ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഇരുപതു വര്‍ഷങ്ങള്‍ തികയുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ന്യൂ യോര്‍ക്ക് സിറ്റിയിലെ ലോക വ്യാപാര കേന്ദ്രം മെമ്മോറിയല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ലോക വ്യാപാര കേന്ദ്രത്തിന് സമീപത്തുള്ള മെമ്മോറിയല്‍ പാര്‍ക്ക് ഈ പരിപാടിക്കായി ഒരുങ്ങിക്കഴിഞ്ഞു. 2014 മെയ് മാസത്തിലാണ് ഈ പാര്‍ക്ക് പൂര്‍ണമായും ജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത്. 15 -20 അടിയോളം ഉയരത്തില്‍ വളര്‍ന്ന നാനൂറിലധികം വൈറ്റ് ഓക്ക് മരങ്ങളാണ് വിശാലമായ മെമ്മോറിയല്‍ പാര്‍ക്കിനെ ഒരു കൊച്ചു വനം പോലെ നിഴല്‍ പാകി പന്തലിച്ചു നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനമനുസരിച്ചു ഈ മരങ്ങളുടെ ഇലകളുടെ നിറഭേദം ഏറെ കൗതുകം നല്‍കുന്നതാണ് . പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ദിവസവും ഇവിടെ വന്നു പോകുന്നത്. ഹഡ്‌സണ്‍ നദിയില്‍ നിന്നും 500 അടി മാത്രം അകലെയുള്ള പാര്‍ക്കിന്റെ ഒരു വശത്ത് WTC മ്യൂസിയം. രണ്ടു മെമ്മോറിയല്‍ പൂളുകളിലും നിരന്തരം നാലു വശങ്ങളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഒരു കാഴ്ചയാണ്. അമേരിക്കയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ വെള്ളച്ചാട്ടവും ഇത് തന്നെ. രണ്ട് വലിയ പൂളുകളുടെയും നാല് വശങ്ങളിലുമായി ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ട 2977 ആളുകളുടെയും പേരുകള്‍ പതിച്ചിട്ടുണ്ട്. ഈ പേരുകള്‍ പതിപ്പിച്ചിരിക്കുന്ന Bronze തകിട് കാലാവസ്ഥയ്ക്കനുസരിച്ചു ഉഷ്ണ - ശീതീകരണ സംവിധാനമുള്ളതാണ്. ഇവിടുത്തെ SURVIVOR മരം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഈ മരം പ്രതീക്ഷയുടെ അടയാളമായി കരുതുന്നു. ആക്രമണത്തിന് ശേഷം 2001 ഒക്ടോബറില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്ത മരത്തിന്റെ ശേഷിക്കുന്ന ഭാഗം ന്യൂ യോര്‍ക്ക് സിറ്റി പാര്‍ക്ക് ഡിപ്പാര്‍ട്‌മെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രോങ്ക്‌സിലെ വാന്‍ കോര്‍ട്ട് ലാന്‍ഡിലുള്ള പുനരധിവാസ കേന്ദ്രത്തില്‍ നട്ടു വളര്‍ത്തി വീണ്ടും 2010 -ല്‍ ആണ് ലോക വ്യപാര കേന്ദ്രത്തിലെ ഈ പാര്‍ക്കില്‍ തിരികെ കൊണ്ടുവന്നു പ്ലാന്റ് ചെയ്തത്. വാള്‍ സ്ട്രീറ്റില്‍ നിന്നും ഏതാനും അടി മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ലോക വ്യാപാര കേന്ദ്രം ഏതൊരു വ്യക്തിയും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ്.
ജോലി ചെയ്യുന്ന ഓഫീസില്‍ ബില്‍ഡിങ്ങില്‍ നിന്നും രണ്ടു ബ്ലോക്ക് നടന്നാല്‍ ലോകവ്യപാര സമുച്ചയം ആണ്. സാധാരണ ഉച്ചയ്ക്ക് ലഞ്ച് സമയത്ത് സുഹൃത്തുക്കളോടൊപ്പം വാള്‍ സ്ട്രീറ്റ് ഏരിയയില്‍ നടക്കാന്‍ ഇറങ്ങുക പതിവാണ്. അങ്ങനെ ഇന്നലെയും കോരസണ്‍ വര്‍ഗീസിനോടപ്പം ഹഡ്‌സണ്‍ നദി യുടെ ഓരം ചേര്‍ന്നുള്ള നടപ്പാതയിലൂടെ കുറെ നടന്നു. തിരികെ മെമ്മോറിയല്‍ പാര്‍ക്കില്‍ എത്തിയപ്പോള്‍ അവിടെ സന്നദ്ധ സേവനം ചെയ്യുന്ന ഒരു വനിത ഞങ്ങളോടൊപ്പം കുശലം പറയാന്‍ കൂടി. കുറെ കാര്യങ്ങള്‍ പുതിയതായി അറിയാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ ക്രിസ്റ്റഫര്‍ അമോര്‍സോ എന്ന പോലീസുകാരന്‍ അന്ന് രക്ഷിച്ച ഒരു വനിതയെ അദ്ദേഹത്തിന്റെ ഭാര്യ ഇരുപതു വര്‍ഷത്തെ നിരന്തര ശ്രമത്തിന്റെ ഫലമായി കണ്ടെത്തിയ (ഇന്ത്യയില്‍ നിന്നും) കഥയും അവര്‍ പറഞ്ഞു. ആ പോലീസുകാരന്‍ ജീവന്‍ രക്ഷ ദൗത്യത്തിനിടെ അന്ന് കൊല്ലപ്പെട്ടിരുന്നു. ഇരുപതാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഇന്ത്യയില്‍ നിന്നും ന്യൂ യോര്‍ക്കില്‍ എത്തുന്നുവെന്നും അവര്‍ സൂചിപ്പിച്ചു.
ശനിയാഴ്ച നടക്കാന്‍ പോകുന്ന 20- ആം വര്‍ഷത്തിന്റെ മെമ്മോറിയല്‍ പരിപാടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഉദ്യാനത്തിലെ മരങ്ങളില്‍ മുഴുവനും സൗണ്ട് ബോക്‌സുകള്‍ ഘടിപ്പിച്ചിരിക്കുന്നു. എവിടെ ഇരുന്നാലും നിന്നാലും വേദിയില്‍ സംസാരിക്കുന്നത് വ്യക്തമായി കേള്‍ക്കാനാണ്. മാരാമണ്‍ കണ്‍വെന്‍ഷന്‍ പന്തലില്‍ ഒരിക്കല്‍ കണ്ടതുപോലെ തോന്നി. അവിടെ തൂണുകളിലാണ് ബോക്‌സുകളെങ്കില്‍ ഇവിടെ മരങ്ങളിലാണ് എന്ന് മാത്രം.
ഞങ്ങള്‍ മെമ്മോറിയല്‍ പൂളുകളുടെ ചുറ്റും പതിവുപോലെ വലയം വച്ച് നടന്നു. ആര്‍ത്തിരമ്പുന്ന വെള്ളത്തിന്റെ ഇരമ്പല്‍ ഇരകളുടെ ആത്മാക്കളുടെ തേങ്ങലായി പ്രതിധ്വനിക്കുന്നോ എന്ന് ഒരു നിമിഷം തോന്നിപ്പോയി. ഇരകളുടെ മാത്രമല്ല. അക്രമികളുടെയും ആത്മാക്കളുടെ അട്ടഹാസം ആ ഇരമ്പലില്‍ ഒരു പക്ഷെ ഉയരുന്നുണ്ടാവാം. എല്ലാം തോന്നല്‍ മാത്രം. ഞാന്‍ ഓരോ പേരുകളും വായിച്ചു വായിച്ചു പതുക്കെ നടന്നതുകൊണ്ടാകാം അക്ഷമനായി കോരസണ്‍ വേഗത്തില്‍ മുന്നോട്ടു നടന്നിട്ട് തിരിഞ്ഞു നിന്നു. ഞാന്‍ അത് കാര്യമാക്കാതെ ഒരു അനേഷകനെപ്പോലെ പേരുകള്‍ ഓരോന്നും സൂക്ഷിച്ചു വായിച്ചുതന്നെ നടപ്പു തുടര്‍ന്നു. ഒരു സ്ഥാനം എത്തിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി തറപ്പിച്ചു നോക്കി ഉറപ്പു വരുത്തിയ ശേഷം ഉറക്കെ വിളിച്ചു പറഞ്ഞു. കോരസ്സാ .. ദാ ഇവിടെ വത്സയുടെ പേര്. കോരസണ്‍ ദൂരെ നിന്നും തിരികെ വന്ന് പേര് വായിച്ചു. ഇയ്യിടെ അന്തരിച്ച സജിലിന്റെ സഹോദരിയായിരുന്നു ദുരന്തത്തില്‍ അന്ന് കൊല്ലപ്പെട്ട വത്സ. കൂടാതെ സ്‌നേഹ ആന്‍ ഫിലിപ്പ് എന്നൊരു മലയാളി വനിതയും കൊല്ലപ്പെട്ടിരുന്നു.
കോവിഡ് നീയന്ത്രണങ്ങള്‍ അയഞ്ഞു തുടങ്ങിയതോടെ ന്യൂ യോര്‍ക്ക് നഗരം പഴയ സ്ഥിതിയിലേക്ക് തിരികെ എത്തുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒരു ആരവം അവിടവിടെയായി കാണാനുണ്ട്. 13 ആം തീയതി മുതല്‍ ഓഫിസുകള്‍ പൂര്‍ണമായ തോതില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സിറ്റി മേയര്‍ ഡിബ്ലാസിയോ ഉത്തരവിറക്കിയിട്ടുണ്ട്. ഏതാണ്ട് ഒരു പ്രേത നഗരം പോലെ കഴിഞ്ഞ ഒന്നര വര്‍ഷമായി ഒഴിഞ്ഞു കിടന്നിരുന്ന നിരത്തുകള്‍ സാവധാനം ചലനം വച്ച് തുടങ്ങിയിരിക്കുന്നു. സുക്കോട്ടി പാര്‍ക്കിലും പരിസരത്തും കാളക്കൂറ്റന്റെ ചാരെയും എല്ലാം തിരക്കായി തുടങ്ങിയിട്ടുണ്ട് . സാദാ സമയം തിരക്കായിരുന്ന വലിയ ആഹാരശാലകള്‍ പലതും അടച്ചു പൂട്ടിപ്പോയി. നിരത്തുകളുടെ വശങ്ങളിലായി നിരവധി ഹലാല്‍ / ഇന്ത്യന്‍ ഫുഡ് കാര്‍ട്ടുകള്‍ സജീവമായുണ്ട്. പലതിന്റെയും മുന്‍പില്‍ നീണ്ട നിര കാണാം. വാക്‌സിനേഷന്‍ എടുത്തുവെന്ന ധൈര്യത്തില്‍ മാസ്‌ക് ഇല്ലാതെയാണ് പലരും നടക്കുന്നത്. വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്ക് 100 ഡോളര്‍ സിറ്റി മേയര്‍ പ്രഖ്യാപിച്ചിട്ടും ഇനിയും വാക്‌സിനേഷന്‍ എടുക്കാത്തവരും ഒരുപാടുണ്ട്. ഒരു വശത്ത് ആരവവും മറു വശത്ത് ആശങ്കയും നിറയുന്നെങ്കിലും ആ പഴയ ന്യൂ യോര്‍ക്ക് നഗരം അതിന്റെ പ്രൗഢിയോടെ തിരികെ വരും എന്ന പ്രതീക്ഷയാണ് എല്ലാവരുടെയും മുഖത്ത്. അതെ ആശങ്കയെത്രയായാലും ലക്ഷങ്ങള്‍ക്ക് അത്താണിയാകുന്ന ഈ മഹാ നഗരത്തിന് ഉറങ്ങാനാവില്ലല്ലോ, A CITY NEVER SLEEPS..