America

പ്രസന്നവദനം പ്രിയംവദ - അഭിമുഖം: തയ്യാറാക്കിയത്; ഡോ.അജയ് നാരായണൻ

Published

onമിനി സജി-ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ കടന്നുവന്ന എഴുത്തുകാരി , ആ അനുഭവങ്ങൾ തന്നെയാണ് എഴുത്തിന്റെ കരുത്ത് . ജീവിതവും നോവും പ്രതിഷേധവും
 പ്രതീക്ഷയും എഴുതിയപ്പോൾ വായനക്കാർ ഏറ്റെടുത്തു. കനലുകൾ ചവിട്ടി നടന്നതിനാൽ ഇപ്പോൾ ജീവിതം പൊള്ളാറില്ലന്ന് എഴുത്തിലൂടെ വരച്ചിടുന്ന എഴുത്തുകാരി  .നാളിതുവരെയുണ്ടായ ജീവിതാനുഭവങ്ങൾ തന്നെയാണ് മനസ്സിനെ ഉറപ്പുള്ളതാക്കിയത്. തിരക്കിട്ട ജോലിക്കിടയിൽ എഴുത്ത്, വായന, അവലോകനം, പുസ്തക പരിചയം, ന്യൂസ്‌ ചാനലിൽ വാർത്തകൾ വായിക്കുക, പ്രമുഖരെ ഇന്റർവ്യൂ ചെയ്യുക തുടങ്ങി ഒട്ടനവധി തുറകളിൽ മിനിയുടെ ഇടപെടലുകൾ കാണാം.

  കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമത്തിൽ ജനനം . കാരയ്ക്കാട്ട് വീട്ടിൽ മാത്യുവും മേരിയുമാണ് മാതാപിതാക്കൾ. കല്ലാനോട് സ്കൂൾ, കൂരാച്ചുണ്ട് സെന്റ്മേരീസ് സെന്റ്തോമസ് കോളജുകളിലായി പഠനം. ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന സംഘടനയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സാന്ത്വനം വർക്കറാണ്.
കോഴിക്കോട് മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിൽ പതിനഞ്ച് വർഷമായി സാന്ത്വനം വർക്കറായി ജോലി ചെയ്യുന്നു.
 
ഭർത്താവ് സജി. മകൻ സ്റ്റെജോ ചേളന്നൂർ ശ്രീ നാരായണ കോളജിൽ ബികോം അവസാനവർഷ വിദ്യാർത്ഥിയാണ്. അക്ഷരച്ചിറകുകൾ കവിതാ സമാഹാരം, കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ (ബാലസാഹിത്യം) എന്നിവ  പുറത്തിറക്കിയിട്ടുണ്ട്

മഹാകവി ടാഗോർ പുരസ്കാരം , ചങ്ങമ്പുഴ കൃഷ്ണപ്പിള്ള കവിതാ പുരസ്കാരം, കലാനിധി പുരസ്ക്കാരം , അക്ഷരക്കനിവ് പുരസ്ക്കാരം, കർഷക സാഹിത്യ പുരസ്ക്കാരം,
ജീവകാരുണ്യ പ്രവർത്തനത്തിന് ഡോ അബേദ്ക്കർ നാഷണൽ അവാർഡ്, എൻ.വി ഭാസ്ക്കർ സ്മാരക അവാർഡ് വിമൻസ് ജസ്റ്റിസ് മൂവ്മെൻറിന്റെ കവിതാ പുരസ്കാരവും ലഭിച്ചു.

 പൂക്കുന്നഹൃദയം എന്ന കവിതാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും 
എഴുതുന്നു .ഇനി മിനിയോടുള്ള ചോദ്യങ്ങൾ 


അജയ് നാരായണൻ - 

സമൂഹത്തിലെ താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന ഒരു എഴുത്തുകാരി എന്ന് നിസ്സംശയം പറയാവുന്നതാണ് മിനിയുടെ ജീവിതാനുഭവങ്ങൾ. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഇടയിൽ നിന്നും മുന്നോട്ടു കടന്നുവന്നു സാഹിത്യലോകത്ത് സ്വന്തമായി ഒരു ഇരിപ്പിടം കരസ്ഥമാക്കിയ മിനിയുടെ എഴുത്തിന്റെ തുടക്കം എവിടെനിന്നാണ് എന്നു വിശദീകരിക്കാമോ?

മിനി - 

എൻ്റെ നാട്ടിൽ ഒരു ചേച്ചി മരണപ്പെട്ടപ്പോൾ ഒരു കവിത ഞാൻ എഴുതി. അത് ആ കുടുംബംഏറ്റെടുക്കുകയും പല വേദിയിലും അവതരിപ്പിക്കുകയും ചെയ്തപ്പോൾ പലരും കരഞ്ഞു. അത് എനിക്ക് പ്രചോദനമായി. എൻ്റെ കവിതക്ക് ജീവനുണ്ടെന്ന് ഞാൻ മനസിലാക്കി. പിന്നീട് എഴുതിയ അവൾ കടലാണ് എന്ന കവിത കുടുംബശ്രീയുടെ വേദിയിൽ അവതരിപ്പിച്ചപ്പോഴും സ്ത്രീകൾ കരഞ്ഞു. അങ്ങനെ നിത്യജീവിതത്തെ തൊട്ടെഴുതാൻ ഞാൻ തുടക്കമിട്ടു. വാക്കനൽ കവിത ഗ്രൂപ്പ് എനിക്ക് എഴുത്തിന് പ്രചോദനമായിട്ടുണ്ട്.

ആമിനതാത്തയാണ് ആദ്യമായി എന്നെ എഴുത്തുകാരുടെ സംഘടനയിൽ എത്തിച്ചത്


 അജയ് നാരായണൻ - 

പ്രാരാബ്ദങ്ങൾക്കിടയിലും എഴുത്തിനുള്ള സമയം, പ്രചോദനം എവിടെനിന്നാണ് മിനി കണ്ടെത്തുന്നത്?

മിനി - 

എഴുതാൻ പ്രത്യേകം സമയം കണ്ടെത്താറില്ല. യാത്രക്കിടയിലും ജോലി സ്ഥലത്തും ഇരുന്നാണ് എഴുതുന്നത്. നേർകാഴ്ച്ചകൾ എല്ലാം വിഷയങ്ങളാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കഥാപ്രസംഗവും ഡാൻസും സ്പോർട്സും ഒക്കെ ഉണ്ടായിരുന്നു. എല്ലാം പിന്നിട് നടഷ്ടപ്പെട്ടു. ജീവിതത്തിൽ വേദനിപ്പിക്കുന്ന പല അനുഭവങ്ങളും എഴുത്തിലേക്ക് തിരികെ വരാൻ കാരണമായി. വായനയും എഴുത്തും ഒത്തിരി സന്തോഷം തരുന്നു.


അജയ് നാരായണൻ - 

അംഗീകാരങ്ങൾ മിനിയുടെ പിന്നാലെയെന്ന് കാണാം. മിനി സമൂഹത്തിനുവേണ്ടിയും സാഹിത്യത്തിനുവേണ്ടിയും സമയം ചിലവഴിക്കുന്ന എഴുത്തുകാരിയാണ്. സമൂഹത്തോടുള്ള പ്രതിബദ്ധത വാക്കിലും നോക്കിലും പ്രവർത്തിയിലും കാണാം.

കടന്നുവന്ന വഴികളെ മുൻനിർത്തി, സ്വന്തം ജീവിതത്തെ ഒന്നു വിലയിരുത്താമോ?


അംഗീകാരങ്ങൾ ധാരാളം ലഭിച്ചിട്ടുണ്ട് അതെല്ലാം ദൈവാനുഗ്രഹമായി കണക്കാക്കുന്നു. ഓരോ അംഗികാരവും സമൂഹത്തോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളുടെ വേദനകളെ ഒപ്പിയെടുക്കാൻ ഇഷ്ടം. ചെറുപ്പം മുതലെ നടന്നുവന്ന വഴിയെല്ലാം കല്ലും മുള്ളും നിറഞ്ഞതാണ്. അതുകൊണ്ട് മറ്റുള്ളവരുടെ പ്രശ്നങ്ങൾ എന്തു തന്നെയായാലും അത് എൻ്റെയും കൂടിയാണ്.
എന്തു പ്രതിസന്ധിയുണ്ടായാലും കടന്നുപോകും വരെ പുഞ്ചിരിച്ച മുഖത്തോടെ വാക്കിലും പ്രവർത്തിയിലും താഴെത്തട്ടിലുള്ള എഴുത്തുകാർക്കും പാവപ്പെട്ടവരുടെ വേദനയ്ക്കൊപ്പവും ഞാനുണ്ടാകും.


അജയ് നാരായണൻ - 

മിനിയുടെ ചില സംരംഭങ്ങളിൽ പ്രചോദനം കൊണ്ടവർ ഏറെയെന്നു കരുതുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ഏറെ ചെയ്യുന്നുണ്ടല്ലോ.
എഴുതുന്ന വിഷയങ്ങളിലും അത് പ്രകടമാക്കാറുണ്ട്.
കവിതകൾക്ക് വിഷയം തിരഞ്ഞെടുക്കുന്ന രീതി ഒന്നു വ്യക്തമാക്കാമോ?

മിനി - 

തീർച്ചയായും പലരും പറയുന്ന വാക്കുകൾ തന്നെ മാഷും ഉപയോഗിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നു പറയുമ്പോൾ തന്നെ കഴിവുണ്ടായിട്ടും സമൂഹം അംഗീകരിക്കാത്തവരെ അല്ലെങ്കിൽ അവസരം കിട്ടാത്തവരെ ഞാൻ സഹായിക്കുവാൻ ശ്രമിക്കുന്നു. കാരണം ഈ വേദനയെല്ലാം ഞാൻ അറിഞ്ഞതാണല്ലോ. പ്രത്യേകമായി, എഴുത്തുവഴികളിൽ. നവ മാധ്യമങ്ങളിൽ എനിക്കുള്ള സ്വാധീനം അതിന് ഉപയോഗിക്കുന്നു.

അവസരങ്ങൾ കിട്ടാത്തതാണ് പലരും മുൻനിരയിലെത്താത്തതിന് കാരണം. വിഷയം മുൻകൂട്ടി തീരുമാനിക്കാറില്ല. വായനയും നേർക്കാഴ്ച്ചകളും വിഷയമാകുന്നു.
കണ്ടാൽ ഉടനെയെഴുതുന്നു. ആര് ചോദിച്ചാലും പെട്ടെന്ന് എഴുതുകയെന്നത് എനിക്ക് ഇഷ്ടം.

വിഷയം കിട്ടിക്കഴിഞ്ഞാൽ 5 മിനിറ്റ് കൊണ്ട് പേറ്റി പെറുക്കിയെടുത്ത് വരികളുണ്ടാക്കും. ആകാശക്കീറ് കരുതും ( വെളിച്ചവും നക്ഷത്രവും ).


അജയ് നാരായണൻ - 

മിനിയുടെ മനസ്സിന്റെ തെളിച്ചം വാക്കുകളിലും എഴുത്തുകളിലും വ്യക്തമാണല്ലോ. അതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകാരുമുണ്ട്. എന്താണ്, ആരാണ് മിനിയുടെ പ്രചോദനവും മാതൃകയും?

മിനി -

 തീർച്ചയായും. വാക്കുകൾ എനിക്ക് സുവർണ മുത്തുകളാണ്. അതു കൊണ്ടുതന്നെ അതെടുക്കുമ്പോൾ മുഖം പ്രകാശിക്കും. കണ്ണിൽ മഴവില്ലു തെളിയും. എൻ്റെ ചിരിയിൽ മറ്റുള്ളവർ അവരുടെ വേദന മറക്കും. എൻ്റെ കൂടെച്ചിരിക്കും. മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും അതു തന്നെ. എൻ്റെ അമ്മയാണ് ചിരിയുടെ പ്രചോദനവും മാതൃകയും. അമ്മയും ഞാനും കൂടിയാൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിക്കും. ചാച്ചൻ മരിച്ചു പോയി. അമ്മയും രണ്ട് ആങ്ങളമാരും ഉണ്ട്. എൻ്റെ അമ്മയെ എന്നും ഫോൺ വിളിച്ച് ഞാൻ ചിരിയുടെ ചാർജ് ചെയ്തു കൊണ്ടിരിക്കും.

അജയ് നാരായണൻ - 

മിനി എഴുതുവാൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ പ്രണയമാകട്ടെ, അനീതിയാകട്ടെ, സമൂഹത്തിലെ ദുഷിച്ച വ്യവസ്ഥിതിയാവട്ടെ, ഏതു വിഷയങ്ങളെയും ലളിതമായി മിനി അവതരിപ്പിക്കുന്നു. ഞാൻ ഓർത്തുചിരിക്കുന്ന മിനിയുടെ കുറച്ചുകവിതകളിൽ അമ്പതുകാരുടെ പ്രണയം, തോർത്തുമുണ്ട് തുടങ്ങിയവയും ഉണ്ട്.
വായനക്കാരെ എളുപ്പം കയ്യിലെടുക്കുന്ന ഈ എഴുത്തു രസതന്ത്രം വിശദീകരിക്കാമോ?

മിനി -

 വായനക്കാരെയെന്നും കൂട്ടുകാരായി കാണുന്നു. പ്രായം നോക്കാതെ.
അജയ് മാഷിനെപ്പോലും.
അൻപതുകളിലെ പ്രണയം വായനക്കാർ അവരുടെ അനുഭവമാണ് എന്ന് തിരിച്ചറിയുന്ന കമൻ്റ് കൾ വന്നു. തോർത്തുമുണ്ട് എന്ന കവിതയിൽ അനീതിയും സമുഹ വ്യവസ്ഥിതിയുമുണ്ട്. തോർത്തു നൂലുകൾ ജീവിത പ്രശ്നങ്ങളാണ്. ചിലപ്പോഴെങ്കിലം എൻ്റെ സംസാരത്തിൽ ചില്ലക്ഷരങ്ങൾ ചേരുന്നുവെന്ന് പലരും പറയുന്നു (ചിരി). അതുപോലെ എഴുത്തിൽ വന്നു ചേരുന്ന ചേരുവകൾ എരിവും പുളിയും മധുരവും ഒരു പോലെയാണ് വയനക്കാർ രുചിക്കുന്നത്. ചില  വരികൾ വായിച്ചവർ ചോദിക്കും എന്നെക്കുറിച്ചാണോയെന്ന്.
അവൾ ഒരു റബ്ബർമരമാണ് എന്ന കവിത സംസ്ഥാന അവാർഡ് നേടി തന്നതാണ്. ഒരു സ്ത്രീയെ അടയാളപ്പെടുത്താൻ മിനിക്കല്ലാതെ കഴിയുകയില്ല എന്നു പറഞ്ഞ് നിരവധി പേർ ആരാധകരായി. വായനക്കാരായി. രസതന്ത്രം മിനി + കവിത സമം മിനിക്കവിത.


അജയ് നാരായണൻ - 

ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ രണ്ടു പുസ്തകങ്ങൾ,  പുസ്തകപരിചയങ്ങൾ, അവലോകനങ്ങൾ, ന്യൂസ്‌ ചാനലിൽ വാർത്ത വായിക്കൽ ഇങ്ങനെ പലതുറകളിലേക്കും സങ്കോചമില്ലാതെ കടന്നു വന്ന മിനിയുടെ ഊർജത്തിന്റെ രഹസ്യം എന്താണ്?

മിനി - 

പ്രവർത്തനമേഖലകളിൽ സുഹൃത്തുക്കൾ പ്രത്യേകിച്ച് കൂട്ടുകാരി ശ്രീക്കുട്ടിയുടെ സപ്പോർട്ടും സ്നേഹവും ഈ അവസരത്തിൽ ഓർക്കുന്നു. എന്നെ കൈപിടിച്ച്' നടത്തിയവർ എഴുത്തിൽ തിരുത്തലുകൾ തന്ന് കൂടെ നിന്നവർ. എൻ്റെ വളർച്ചയിൽ സന്തോഷം പങ്കിട്ടവരെല്ലാം എൻ്റെ ഊർജസ്രോതസാണ്.

പുസ്തകം വായിക്കുക, പരിചയപ്പെടുത്തുകയെന്നത് ഇഷ്ട വിനോദം. ഇരുന്നുറിൽ അധികം പുസ്തക പരിചയപ്പെടുത്തൽ കഴിഞ്ഞു. ഞാൻ വായിക്കുന്ന കഥാപാത്രമായി മാറിയ നിമിഷങ്ങൾ കേൾവിക്കാർ പറയുന്ന അഭിപ്രായങ്ങൾ എല്ലാം ഊർജം തന്നെ. കവിതാ സമഹാരവും ബാലസാഹിത്യകൃതിയും വായനക്കാർ സ്വീകരിച്ചു. ചിരിയൊരു ഊർജമാണ്. ചുറ്റുപാടുകളെയും തന്നെ തന്നെയും മറക്കാൻ ശക്തി തരുന്ന ഊർജം.


അജയ് നാരായണൻ - 

പുതുമുഖ സാഹിത്യകാരുടെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നവർ കുറയുന്ന കാലഘട്ടത്തിൽ, തഴക്കം വന്നവർ പോലും മത്സരിക്കുന്ന മലയാളസാഹിത്യലോകത്ത് മിനി യുവമുഖങ്ങൾക്കായി ഏറെ അവസരങ്ങൾ ഒരുക്കുകയും മുഖം നോക്കാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മകനും രണ്ടു കവിതാസമാഹാരങ്ങൾ ഇറക്കിയല്ലോ. ഏറെ അഭിമാനം തരുന്ന ഒരു പുണ്യപ്രവർത്തിയാണ് മിനിയുടേത്. ഞങ്ങളെപ്പോലുള്ളവർക്ക് തീർച്ചയായും പ്രചോദനം.

മിനിയുടെ അഭിപ്രായത്തിൽ യുവസാഹിത്യകാരന്മാരുടെ വെല്ലുവിളികൾ എന്തൊക്കെയാണ്? അതെങ്ങനെ തരണം ചെയ്യാം?

മിനി - 

യുവസാഹിത്യകാരുടെ വെല്ലുവിളി മത്സരച്ചിന്തയാണ്. പഴയ എഴുത്തുകാരെക്കാൾ നന്നായി എഴുതുന്ന പുതിയ ആളുകൾ ഉണ്ട്. അവരെ അംഗീകരിക്കാനും മുന്നോട്ട് കൊണ്ടുവരാനും തയ്യാറാകണം. ആരും മഹാൻമാരായി ജനിക്കുന്നില്ല . അവർ വളരാൻ അവസരങ്ങൾ നമ്മൾ ഒരുക്കി കൊടുക്കണം.
ഇന്ന് സൈബർ ഇടങ്ങളിൽ ധാരാളം അവസരം ലഭിക്കുകയും രചനകൾ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അച്ചടിമഷി പുരളാൻ അവസരം ഒരുക്കാൻ നമ്മൾ ത്യ്യാറാകണം. പുസ്തകമായി സൂക്ഷിക്കാനും മറ്റുള്ളവർ അറിയാനും ഇടയാകണം. ജീവിതപ്രശ്നങ്ങളിൽ നിന്ന് സന്തോഷം കണ്ടെത്താനായി എഴുത്തും വായനയും ഉപയോഗപ്പെടുത്തുന്നു. നാളത്തെ എം ടി യും ബഷീറും സുഗതകുമാരിയും കമല സുരയ്യയും എല്ലാം നമ്മുടെ ഇടയിൽ തന്നെയുണ്ട്.


അജയ് - 

ഇനിയുള്ള ചോദ്യം വ്യക്തിപരം. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മിനിയുടെ കുടുംബാംഗങ്ങളിൽ നിന്നും ഏതെല്ലാം വിധത്തിലുള്ള പ്രചോദനം ലഭിക്കുന്നു?

മിനി - 

മാതാപിതാക്കളും സജി ചേട്ടനും മകളും മകനും അടങ്ങുന്നതാണ് കുടുംബം. എഴുത്തിൻ്റെ മേഖലയിൽ വീട്ടുകാരുടെ സപ്പോർട്ട് കുറവാണ്. അധികം പ്രോൽസാഹിപ്പിക്കാത്തതിനാലാകാം നുഴഞ്ഞുകയറ്റം നടത്തി വിജയത്തിൻ്റെ പാത താണ്ടുവാൻ  പ്രചോദനമാകുന്നത് മകനാണ്. കുടുംബപരമായിതന്നെ കലയിൽ  മുന്നിലാണ്. സജിച്ചേട്ടൻ ചില സമയങ്ങളിൽ നല്ല സപ്പോർട്ടാണ്.    അവാർഡ് വാങ്ങിക്കാനും, ഉദ്ഘാട ചടങ്ങിലുമെല്ലാം എന്നെ കൊണ്ടു പോകാൻ സന്തോഷമാണ്.

സുഗതകുമാരിയുടെ രാത്രിമഴ പോലുള്ള കവിതകൾ മറ്റൊരുതരം  പ്രചോദനമാണ്. ആരോഗ്യ മേഖലയിൽ പുഞ്ചിരിച്ച മുഖത്തോടെ ഓടി നടക്കാൻ ഇഷ്ടം. മദർ തെരേസയാണ് മാത്യക. എന്നും വായിക്കും. വായിക്കുന്ന പുസ്തകങ്ങളും പ്രചോദനം.

തുറന്നുപറഞ്ഞാൽ എഴുത്തിലും വായനയിലും മുന്നോട്ട് പോകാൻ കുടുംബ സപ്പോർട്ട് കുറവാണ്. ഈ കുറവുകളാണ്, ഇല്ലായ്മകളാണ് ഞാൻ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. കിട്ടാത്തതും തരാത്തതും മറ്റുള്ളവർക്ക് കൊടുക്കണം. കിട്ടണം എന്ന തോന്നലാണ് മറ്റുളളവർക്കായി എല്ലാ മേഖലയിലും പ്രർത്തിക്കാൻ കാരണം.

അജയ് നാരായണൻ - 

ഇത്രയും നേരം ക്ഷമയോടെ കൂടെ നിന്ന് എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുവല്ലോ. എല്ലാ തുറകളിലും മിനി ഇനിയും ഉയരട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.


മിനിയുടെ ഒരു കവിത കൂടി വായനക്കാരുടെ മുന്നിൽ സമർപ്പിക്കുന്നു.


 കവിത പൂക്കുന്നിടങ്ങൾ 
------------------
ജീവിതത്തിലേക്ക് പറന്നുകയറുന്ന 
ഫീനിക്സ്പക്ഷിയാണവൾ.

ചിറകുകൾക്കുള്ളിൽ നോവുകളൊളിപ്പിച്ച്
ഉയർന്നുപറക്കുന്നവൾ

ഉയരുന്തോറും കുരുക്കുകൾമാത്രം കാണുമ്പോൾ
ഉടനുടലഴിച്ചിട്ടവൾ
നൂൽപ്പാലത്തിലൂടെ മറുകരയെത്തും.

തൂവലുകളാകാശം തൊട്ടുതൊട്ടങ്ങനെ പുതിയഭൂമി സൃഷ്ടിച്ച്
അവളതു സ്വന്തമാക്കും.

മോഹച്ചുരുളഴിച്ച് ഭൂമിയിലേക്ക് വലയെറിയും
ഫീനിക്സ്കുഞ്ഞുങ്ങളതിൽക്കയറി
മുകളിലെത്തും

തൂവലുകളുടെ 
നിറഭംഗിയിൽ 
കവിതപൂക്കുമ്പോൾ
അവളുടെ സ്വപനങ്ങൾ സഫലമാകും.

 


അഭിമുഖം തയ്യാറാക്കിയത് ; ഡോ. അജയ് നാരായണൻ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

View More