Image

വിഭിന്നമതങ്ങളും ഏകമതസാരവും (ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 31 August, 2021
വിഭിന്നമതങ്ങളും ഏകമതസാരവും (ലേഖനം: വാസുദേവ് പുളിക്കല്‍)
"മതമേതായാലും മനുഷ്യന്‍ നാന്നായാല്‍ മതി'' എന്ന മഹത്തായ ഒരു സന്ദേശം നാരായണഗുരുലോകത്തിനു നല്‍കിയിട്ടുണ്ട്. ഇതില്‍നിന്ന് ലോകത്തില്‍ നിരവധിമതങ്ങളുണ്ടെന്നും, മതങ്ങളേക്കാള്‍ പ്രാധാന്യം മനുഷ്യനാണെന്നും മനസ്സിലാക്കാം.വിദേശങ്ങളില്‍ നിന്ന് ഭാരതത്തിലേക്ക് വന്ന ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയെ ഒഴിച്ചു നിര്‍ത്തിയാല്‍, ഈശ്വരന്‍ ഉണ്ടെന്നു ഉറപ്പിച്ചുപറയുന്ന ആസ്തികമതങ്ങളും ഈശ്വരസാന്നിദ്ധ്യത്തെ അംഗീകരിക്കാത്തതോചോദ്യം ചെയ്യുന്നതോ ആയ നാസ്തികമതങ്ങളും ഭാരതത്തില്‍ ആവിര്‍ഭവിച്ചു. പൊതുവെ ഇവയെദൈവികമതങ്ങളെന്നും അദൈവികമതങ്ങളെന്നും വിളിച്ചുപോരുന്നു. ഇവയില്‍വേദാന്തം, വൈഷ്ണവം, ശൈവം, ശാക്തം, സൗരം, ഗാണപത്യം, കൗമാരം, യോഗം, പാഞ്ചരാത്രം, പാശുപതം, ഹൈന്ദവം എന്നിവയെദൈവികമതങ്ങളെന്നും സാംഖ്യം, മീമാംസ, ജൈനം, ബൗദ്ധം, എന്നിവയെ അദൈവികമതങ്ങളെന്നും വ്യവഹരിച്ചു പോരുന്നു.സെമിറ്റിക് മതങ്ങള്‍ മതപ്രചാരണത്തിലൂടെ മതപരിവര്‍ത്തനം നടത്തി മതവികാസത്തിനുപ്രാധാന്യം നല്‍കുമ്പോള്‍, ഭാരതീയ മതങ്ങള്‍ ജീവാത്മക്കള്‍ക്ക് അവരവരുടെ സ്ഥാനത്തുനിന്ന് ഈശ്വരനെ അഥവ പരമസുഖത്തെലക്ഷ്യമാക്കിയാത്ര ചെയ്യുന്നതിനുള്ള വഴികാട്ടിളായ ഗുരുനാഥന്മാരുടെ അഥവ ആചാര്യന്മാരുടെ ഉപദേശമനുസരിച്ച് വഅവയുടെ പ്രാമാണികത കാത്തുസൂക്ഷിക്കുന്നു. ആ ലക്ഷ്യത്തോടേ രൂപീകരിച്ചിട്ടുള്ളഭാരതത്തിലെ മതങ്ങള്‍ക്ക് അനവധിഉള്‍പ്പിരിവുകളും ആചാര്യന്മാരും ഉപാസനാസംബ്രദായങ്ങളുമുണ്ടായിട്ടുണ്ട്. കേവലം ഭൗതികമായനാസ്തികമതങ്ങള്‍ ക്രമേണയോഗ ദര്‍ശനാദികളിലും പാഞ്ചരാത്രം, പാശുപതം മുതലായ മതങ്ങള്‍ വൈഷ്ണവ-ശൈവാരധനസംബ്രദായങ്ങളിലും വിലയം പ്രാപിച്ചിരിക്കുന്നതായി കാണാം.

പിന്നീടു വന്ന ബുദ്ധമതം, അതിന്റെവിദേശസ്വാധീനതയില്‍ വേറിട്ടുനില്ക്കാനുള്ള പ്രവണത കാട്ടാറുണ്ടെങ്കിലും ഭാരതത്തില്‍ ഒരു ഹിന്ദുമതദര്‍ശനമായിത്തന്നെനിലകൊള്ളുന്നു.
ഭാരതീയ മതങ്ങളെശ്രീശങ്കരന്‍, ശ്രീരാമാനുജന്‍, ശ്രീമാദ്ധ്യന്‍ എന്നീമഹാചാര്യന്മാരും അവരുടെ ശിഷ്യപരമ്പരയും യഥാക്രമം അദൈ്വതം, വിശിഷ്ടാദൈ്വതം, ദൈ്വതം എന്നിങ്ങനെമൂന്നു സിദ്ധാന്താങ്ങളായിതാരം തിരിച്ചു. അദൈ്വതം- ഈശ്വരന്‍ (ബ്രഹ്മം) ഒന്നു മാത്രമാണ് സത്യമായിട്ടുള്ളത്.ജീവനായും ജഗത്തായും കാണപ്പെടുന്നത് ഏകമായ ഈ ബ്രഹ്മം തന്നെ. ഇക്കാണപ്പെടുന്ന ലോകം, ജഗത്ത് മിദ്ധ്യയാണ് പലപാത്രങ്ങളില്‍ ഒരേ സൂര്യന്റെപ്രതിബിംബം കാണുന്നതുപോലെ ഏകനും അദ്വയനുമായ ഈശ്വരന്റെ വിവിധപ്രതിഭാസങ്ങളാണിവയെല്ലാം. അജ്ഞാനത്താല്‍ വിവിധബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യന്‍യഥാര്‍ത്ഥസ്ഥിതി അറിയുന്നില്ല. അജ്ഞാനം അകറ്റപ്പെടുമ്പോള്‍മനുഷ്യര്‍ സ്വയം ബോധവാന്മാരാകുന്നു. അപ്പോള്‍ അജ്ഞാനത്താല്‍ ഉളവാകിയ കുരുക്കുകളെല്ലാമഴിഞ്ഞ്‌സ്വതന്ത്രരാവും. ഈ പരമജ്ഞാനം പരമസുഖംനല്‍കുന്നു.

സാധനകളാല്‍ പരമാര്‍ത്ഥികജ്ഞാനവും ജ്ഞാനപ്രാപ്തിയില്‍ ബന്ധമോചാനവും സിന്ധിച്ച് ഓരോ ജീവനും ബ്രഹ്മമായിത്തീരുന്നു. "പരം ബ്രഹ്‌മൈവാന്‍സദിദമഖിലം ജഗത് സ്വീയവിദ്യാവിലാസിതമിദം ചാനുഭവതി''.ചുരുക്കത്തില്‍വ്യക്തിയുടെ ആത്മാവ്ബ്ര്ഹമത്തില്‍ പൂര്‍ണ്ണമായിലയിച്ച് ബ്രഹ്മമായിത്തീരുന്നു എന്ന് അദൈ്വതം ഉത്‌ഘോഷിക്കുന്നു.വിശിഷ്ടാദൈ്വതം-ഈശ്വരന്‍ ഒന്നുമാത്രമാണ് നിത്യന്‍. ജീവാത്മാവും പ്രപഞ്ചവും അസ്വതന്ത്രമാണ്. സത്തും അസത്തും എല്ലാം ഈശ്വരനില്‍വസ്തുവും അതിന്റെ ഗുണവും പോലെചേര്‍ന്നിരിക്കുന്നു. ജീവകോടികള്‍ ഈശ്വരന്‌വിധേയരാണ്. ഈശ്വരപ്രേമസ്വരൂപമാസ്വദിച്ച് ഈശ്വരനോടുകൂടിക്കഴിയുമെന്ന ഉത്‌ഘോഷിക്കുന്ന വിശിഷ്ടാദൈ്വതം ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്നുനില്‍ക്കുന്നു.ദൈ്വതം-ഈശ്വരന്‍, ജീവന്‍, ജഗത്ത് ഇവ ആരാലൊ ഉണ്ടാക്കപ്പെടാത്തനിത്യവസുതുക്കളാണെന്നും ജീവനു ജനനമരണങ്ങളുണ്ടെന്നും ജഗത്ത് മിഥ്യയക്ലെന്നും ദൈ്വതം സമര്‍ത്ഥിക്കുന്നു. ഈശ്വരന്‍മാത്രമാണ്‌നിത്യസ്വതന്ത്രന്‍.ഈശ്വരനും ജീവന്മാരും ഏതുനിലയിലും എക്കാലത്തും വെവ്വേറെ നിലകൊള്ളുന്നു.ഈശ്വരന്റെ കാര്യത്തില്‍ ഏകത്വം ദര്‍ശിപ്പിക്കുന്ന ഒരു ചിന്താസരണിയാണ് ഈ മൂന്നുസിദ്ധാത്തിന്റേയും പൊതുവായവൈശിഷ്ട്യം.ആദ്ധ്യാത്മജീവിതത്തില്‍ ആദ്യം അദൈ്വതവും അവസാനം ദൈ്വതവും ഇടക്ക് ഇവ രണ്ടിനെയും സംയോജിപ്പിക്കുന്നതായ വിശിഷ്ടാദൈ്വതവും അനുഭവപ്പെടുന്നു.

മേല്‍പ്പറഞ്ഞ മതങ്ങളില്‍ശൈവമതവും വൈഷ്ണവമതവും തമ്മിലുണ്ടായ സംഘര്‍ഷം ദീര്‍ഘകാലം നിലനിന്നുവെങ്കിലും ഒരു മതത്തിന്മറ്റേമതത്തെ ജയിക്കാനായില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ മതങ്ങള്‍ തിമ്മില്‍പൊരുതി ജയിപ്പതാസാദ്ധ്യമെന്ന പ്രസ്താവ്യത്തിന്റെ പ്രസക്തിമനസ്സിലാകുന്നു.

പൊരുതിജയിപ്പതാസാദ്ധ്യമൊന്നിനോടൊ
ന്നൊരുമതവും പൊരുതിയാലോടുങ്ങുവീല
പരമതവാദിയിതൊര്‍ത്തിടാതെപാഴേപൊഹ്ന-ക
രുതുപൊലിഞ്ഞുടുമെന്നബുദ്ധിവേണം.
പരസ്പരം പൊരുതിക്കൊണ്ട് ഒരു മതത്തേയും ഉന്മൂലാനം ചെയ്യാന്‍ കഴിയുകയില്ല.തന്റേതല്ലാത്ത മതങ്ങളോടൊക്കെ വിദ്വേഷമുള്ളവര്‍ ഇതുമനസ്സിലാക്കാതെ വെറുതെപൊരുതിപൊലിഞ്ഞുപോകും എന്ന വെളിവുണ്ടാകണം. മതവിദ്വേഷത്തില്‍നിന്ന് വിമുക്തരാകേണ്ടതിന്റെ അനിവാര്യത ഇവിടെ വ്യക്തമാകുന്നു. മതം ജീവിതത്തില്‍ സമാധാനവും സ്‌നേഹവും വെളിച്ചവും പകര്‍ന്നുകൊടുക്കേണ്ട ഒന്നാണ്. ഈശ്വരന്റെ ഇച്ഛ സമസ്ത ജീവജാലങ്ങളിലൂടേയും നിറവേറ്റപ്പെടുമ്പോള്‍ഭൂമിയില്‍ സമാധാനം സ്വഭാവികമായും വന്നണയും.എന്നാല്‍ മനുഷ്യര്‍ദൈവേച്ഛയെനിറവേറാന്‍സമ്മതിക്കാറില്ല. അവന്‍ അവന്റേതായ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മെനഞ്ഞെടുക്കുന്നു.

അങ്ങനെയാണ് യാഥാസ്ഥികമതങ്ങളില്‍ ശാഠ്യവും പിടിവാശിയും കടന്നു കൂടിയത്. സംഘടിതമതം അധികാരത്തിനും അധീശത്തിനും വേണ്ടി ഇതരമതസ്ഥരെ ഉന്മൂലനം ചെയ്യാന്‍ശ്രമിച്ചിട്ടുള്ളതും ശ്രമിക്കുന്നതുമായ വസ്തുതനമുക്ക്‌സുപരിചിതമാണ്.ദൈവം സ്‌നേഹമാണെന്ന്പറയുകയും ആ സ്‌നേഹത്തെനിഷേധിക്കുന്നയുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.യഥാര്‍ത്ഥ മതം മനുഷ്യനും ദൈവവും തമ്മിലുള്ളപ്രണയാന്വിതമായ ജീവിതമാണ്.അവിടെ ഒരു ഐക്യമുണ്ട്. ആ ഐക്യം പരമാഹ്ലാദമാണ്. ഇതൊന്നും അറിയാതെപരസ്പരം മല്ലടിച്ച് ചാവുന്ന തെരുവുനായ്ക്കളെപ്പോലെ മതാനുയായികളും മതവക്താക്കളും പെരുമാറുന്നത് ഏറെ കഷ്ടമാണ്. അല്പം ഉള്‍വെളിവുള്ളവര്‍
ഇങ്ങനെപോരടിക്കുകയില്ല.
ഒരുമതമാകുവതിന്നുരപ്പതെല്ലാവരു
മിതുവാദികളാരുമോര്‍ക്കുവീല
പരമതവാദമൊഴിഞ്ഞപണ്ഡിതന്മാ-
രറിയുമതിന്റെരഹസ്യമിങ്ങശേഷം
ലോകത്തില്‍ ഒരേയൊരു മതമുണ്ടാകണം, അപ്പോള്‍ മതകലഹങ്ങളെക്ലാം തീരും എന്നു ചിന്തിക്കുന്നതുകൊള്ളാം. പക്ഷെ ആ മതം ഏതായിരിക്കണം എന്ന കാര്യത്തിലേതര്‍ക്കമുള്ളൂ.കാരണം ഓരോരുത്തരും അവരുടെ മതമാണ്‌ശ്രേഷ്ഠം എന്നു കരുതുന്നു.മതസൗഹൃദം പറയുന്നവരാരും തന്നെ അവരുടെ പിടിവാശിയില്‍നിന്ന്പിന്മാറുന്നില്ല.മതവിദ്വേഷത്തിന് അതുവഴിതെളിക്കുന്നു. ദൈവം ഏകമാണെന്നും ഈ പ്രപഞ്ചത്തിലുള്ളത് എല്ലാം ദൈവസൃഷ്ടികാളാണെന്നും ദൈവം പക്ഷപാതിയല്ല എന്നും അന്തരാത്മാവില്‍ അനുഭവിക്ലറിയുന്ന ജ്ഞാനികള്‍ വിദ്വേഷമിക്ലാത്ത മതജീവിതത്തെ ആവിഷ്കരിക്കുന്നു. അവരെയാണ്പണ്ഡിതന്മാര്‍ എന്നുവിശേഷിപ്പിച്ചിരിക്കുന്നത്്.
ഒരെ ഒരു മതമെന്നുപറയുന്നത്ഹിന്ദുമതമോസ്ഥാപിതമതങ്ങളോ ഒന്നുമല്ല.
അഖിലരുമാത്മസുഖത്തിനായ്പ്രയത്‌നം
സകലവുമിങ്ങുസദാപിചെയ്തിടുന്നു
ജഗതിയിലിമ്മതമേകമെന്നു ചിന്തിച്ച
ഘമണയാതകതാരമര്‍ത്തീടേണം
എല്ലാവരും അവരവരുടെ സുഖത്തിനുവേണ്ടിയാണ്പരിശ്രമിക്കുന്നത്.എക്ലാവരേയും പ്രവര്‍ത്തിപ്പിക്കുന്നതും അവരുടെമതം (അഭിപ്രായം) തന്നെ.അതുകൊണ്ട് എല്ലാവരുടേയും മതം ഒന്നാണ് (ജഗതിയിലിമ്മതമേകം) എന്നതിന്‌സംശയമില്ല.ഈ ചിന്തയെ ഊട്ടിയുറപ്പിച്ച് ദുഷ്യചിന്തകളില്‍ അകപ്പെടാതെ അന്തരംഗത്തെ ആത്മാവിലമര്‍ത്തിവയ്ക്കണം. എല്ലാവരും കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സുഖത്തിനുവേണ്ടിയാണ്. ഒരു മതത്തില്‍പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ മനുഷ്യര്‍സുഖം തേടിമറ്റൊരുമതത്തിലേക്കുപോകും. സുഖം വേണം.മനുഷ്യര്‍തര്‍ക്കമില്ലാതെ ഒന്നിക്കുന്ന ഒരു സത്യമാണിത്. നിത്യമായസുഖമാണ്മനുഷ്യന്‍ ആഗ്രഹിക്കുന്നത്.ആത്മസുഖം മത്രമാണ്‌നിത്യവും പൂര്‍ണ്ണവുമായിരിക്കുന്നത്.ലോകത്തില്‍ ഈ മതം അല്ലെങ്കില്‍ അഭിപ്രായം ഏകമാണെന്ന്മനസ്സിലാക്കിസ്വാര്‍ത്ഥതകൊണ്ട്ദൂഷിതമാക്കാതെമനസ്സിനെ ആത്മാനന്ദത്തില്‍വിലയിപ്പിക്കണം.അപ്പോള്‍മതഭേദചിന്തമനസ്സിലുണ്ടാവുകയില്ല.

പലമതസാരവുമേകമെന്നുപാരാതു
ലകിലൊരായിലന്ധരനെന്നപോലെ
പലവിധയുക്തിപറഞ്ഞുപാമരന്മാര
ലവതു കണ്ടലയാതമര്‍ന്നിടേണം
ഒരുമതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും
ധരയിലിതിന്റെരഹസ്യമൊന്നു താ-
നെന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

എത്രയെത്രമതങ്ങളാണ് ഈ ഭൂമുഖത്തുള്ളത്.എല്ലാമതങ്ങളുടേയും ലക്ഷ്യം ഒന്നു തന്നെയാണ്. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന്‌നാരായണഗുരുനല്‍കിയസന്ദേശം ഉള്‍ക്കൊള്ളാന്‍സാധിക്കണം.ഈശ്വരന്‍ അല്ലെങ്കില്‍സത്യം ഒന്നേയുള്ളൂ.പക്ഷെമതത്തിന്റെ ചട്ടക്കുടുകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും വ്യത്യാസമുള്ളതുകൊണ്ട്മതത്തിന്റെ അന്തസ്സത്ത ഒന്നാണെന്ന് മനസ്സിലാകാതെപോകുന്നു. അതുകൊണ്ട്പലമതസാരവും ഏകം എന്ന ്മനസ്സിലാക്കിക്കൊടുക്കാന്‍ശ്രമിക്കുന്നു.എല്ലാനദികളും കടലില്‍ചെന്നുചേരുന്നതുപോലെ ഏതുവഴിയിലൂടെ സഞ്ചരിച്ചാലും അവസാനം മനുഷ്യര്‍ ഈശ്വരനില്‍ തന്നെലയിക്കും. കുരുടന്മാര്‍ ആനയെതപ്പിനോക്കിയിട്ട് ആന ചൂലുപോലെയാണ്, പനന്തടിപോലെയാണ്, മുറം പൊലെയാണ് എന്നൊക്കെ പറഞ്ഞ് തര്‍ക്കിക്കുന്നതുപോലെയാണ് മതത്തിന്റെ കാര്യത്തിലും തര്‍ക്കങ്ങള്‍ നടക്കുന്നത്. ഈ തര്‍ക്കങ്ങളെക്ലാം അവസാനിപ്പിച്ച് മതത്തിന്റെസാരം അന്തരാത്മാവില്‍ അനുഭവിച്ചറിയണം. ഒരു മതവിശ്വാസിക്ക് വേറൊരുമതവിശ്വാസത്തെ നിന്ദ്യമായിത്തോന്നുന്നു. ഒരു മതത്തില്‍പറയുന്നസത്യം മറ്റൊരുമതവിശ്വസിയുടെ വീക്ഷണത്തില്‍ വികലമാണ്. ഒരു മതവിശ്വാസിക്ക് വേറൊരുമതവിശ്വാസിയെ പുച്ഛമാണ്. ഏല്ലാമതങ്ങളുടെയും സാരം ഏകമാണെന്നാണ് ഇവിടെ മുന്നോട്ടുവയ്ക്കുന്ന മതദര്‍ശനത്തിന്റെ അന്തസ്സാരം. ലോകത്തില്‍ മതങ്ങളുടെ എല്ലാം സാരമായിരിക്കുന്നരഹസ്യം ഒന്നു തന്നെയാണെന്ന് അറിയുന്നതുവരെ, ഇതരമതനിന്ദവെറും ചിത്തഭ്രമം മാത്രമായിരിക്കും എന്നറിഞ്ഞിരിക്കണം. തന്റെവിശ്വാസമാണ്ശരി, അപരന്റെവിശ്വാസം തറ്റാണ് എന്നൊരുധാരണയാണ് എല്ലാമതകലഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്.മതങ്ങളുടെ എല്ലാം സാരം ഒന്നാണെന്ന രഹസ്യം അറിയുന്നതുവരെമനുഷ്യര്‍ കാട്ടിക്കൂട്ടുന്നകോപ്രായളെക്ലാം ഭ്രാന്തമാണെന്ന്തിരിച്ചറിയേണ്ടതായിട്ടുണ്ട്. മതരഹസ്യം അറിയുന്ന ഒരാള്‍.ഒരേസൃഷ്ടാവിന്റെ തന്നെ എല്ലാസൃഷ്ടികളേയും സമഭാവനയോടെ കാണും. സ്‌നേഹത്തോടേയും ഹൃദയാനുഭാവത്തോടേയും പെരുമാറും.പലമതസാരവും ഏകം എന്ന്മനസ്സിലാക്കുമ്പോള്‍ അത് ശാന്തിയാണ്, സ്‌നേഹമാണ്, ആനന്ദമാണ്, സ്വാതന്ത്ര്യമാണ്, സാഹോദര്യമാണ് എന്നു ബോധ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക