Image

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ച പ്രൊഫ.ഓം ചേരിയുടെ ഓര്‍മ്മകുറിപ്പുകളായ 'ആകസ്മികവും' ഞാനും (ദല്‍ഹികത്ത്: പി.വി.തോമസ് )

പി.വി.തോമസ് Published on 01 September, 2021
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ച പ്രൊഫ.ഓം ചേരിയുടെ ഓര്‍മ്മകുറിപ്പുകളായ 'ആകസ്മികവും' ഞാനും (ദല്‍ഹികത്ത്: പി.വി.തോമസ് )
ചിലപ്പോള്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നത് ആകസ്മികമായിട്ടാണ്. ജീവിതം തന്നെ മാറിമറിയുന്നതും ആകസ്മികമായിട്ടായിരിക്കും. ഞാന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ളയുടെ ആത്മകഥാപരമായ ഒരു അഭിമുഖം സമകാലിക മലയാളം വാരികയ്ക്കുവേണ്ടി (ന്യൂഇന്‍ഡ്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ്) ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലാന്‍ ചെയ്യുന്നതും തികച്ചും ആകസ്മികമായിട്ടായിരുന്നു. ഒരിക്കല്‍ ഭാരതീയ വിദ്യാഭവനില്‍ ഓംചേരി പ്രസംഗിക്കുന്നത് കേള്‍ക്കുവാന്‍ ഇടയായി. അതില്‍ പഴയകാല ദല്‍ഹിയെകുറിച്ചും ദല്‍ഹിജീവിതത്തെകുറിച്ചും അദ്ദേഹം ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് പൊടുന്നനെ ഒരു ഐഡിയ തോന്നി. ഇദ്ദേഹത്തിന്റെ ദല്‍ഹി ജീവിതം കേന്ദ്രമാക്കി വാരികയ്ക്കുവേണ്ടി ഒരു ദീര്‍ഘമായ അഭിമുഖം നടത്തിയാല്‍ അത് വായനക്കാര്‍ക്ക് രസകരം ആയിരിക്കുകയില്ലെ? അന്നുതന്നെ രാത്രിയില്‍ വാരികയുടെ പത്രാധിപരായ എസ്.ജയചന്ദ്രന്‍ നായരുമായി ഫോണില്‍ ഈ വിവരം സംസാരിച്ചു. അദ്ദേഹത്തില്‍ നിന്നും നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. ആഴത്തിലുള്ളതായിരിക്കട്ടെ നല്ല ദൈര്‍ഘ്യവും. നമുക്ക് ഖണ്ഡശ പ്രസിദ്ധീകരിക്കാം പത്രാധിപര്‍ പറഞ്ഞു. അദ്ദേഹം തന്നെ വാരികയില്‍ ഞാന്‍ എഴുതിയ സക്കറിയയുടെ ദല്‍ഹിജീവിതം പ്രസിദ്ധീകരിച്ചു. പിറ്റേന്നു രാവിലെ ഓംചേരിയെ ഞാന്‍ വിൡച്ച് എന്റെ അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിനും സര്‍വ്വത്ര സമ്മതം.
 
 
പണി ആരംഭിച്ചു. അദ്ദേഹം മേധാവിയായിട്ടുള്ള ഭാരതീയ വിദ്യാഭവനില്‍ വച്ചായിരുന്നു അഭിമുഖം നടന്നത്. ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കും. ഓംചേരി ഉത്തരം പറയും. എല്ലാം കൃത്യമായി റെക്കോര്‍ഡും ചെയ്യും. ഇങ്ങനെ പത്ത് പതിനഞ്ച് സിറ്റിംങ്ങ്‌സ് കഴിഞ്ഞു കഥ നന്നായി പുരോഗമിക്കുകയാണ്. വളരെ ഗഹനമായ അഭിമുഖം. വിശദമായ ഉത്തരങ്ങള്‍. ഇടയ്ക്ക് ഞങ്ങള്‍ ബ്രെയിക്ക് എടുത്ത് സമീപത്തുള്ള പ്രസ് ക്ലബില്‍ പോയി ഉച്ചഭക്ഷണം കഴിക്കും. തിരിച്ചുവന്ന് വീണ്ടും ദല്‍ഹിയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും മനുഷ്യരുടെ ജീവിതത്തിലേക്കും ഊളിയിട്ടിറങ്ങും. ആമുഖമായേ ഓംചേരി പറഞ്ഞായിരുന്നു എന്റെ ജീവിതം ഒട്ടേറെ ആക്‌സ്മികങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. അതിനാല്‍ ഇതിന്റെ പേരും 'ആക്‌സ്മികം' എന്നായിരിക്കണം. റെക്കോര്‍ഡ് ചെയ്തത് റോക്കോര്‍ഡു ചെയ്തു ഞാന്‍ എഴുതുവാനും തുടങ്ങി. വളരെ രസകരമായ വിവരങ്ങളും വിവരണവും ആയിരുന്നു അത്. അപ്പോള്‍ ഒരു ദിവസം ആകസ്മികമായി ജയചന്ദ്രന്‍ നായര്‍ ടെലിഫോണ്‍ ചെയ്തു. എവിടം വരെയായി എഴുത്ത് എന്ന് ചോദിച്ചു. രസകരമായി പുരോഗമിക്കുന്നുവെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഒരു പ്രശ്‌നം ഉണ്ട്, അദ്ദേഹം പറഞ്ഞു. ഞാന്‍ പത്രാധിപസ്ഥാനം രാജിവച്ചു. സ്ഥാനവും സ്ഥലവും വിടുകയാണ്. ഒരു നിമിഷനേരത്തേക്ക് ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചില്ല. അങ്ങനെ ആകസ്മികമായി തന്നെ ആ സംരംഭം അവിട മുടങ്ങി. പിന്നീട് മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ഡി.വിജയമോഹന്‍ ഇത് പൂര്‍ത്തിയാക്കിയാല്‍ ഭാഷാപോഷിണിയില്‍ ഓംചേരിയും സമ്മതിച്ചു. അവിടെ പത്രാധിപരായ കെ.സി.നാരായണ്‍ ഞങ്ങളുടെ രണ്ടുപേരുടെയും സുഹൃത്താണ്. വലിയ ഒരു കഥ ചുരുക്കിപറഞ്ഞാല്‍ പിന്നീട് ഇത് മുമ്പോട്ടു പോയില്ല. അതിനുശേഷം കുറെ മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം ഓംചേരി എന്നെ ഫോണില്‍ വിളിച്ചു. നാളെ കേരള ഹൗസില്‍ വരണം. ഞാന്‍ ഒരു ക്ഷണക്കത്ത് മെയില്‍ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ ആത്മകഥ 'ആക്‌സ്മികം' പ്രകാശനം ചെയ്യുന്നുണ്ട്. ആ പരിപാടിയിലും ഞാന്‍ പങ്കുചേര്‍ന്നു. ഗംഭീരമായ ഒരു ചടങ്ങായിരുന്നു അത്. പിന്നീട് ഓംചേരി തന്നെ എന്നോട് പറഞ്ഞു വി.പി. ജോയി എന്ന സഹൃദയനും സാഹിത്യകാരനുമായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ നിര്‍ബ്ബന്ധം മൂലം ആണ് പുസ്തകം തീര്‍ന്നത്. ജോയി ഇപ്പോള്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയാണ്. അന്ന് അദ്ദേഹം ദല്‍ഹിയില്‍ ആയിരുന്നു.
 
സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നതിനു മുമ്പെ 'ആകസ്മിക'ത്തിന് നല്ല അംഗീകാരവും അഭിനന്ദവും ലഭിച്ചിരുന്നു. അക്കാദമി അവാര്‍ഡ് ലഭിച്ചതിനുശേഷം ഞാന്‍ ഓംചേരിയോട് കഴിഞ്ഞ ഒരു ദിവസം ചോദിച്ചു പുരസ്‌ക്കാരത്തെക്കുറിച്ച് എന്തു തോന്നുന്നു? അദ്ദേഹം പറഞ്ഞു എന്റെ ഈ പ്രായത്തില്‍ എനിക്ക് സുഖവും ദുഃഖവും ഒന്നും ഇല്ല. എന്നാല്‍ മറ്റുള്ളവര്‍ സന്തോഷത്തോടെ വിളിക്കുകയും അഭിനന്ദിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും വളരെ സന്തോഷം തോന്നും. എത്ര സത്യസന്ധമായ ഉത്തരം. അതിന്റെ കാതല്‍ ഓംചേരി അടുത്തറിയാവുന്നവര്‍ക്ക് മനസിലാകും.
 
ഓംചേരി ദല്‍ഹിയില്‍ വരുന്നത് 1951-52 കാലത്താണ്. ഏകദേശം 70 വര്‍ഷങ്ങള്‍ക്ക് മുമ്പ്. യുവാവായ ഓംചേരി ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയത് ഇന്‍ഡ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ ഒരു ഉദ്യോഗസ്ഥനായിട്ടാണ്. ട്രെയിനില്‍ വച്ച് അദ്ദേഹത്തിന് ഒരു ആകസ്മിക സംഭവം ഉണ്ടായി. തൊട്ടടുത്തിരുന്ന മലയാളി കുടുംബമായി പരിചയപ്പെട്ടു. അപ്പോള്‍ അവര്‍ ചോദിച്ചു ദല്‍ഹിയില്‍ എവിടെയാണ് താമസിക്കുവാന്‍ പോകുന്നതെന്ന്. ഓംചേരി പറഞ്ഞു അറിയില്ല. സ്ഥലം കണ്ടെത്തണം. അവര്‍ അദ്ദേഹത്തെ ഒപ്പം താമസിക്കുവാന്‍ ക്ഷണിച്ചു. ഓംചേരി സ്‌നേഹപൂര്‍വ്വം ക്ഷണം സ്വീകരിച്ചു. പിന്നീട് അദ്ദേഹം വര്‍ഷങ്ങളോളം അവരുടെ കുടുംബത്തില്‍ താമസിച്ചു. ഒരു അംഗത്തെപ്പോലെ ആയിരുന്നു അദ്ദേഹം അവരോടൊപ്പം അവിടെ ജീവിച്ചത്.
 
വൈക്കംകാരനായ ഓംചേരിക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തീകബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം ആകസ്മീകമായിട്ട് തന്നെയാണ് പരിഹരിക്കപ്പെട്ടിട്ടുള്ളതും. പത്രമാസികകളിലും മറ്റും എഴുതി കിട്ടുന്ന പ്രതിഫലം ഏറെ സഹായിച്ചു. പ്രസിദ്ധ ഗായകനായ കമുകറ പുരുഷോത്തമന്റെ സഹോദരിയെ-ലീല-ആണ് ഓംചേരി വിവാഹം കഴിച്ചത്. പ്രേമ വിവാഹം. ഏറെ എതിര്‍പ്പു ഉണ്ടായിരുന്നു. കമുകറയും ഈ വിവാഹത്തിന് എതിരായിരുന്നു. ലീല ഓംചേരിക്ക് സംഗീതത്തിനുള്ള സംഭാവനയെ മുന്‍നിര്‍ത്തി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പത്മശ്രീ പുരസ്‌ക്കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ഒമ്പത് നാടകങ്ങളും 80 ഏകാങ്ക നാടകങ്ങളും നോവലുകളും ലേഖനങ്ങളും എഴുതി തന്റേതായ വഴി സാഹിത്യത്തില്‍ വെട്ടിത്തെളിച്ച ഓംചേരിക്ക് സാഹിത്യത്തിനുള്ള സമഗ്രസംഭാവനക്കുള്ള പുരസ്‌ക്കാരം ആണ് ആത്മകഥയെ മുന്‍ നിര്‍ത്തി നല്‍കിയത് അക്കാദമി.
 
ഓംചേരി ദല്‍ഹി ജീവിതത്തിനിടയില്‍ ഒട്ടേറെ ചരിത്രസാഹിത്യ സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. കൊണാട്ട് പ്ലേസിലെ കേരളക്ലബിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഒരു സജീവ ഭാഗവാക്കാണ്. ഒരിക്കല്‍ കടം കയറി ക്ലബ് പൂട്ടാറായപ്പോള്‍ അതിനെ ഋണബാദ്ധ്യതയില്‍ നിന്നും മോചിപ്പിച്ച് രക്ഷപ്പെടുത്തിയത് ഓംചേരി ആയിരുന്നു. ഈ ക്ലബില്‍ വച്ചായിരുന്നു മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ അവരുടെ കഥകളും മറ്റും ആദ്യമായി വായിച്ചിട്ടുള്ളത്. ഇതില്‍ അന്നത്തെ ദല്‍ഹി നിവാസികളായ കാക്കനാടനും, ഒ.വി.വിജയനും, വി.കെ.എന്നും, എം.മുകുന്ദനും എല്ലാം ഉള്‍പ്പെടുന്നു. കഥാപാരായണവും ചര്‍ച്ചയും അന്നെല്ലാം പ്രതിവാര ചടങ്ങ് ആയിരുന്നു. ഒപ്പും മധുപാനവും.
 
ഓംചേരി ദല്‍ഹികലാപത്തിന്റെ ദൃക്‌സാക്ഷി ആയിരുന്നു. അദ്ദേഹം താമസിക്കുന്ന വടക്കല്‍ ദല്‍ഹിയിലെ അശോക് വിഹാറില്‍ ഒരു സിക്കുകാരന്റെ സിനിമകൊട്ടക അഗ്നിക്കിരയാക്കി കലാപക്കാര്‍. നിരവധി സിക്കുകാരെ നിറുത്തി കത്തിച്ചു കളഞ്ഞു, ദല്‍ഹിയിലെ മറ്റു ഭാഗങ്ങളിലെ എന്നപോലെ തന്നെ. ഇതിനെ കുറിച്ചെല്ലാം അദ്ദേഹം വിശദമായ വിവരണം എനിക്ക് നല്‍കിയിരുന്നു. അദ്ദേഹം പറഞ്ഞ ഒരു സംഭവം ഞാന്‍ ഓര്‍മ്മിക്കുന്നു. കലാപക്കാര്‍ അശോക് വിഹാറില്‍ അഴിഞ്ഞാടുകയാണ്. വീടുകള്‍ തോറും കയറി ഇറങ്ങി സിക്കുകാരെ കൊല്ലുകയാണ്. ഓംചേരിയുടെ വീട്ടിലും ഒരു സംഘം ആയുധധാരികള്‍ എത്തി. മദ്രാസി ആണെന്നറിഞ്ഞപ്പോള്‍ പോകുവാനായിറങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ തത്ത സിക്കുകാരുടെ ആശംസാവാചകമായ 'സശ്രീകാല്‍ജി' എന്ന് പലപ്രവാശ്യം ഉരുവിട്ടു. അവരോട് ഓംചേരി ഈ തത്ത ഒരു സിക്കുകാരന്‍ വെറുതെ നല്‍കിയതാണെന്ന് പറഞ്ഞു. അവര്‍ പിന്തിരിഞ്ഞു. അത് ശരിക്കും പലായനം ചെയ്ത ഒരു സിക്ക് അയല്‍വാസി തലേന്ന് അദ്ദേഹത്തിന് നല്‍കിയത് ആയിരുന്നു. അനേകം സിക്കുകുടുംബങ്ങളെ ഓംചേരിയും മറ്റഅ ഹിന്ദു അയല്‍വാസികളും രക്ഷപ്പെട്ടു പോകുവാന്‍ സഹായിച്ചിരുന്നു. ട്രക്ക് ഉടമകളായ അവരുടെ വാഹനത്തില്‍ സിക്ക് ഗുരുക്കന്മാരുടെ പടത്തിനുമുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഒട്ടിച്ചായിരുന്നു ആള്‍മാറാട്ടം നടത്തിയത്. ഇന്ദിരാഗാന്ധിയുടെ കുപ്രസിദ്ധമായ അടിയന്തിരാവസ്ഥകാലത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഓംചേരിയില്‍ പത്ര സെന്‍സറിംങ്ങ് ദുഷ്‌ക്കരമായ ഉത്തരവാദിത്വം വന്നു ചേര്‍ന്നു. അദ്ദേഹത്തിന് അതില്‍ നിന്നും ഒഴിഞ്ഞു മാറാനായില്ല. മേലുദ്യോഗസ്ഥനോട് ഓംചേരി പറഞ്ഞു. പെന്‌സില്‍വാനിയ യൂണിവാഴ്‌സിറ്റിയില്‍ നിന്നും(അമേരിക്ക) അദ്ദേഹം മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയത് കമ്മ്യൂണിക്കേഷനെ കൊല ചെയ്യുവാന്‍ ആയിരുന്നില്ല എന്ന്. പക്ഷേ, അത് അടിയന്തിരാവസ്ഥ കാലം ആയിരുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ല. ഇത് സംബന്ധിച്ച് ഒട്ടേറെ അനുഭവങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. അടിയന്തിരാവസ്ഥയെ അധികരിച്ച് ഓംചേരി എഴുതിയ നാടകം ആണ് ഉലകുടപെരുമാള്‍.
 
'ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു' എന്ന നാടകം ഇദ്ദേഹം എഴുതിയത്. ഏ.കെ.ജി. പറഞ്ഞതനുസരിച്ചാണ്. ഏ.കെ.ജി. അപ്പോള്‍ ആദ്യത്തെ ലോകസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു(അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി). ആലപ്പുഴയില്‍ സമരം ചെയ്യുന്ന കയര്‍ തൊഴിലാളികളെ സഹായിക്കുവാന്‍ പണപ്പിരിവിനായി ഒരു നാടകം എഴുതുവാന്‍ അതികായകനായ ആ വിപ്ലവ നായകന്‍ ആവശ്യപ്പെട്ടു. അതാണ് ഈ നാടകം. ഏ.കെ.ജി. അന്ന് താമസിച്ചിരുന്നത് സെന്‍ട്രല്‍ ദല്‍ഹിയിലെ വിന്‍ഡോര്‍ പ്ലേസില്‍ ആയിരുന്നു. റെഡ് സ്‌ക്വയര്‍ എന്ന പേരില്‍ ആണ് അവിടം അന്ന് അറിയപ്പെട്ടിരുന്നത്. ഓംചേരി ഉള്‍പ്പെടെ നിരവധി കലാസാംസ്‌ക്കാരിക-രാഷ്ട്രീയ പ്രേമികള്‍ അന്ന് അവിടെ സായന്തനങ്ങളില്‍ സമ്മേളിക്കുമായിരുന്നു. ഏ.കെ.ജിയുടെ മാസ്മരിക വ്യക്തി പ്രഭാവത്തെകുറിച്ച് സംസാരിക്കുമ്പോള്‍ ഓംചേരിക്ക് നൂറുനാവാണ്.
 
ഓംചേരി 96 വയസിനുശേഷം സ്വമേധയാ ആണ് കഴിഞ്ഞ വര്‍ഷം ഭാരതീയ വിദ്യാഭവനില്‍ നിന്നും പടിയിറങ്ങിയത്. ഇതിനെക്കുറിച്ച് അദ്ദേഹം ഒരു കഥ പറയും. ഒരിക്കല്‍ ഒരു സുഹൃത്തിനു വേണ്ടി അദ്ദേഹവുമൊത്ത് , ഓംചേരി തിരുവനന്തപുരത്തുള്ള ഒരു ജ്യോത്സ്യന്റെ വീട്ടില്‍ പോയി. സുഹൃത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹം വൈസ് ചാന്‍സലര്‍ ആകുമോ എന്നായിരുന്നു. ജ്യോത്സ്യന്‍ ഇല്ല എന്നു പറഞ്ഞു. എന്നിട്ട് ഓംചേരിയെ നോക്കി അദ്ദേഹം പറഞ്ഞു താങ്കള്‍ ജോലിയില്‍ നിന്നും ഒരിക്കലും വിരമിക്കുകയും ഇല്ല. ഓംചേരിയുടെ ഓഫീസുമുറിയില്‍ ഒരു കട്ടില്‍ കിടപ്പുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു ഇവിടെ ഉറക്കവും ഉണ്ടോ? അദ്ദേഹം പറഞ്ഞു: ഞാന്‍ ഇതില്‍ ഒരിക്കല്‍ പോലും കിടന്നിട്ടില്ല. കിടക്കുന്നത് വി.കെ. മാധവന്‍കുട്ടി ആണ്. ഉച്ചക്ക് ഊണു കഴിഞ്ഞ് മാധവന്‍കുട്ടി ഓംചേരിയെ സന്ദര്‍ശിക്കുമായിരുന്നു. അന്ന് മാധവന്‍കുട്ടി ജോലി ചെയ്തിരുന്നത് ഭാരതീയവിദ്യാഭവന് തൊട്ടടുത്തുള്ള ട്രാവന്‍കൂര്‍ ഹൗസിലെ കൈരളി റ്റി.വി.യില്‍ ആയിരുന്നു. അടിയന്തിരവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരഗാന്ധിയുടെ പ്രധാനമുദ്രാവാക്യം ആയിരുന്ന ഗരീബി ഹഠാവോ (ദാരിദ്ര്യം ഇല്ലാതാക്കുക) എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ഓംചേരി ആയിരുന്നു. അദ്ദേഹം കൊടുത്ത പഞ്ചു ലൈന്‍ ഇതായിരുന്നു. പ്രതിപക്ഷത്തിന് 'ഇന്ദിരാ ഹഠാവോ' ആണോ മുദ്രാവാക്യം ഇന്ദിരക്ക് ഗരീബി ഹഠാസോയും. ആ മുദ്രാവാക്യം ഇന്ദിര ഗാന്ധിക്ക് വല്ലാതെ ഇഷ്ടപ്പെടുകയും ഓംചേരിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് ഓംചേരി പറയുന്നത് ഒരു ഗവണ്‍മെന്റ്  ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന രീതിയില്‍ അദ്ദേഹം തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത് ആവുന്നത്ര ഭംഗിയായി. മുദ്രാവാക്യം ഏറ്റില്ല. അതിന് രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു. ആകസ്മികത്തിന് ഒരു രണ്ടാംഭാഗം വരുന്നുണ്ടെന്ന് ഓംചേരി എന്നോടു പറയുകയുണ്ടായി.
 
ജീവിത സായാഹ്നത്തില്‍ ആണ് ഓംചേരിക്ക് ഈ ബഹുമതി ലഭിച്ചത്. തികച്ചും അര്‍ഹിക്കുന്ന ബഹുമതി തന്നെ. ദല്‍ഹിയിലെ മലയാളികളുടെ ഈ കാരണവര്‍ക്ക് എല്ലാവിധ ഭാവകങ്ങളും നേരാം.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക