Image

ഇറങ്ങിപ്പോരാനുള്ള വഴികൾ (കവിത: ശിവദാസ് സി.കെ)

Published on 23 August, 2021
ഇറങ്ങിപ്പോരാനുള്ള വഴികൾ (കവിത: ശിവദാസ് സി.കെ)
ഇറങ്ങിപ്പോരാനുള്ള
ഒരു വഴിയെങ്കിലും കണ്ടു വച്ചിട്ട് വേണം
ഒരാളിലേക്ക് കയറിച്ചെല്ലാൻ

ഏതോ ഒരു വേനലിൽ
വറ്റി വരളുന്ന  പുഴയോട് പ്രണയമാണെങ്കിലും
പുഴയിരമ്പിലെ
ഇല കൊഴിഞ്ഞ മരം
മണ്ണിൽ  വീണ്ടും മുളച്ചു പൊന്തുന്ന
ഒരു വിത്തെങ്കിലും
കരുതി വച്ചിട്ടുണ്ടാകും

ശലഭം
തേനുണ്ട് മറ്റു പൂക്കളെ
തേടി പോകുമെന്നറിഞ്ഞിട്ടും
കൊഴിയും മുൻപൊരു പൂവ്
ഏതോ വണ്ടിനായി
ഒരിറ്റു തേൻ കരുതി വച്ചിട്ടുണ്ടാകും

വല്ലപ്പോഴും
വിരുന്നെത്തുന്ന മഴയെ പ്രണയിക്കുമ്പോഴും
ഒറ്റയായൊരു മരുപ്പച്ച
നോവിന്റെ ഉഷ്ണകാലം തീണ്ടാൻ
ഉള്ളിൽ ആർദ്രതയുടെ ജലം
കരുതി വച്ചിട്ടുണ്ടാകും

ഒരാളിറങ്ങിപ്പോയാൽ
വാടി വീഴാതെ,
നൊന്തു വീഴാതെ
പ്രതീക്ഷയുടെ ഒരു പുൽനാമ്പ്
ഒരു പുഞ്ചിരി
രക്ഷപ്പെടാൻ ഒരു പെട്ടകം
നാം കരുതി വച്ചിട്ടുണ്ടാകണം 

ആർക്കെങ്കിലും കയറി വരാൻ
ഒരിടവഴിയെങ്കിലും
തുറന്നിട്ടുണ്ടാകണം

പൂക്കളും കിളികളും
മഴയും മലകളും
മഞ്ഞും ആകാശവും കടലും
കവിതയും 
നമുക്കുള്ളതാണ്

ഇറങ്ങിപ്പോരാനുള്ള
ഒരു വഴിയെങ്കിലും കണ്ടു വച്ചിട്ട് വേണം
ഒരാളിലേക്ക് കയറിച്ചെല്ലാൻ

കാരണം
ജീവിതം അത്രമേൽ
മനോഹരമാണ്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക