ഗ്യാസലിന്റെ മനംപിരട്ടിക്കുന്ന മണമാണ് വാതിൽതുറന്ന് അകത്തുകടന്ന ഈപ്പനെ സ്വീകരിച്ചത്. എവിടെനിന്നാണു ആ മണം വരുന്നതെന്ന് അയാൾക്കു മനസ്സിലായില്ല. ഹാൾവേയിലേക്കു കടന്നതും എന്തിന്റെയോ ഇരമ്പം ഈപ്പൻ കേട്ടു. എന്താണതെന്ന് ചെവിവട്ടം പിടിച്ച് ഈപ്പൻ ഗരാജിലേക്കുള്ള കോറിഡോറിലെത്തി. ഗരാജിനടുത്തേക്കു നടക്കുമ്പോൾ കാറിന്റെ എഞ്ചിന്റെ ശബ്ദം തന്നെയല്ലേ എന്നോർത്ത് അയാളുടെ നെറ്റിചുളിഞ്ഞു.
കാറിന്റെ പിൻസീറ്റിൽ ഒരു കൈ കമ്പിളിക്കു പുറത്തായി ഇളംചിരിയോടെ ഉറങ്ങുന്ന തെയ്യാമ്മയെ ഈപ്പൻ കണ്ടു. ആ ചിരി പരിഹാസത്തിന്റേതാണെന്ന് ഈപ്പന് തോന്നി.
ജീവിതകാലം മുഴുവൻ തെയ്യാമ്മ ഭയപ്പെട്ടിരുന്നതുപോലെ അന്നും അടുത്ത ദിവസങ്ങളിലുമായി മലയാളികളുടെ ഇടയിൽ ഫോണുകൾ ചിലച്ചുകൊണ്ടിരുന്നു.
- അറിഞ്ഞാരുന്നോ ?
- എന്നാലും ...
- ദൈവം ക്ഷമിക്കുമോ ?
- കാരണം...?
- കാരണം ..? കാരണം..? കാരണം..? കാരണം ..? കാരണം ..? കാരണം ...?
എല്ലാവർക്കും കാരണം അറിയണമായിരുന്നു. ഈപ്പന്റെ അമ്പരപ്പ് മറയ്ക്കാവുന്നതിലും ഒളിക്കാവുന്നതിലും അപ്പുറമായിരുന്നു.
- ഓക്കേ, ഇറ്റ് ഈസ് യുവർ ചോയ്സ് !
എന്തിനാണങ്ങനെ പറഞ്ഞതെന്ന് അയാൾക്കറിയില്ല. ഒട്ടും പ്രതീക്ഷിക്കാതെ തെയ്യാമ്മ ക്യാൻസറിനെപ്പറ്റി പറഞ്ഞപ്പോൾ ഈപ്പൻ വിശ്വസിച്ചില്ല എന്നതാണു സത്യം. അയാൾ ശാഠ്യത്തോടെ അവളെ തന്റെ ലോകത്തിനു പുറത്തു നിർത്തിയിരുന്നെങ്കിലും അവൾക്കും അതാവും എന്നയാൾ പ്രതീക്ഷിച്ചിരുന്നില്ല. ആ രഹസ്യത്തിൽ അയാളെ പങ്കുകാരനാക്കാതെയിരുന്നതിന്റെ പ്രതിഷേധമായിരുന്നുവോ അത് ? അതോ ഇഷ്ടമില്ലാത്തൊരു വസ്തു അടുത്തു വന്നിരുന്നതിന്റെ വിരസതയോ? ശബ്ദം മുഴങ്ങിയതല്ലാതെ അയാളൊന്നും കേട്ടില്ല.
- അങ്ങനെ പറയേണ്ടിയിരുന്നോ ?
- പിന്നല്ലാതെ , ഓരോ വേഷം കെട്ടല് .
ഈപ്പൻ സ്വയം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
റ്റിറ്റി സൈക്യാട്രിസ്റ്റിന്റെ സോഫയിൽ കിടക്കാൻ മടിച്ച് അസ്വസ്ഥതയോടെ ഇരുന്നു.
- മമ്മി നിങ്ങളെ കെട്ടിപ്പിടിച്ചാണു ഉറങ്ങിയത്. അതാണ് നിങ്ങൾ മദേഴ്സ് ഡേക്കു കൊടുത്ത കമ്പിളി പുതയ്ക്കാൻ അവരെ പ്രേരിപ്പിച്ചത്.
സൈക്യാട്രിസ്റ്റ് പറഞ്ഞു.
- ഷീ ഫെൽറ്റ് യുവർ ലവ് റ്റിൽ ദ എൻഡ്.
കമ്പിളിയിൽ തനിക്കു പങ്കൊന്നും ഇല്ലായിരുന്നെന്ന് റ്റിറ്റി പറഞ്ഞില്ല. അത് ടിജുവിന്റെ സമ്മാനമായിരുന്നു. സത്യത്തിൽ ആ പുതപ്പ് ടിജു വാൻകൂവറിൽ നിന്നും കൊണ്ടു വന്നപ്പോൾ റ്റിറ്റിക്കു പുച്ഛമാണു തോന്നിയത്.
റ്റിറ്റിക്ക് മമ്മിയോട് പുച്ഛമായിരുന്നു. കെട്ടിപ്പൊതിഞ്ഞാണ് തെയ്യാമ്മ എപ്പോഴും നടക്കുന്നത്. ഒരു അടിയുടുപ്പ്. അതിനു മുകളിൽ ഒരു സ്വെറ്റർ, അതിനുമുകളിൽ മുൻവശം തുറന്ന ഒരു സ്വെറ്റർ , പാന്റിനടിയിലും തെയ്യാമ്മ വൂളൻ അടിപ്പാന്റിടും. ഓർക്കുന്നതേ റ്റിറ്റിക്ക് അരിശം തോന്നി. ഭംഗികെട്ട വിലകുറഞ്ഞ തുണികളുടെ ഒരു വിഴുപ്പുകെട്ടായിരുന്നു അവൾക്ക് അമ്മ.
ചെറുപ്പത്തിൽ റ്റിറ്റിയുടെ മുറിയിലേക്ക് അനാവശ്യ ശബ്ദങ്ങൾ കടന്നു കയറാറുള്ളത് അവളോർത്തു. താഴെ നിന്നും ഡാഡി ന്യൂസ് കാണുന്ന ശബ്ദം . മമ്മി കിടപ്പുമുറിയിൽ ഷൈല ആന്റിയോടു ഫോണിൽ സംസാരിക്കുന്നുണ്ട്.
ഓ.. യാ.. ഒണ്ട്ണ്ട്. ലോകകാര്യങ്ങളൊന്നും വിട്ടുപോകാതെ ശ്രദ്ധിക്കാൻ ടി.വി ക്കു മുമ്പിത്തന്നെയുണ്ട്. വീട്ടുകാര്യം എങ്ങനേലും കെടക്കട്ടെ.
മമ്മിയുടെ ചിരി കേൾക്കുമ്പോൾ റ്റിറ്റിക്ക് അരിശം തോന്നും. ഡാഡിയെ പരിഹസിച്ചുള്ള ചിരിയാണതെന്ന് അവൾക്കു തിരിച്ചറിയാം.
മമ്മിയുടെ ചിരി എന്നാണ് റ്റിറ്റിയ്ക്ക് അസഹ്യമായ്. ഓം കാനഡ എന്നു ചൊല്ലിയതു തെറ്റാണ്. പക്ഷേ, ഒരു ചെറിയ തെറ്റിന് ഒരു കുട്ടിയെ എത്രയധികം പരിഹസിക്കും. എത്രയേറെ ശിക്ഷിക്കും..?
അവളെ കണ്ടപ്പോഴൊക്കെ തെയ്യാമ്മ ഓം കാനഡാക്കാരി എന്നു വിളിച്ചു. തെയ്യാമ്മ അറിയാവുന്നവരോടെല്ലാം കൊഴുപ്പിച്ചു പറഞ്ഞു:
- ശങ്കരാഭരണം കണ്ടേച്ചും കൊച്ച് ഓ കാനഡാ ഓം കാനഡായാക്കി. ഹ.. ഹ....ഹി...ഹ ... ഹി..
ടീച്ചർ പല പ്രാവശ്യം പറഞ്ഞിട്ടും അവൾക്ക് ഓയും ഓമും തമ്മിൽ വ്യത്യാസം തോന്നിയില്ല. ടീച്ചർ ഡാഡിയോടു പരാതി പറഞ്ഞപ്പോൾ റ്റിറ്റി പേടിച്ചുപോയിരുന്നു. ഡാഡി അവളെ കടലാസ്സിൽ എഴുതി കാണിച്ചു.
- സീ ബേബീ , ഓ എയ്ച്ച് ഈസ് ഇനഫ് . യൂ ആർ ആഡിങ്ങ് ആൻ എം റ്റൂ ഇറ്റ്.
പെട്ടെന്ന് അവൾ ഓയും ഓമും വെളുപ്പും കറുപ്പുമായി തിരിച്ചറിഞ്ഞു.
റ്റിറ്റിയുടെ ഡാഡിക്ക് പെരുമാറ്റച്ചട്ടങ്ങളറിയാം. മോടിയായി വസ്ത്രം ധരിക്കാനറിയാം . ലോക കാര്യങ്ങളറിയാം. രാഷ്ട്രീയം, സിനിമ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, നല്ല കാറ്, വീട്, അലങ്കാര വസ്തുക്കൾ, ജോലിക്കാർ .റ്റിറ്റി എങ്ങനെയാണ് പരിഹസിക്കപ്പെടുന്ന കുറ്റകരമാകാവുന്ന മലയാളം പാട്ടുകളെ ഇഷ്ടപ്പെടുന്നത്.
സൈക്യാട്രിസ്റ്റ് ചോദ്യങ്ങളും ന്യായങ്ങളും കൊണ്ട് അവളുടെ ഭൂതകാലത്തെ കുടത്തിനു പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവർക്ക് ന്യായീകരണങ്ങളും തിയറിയും ഉണ്ടായിരുന്നു. പ്രായപൂർത്തിയായ ഓരോരുത്തരുടെയും ചുമതലയാണു സ്വയം രക്ഷിക്കുക എന്നത്. അതു മറ്റുള്ളവരിൽ വെച്ചുകെട്ടാൻ ശ്രമിക്കുന്നത് ശരിയല്ല.
അവരൊരു വിഷാദ രോഗി ആയിരുന്നു. തെയ്യാമ്മ ഒരു നേഴ്സല്ലേ? ഡിപ്രഷനു ചികിൽസ നോക്കേണ്ടതായിരുന്നു. തെയ്യാമ്മ മരണം തിരഞ്ഞെടുത്തത് ആരുടെയും കുറ്റമല്ല എന്നു സൈക്യാട്രിസ്റ്റ് സമർത്ഥിച്ചു.
റ്റിറ്റിക്ക് കുറച്ചാശ്വാസം തോന്നി.
ഇറ്റ്സ് നോട്ട് എനിബഡീസ് ഫോൾട്ട് !
ടിജു വാൻകൂവറിൽനിന്നും വാങ്ങിയ കമ്പിളി , കഴുകിയിട്ടും ഗ്യാസ ലീൻ മണം കെട്ടടങ്ങാത്ത കമ്പിളി മേത്തുചുറ്റി റ്റിറ്റി വീടിനു പിന്നിലെ പുല്ലിലൂടെ നടന്നു.
പിൻവശത്ത് ബിർച്ചു മരത്തിന്റെ ഇലകൾ കാറ്റിൽ ആടിയാടി പറഞ്ഞുകൊണ്ടിരുന്നു.
- വനത്തിലെ കുലീനയാണു ഞാൻ ! I shall never break.
തുടരും ...