയിട്ട് സ്ഥലം വിട്ടു. ഇന്ത്യ ഇടപെട്ടോ, അമേരിക്ക ഇടപെട്ടോ. ഇടപെടാൻ പറ്റില്ലെന്നേ. "നമുക്ക് ആ റിസ്കിന്റെ ആവശ്യം ഉണ്ടോ?" എന്ന് ജനങ്ങൾ തന്നെ ചോദിയ്ക്കും എന്നതിൽ ആർക്കേലും സംശയം ഉണ്ടോ? അവർ ശ്രീലങ്കൻ തമിഴർ, അവർ രോഹിങ്യൻ മുസ്ലിംകൾ, അവർ ആഫ്രിക്കൻ ദരിദ്രർ, നമുക്ക് വേറെ പണിയില്ലേ... അല്ല പിന്നെ. അവർ.. അവർ... അവർ... അഫ്‌ഘാനിസ്ഥാനിൽ എന്ത് അത്ഭുതമാണ് നിങ്ങൾ പ്രതീക്ഷിയ്ക്കുന്നത്? അത് കൊണ്ട് ഒരു കാലത്തും ഭരണകൂടങ്ങളെ നമ്പേണ്ട, മറ്റൊന്നും കൊണ്ടല്ല -അതുണ്ടാക്കി വിടുന്ന ജനതയെ നമ്പാൻ കൊള്ളില്ല. നമ്മൾ ഇടപെടണമെങ്കിൽ നമുക്ക് പൊള്ളണം, 9/11 പോലെ. നന്മയുള്ള ലോകമേ...
John 2021-08-23 11:58:24
No one is crying for Afghanistan. There are thousands of innocent people stuck there now under the mercy of cruel groups of thugs running that country now. Biden should have thought about these innocent people before enacting his ill fated another policy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക