Image

മാതംഗി, ഒരു പാരിസ്ഥിതിക വായന (ശ്രീകുമാർ എഴുത്താണി)

Published on 25 August, 2021
മാതംഗി, ഒരു പാരിസ്ഥിതിക വായന (ശ്രീകുമാർ എഴുത്താണി)


https://www.emalayalee.com/vartha/243955
പാരിസ്ഥിതിക വായനകൾ നിരൂപണ രംഗത്ത് ഈയിടെയാണ് ഒരു പ്രസ്ഥാനമായി മാറിയതെങ്കിലും വിവിധ പരമ്പര്യസംസ്കാരങ്ങളിൽ മിത്തുകളിലൂടെയും മറ്റും ഇത്തരം വായനക്ക് വഴങ്ങുന്ന കൃതികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നത് സത്യമാണ്. പാരിസ്ഥിതിക നിരൂപണം തുടക്കത്തിൽ ലേഖനമാണോ സർഗ്ഗാത്മക സാഹിത്യമാണോ എന്ന് സംശയം തോന്നുന്ന ആശയപ്രചരണപ്രധാനമായ കൃതികളെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പരിസ്ഥിതി ബോധത്തെ അടിസ്ഥാനമാക്കി ഒരു സൗന്ദര്യശാസ്ത്രം പിന്നീടാണ് കൂടുതൽ വ്യക്തമായ രൂപം കൈവരിച്ചത് (Minos and the moderns: Cretan myth in twentieth-century literature and art by T. Ziolkowski)


സംസ്കാരവും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധം സാഹിത്യ സംസ്കാരത്തിന്റെ പുരാതനകാലം  മുതൽ പുരാണം, മിത്തുകൾ , നാടോടിക്കഥകൾ ഇതിഹാസങ്ങൾ, യക്ഷിക്കഥകൾ, ഫോക്‌ലോർ,  പ്രകൃതി കവിതകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈ പാരമ്പര്യത്തിലെ പ്രധാനപ്പെട്ട പാഠങ്ങളിൽ മനുഷ്യന്റെയും  ഇതരജീവിതത്തിന്റെയും പരസ്പര പരിവർത്തനങ്ങളുടെ കഥകൾ ഉൾപ്പെടുന്നു, ഒവിഡിന്റെ (കാഫ്കയുടെയല്ല) മെറ്റമോർഫോസിസ് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ("Cultural Ecology and Ethnography"  by Charles O Frake,)

ഇത്തരം ചെറുകഥകൾ എങ്ങിനെയാണ് ബൗദ്ധികമായ ചിന്തകൾക്കൊപ്പം വൈകാരികമായ വായനാസുഖവും തരുന്നത് എന്ന് ശ്രീ ജോസഫ് എബ്രഹാം എഴുതിയ മാതംഗി എന്ന യക്ഷിക്കഥ കാണിച്ചുതരുന്നു  "ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ" എന്ന ചലച്ചിത്രഗാനവുമായി ചേർത്ത് വെയ്ക്കുമ്പോൾ ചില വേറിട്ട വായനകൾ കൂടി ഈ കഥയ്ക്ക് സാധ്യമാണ്. ഇത്തരം വിഭിന്ന വായനകൾക്കുള്ള സാധ്യത നമ്മുടെ മനസ്സ് തിരിച്ചറിയുന്നത് കൊണ്ടാണ് ഈ കഥ അങ്ങേയറ്റം ഹൃദയസ്പർശിയായി മാറുന്നത്.

ഒരു കലാകാരന്റെയും യഥാർത്ഥ ഭക്തന്റെയും സഹജാവബോധം ഒരിക്കലും മനുഷ്യനിൽ മാത്രം ഒതുങ്ങി നിൽക്കില്ല. അത് കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ജീവിതത്തിന്റെ അർത്ഥം തേടിക്കൊണ്ടിരിക്കും. ഇത് കലാകാരൻ സ്വയം അറിഞ്ഞുകൊണ്ടായിരിക്കില്ലെങ്കിലും അയാളുടെ കൃതികൾ ഈ സത്യം തുറന്നു കാട്ടും.

"വിഷാദത്തിന്റെ വേരുകള്‍ അവന്റെ  ആത്മാവിനെ ചുറ്റിവരിഞ്ഞു  ശ്വാസം മുട്ടിച്ചു" എന്ന വാചകത്തിലെ  "വേരുകൾ" എന്ന വാക്കിന്റെ സാന്നിധ്യം തന്നെ ഇത്തരമൊരു വായനയ്ക്ക് വഴിയൊരുക്കുന്നുണ്ട്. "പുസ്തകങ്ങളുമായി ഏതെങ്കിലും ഒരിടത്തു അല്ലെങ്കില്‍ ഇഷ്ടസങ്കേതമായ പാറക്കൂട്ടങ്ങളില്‍ (അവനിരിക്കും). കുന്നിനുമുകളിലെ യക്ഷിക്കാവിനു നടുവിലുള്ള വലിയ ഇലഞ്ഞി മരത്തിലിരുന്ന് അവളവനെ നിത്യവും കാണുമായിരുന്നു." എന്ന വാചകത്തിലും ഇരുവർക്കും പ്രകൃതിയുമായുള്ള അടുപ്പം വെളിവാകുന്നുണ്ട്.

പിന്നീട് മാതംഗി താൻ ഒരു യക്ഷിയാണെന്ന് പരിചയപ്പെടുത്തുന്നുണ്ടെങ്കിലും കഥാപാത്രത്തിന്റെ സൃഷ്ടിയിൽ നിന്നും അവൾ പ്രകൃതി തന്നെയാണ് എന്ന് തിരിച്ചറിയാം. പനയിലും ഇലഞ്ഞിയിലുമൊക്കെ കഴിയുന്ന അവളോട് സർപ്പങ്ങൾ പോലും സംസാരിക്കുന്നു. ഉർവ്വരതയുടെ ദേവതയാണല്ലോ പ്രകൃതി. ഉർവ്വരതയ്ക്ക് കാരണമാകുന്ന കാമവികാരം മന്ത്രത്തിലൂടെ ആരിലും കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്നവളാണ് മാതംഗി.  എത്ര മനോഹരമാണ് കഥയിൽ ഈ രംഗം എന്ന് നോക്കുക

"നൂറ്റിയെട്ടാമതാവൃതി മന്ത്രംഉരുക്കഴിക്കവേ,കൈകള്‍ അവനിരിക്കുന്ന ദിശയിലേക്കവള്‍ നീട്ടിപ്പിടിച്ചു. അവളുടെ കൈകളില്‍ നിന്നും വശീകരണ മന്ത്രജപത്തോടൊപ്പം ഉതിര്ന്നാ അനുരാഗരേണുക്കള്‍ അവന്റെ  ആത്മാവിലേക്ക് ഒഴുകിയെത്തിയപ്പോള്‍ തൊട്ടടുത്ത ചെമ്പകമരത്തില്‍ ചേക്കേറിയ മഞ്ഞ ഇണക്കിളികള്‍ ചേര്ന്നി രുന്നു സ്നേഹം പങ്കുവയ്ക്കുന്നതിന്റെ  അടക്കിപിടിച്ച കുറുകലുകള്‍ അവന്റെര കാതുകളില്‍ ശൃംഗാരപദമായി പതിഞ്ഞു.  ഇലഞ്ഞിപ്പൂകളുടെ വശ്യഗന്ധം  അവനുചുറ്റും  നിറഞ്ഞു,  ഇണചേരുവാനുള്ള  മോഹം അവനില്‍ തുടിച്ചു."  

തുടർന്ന് വരുന്ന നീണ്ട ഖണ്ഡികയിൽ നിറച്ചിരിക്കുന്ന പ്രകൃതിയുടെ വിശേഷണങ്ങളും ബിംബങ്ങളും വിപുലമാണ്, എന്നാൽ തികച്ചും സ്വാഭാവികവും. ജൈവപ്രകൃതിയുടെ അടയാളമായി കരുതാവുന്ന ലൈംഗികതയിലേയ്ക്കാണ് മരണത്തിൽ നിന്നും മാതംഗി നായകനെ മടക്കിക്കൊണ്ടുവരുന്നത്. ഇത് ശിവപാർവ്വതീ പരിണയത്തിന്റെ പകർന്നാടൽ കൂടിയാണ് (ശിവപുരാണം നോക്കുക).

"റോഡരികിലും  മരുഭൂമിയിലും തലയുയർത്തി  നില്ക്കുന്ന ഈന്തപ്പനകളെ കാണുമ്പോള്‍  പാറകള്‍ നിറഞ്ഞ കുന്നിന്പുറവും   കാറ്റില്‍ തലയാട്ടി നില്ക്കു ന്ന കരിമ്പനകളും. അവന്റെ ഓര്മ്മയില്‍ ഓടിയെത്തും.  അപ്പോഴൊക്കെ അവന്റെയുള്ളില്‍   ഇലഞ്ഞിപ്പൂവിന്റെ മാദകഗന്ധം ഒഴുകിയെത്തും." എന്നതിൽ നിന്നും വിഭിന്ന ഭാവത്തിൽ പ്രകൃതി എല്ലായിടത്തുമുണ്ടെന്ന് പറയുന്നു. പക്ഷേ കുമാരൻ നാട്ടിൽ മടങ്ങിച്ചെല്ലുമ്പോൾ പ്രകൃതിയുടെ മേൽ മനുഷ്യൻ സ്ഥാപിച്ച അധീശത്വമാണ് അവനെ വരവേൽക്കുന്നത്.

 "വീടിനടുത്ത കുന്നും അവിടുത്തെ പാറയും വലിയൊരു കുളമായി മാറിക്കഴിഞ്ഞു. പൊട്ടിച്ചു തീരാത്ത പാറ അടരുകള്‍   ഓര്‍മ്മപ്പെടുത്തല്‍ പോലെ  കുറച്ചിനിയും ബാക്കിയുണ്ട്.  ഇലഞ്ഞിയും കരിമ്പനകളും കാവും  ഒന്നും അവിടെ കാണുന്നില്ല.  അവ നിന്നിരുന്ന ഇടം അടയാളപ്പെടുത്താന്‍ പോലും ഒന്നും ബാക്കിയായില്ല." ഇത് റിയലിസ്റ്റിക്ക് ആയ വിവരണങ്ങളാണെങ്കിൽ മാതംഗിയിലൂടെ ഇതേ കാര്യം പ്രതീകാത്മകമായി പറയാനാണ് കഥാകൃത്ത് ശ്രമിച്ചിരിക്കുന്നതെന്ന് വായിക്കുമ്പോഴാണ് യഥാർത്ഥ കഥ പ്രകൃതി ചൂഷണവും മാതംഗിയുടെ കഥ അതിന്റെ സഹശ്രുതിയും പ്രതീകവൽക്കരണവും ആകുന്നതും കഥയ്ക്ക് സർവ്വലൗകികത കൈവരുന്നതും. മനുഷ്യകേന്ദ്രീകൃതമായ (anthropocentric) നിലപാടുകളിൽ നിന്ന് മാറി ചരിത്രം, സാമ്പത്തികശാസ്ത്രം, തത്വചിന്ത, സനാതനചിന്ത, മനഃശാസ്ത്രം എന്നിവയുടെ പിൻബലത്തോടെ വേണം പാരിസ്ഥിതിക വായനകൾ നടത്തേണ്ടത് എന്ന് മാത്യു ഷ്നെയ്ഡർ മേയേഴ്സൺ , അലക്സാ വെയ്ക്ക് വോൺ മോസ്സ്നർ,  W P മലേകി എന്നിവർ Empirical Ecocriticism: Environmental Texts and Empirical Methods എന്ന ലേഖനത്തിൽ അഭിപ്രായപ്പെടുന്നു. ഇവിടെയൊക്കെ ഈ വാദം കൃത്യമായി ഈ കഥ പിന്തുടരുന്നത് കാണാം.

മാതംഗിയും പ്രകൃതിയുടെ സ്വാഭാവികതയോടൊപ്പം അപ്രത്യക്ഷയായിരിക്കുന്നു. പണ്ട് അവൾ എങ്ങിനെ ദൈവാരാധനക്കാർക്ക് അസ്പൃശ്യയായിരുന്നോ അതുപോലെ വിഗ്രഹാരാധനയുടെ ചുറ്റുവട്ടത്തിനു പുറത്ത്, (അമ്പലത്തിന്റെ മതില്കെട്ടിനു പുറത്തെന്ന് പാഠം) ആരോരുമില്ലതെ നിൽക്കുന്ന ആലിന്റെ തയ്യാണ് ഇപ്പോൾ പ്രകൃതിയുടെ പ്രതീകം. "ശ്യാമളമാം ഭൂമിയാകെ പാഴ്‌വനമായ് മാറിപ്പോയി (ചിത്രം :ആഭിജാത്യം)". കഥയിൽ ചുറ്റുമുള്ള പ്രകൃതി മാറുന്നതിന്റെ വിവരണത്തിന് പകരം കുമാരൻ മണലാരണ്യത്തിലേയ്ക്ക് പോകുന്നതായി പറയുന്നു. ഇത് ഒരു ഫ്ളാഷ്‌ഫോർവേഡ് (prolepsis) ആണ്. കുമാരൻ മണലാരണ്യത്തിലേയ്ക്ക് പോകുമ്പോൾ കുമാരന്റെ നാടും  ആ പാഴ്‌വനത്തിലേക്കുള്ള യാത്രയിലാണ് എന്ന് ഓർമ്മിപ്പിക്കുന്ന രീതികൊണ്ട് കാലം എഴുത്തുകാരന്റെ കയ്യിലെ കുഴമണ്ണാകുന്നു.കഥ കലാശില്പമാകുന്നു. പ്രേമപാരവശ്യത്തിന്റെ പശിയാൽ പാവം കുമാരൻ പ്രകൃതിയെ (മാതംഗിയെ) തിരഞ്ഞു നടക്കുന്നു. ഇവിടെ ഫോക് ലോറിന്റെ വഴികൾ പോലും കഥാകൃത്ത് റിയലിസ്റ്റിക്ക് ആയി മാറ്റിയിരിക്കുന്നത് കാണാം. റിയൽ എസ്റ്റേറ്റ്കാർ പ്രകൃതിയോട് ചെയ്തത് പോലെ ദുർമന്ത്രവാദികൾ അവളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിരിക്കുന്നു. ഇവിടെയാണ് ആ ചലച്ചിത്രഗാനത്തിലും ഈ കഥയിലും ഒരു നായകൻ ഉടലെടുക്കുന്നത്. മാതംഗിയുടെയും പ്രകൃതിയുടെയും പ്രതീകമായ ആൽമരത്തിന്റെ തയ്യെ അയാൾ പുനരുജ്ജീവിപ്പിക്കുന്നു. ദൈവത്തെ വരച്ച വരയിൽ  നിർത്തുന്ന മന്ത്രവാദിക്കും മാതംഗിയെ ഭയമെന്നത് അവളെ കൂടുതൽ അഭിലഷണീയയാക്കുന്നു. ദൈവങ്ങൾക്കുപോലുമുള്ള സ്വാർത്ഥത മുടിയേറ്റിന്റെ കഥയിൽ വായിക്കാവുന്നതാണ്. കുന്നും കുളവും നന്നാക്കാനല്ല തന്റെ അമ്പലം നന്നാക്കാനാണ് പരദേവത പോലും ബഹളം വെയ്ക്കുന്നത്.  ഫെർട്ടിലിറ്റിയിലേയ്ക്ക് ചിറകു വിരിച്ച് പറക്കാൻ ഒരുങ്ങുന്ന പക്ഷികൾക്കൊപ്പം മാതംഗിയും  മടങ്ങിയെത്തുന്നു. സ്നേഹിച്ച് സംരക്ഷിച്ച് അയാൾ അവളെ വശംവദയാക്കുന്നു. തന്നോടല്ലാതെ മറ്റാരോടും കൂറുവേണ്ടെന്നു മാതംഗി ആദ്യമേ പറഞ്ഞതിന്റെ ശരിയായ അർത്ഥം അപ്പോഴാണ് വ്യക്തമാവുന്നതും.(നമ്മളില്‍ ഒരാള്‍ ഇല്ലാതാകുന്നതു വരെ ഈ സത്യം നിലനില്ക്കണം)

"എല്ലാമെൻ  ഉള്ളിൽ കേറും പാട്ടായിത്തീരേം ചെയ്യും" എന്ന പഴംപാട്ടുപോലെയാണ് കലാകാരന്റെയും സാഹിത്യകാരന്റെയും മനസ്സ്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അയാളുടെ ഉള്ളിൽ കടന്ന് ഒരു പരിപൂർണ്ണ രൂപമാറ്റത്തിന് (metamorphosis) വിധേയമായാണ് കഥയും കവിതയുമൊക്കെയായി പുറത്തുവരുന്നത്. അത് വസ്തുവൽക്കരിച്ച് (objectified as art or literature) കാണുമ്പൊൾ അയാൾക്കും അത് പുതിയതാണ്. ആസ്വാദകനോടൊപ്പം അയാളും അതിന്റെ രസാസ്വാദനത്തിൽ ആനന്ദിക്കുന്നു.
അസ്തിത്വത്തിന്റെ അതിരുകൾ പോലും താണ്ടുന്ന സ്നേഹവും സഹജാവബോധവുമാണ് മാതംഗിയെ ശരിക്കും പ്രകൃതിയുടെ പ്രതീകം എന്ന സ്ഥാനത്തിന് അർഹയാക്കുന്നത്. സൗമ്യതയും രൗദ്രതയും ഒരേപോലെ മാതംഗിയിൽ സമന്വയിച്ചപ്പോൾ ആ ചിത്രം ശരിക്കും പ്രകൃതിയുടെ നേർചിത്രമായി (സത്യവ്രതം തെറ്റിയാല്‍,  അതുണ്ടാക്കുന്ന തിന്മയെ തടുക്കാന്‍  എനിക്കുപോലും ആവില്ല.). മേഴത്തൂര്‍ അഗ്നിഹോത്രിയോടും കുമാരനോടും അവൾക്ക് ഒരേപോലെ കരുണയുണ്ട്. ഇരുവരോടും ദയ തോന്നി ജീവൻ തിരിച്ചെടുക്കാൻ അവൾ സഹായിക്കുന്നുണ്ട്. നരിയോട് അതിനർഹമായ രീതിയിൽ അവൾ പെരുമാറുന്നു. മരണം വിധിക്കാൻ പ്രകൃതിയും മടിക്കില്ലല്ലോ.

സ്ത്രീവിരുദ്ധത (ഈ യക്ഷിയെന്നൊക്കെ പറയുന്നവർക്ക് നല്ല സൌന്ദര്യവും, തമ്പുരാട്ടിമാരെപ്പോലെ വെളുത്തു തുടുത്തും, നല്ല കൊഴുത്തുരുണ്ട  മുലകളും  വീണക്കുടം പോലെയുള്ള കുണ്ടിയുമൊക്കെ ഉണ്ടാകുമെന്നാണ്  കേട്ടിട്ടുള്ളത്), അനാചാരങ്ങൾ (ഞങ്ങള്‍ ആചാരസംരക്ഷകരൊന്നുമല്ല.  അതൊക്കെ നീ പറഞ്ഞ  തമ്പുരാട്ടിമാരുടെ വിഷയമാണ്‌.), ജാതിചിന്ത (നമ്മുടെ നാടിന്റെ  ചരിത്രത്തില്‍ ഏതെങ്കിലും തമ്പുരാട്ടിമാര്‍ യക്ഷികളായി മാറിയിട്ടുണ്ടോ? നിനക്കറിയുമോ യക്ഷികളായി  ജന്മമെടുത്ത എല്ലാവരും നമ്മുടെ കൂട്ടരാണെടാ.), ദാരിദ്ര്യം (പഠിച്ച ഒരാള്‍ പണിക്കാർക്കിടയില്‍ വന്നു ചേർന്നാല്‍ കുഴപ്പമാവുമെന്ന ഭയമായിരുന്നു അയാൾക്ക്), പ്രകൃതിചൂഷണം (വീടിനടുത്ത കുന്നും അവിടുത്തെ പാറയും  വലിയൊരു കുളമായി മാറിക്കഴിഞ്ഞു. പൊട്ടിച്ചു തീരാത്ത പാറ അടരുകള്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ കുറച്ചിനിയും ബാക്കിയുണ്ട്.), വർണ്ണവിവേചനം (പ്രണയങ്ങള്‍ അവന്റെ  കറുത്ത  കൃശഗാത്രത്തിലേക്ക് പുച്ഛത്തോടെ നോക്കി),  എന്നീ മനുഷ്യനിർമ്മിതമായ ദുരന്തങ്ങളെയും ഈ കഥ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. പ്രകൃതിയുടെ (മാതംഗിയുടെ) തല്ലും തലോടലും പ്രതിഫലനസ്വഭാവമുള്ളതാണ്. കൊടുക്കുന്നതാണ് കിട്ടുന്നത്. മനുഷ്യൻ തല്ലുന്നത് തിരിച്ചു തല്ലാൻ കഴിയാത്തവരെയാണ്.

സാഹിത്യാസ്വാദനത്തിന്റെ വിവിധ രീതികൾ (ഘടനാവാദം, ഉത്തരഘടനാവാദം അപനിർമ്മിതി, കാല്പനികത, മനഃശാസ്ത്രവിശകലനം തുടങ്ങിയവ) തരുന്ന വീക്ഷണങ്ങളും ഈ കഥയ്ക്ക് തുല്യപ്രാധാന്യവും തുല്യപ്രസക്തിയുമുള്ള വിവിധ വായനകൾ സാധ്യമാക്കുന്നു. ഒരു പ്രണയകഥയുടെ സാമ്പ്രദായികമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഇങ്ങനെ വ്യത്യസ്തമായ അടരുകളുള്ള ഒരു കൃതി രചിക്കാൻ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്.
Join WhatsApp News
ജോസഫ് എബ്രഹാം 2021-08-25 10:11:36
നല്ലൊരു സാഹിത്യ വിജ്ഞാന ലേഖനം തന്നെയാണ് ഈ അവലോകന കുറിപ്പ്. മാതംഗി എന്ന കഥ അതിനു ഹേതുവായതിൽ അഭിമാനവും സന്തോഷവും. നന്ദി ശ്രീ ശ്രീകുമാർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക