Image

പ്രളയം ഈ തലമുറയുടെ സംഭാവനയോ? (നടപ്പാതയിലെ നാട്ടുവിശേങ്ങൾ- 5: ബാബു പാറയ്ക്കൽ)

Published on 04 September, 2021
പ്രളയം ഈ തലമുറയുടെ സംഭാവനയോ? (നടപ്പാതയിലെ നാട്ടുവിശേങ്ങൾ- 5: ബാബു പാറയ്ക്കൽ)

"ഇന്നലത്തെ എന്തൊരു മഴയായിരുന്നു മാഷേ? നിങ്ങളുടെ അവിടെയൊന്നും കുഴപ്പമില്ലായിരുന്നല്ലോ അല്ലേ?"
"ഞങ്ങളുടെ വീട്ടിൽ കുഴപ്പമൊന്നുമില്ല. പക്ഷേ, രണ്ടു ബ്ലോക്ക് അപ്പുറത്തായി പല കാറുകളും വെള്ളത്തിൽ മുങ്ങിപ്പോയി. ഭാഗ്യം കൊണ്ട് ആർക്കും ആളപായമില്ല."
"ന്യൂയോർക്ക് സിറ്റിയിലും ന്യൂജേഴ്‌സിയിലും ഒക്കെ ആയി നാൽപഞ്ചോളം പേരല്ലേ മരിച്ചത്! ഇങ്ങനെ ഒരു ഫ്ലാഷ് ഫ്ളഡ് എൻറെ അറിവിൽ ആദ്യമാ. എന്താണാവോ ഇങ്ങനെയൊക്കെ?"
"എടോ, ഇതെല്ലം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാ. ഇങ്ങനെ ഇനിയും ഉണ്ടാകും. ലോകം മുഴുവൻ എടുത്തു നോക്ക്. ഈ കഴിഞ്ഞ മാസം ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തിൽ എത്രയാ മരിച്ചതെന്നാർക്കും അറിയില്ല. അതിനു തൊട്ടു മുൻപാണ് യൂറോപ്പിൽ വെള്ളപ്പൊക്കമുണ്ടായത്. നമ്മുടെ നാട്ടിൽ ഉണ്ടായ പ്രളയം മറക്കാറായിട്ടില്ലല്ലോ."
"ഇതിനപ്പോൾ നമുക്കൊന്നും ചെയ്യാനാവില്ലേ?"
"നമ്മൾ ചെയ്തതിന്റെ ഫലമാണല്ലോ ഇപ്പോൾ കാണുന്നത്."
"എന്നുപറഞ്ഞാൽ?”
"കഴിഞ്ഞ 50 വർഷമായി നാം അന്തരീക്ഷത്തിലേക്കു തള്ളിയിരിക്കുന്ന കാർബൺ ഡയോക്‌സൈഡ് എത്രമാത്രമാണെന്നു വല്ല പിടിയുമുണ്ടോ? പുരോഗമനത്തിന്റെയും അഭിവൃദ്ധിയുടെയും കഥ പറയുന്ന വികസിതരാജ്യങ്ങളിൽ യാതൊരു തത്വദീക്ഷയുമില്ലാതെ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പടർന്നു പന്തലിച്ച വ്യവസായവത്കരണത്തിന്റെ പരിണിത ഫലമാണ് നാം ഇന്നനുഭവിക്കുന്നത്."
"അപ്പോൾ അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളാണ് ഇതിനുത്തരവാദി, അല്ലേ?"
"എന്നു പറയാനാവില്ല. ഭാഗികമായ ഉത്തരവാദിത്വം മാത്രമേ അമേരിക്കക്കുള്ളൂ. ഇതിന്റെ ഭവിഷ്യത്തു മനസ്സിലാക്കി കർശന നിയമങ്ങൾ ഇന്ന് അമേരിക്കയിൽ പാലിക്കപ്പെടുന്നു. അതിനെ ലംഘിക്കുന്നവർക്ക് കടുത്ത പിഴയാണ് കൊടുക്കേണ്ടി വരിക. എന്നാൽ ചൈന പോലെയുള്ള രാജ്യങ്ങളിൽ ഇന്നും കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ദശലക്ഷക്കണക്കിനു ഫാക്ടറികൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ കർശനമായ നിയമങ്ങൾ നിയമപുസ്തകങ്ങൾക്കുള്ളിൽ മാത്രം. പണമുണ്ടെങ്കിൽ കാർബൺ ഏതുവഴിയും രക്ഷപ്പെടും. അതിനു പുറമെയാണ് കാട്ടുതീയുടെ സംഭാവന."
"അതെന്താ മാഷേ, കാട്ടുതീകൊണ്ടുള്ള കുഴപ്പം?"
"കാട്ടുതീ കൊണ്ടു രണ്ടു പ്രശ്നമാണ്. ഒന്ന്, അത് അന്തരീക്ഷത്തിലേക്കുയർത്തുന്ന പുകപടലം. രണ്ട്, അതുയർത്തുന്ന അന്തരീക്ഷ താപനില."
"അതു പോലെ കടലിലെ ജലനിരപ്പുയരുന്നു എന്ന് പറയുന്നതു നേരാണോ? എത്രയോ വർഷങ്ങൾ ഈ നദികളെല്ലാം കടലിലേക്കൊഴുകി ചെന്നിട്ടും അവിടെ ജലനിരപ്പുയർന്നിട്ടില്ലല്ലോ. പിന്നെ എന്താണിപ്പോളിങ്ങനെ?"
"അന്തരീക്ഷത്തിലെ താപനില ഉയരുന്നതുകൊണ്ട് ഭൂമിയുടെ കാലാവസ്‌ഥാ സന്തുലിത കാത്തുസൂക്ഷിക്കുന്ന ധ്രുവങ്ങളിലെ മഞ്ഞു മലകൾ ഉരുകുന്നു. അതിൽ നിന്നും വലിയ മഞ്ഞു കട്ടകൾ അടർന്നുവീണ് സമുദ്രത്തിൽ പതിക്കുന്നു. അലാസ്‌കായുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു പോയി നിന്നാൽ കാണാവുന്നതാണ്. അനേക മഞ്ഞുകട്ടകൾ അങ്ങനെ ഒഴുകി നടക്കുന്നത്. അന്തരീക്ഷത്തിന്റെ താപ നില ഉയരുന്നതോടൊപ്പം ഇതുകൂടിയാകുമ്പോൾ സമുദ്രത്തിലെ ജലനിരപ്പുയരുന്നു. ഇത് കൂടുതൽ കൂറ്റൻ കാർമേഘങ്ങളെ സൃഷ്ഠിക്കുന്നു."
"അതിനു പുറമെ വരുന്ന ന്യൂനമർദ്ദവും ചുഴലിക്കാറ്റുകളും എല്ലാം പ്രശ്നങ്ങളാണല്ലോ. നമ്മുടെ നാട്ടിലെ മരം മുറിക്കലും മണലു വാരലും പശ്ചിമഘട്ടത്തെ താങ്ങി നിർത്തുന്ന കൂറ്റൻ പാറക്കെട്ടുകൾ വെട്ടി അരിയുന്ന വമ്പൻ ക്വാറികളും എല്ലാം കൂടി നമ്മുടെ നാടും ഏതാണ്ടൊരു പരുവം ആക്കിയിരിക്കയാണല്ലോ."
"ഇനിയിപ്പോൾ നമ്മുടെ നാടും മറ്റൊരു നാടും എന്നു പ്രത്യേകിച്ച് പറയണമെന്നില്ല. 'ഗ്ലോബൽ വാമിങ്' എന്നു പറഞ്ഞാൽ അത് ലോകത്തിനു മുഴുവനുള്ളതാണ്. ഇനി ചെറിയൊരു പ്രദേശം മാത്രമാക്കി നമുക്കു മാറ്റിനിർത്താമെന്നു തോന്നുന്നില്ല."
"അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇനിയും നേരിടേണ്ടി വരുമെന്നാണോ മാഷു പറയുന്നത്?"
"സംശയമെന്താ? ഇനി ഇതിൽ കൂടുതൽ കാണേണ്ടി വരും."
"വെറുതെയല്ല കവി പാടിയത്, 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?'"
"ഇയാൾ പറഞ്ഞത്ശരിയാണ്.അതു ദുഷ്‌കരമാവും. നമ്മുടെ തലമുറയുടെ സംഭാവന.അല്ലാതെന്തു പറയാൻ!"
"ശരി മാഷെ, പിന്നെ കാണാം.”
"എങ്കിൽഅങ്ങനെയാവട്ടെ."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക