Image

കേരളത്തിൽ കോവിഡിന്റെ അനിയന്ത്രിത വ്യാപനത്തിന്റെ കാരണം? (കോര ചെറിയാന്‍)

Published on 25 August, 2021
കേരളത്തിൽ കോവിഡിന്റെ അനിയന്ത്രിത വ്യാപനത്തിന്റെ കാരണം?  (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ, യു. എസ്. എ.: 138 കോടിയിലധികം ജനസംഖ്യയുള്ള ഇന്‍ഡ്യയിലെ പ്രതിദിന കൊറോണവൈറസ് വ്യാപനത്തില്‍ ഏകദേശം പകുതിയും വെറും 3 കോടി 39 ലക്ഷം ജനങ്ങളുള്ള കൊച്ചുകേരളത്തില്‍. കഴിഞ്ഞ ദിവസത്തെ 24 മണിക്കൂറിലുള്ള 40,120 ഇന്‍ഡ്യയിലെ വൈറസ് വ്യാപനത്തില്‍ കേരളത്തില്‍ മാത്രം 19,451 പുതിയ കോവിഡ്-19 രോഗികള്‍. നിര്‍വിഘ്‌ന വ്യാപന കാരണം ജനത്തിരക്കുകൊണ്ടും നിവാരണ മാര്‍ഗ്ഗമായ കോവിഡ്-19 വാക്‌സിനേഷന്‍ ദൗര്‍ലഭ്യതകൊണ്ടാണെന്നും നീതീകരിക്കുന്നതില്‍ അതിശയിക്കണം. മഹാജനപ്രവാഹമുള്ള ഇന്‍ഡ്യന്‍ മെട്രോപോലീറ്റന്‍ പട്ടണങ്ങളിലെ ആഗസ്റ്റ് 18-ലെ വ്യാപന നിരക്ക് ഡല്‍ഹി-36, മുംബൈ-195, കൊല്‍ക്കത്ത-646 എന്ന ക്രമത്തില്‍ മാത്രം നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതേ ദിവസം - 21,427 പുതിയ കോവിഡ്-19 രോഗബാധിതര്‍.
2015-ലെ യുനസ്‌കൊയുടെ ആഗോള വിശകലനാനുസരണം കേരളത്തിലെ സാക്ഷരത്വം 96.2 ശതമാനം. വിദ്യാസമ്പന്നരായ കേരളീയര്‍ കോവിഡ്-19 പകര്‍ച്ച വ്യാധിയുടെ ക്രൂരതയെ അവഗണിക്കുന്നതു തികച്ചും അപലപനീയമാണ്.
പിറന്നമണ്ണില്‍ ജീവിതാന്ത്യനാളുകളില്‍ സ്വഛാനന്ദമായി ഏതാനും ആഴ്ചകള്‍ സുഖസമൃദ്ധിയോടെ കഴിഞ്ഞു കൂടാമെന്ന ചിരകാലാഭിലാഷങ്ങളോടെ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിടവാങ്ങി കേരളത്തിലെത്താമെന്നു ആദ്യകാല മലയാളി പരദേശികളുടെ സകല പ്രതീക്ഷകളും ഇപ്പോള്‍ വെറും വെണ്ണീറായി മാറി. ചിലലോക രാഷ്ട്രങ്ങള്‍ കേരളത്തില്‍നിന്നും ഏത്തുന്നവരെ 14 ദിവസംവരെ ക്വാറന്റൈനിലേക്കു എയര്‍പോര്‍ട്ടില്‍ നിന്നും തള്ളിവിടുമ്പോള്‍ മറ്റുവിദേശ രാജ്യങ്ങളില്‍നിന്നും ഉള്ളവരെ 7 ദിവസം മാത്രം ക്വാറന്റൈനില്‍ ആക്കുന്നു. ക്ലേശകരമായ ഈ വ്യതിയാന കാരണം കേരളത്തിലെ അസഹിഷ്ണമായ കോവിഡി-19 വ്യാപനവും അശ്രദ്ധയുമാണ്.
പ്രസിദ്ധ മാദ്ധ്യമ പ്രവര്‍ത്തക പൗലോമി ഗോഷ് മെയ് 15 മുതല്‍ ജൂണ്‍ 26 വരെ നടത്തിയ വിശദമായ പഠനത്തില്‍ കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ തികച്ചും മന്ദഗതിയില്‍ മാത്രം കോവിഡ്-19 വ്യാപനം ഉണ്ടാകുമ്പോള്‍ കേരളത്തില്‍ 100 വൈറസ് രോഗികള്‍ 111 ജനങ്ങളിലേക്ക് രോഗം വ്യാപിപ്പിക്കുന്നു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിന്റെ കോവിഡ്-19 വ്യാപന ഗണിത ശാസ്ത്രാനുസരണം ഉള്ള ഇന്‍ഡ്യയിലെ ആര്‍-വാല്യു 0.95 ആണ്. 100 കോവിഡ്-19 രോഗബാധിതരില്‍ നിന്നും 95 പേര്‍ക്കുമാത്രം പടര്‍ന്നുപിടിക്കുന്നു. ആശാജനകമായ ഈ കണക്കിന്‍പ്രകാരം സാവധാനം പരിപൂര്‍ണ്ണമായി കോവിഡ്-19 മഹാവ്യാധി തുടച്ചു നീക്കപ്പെടണം.


മൂന്നാം തരംഗം കൊറോണ വൈറസ് വ്യാപനം ലോകജനത നേരിടണമെന്ന ഭീതിയില്‍ കഴിയുമ്പോഴാണ് കേരളത്തിലെ പഠന റിപ്പോര്‍ട്ട് ബാഹ്യലോകം അറിയുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍. സി. ഡി. സി.) ഡയറക്ടര്‍ എസ്. കെ. സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റ് സംഘത്തിന്റെ കേരള സ്റ്റേറ്റ് പഠന റിപ്പോര്‍ട്ടില്‍ ഒരു ലക്ഷം കോവിഡ്-19 പരിശോധനയില്‍ 9,473 ജനതയും പോസിറ്റീവ് ആണ്. ആശ്വാസമായി 100 പോസിറ്റീവ് രോഗികളില്‍ 95 പേരും രോഗമുക്തരാകുന്നു. വെറും 5 മരണം മാത്രം.
കേരളത്തിലെ ബക്രീദിലും തിരുവോണാഘോഷങ്ങളിലും കോവിഡ്-19 വ്യാപനം തടയുവാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ പാലിക്കുവാന്‍ കേരള സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം നിരുപാധീനം സര്‍ക്കാര്‍ നിരസിച്ചതിന്റെ പരിണിതഫലം ഭീകരമായിരിക്കും.
കേരളത്തില്‍ മാത്രമായുള്ള കോവിഡ്-19 വ്യാപനവും മരണവും പൂര്‍ണ്ണമായും നിവാരണ മാര്‍ഗ്ഗങ്ങള്‍ അനുകരിക്കുവാനുള്ള നിഷേധവും അശ്രദ്ധയുമാണ്. ആവശ്യാനുസരണം ജീവന്‍ പരിരക്ഷിക്കുവാനുള്ള വാക്‌സിനേഷന്റെ ദൗര്‍ലഭ്യതയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര ഗവണ്മെന്റിനും ആണ്.
ചട്ടങ്ങളും ചിട്ടകളും ലംഘിച്ചു സൈ്വര്യ വിഹാരം നടത്തുന്ന കൈരളീയര്‍തന്നെ കൊറോണവൈറസ് രോഗികളായി മാറുന്നു. ദൗര്‍ഭാഗ്യവശാല്‍ മരണത്തിലേക്കും വഴുതിവീഴുന്നു. ഏതാനും ആഴ്ചകള്‍ക്കുമുന്‍പായി ടെലിവിഷനില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഒരു സീനില്‍ സായാഹ്ന സമയത്തു കാര്‍മേഘ പാളികളാല്‍ മൂടി തുടര്‍ച്ചയായി ഉള്ള ഭീകരമാരിയുടേയും മിന്നല്‍ പിണറുകളുടെയും മദ്ധ്യേ അശേഷം ഭയമില്ലാതെ മുണ്ടുമടക്കിക്കുത്തി ശീലക്കുടയും ചൂടി സൈ്വര്യമായി രണ്ടു സുഹൃത്തുക്കള്‍ സംസാരിക്കുന്നു. മലയാളികളുടെ സംസാരിക്കുവാനുള്ള അത്യാര്‍ത്ഥിമൂലം രാപകലില്ലാതെ കൂട്ടുകാരെത്തേടി അലയുന്നതിനാല്‍ കൊറോണ വൈറസ് രോഗവും ബാധിക്കുന്നു.
കോര ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക