Image

തോമസ് ജോസഫ്: അനശ്വരതയിലേയ്ക്ക് പറന്ന രാജഹംസം (സ്മരണിക: ദാമുനായര്‍)

ദാമുനായര്‍) Published on 28 August, 2021
തോമസ് ജോസഫ്: അനശ്വരതയിലേയ്ക്ക് പറന്ന രാജഹംസം (സ്മരണിക: ദാമുനായര്‍)
മാധവിക്കുട്ടി വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരു വാക്യമല്ല, ഒരു നക്ഷത്രമാണ് ജനിക്കുന്നത് എന്നര്‍ത്ഥം വരുന്ന രീതിയില്‍ ആരോ എഴുതിയിട്ടുണ്ട്. തോമസ് ജോസഫ് വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അവ സ്വര്‍ണ്ണപതംഗങ്ങളായി പാറിപ്പറന്ന് അഭൗമലോകങ്ങളിലേയ്ക്ക് പോകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അവയുടെ സൗന്ദര്യത്താല്‍ മോഹിതരായി നാമും ആ നാകലോക ഭീപ്തി തേടുകയായി.

മലയാള ഭാഷയുടെ ലാവണ്യം ഇങ്ങനെ ചുരുക്കം എഴുത്തുകാരിലേ ഇത്ര ചേതോഹരമായി പ്രകടിതമായിട്ട് എനിക്ക് തോന്നിയിട്ടുള്ളൂ. തോമസ് ജോസഫിന്റെ കഥകള്‍ എിക്ക് പ്രിയപ്പെട്ടതായത് 'അത്ഭുത സമസ്യ' എന്ന അദ്ദേഹത്തിന്റെ കഥാസമാഹാരം മുതല്‍ക്കാണ്. പിന്നീട് അദ്ദേഹം എഴുതിയ എല്ലാ കഥകളും തന്നെ ഞാനറിഞ്ഞിട്ടുണ്ട്, 'ഒരു തീവണ്ടിയുടെ ഏകാന്തത എങ്ങനെ അളക്കാം' എന്നതും 'ചിത്രശലഭങ്ങളുടെ കപ്പലും ഉള്‍പ്പെടെ.....

1991-ലോ മറ്റോ ഒരു സന്ധ്യയില്‍, ഏതൊക്കെയോ സുഹൃത് സമാഗമങ്ങള്‍ കഴിഞ്ഞാവണം, ഇപ്പോള്‍ അമേരിക്കയില്‍ ജോലിയും, മാദ്ധ്യമ പ്രവര്‍ത്തവുമൊക്കെ നടത്തുന്ന, ജോസ് കാടാപുറം എന്ന എന്റെ അനുജസമാനനായ സുഹൃത്തുമൊത്ത് തോമസ് ജോസഫ് എന്റെ വീട്ടില് വന്നു. തോമസ് ജോസഫിന്റെ കഥകള്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്താനാണ് ജോസ് അദ്ദേഹത്തെയും കൂട്ടി വന്നത്. അന്ന് തോമസ് ജോസഫ് എന്റെ വീട്ടില്‍ തങ്ങി.

അക്കാലത്ത് എറണാകുളം വൈറ്റിലയിലുണ്ടായിരുന്ന സര്‍ക്കാര്‍ കൃഷി ഫാമില്‍ കൃഷി ഓഫീസറായിരുന്ന എനിക്ക്, പിന്നീട് പലവട്ടം, കൊച്ചിക്കാരാനായ തോമസ് ജോസഫുമായി കൂട്ടുകൂടി നടക്കാനായി. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനും പോയി താമസിച്ചിട്ടുണ്ട്.

ഇംഗ്ലീഷില്‍ മികച്ച കവിതകളെഴുതുന്ന, ഒ.എന്‍.വി.യുടെ 'ഉജ്ജ്വയിനി'യുള്‍പ്പെടെ പല പ്രധാന മലയാള കൃതികളും ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത എ.ജെ.തോമസും, കവി അന്‍വര്‍ അലിയുമൊക്കെയായി ഞങ്ങള്‍ അക്കാലത്ത് പലപ്പോഴും അവിടെയുമിവിടെയുമൊക്കെയായി കൂടിച്ചേരാറുണ്ട്, കൊച്ചിക്കാരായ തന്റെ സാഹിത്യകാരായ സുഹൃത്തുക്കളെപ്പറ്റി പലപ്പോഴും തോമസ് ജോസഫ് സംസാരിക്കാറുണ്ട്. അവരില്‍ കഥാകൃത്തുക്കളായ ജോര്‍ജ് ജോസഫ്.കെ, ജോസഫ് മരിയന്‍ എന്നിവരെക്കുറിച്ചു എപ്പോഴും പറയും. ഒരിയ്ക്കല്‍ കഥാകൃത്തായ സോക്രട്ടീസ് വാലത്തിനെ എിക്ക് പരിചയപ്പെടുത്തിയതും ഞാനോര്‍ക്കുന്നു.

താന്‍ ഏറെ ബഹുമാനിക്കുന്ന മുതിര്‍ന്ന എഴുത്തുകാരായ സക്കറിയ, നരേന്ദ്രപ്രസാദ് എന്നിവര്‍ തന്റെ കഥകളെപ്പറ്റി നല്ല ്അഭിപ്രായം വച്ചുപുലര്‍ത്തുന്ന കാര്യം തോമസ് ജോസഫിന് വലിയ സന്തോഷം നല്‍കിയതായി എനിക്കറിയാം.

തോമസ് ജോസഫിന്റെ സംസാരത്തില്‍ പലപ്പോഴും കടന്നുവരാറുണ്ടായിരുന്ന ഒരു പേരായിരുന്നു തന്റെ സുഹൃത്തും, സഹൃദയനും, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമൊക്കെയായ സി.കെ.ഹസ്സന്‍കോയയുടേത്. തോമസ് ജോസഫ് തന്റെ ഉള്ളത്തോട് അടുപ്പിച്ചു വച്ച സുഹൃത്തായിരുന്നു ഹസ്സന്‍ കോയ.

1992-ല്‍ പൂര്‍ത്തിയായ എന്റെ 'ജ്ഞാനപ്പഴം' എന്ന നോവലിനെക്കുറിച്ച് അറിഞ്ഞ തോമസ് ജോസഫ് അത് ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ 'സീരിയലൈസ്' ; ചെയ്യാന്‍ വഴിയുണ്ടാക്കാമോയെന്ന് നോക്കട്ടെ എന്ന് പറഞ്ഞ്, തന്റെ സുഹൃത്ത് ഹസ്സന്‍കോയയെ നോവല്‍ ഏല്‍പിക്കാമെന്ന് നിശ്ചയിച്ച്, ഞങ്ങളിരുവരും അന്ന് 'ചന്ദ്രിക' യില്‍ ജോലി ചെയ്തിരുന്ന ഹസ്സന്‍കോയയെ കാണാന്‍ കോഴിക്കോട്ടേയ്ക്കു പോയി. ഹസ്സന്‍കോയയെ കണ്ടു. നോവല്‍ ഏല്‍പിച്ചു.(പക്ഷെ എന്തോ കാരണത്താല്‍ സീരിയലൈസേഷനൊന്നും നടന്നില്ല. നോവല്‍ പിന്നീട് ഞാന്‍ പുസ്തകരൂപത്തില്‍ത്തന്നെ പ്രസിദ്ധപ്പെടുത്തി.

ഹസ്സന്‍ക്കോയയുടെ സ്‌നേഹപ്രസരത്തിന്റെ ഒരംശം തോമസ് ജോസഫിന്റെ സുഹൃത്തായ എനിക്കും ലഭിച്ചു. ഞങ്ങള്‍ മൂവരും, അക്ബര്‍ കക്കട്ടിലിന്റെ വീട്ടില്‍ പോയി; അദ്ദേഹത്തിന്റെ ആതിഥ്യമാധുര്യം ആസ്വദിച്ചു. ഗായന്‍ നജ്മല്‍ ബാബുവിന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ പോയി. പാവം ആ ഗായകന്‍ അസമയമെങ്കിലും ഹസ്സന്‍കോയയുടെ ആവശ്യപ്രകാരം ഞങ്ങള്‍ക്ക് വേണ്ടിപാടുകയും ചെയ്തു.

എന്റെ ഉ്ദ്യോഗ സംബന്ധമായ പല സ്ഥലം മാറ്റങ്ങളും, വ്യക്തിപരമായ പല പ്രശ്‌നങ്ങള്‍ കാരണമുണ്ടായ വിച്ഛിന്ന മനസ്‌കതയും, മൊബൈല്‍ ഫോണ്‍യുഗം തുടങ്ങഇയിട്ടില്ലാത്ത ആ കാലത്ത് എങ്ങനെയോ പിന്നെ ഞങ്ങളുടെ കൂടിചേരലുകള്‍ വല്ലപ്പോഴുമാക്കി ചുരുക്കി.
എന്നാലും തോമസ് ജോസഫിന്റെ വിശേഷങ്ങള്‍ ഞാനറിയുന്നുണ്ടായുരുന്നു. ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സുകാരുടെ പ്രസിദ്ധീകരണത്തില്‍ അദ്ദേഹം ജോലി ചെയ്ത കാലത്തും കാണാറുണ്ട്.

അസുഖബാധിതനായ കാര്യവും അറിഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാ ബന്ധങ്ങളില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ വേര്‍പാടും എല്ലാം ദുഃഖമാണ്.

**   *** ***

തന്റെ ഒരേയൊരു കര്‍മ്മമായി, തോമസ് ജോസഫ് കരുതിയിരുന്നത് സാഹിത്യരചന മാത്രമായിരുന്നു. അത് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം മറ്റൊരു തൊഴിലിലും അദ്ദേഹത്തിന് ഉറച്ചു നില്‍ക്കാനാകാത്തത്. തന്റെ എഴുത്തില്‍, ഇത്ര ആത്മവിശ്വാസമുള്ള എഴുത്തുകാര്‍ അപൂര്‍വ്വമായിരിക്കും. അതിന്റെ തന്റേടവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവചൈതന്യമാകെ ആ രചനകളിലുണ്ട്. 'അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം.' എന്ന ശ്രീനാരായണഗുരു വചനമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. തോമസ് ജോസഫ് തന്റെ ചൈതന്യമാകെ ഊര്‍ജ്ജമാകെ തന്റെ രചനകളിലൂടെ മൂര്‍ത്തരൂപത്തിലാക്കി നമുക്ക് തന്നിട്ടുണ്ട്. ഊര്‍ജ്ജത്തെ നശിപ്പിക്കാനാവില്ല. അത് അനശ്വരമാണ്.

(കൃഷി വകുപ്പ് റിട്ട. ഡയറക്ടറാണ് ദാമു നായർ. അപ്പുക്ക, ജ്ഞാനപ്പഴം എന്നീ നോവലുകളുടെ രചയിതാവാണ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക