Image

ഈശോ സിനിമ കേവലമൊരു വിവാദമോ? (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

Published on 28 August, 2021
ഈശോ സിനിമ കേവലമൊരു വിവാദമോ? (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)
നാദിര്‍ഷ എന്ന സംവിധായകന്‍ ഈശോ എന്ന സിനിമയിലൂടെ ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈശോയെന്ന ചലച്ചിത്രത്തിന്റെ കഥയോ കഥാപാത്രമോ എന്താണെന്നു പോലും ജനത്തിന് അറിയില്ലെങ്കിലും ആ സിനിമ ഇന്ന് കേരളം മുഴുവന്‍ വിവാദത്തിന്റെ അലകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. യേശുവെന്ന പേരും രൂപവുമായി ചിത്രത്തിന്റെ പരസ്യം പുറത്തിറങ്ങിയതോടെയാണ് വിവാദത്തിന്റെ തിരകളുയര്‍ന്നത്. കോവിഡിന്റെ തീവ്രതയേക്കാള്‍ തീവ്രതയാണ് ഈശോയെന്ന സിനിമയുടെ വിവാദ ചര്‍ച്ച.
    
ക്രൈസ്തവ ജനത ലോകരക്ഷകനായിട്ടാണ് യേശുക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നത്. അവരുടെ കര്‍ത്താവും ദൈവവും ദൈവ പുത്രനായിവന്ന യേശുവിനെ കാണുന്നു. യേശുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു ജീവിതവും യേശുവിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗ്ഗവുമാണ് ഏതൊരു ക്രിസ്ത്യാനിയും നയിക്കുന്നത്. അതുകൊണ്ടുതന്നെ യേശുവെന്ന പേരില്‍പോലും അവര്‍ ദൈവത്തിന്റെ സാമിപ്യം അറിയുന്നു. ക്രൈസ്തവര്‍ ലോക രക്ഷകനായി കാണുമ്പോള്‍ അക്രൈസ്തവര്‍ യേശുവിനെ പരിഷ്കര്‍ത്താവായിട്ടാണ് യേശുവിനെ കാണുന്നത്.  
    
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോലും യേശുക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കുന്നവരാണ് അക്രൈസ്തവരും. അങ്ങനെ ഒരുവശത്ത് ആരാധിക്കുകയും മറുവശത്ത് അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട് യേശുക്രിസ്തുവിനെ. യേശുക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍ കൂടി സഞ്ചരിക്കുകയും വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരാണ് ക്രിസ്ത്യാനികള്‍, ജീവിതത്തില്‍ ക്രിസ്തുവിനെ താങ്ങുംതണലവുമായി കാണുന്നവരാണ് ക്രിസ്ത്യാനികള്‍. ക്രിസ്തുവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതം നയിക്കുന്ന ക്രിസ്ത്യാനിക്ക് ക്രിസ്തുവാണ് ആത്മാവും പരമാത്മാവും. അത്രമാത്രം യേശുക്രിസ്തുവിന് സ്ഥാനമുണ്ട് അവരുടെ ജീവിതത്തില്‍. ആ യേശുക്രിസ്തുവിനെ വാക്കാലോ പ്രവര്‍ത്തിയാലോ ആരെങ്കിലും അവഹേളിക്കുന്നത് അവരുടെ മനസ്സിനെ മുറിപ്പെടുത്തുമെന്നതാണ് സത്യം.
    
ഈശോ എന്ന ചലച്ചിത്രത്തില്‍ ഏത് രീതിയിലാണ് ക്രിസ്ത്യാനിയെ മുറിപ്പെടുത്തിയത്. അത് ഒരുപക്ഷെ കഥയിലല്ലായിരിക്കാം പേരിലായിരിക്കും. എം.കെ. ഗാന്ധി എന്ന് എഴുതി ഒരു കാര്‍ഡ് അഡ്രസ്സുപേലും വയ്ക്കാതെ ഇന്ത്യയില്‍ ഏതെങ്കിലുമൊരു പോസ്റ്റോഫീസില്‍ എത്തിയാല്‍ മഹാത്മാഗാന്ധിയുടെ കാലത്ത് അത് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ എത്തിയിരുന്നുയെന്ന് പറയപ്പെട്ടിരുന്നു. ഗാന്ധിയെന്ന് പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു ഇന്ത്യാക്കാരന്റെയും ഗാന്ധിയെക്കുറിച്ച് അറിയാവുന്നവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് മഹാത്മഗാന്ധിയുടെ രൂപമായിരിക്കും. അത്രകണ്ട് ആ രൂപവും അദ്ദേഹവും നമ്മുടെ മനസ്സില്‍ സ്ഥാനം നേടിയെന്നതാണ് സത്യം.
    
യേശുവെന്ന് പേരുള്ളവര്‍ കേരളത്തിലുണ്ടെങ്കിലും ആ പേരില്‍ ഒരു കൊമേഷ്യല്‍ സിനിമ മലയാളത്തില്‍ ആദ്യമാണ്. യേശുവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ടുള്ള ചലച്ചിത്രങ്ങള്‍ക്ക് മലയാള സിനിമാലോകത് ഇറങ്ങിയിട്ടുണ്ടെങ്കിലും പേരും കഥയും രണ്ടായിട്ടല്ല. ഇവിടെ യേശുവിന്റെ പേരും കഥയും കഥാപാത്രങ്ങളും വ്യത്യസ്തവുമാണ്. അതാണ് യാഥാസ്ഥിതികരായ ക്രൈസ്തവരെ ചൊടിപ്പിച്ചത്. ഒരു പേരില്‍ എന്തിരിക്കുന്നുയെന്ന് ചോദിച്ചാല്‍ പേരാണ് ഒരു വ്യക്തിയെ തരിച്ചറിയുന്ന ആദ്യഘടകം. സാധാരണക്കാര്‍ക്കുപോലും തങ്ങളുടെ പേര് മോശമായി ഉച്ചരിച്ചാല്‍പോലും എതിര്‍ക്കുമെന്നതാണ് സത്യം. പല സിനിമകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരും നേതാക്കളും പേരും അതേപടി കൊടുക്കാറില്ല. അതിനു കാരണം എതിര്‍പ്പും മാനനഷ്ടക്കേസ് കൊടുത്താല്‍ കുടുങ്ങുമെന്ന ഭയവുമാണ്.
    
ഇവിടെ ഒരു വ്യക്തിയോ ഒരു പ്രസ്ഥാനമോ അതിലുമപ്പുറം കേവലം ഒരു ചരിത്രപുരുഷന്‍ മാത്രമല്ല യേശുക്രിസ്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനമാണ് യേശുക്രിസ്തു അല്ലെങ്കില്‍ ആരാധനാ മൂര്‍ത്തിയാണ്. ഈര്‍ക്കിള്‍ പാര്‍ട്ടിക്കുപോലും നോവുമെന്ന് ഭയന്ന് സിനിമയില്‍ പേര് മാറ്റി എടുക്കുന്നവര്‍ക്ക് യേശുവെന്ന് പേരിടാന്‍ യാതൊരു മടിയുമില്ലായിരുന്നതതെന്തുകൊണ്ട്. അതിനു പല കാരണങ്ങള്‍ കാണാം. എതിര്‍പ്പുകളുടെ ആഴം കുറവായിരിക്കുമെന്നതോ ഇത്രയും വിവാദം സൃഷ്ടിക്കില്ലെന്ന് കരുതിയതോ അതുമല്ലെങ്കില്‍ ഒരു വിവാദമുണ്ടായാല്‍ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നതോ ആകാം.
    
ഇതിനു മുന്‍പും മലയാള സിനിമയില്‍ പേരുകള്‍ വിവാദമായിട്ടുണ്ട്. വിവാദം ശക്തമായതോടെ പേരുപോലും മാറ്റിയ സിനിമകളും ഉണ്ടായിട്ടുണ്ട്. പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ ആദ്യ പേര് പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നുയത്രെ. തട്ടാന്‍മാരുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയില്‍ തട്ടാന്‍മാരുടെ തൊഴിലിനെ പരോക്ഷമായി വിമര്‍ശിക്കുന്നതുകൊണ്ടും കളിയാക്കുന്നതുകൊണ്ടും തട്ടാന്‍മാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തു വരികയുണ്ടായപ്പോള്‍ സിനിമയുടെ അണിയറയില്‍ ഉള്ളവര്‍ക്ക് യഥാര്‍ത്ഥ പേരില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു.
    
മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും അത്തരത്തില്‍ സംഭവങ്ങളുണ്ടായിട്ടുണ്ട്. 92-ലെ മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിരത്‌നം സംവിധാനം ചെയ്ത സിനിമ മുംബൈ ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. പേരിലും കഥയിലും മുംബൈ കലാപത്തില്‍ വര്‍ഗ്ഗീയതയുടെ അംശം അടങ്ങിയിട്ടുണ്ടെന്നും അത് ചില പ്രധാന മതങ്ങളെ കുറ്റപ്പെടുത്തുന്നതായിരുന്നുയെന്നുമായിരുന്നു ആ വിവാദത്തിന് കാരണം. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന വാശിയില്‍ പ്രതിഷേധം രൂക്ഷമായപ്പോള്‍ അതിലെ ചില രംഗങ്ങള്‍ മാറ്റുകയുണ്ടായി. ബാല്‍താക്കറെയെ സിനിമ കാണിച്ച ശേഷമായിരുന്നു തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. തമിഴിലും ജല്ലിക്കെട്ടിന്റെയും ഒക്കെ കഥയുമായി സാമ്യമുള്ള സിനിമകള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
    
സിനിമയില്‍ മാത്രമല്ല നാടകങ്ങളിലും പേരിലും കഥയിലും ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവുമധികം വിവാദം സൃഷ്ടിച്ച ഒരു നാടകമായിരുന്നു പി.എ. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. ക്രിസ്തുവിനെയും മഗ്ദലന മറിയത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥയായിരുന്നു അതില്‍ വിവാദത്തിന് കാരണമായത്. യേശുക്രിസ്തു കുരിശില്‍ കിടന്നുകൊണ്ട് തന്റെ വിധിയേയും പിതാവായ ദൈവത്തിന്റെ പദ്ധതിയേയും പഴിക്കുന്നതായിരുന്നു ആ നാടകത്തിന്റെ അവസാന ഭാഗത്ത്. യേശുവിന്റെ മനസ്സിനേറ്റ മുറിവാണ് ആറാം തിരുമുറിവായി കഥാകൃത്തും നാടകരചയിതാവുമായ പി.എ. ആന്റണി ആവിഷ്ക്കരിച്ചത്. നാടകം പ്രദര്‍ശിപ്പിച്ചയുടന്‍ തന്നെ കേരളമങ്ങോളമിങ്ങോളം വിവാദത്തിന്റെ അലയൊലികള്‍ അടിച്ചു. അന്ന് കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷ സര്‍ക്കാരായിരുന്നു. മുഖ്യമന്ത്രി ഇ.കെ. നായനാരും ഇടതുപക്ഷ സര്‍ക്കാരിന്റെ മൗനാനുവാദം ഉണ്ടായിരുന്നു ആ നാടകത്തിനെന്ന് പറയപ്പെട്ടിരുന്നു.
    
നാടകം വിവാദമായപ്പോള്‍ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍ രംഗത്തു വരികയുണ്ടായി. മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പട്ടം അരമനയില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഒന്നിച്ചുകൂടി നാടകം നിരോധിക്കണമെന്ന് പ്രമേയം വരെ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് നല്‍കുകയുണ്ടായി. അത്ര ശക്തമായ പ്രതിഷേധമായിരുന്നു ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനുണ്ടായത്.
    
സിനിമകളിലും നാടകങ്ങളിലും മാത്രമല്ല പുസ്തകങ്ങളില്‍പോലും യേശുക്രിസ്തുവിന്റെ ജീവിത പശ്ചാത്തലവും ഇന്നലെവരെ കണ്ടിരുന്നതില്‍ നിന്ന് വിപരീതമായ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ പലതും വിവാദത്തിന് ഇടവരുത്തിയിട്ടുമുണ്ട്. യേശുക്രിസ്തു വിവാഹിതനായിരുന്നുയെന്നും കുടുംബമായി ജീവിച്ചിരുന്നുയെന്നും ചില പാശ്ചാത്യ സാഹിത്യകാരന്മാര്‍ തങ്ങളുടെ പുസ്തകങ്ങളില്‍ കൂടി പരാമര്‍ശിക്കുകയും അതൊക്കെ ഏറെ വിവാദത്തിന് ഇടവരുത്തിയിട്ടുണ്ട്. ഇന്നലെ വരെ നാം ആരാധിച്ചിരുന്ന ബഹുമാനിച്ചിരുന്ന വ്യക്തികളെ അതിനു വിപരീതമായ രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ നമുക്ക് എതിര്‍പ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്.
    
ക്രിസ്തുവിനെ മാത്രമല്ല മുഹമ്മദ് നബിയേയും ശ്രീകൃഷ്ണ ഭാഗവാനെയും ശ്രീരാമനെയും സിനിമകളില്‍ കൂടിയും നാടകങ്ങളില്‍ക്കൂടിയും പുസ്തകങ്ങളില്‍ കൂടിയും വിമര്‍ശിച്ചിട്ടുണ്ട്. അതൊക്കെ ഏറെ വിവാദത്തിന് തിരിതെളിച്ചിട്ടുമുണ്ട്. സല്‍മാന്‍ റുഷ്ദിയും തസ്‌ലീമാ നസ്രീനും നബിയേയും ഇസ്ലാം മതത്തേയും വിമര്‍ശിച്ചുകൊണ്ട് എഴുതിയത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുകയും അവരുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തില്‍ അത് എത്തുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പാഠ്യപുസ്തകമായ വി.കെ. എന്നിന്റെ അധികാരം പോലും ഏറെ വിവാദമായത് അതില്‍ ചില പരാമര്‍ശങ്ങള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് വിപരീതമായതുകൊണ്ടായിരുന്നു. ഒരു ചോദ്യപേപ്പറില്‍ ഒരു മതനേതാവിനെ പരാമര്‍ശിച്ചുയെന്ന് പറഞ്ഞുകൊണ്ട് തൊടുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈ വെട്ടുക വരെയുണ്ടായത് ഏറെ നാളുകള്‍ ആയില്ല.
    
മത ഭീകരതയുടെ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹം. ആവിഷ്ക്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് ആരെയും അധിക്ഷേപിക്കുന്ന തരത്തിലാകരുത്. ആളാകുന്നതിനോ അതിര് കടക്കുന്നതിനോ അത് കാരണമാകരുത്. അങ്ങനെയാകുമ്പോള്‍ അത് വിവാദത്തിന്റെ മേലങ്കിയണിയുമെന്നു തന്നെ പറയാം. യേശുവെന്ന സിനിമയില്‍ ക്രിസ്ത്യന്‍ സമുദായം പ്രതിഷേധിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയല്ലയെന്നു തന്നെ പറയാം. ആവിഷ്ക്കാര സ്വാതന്ത്ര്യം അതിരു കടക്കുമെന്ന ഭയത്തിലാണ്. വിമര്‍ശനം ഉണ്ടാകുമ്പോള്‍ അതെന്തുകൊണ്ട് ഉണ്ടായിയെന്നത് കണ്ടെത്തി അത് ആരോഗ്യകരമായ രീതിയിലല്ലെങ്കില്‍ അത് മാറ്റപ്പെടുത്തിക്കൊണ്ട് പുനരാവിഷ്ക്കരിക്കാന്‍ കഴിയണം. കേവലം സ്വാര്‍ത്ഥതയ്ക്കുവേണ്ടിയോ ലാഭത്തിനുവേണ്ടിയോ ഉള്ളതാകരുത് ആവിഷ്ക്കാരം. വിമര്‍ശിക്കാം എന്നാല്‍ അത് വ്യക്തിഹത്യയാകരുത്. വ്യക്തിഹത്യ വിപ്ലവമല്ല വിദ്വേഷമാണ് വരുത്തുന്നത്. അതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവുമുണ്ടാകുന്നില്ല. മറിച്ച് വ്യക്തികള്‍ തമ്മിലും സമൂഹത്തിലും അകല്‍ച്ചകള്‍ മാത്രമാകും ഫലം.       

ബ്ലെസന്‍ ഹ്യൂസ്റ്റന്‍
blessonhouston@gmail.com
                           

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക