Image

ആലിസ് , ഇൻ വണ്ടർലാന്റ് ( കവിത: ശ്രീദേവി മധു)

Published on 04 September, 2021
ആലിസ് , ഇൻ വണ്ടർലാന്റ് ( കവിത: ശ്രീദേവി മധു)
ആലിസ്
അത്ഭുത ലോകത്തിൽ നിന്ന്
നാട്ടിൽ തിരിച്ചെത്തി,
കാഴ്ചകൾ കണ്ടു നടന്നു
വെളുത്തൊരുത്തൻ
കറുത്തൊരുത്തനെ
ചുമ്മാ ചവിട്ടിക്കൊല്ലുന്നു
ഗതിമുട്ടി ചത്തവന്റെ
ഒഴിഞ്ഞ ആമാശയത്തിൽ
കുരുങ്ങിക്കിടക്കുന്നു , ഒരു
ജപ്തിനോട്ടീസ്
പ്രണയ തീരങ്ങളിലെ
സ്‌റ്റാളുകളിൽ
ബൈ ടൂ ഗെറ്റ് വൺ ഓഫർ,
കത്തിയും തോക്കും ആസിഡും
മനസ്സു ചേരായ്മകൾ
കുമിഞ്ഞഴുകി
വീട്ടുപിന്നാമ്പുറങ്ങൾ
പുളിച്ചു നാറുന്നു
മിടിപ്പുലഞ്ഞൊരുടൽ
വഴിയോരത്ത് ,
കുഞ്ഞു ചങ്കിൽ ഒട്ടിച്ചു വച്ച
അടയാളം മാഞ്ഞൊരു
പൗരത്വ കാർഡ്.
ആലിസ് തിരിഞ്ഞു നോക്കി
എവിടെ ,ആ വാതിൽ ?
ആദ്യത്തെ അത്ഭുത ലോകത്തിന്റെ ...!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക