Image

ആയുര്‍വേദവും ദിനചര്യയും (അബിത് വി രാജ്)

Published on 29 August, 2021
ആയുര്‍വേദവും ദിനചര്യയും (അബിത് വി രാജ്)
 ഈ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘടകം ആണല്ലോ ദിവസം എന്നു പറയുന്നത്. അന്‍പതിനായിരത്തില്‍ അധികം വര്‍ഷം പഴക്കമുള്ളതും ഭാരതത്തിന്റെ തനതായ സംസ്കാരം ഉള്‍ക്കൊള്ളുന്നതുമായ ഒരു ചികിത്സാ ശാസ്ത്രമായ ആയുര്‍വ്വേദത്തില്‍ കൃത്യമായും, ചിട്ടയായും, തയ്യാര്‍ ചെയ്ത ഒന്നാണ് ദിനചര്യ. അപ്പോള്‍ എന്താണ് ദിനചര്യ എന്നു നോക്കാം. ദിനവും അനുഷ്ഠിക്കേണ്ട ചര്യകള്‍ ആണ് ദിനചര്യ എന്ന് ഒറ്റവാക്കില്‍ പറയാം. ‘ദിനം' എന്നാല്‍ ദിവസം എന്നും, ‘ചര്യ' എന്നാല്‍ അനുഷ്ഠനം എന്നോ, ചെയ്യേണ്ടുന്നവ എന്നോ പറയാം. ദീര്‍ഘായുസ്സിനും, ആരോഗ്യത്തിനുമായി കാല-പ്രായഭേദമില്ലാതെ എല്ലാവരും ദിവസവും അനുഷ്ഠിക്കേണ്ട നിയമങ്ങള്‍ ആണ് ഇത്. ഒരു ദിവസത്തിന്റെ ആരംഭം എങ്ങനെ എന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ദിവസവും നമ്മുടെ ജീവിത രീതിയില്‍ മാറ്റം വരുത്തി, ആരോഗ്യത്തോടെയും, ആയുസ്സോടെയും ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ഉള്ള ഉപാധികള്‍ ആണ് ദിനചര്യ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് എങ്ങനെ എന്നു നോക്കാം.
    
ആദ്യം തന്നെ എഴുനേല്‍ക്കണ്ട സമയം - അത് ‘ബ്രഹ്മമുഹൂര്‍ത്തം’ ആണ് അതായതു സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പായി. അതിനു ശേഷം നമ്മുടെ ദഹനം, ശരീരസ്ഥിതി എന്നിവ മനസ്സിലാക്കി മലമൂത്രവിസര്‍ജ്ജനാദി കര്‍മ്മങ്ങള്‍ ചെയ്തതിനുശേഷം ശരീരത്തെയും മനസ്സിനെയും രൂപപ്പെടുത്താന്‍ സഹായിക്കുന്ന ആഹാരവും, മറ്റും ശരീരത്തിലേക്കു സ്വീകരിക്കുന്ന വായയുടെയും, നാവിന്റെയും, വദനഗുഹയുടെയും വൃത്തിക്കായി - ചവര്‍പ്പ്, എരിവ്, കൈപ്പ് എന്നീ രസങ്ങള്‍ ഉള്ള ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള പല്ലു തേപ്പും കഴിഞ്ഞു പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനമായ കണ്ണിന്റെ (നേത്രം) രക്ഷയ്ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത ഔധങ്ങള്‍ കണ്‍മഷിയായും, സുറുമകളായും കണ്ണില്‍ പ്രയോഗിക്കാവുന്നതാണ്. തുടര്‍ന്ന് തലയ്ക്കും, മൂക്കിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറ്റാനായും കണ്ണിന്റെ ശുദ്ധിക്കും, നര മാറ്റാനും, കഴുത്തും, ചുമലും, മാറിടവും പ്രസന്നമാകാനും കുറഞ്ഞ അളവിലുള്ള നസ്യത്തിനു സാധിക്കുന്നു. (നസ്യം പഞ്ചകര്‍മ്മങ്ങളിലെ ഒരു ശോധന ചികിത്സയാണ്).
    
ഇതിനു ശേഷം ഔഷധങ്ങള്‍ ഇട്ടുതിളപ്പിച്ച ചെറുചൂട് വെള്ളം ഉപയോഗിച്ച് ചുണ്ട് വിണ്ടുകീറല്‍, വായും-ചുണ്ടും വരള്‍ച്ച, പല്ലുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കവിള്‍ കൊള്ളലും നടത്തി. ശ്രോധോ ശുദ്ധിയ്ക്കായി ഔഷധീകരിച്ച പുക ശ്വസിച്ചു ധൂമപാനവും കഴിഞ്ഞു. വായ് ശുദ്ധിക്കും, രുചി വര്‍ധനവിനും അടയ്ക്ക, വെറ്റില, ചുണ്ണാമ്പ്, ചുക്ക്, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചേര്‍ത്ത് (പുകയില ഉപയോഗിക്കാന്‍ പാടില്ല) താമ്പൂലചര്‍വ്വണം ചെയ്യാം.
    
പിന്നീട് ശരീരത്തിനു ഉറപ്പും ദൃഢതയും വര്‍ദ്ധിക്കാനും, വാത - പിത്ത - കഫ ദോഷങ്ങള്‍ സമാവസ്ഥയില്‍ നില്‍ക്കാനും, നല്ല ഉറക്കം, ശരീര വര്‍ണ്ണം, തുടങ്ങിയ ഗുണങ്ങള്‍ ഉള്ളതും ശരീരത്തിനു അനുയോജ്യവുമായ തൈലങ്ങള്‍ ശരീരത്തില്‍ തേച്ചു പിടിപ്പിക്കുകയും ചെയ്യാം. ഇതിനെ ‘അഭ്യംഗം’ എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നത്.

“ അഭ്യംഗം ആചരേത് നിത്യം
സ ജരശ്രമ വാതഃ
ദൃഷ്ടിപ്രസാദ പുഷ്ടി ആയു-
സ്വപ്ന സു ത്വക് തു ദാര്‍ഡ്യകൃത്
ശിര ശ്രവണ പാദേഷു താം
വിശേഷേണ ശീലയേത്
വര്‍ജോ അഭ്യംഗം കഫഗ്രസ്ഥം
കൃത് സംശുദ്ധി അജീര്‍ണ്ണഭി.”  എന്നാണ് ആചാരന്മാര്‍ എഴുതി വച്ചിരിക്കുന്നത് തന്നെ. തുടര്‍ന്നുള്ള വ്യായാമം ശരീരത്തിനു ഉന്മേഷം, കര്‍മ്മ സാമര്‍ഥ്യം, നല്ല ദഹനം എന്നിവ പ്രധാനം ചെയ്യുന്നു.
    
വ്യായാമം കാലവസ്ഥക്കനുയോജ്യവും സ്വബലം മനസ്സിലാക്കിയും ചെയ്യുന്നതാണ് ഉത്തമം (നടക്കുന്നത് നല്ല ഒരു വ്യായാമമാണ്). ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്ന തൈലത്തിനു പകരം ഔഷധ പൊടികള്‍ ഉപയോഗിച്ച് ശരീരത്തിനു താഴെനിന്നും മുകളിലേക്ക് എന്ന രീതിയില്‍ തേച്ചു പിടിപ്പിക്കുന്നതിനെയാണ് ‘ഉദ്ധ്വാര്‍ത്തനം' എന്നു പറയുന്നത്. ഇതു ചെയ്യുന്നതിലൂടെ ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പിനെ പുറംതള്ളാനും അവയവങ്ങള്‍ക്കു ഉറപ്പും, ദേഹകാന്തിയും പ്രധാനം ചെയ്യാനും സഹായിക്കുന്നു. അമിത വണ്ണം കുറയ്ക്കുന്നതിന് ഉദ്ധ്വാര്‍ത്തനം വളരെ നല്ലതാണ് എന്ന് ആചാരന്മാര്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിന് ശേഷം ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ച ചെറുചൂട് വെള്ളത്തില്‍ ശരീരവും, ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ച്-തണുത്ത വെള്ളത്തില്‍ ശിരസ്സും കുളിക്കുന്നത് പറഞ്ഞാല്‍ തീരാത്ത അത്ര ഗുണങ്ങള്‍ ആണ് നമുക്ക് പ്രധാനം ചെയ്യുന്നത്. കാലവസ്ഥക്കും, ശരീര സ്ഥിതിക്കും അനുയോജ്യമായ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കുളി അഴുക്കിനെ നീക്കം ചെയ്യുന്നതിനോടൊപ്പം തളര്‍ച്ച, മടി, ചൊറിച്ചില്‍, ചൂട്, തുടങ്ങി ഒട്ടനേക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കൂടിയാണ്. ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ശരീര ബലം വര്‍ദ്ധിപ്പിക്കുന്നു. തലയില്‍ അധികം ചൂട് നന്നല്ലാ.
    
നല്ല വിശപ്പ് വന്നതിനു ശേഷം മാത്രം ആഹാരം കഴിക്കാം. പഴകിയതും, വിഷാംശം ഉള്ളതുമായവ ഒഴിവാക്കി കൂടുതല്‍ ബല വര്‍ധകമായതും, പ്രകൃതിദത്തമായവയും, ആരോഗ്യ പ്രധാനമായതുമായ ആഹാരം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ഇങ്ങനെയെല്ലാം ഒരു ദിവസത്തില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തിയാല്‍ ജീവിത ശൈലി രോഗങ്ങളില്‍ നിന്നും, ആദി-വ്യാദികളില്‍ നിന്നും ഒരു പരുതി വരെ ഒഴിഞ്ഞു നില്‍ക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കുന്നതാണ്.

അബിത് വി രാജ്
(ആയ്യുര്‍വേദ പരിചാരകന്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക