Image

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 13 September, 2021
പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)
ശ്രദ്ധിക്കുക,'മുപ്പത് നിലകള്‍ പടികള്‍  ഉപയോഗിച്ച് ഇറങ്ങി കയറുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ മാത്രം യാത്ര തുടരുക'.  ലക്ഷ്യസ്ഥാനം  കാണാന്‍ സാധിക്കാതെ, പാതാളത്തിലേക്ക് താഴ്ന്നു പോകുന്ന രൂപത്തിലുള്ള നേര്‍ത്ത വഴി. പാതയുടെ അങ്ങേയറ്റം വരെ  ചെന്നതിനു ശേഷം, പലരും  ആയാസപ്പെട്ട്  കിതച്ചു  കൊണ്ട്  കയറിവരുന്നു. ബാലന്മാര്‍ക്കും ബാലികമാര്‍ക്കും  ഈ കയറ്റം ഒരുപ്രശ്‌നമേയല്ല. ഇരുമ്പ് കരിമ്പാക്കാന്‍  സാധിച്ചിരുന്നു  ചെറുപ്പകാല ത്തായിരുന്നെങ്കില്‍  മുന്നറിയിപ്പൊന്നും വായിക്കുക  പോലുമില്ലായിരുന്നു. അച്ഛനത് സാധിക്കും എന്നു പ്രോത്സാഹിപ്പിച്ചു കൊണ്ട് മകള്‍ പടികള്‍ ഇറങ്ങാന്‍ തുടങ്ങി. ഇനിയുമൊരങ്കത്തിന്  ബാല്യമുണ്ട് എന്ന് മനസ്സില്‍  ഉറപ്പിച്ചുകൊണ്ട്   യാത്ര തുടങ്ങാനാരംഭിച്ചു. അല്പദൂരം പിന്നിട്ടപ്പോള്‍  ആളുകളെ  അടിച്ചുതെറിപ്പി ക്കാന്‍ കെല്പുള്ള  അതിശക്തമായ കാറ്റടിക്കുവാന്‍ തുടങ്ങി. കൈവരികളില്‍ മുറുക്കെ പിടിച്ചിരുന്നത്  രക്ഷയായി.  64KM(40 മൈല്‍ ) കൂടുതല്‍ വേഗതയില്‍ കാറ്റടിക്കുന്ന  ദിവസങ്ങളില്‍ പടിപ്പാത അടക്കുന്നതാണല്ലോ !
 
കുറച്ച്  കൂടി മുന്നോട്ടു നീങ്ങിയപ്പോള്‍, പത്തടിയില്‍ കൂടുതല്‍ ദൂരം കാണാന്‍ സാധിക്കുന്നില്ല. മൂടല്‍മഞ്ഞ്  നടപ്പാതക്ക് മുകളില്‍,  ചെട്ടികുളങ്ങരയില്‍ കെട്ടുകാഴ്ച പോലെ ഉയര്‍ന്നു നില്‍ക്കുന്നു. കട്ടികൂടിയ പഞ്ഞി കെട്ടിനുള്ളിലൂടെ കടന്നുപോകുന്ന  അനുഭവം. മേഘത്തിനുള്ളില്‍ അകപെട്ടപ്പോള്‍  മണ്ണില്‍  നിന്നും  വിണ്ണില്‍ എത്തിപ്പെട്ട ഗന്ധര്‍വ്വനായി രൂപാന്തരം സംഭവിച്ചുവോ?  ബാഷ്പ കണങ്ങളെ, മേഘരൂപത്തില്‍ കാണാം, ശ്രവിക്കാം, രുചിക്കാം, ഘ്രാണിക്കാം പക്ഷെ സ്പര്‍ശിക്കുവാന്‍ സാധിക്കുന്നില്ല. എന്നാല്‍  കാര്‍മേഘത്തിന്  നമ്മളുടെ ശരീരത്തില്‍  ജല കണങ്ങളായി പറ്റിപിടിക്കുവാന്‍ സാധിക്കുന്നു.  കുറച്ചു സമയം ഈ മൂടല്‍മഞ്ഞിനൊപ്പം അന്തരീക്ഷത്തില്‍ പാറിപ്പറന്നു നടക്കാന്‍ സാധിച്ചെങ്കില്‍! പക്ഷെ, നേരത്തെ  കണ്ട കടല്‍ത്തീരം ആയിരത്തി അഞ്ഞൂറടി താഴ്ചയില്‍ ആണല്ലോ?  എങ്ങാനുമൊന്നു  വീണുപോയാല്‍,  ഒടിയാത്ത  ഒരെല്ലുപോലും ശരീരത്തില്‍ മിച്ചമുണ്ടാവില്ല.
 
മെല്ലെ മെല്ലെ, ഞങ്ങളെ  അകപെടുത്തിയ  മൂടല്‍ മഞ്ഞ് മാറിക്കഴിഞ്ഞപ്പോള്‍ മറ്റൊരു കൂട്ടം കാര്‍മേഘം അടുത്തടുത്തു വരുന്നു. വാനില്‍  നിന്നും  ഓരോരോ മേഘക്കൂട്ടങ്ങള്‍  ഒന്നിനുപുറകെ ഒന്നായി പുറപ്പെടുന്നു. ആദ്യം ഞങ്ങളെ സന്ദര്‍ശിച്ച  മേഘത്തെ ജോസഫ് എന്ന് വിളിക്കട്ടെ?  അതിന് പിന്നാലെ വരുന്നതിനെ തോമസ് എന്ന് നാമകരണം ചെയ്യാം. തോമസ്സിന്റെ പാര്‍ശത്തിലായി കാണാന്‍ സാധിച്ച കാര്‌മേഘത്തിന്റെ ഒരുവശത്ത്  കാര്‍കൂന്തല്‍ പോലെ തോന്നിക്കുന്ന ഒരു മേഘ പടലം.  അത് മേരി ആയിരിക്കും.
 
സാന്‍ ഫ്രാന്‌സിസ്‌കോയിലെ ആളുകള്‍  രാവിലെ  ജോലിക്കുപോകുമ്പോള്‍ മൂടല്‍ മഞ്ഞിനെ ആദ്യമായി കാണുമ്പോള്‍, 'ഹലോ കാള്‍ ' എന്ന് അഭിസംബോധന ചെയ്യുമെന്ന് മകള്‍ അറിയിച്ചു.
 
ബാഷ്പ  കണങ്ങളും, ഹൈഡ്രജനും, ഹീലിയവും, നൈട്രജനും  ഒക്കെ ഉള്‍കൊള്ളുന്ന  മേഘത്തിന്  എങ്ങനെ  വ്യക്തികളുടെ പേരുകള്‍  നല്‍കാന്‍ സാധിക്കും. അവക്ക് മനസ്സുണ്ടോ? ബുദ്ധിയുണ്ടോ? ആല്മാവുണ്ടോ?
 
മനുഷ്യ ശരീരത്തെ പോസ്റ്റ് മാര്‍ട്ടം  ചെയ്തുനോക്കിയാല്‍  മനസ്സും  ബുദ്ധിയും  ആല്മാവും  കാണാന്‍  സാധിക്കുമോ? ഓക്സിജന്‍, കാര്‍ബണ്‍, ഹൈഡ്രജന്‍,നൈട്രജന്‍, കാല്‍സിയം, ഫോസ്ഫറസ്  എന്നീ  മൂലകങ്ങള്‍ അല്ലേ മനുഷ്യ ശരീരത്തില്‍ കൂടതലായും അടങ്ങിയിരിക്കുന്നത് . പക്ഷെ ഇവയെല്ലാം കൂടിച്ചേരുമ്പോള്‍  ചിന്താശക്തിയും, ബുദ്ധിയും, വികാരങ്ങളും ഉണ്ടാവുന്നുണ്ടല്ലോ?
 
സാഗര സംഗീതം ആസ്വദിച്ച്, മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിച്ച് കളിച്ച്, കാറ്റിനോട് കളിപറഞ്ഞു, കരയോടടുത്ത് വരുന്ന തിമിംഗലങ്ങ ളോട്  കിന്നരിച്ച്,  അവധി ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ എത്തിയ  ഞാന്‍,  ഗഹനമായ വിഷയങ്ങളെക്കുറിച്ചുള്ള  ചിന്തകളെ  തത്കാലം  മാറ്റിവെച്ചു.
 
ഇടക്കിടെ പടികളും,  പിന്നീട് നിരപ്പായും  പണിതിരിക്കുന്ന നടപ്പാതയുടെ അന്ത്യത്തില്‍  അതിമനോഹരമായ  ഒരു വിളക്കുമരം. വിളക്കുമരം പണിതിരിക്കുന്ന പാറക്കൂട്ടങ്ങള്‍ക്കുമപ്പുറം  ചെങ്കുത്തായ താഴ്ചയില്‍,  നനുനനുത്ത ഓളങ്ങള്‍  ഉതിര്‍ക്കുന്ന മര്‍മരങ്ങളാല്‍,   തീരത്തെ താരാട്ടു പാടി ഉറക്കുന്ന  സാഗരം. 
 
സാന്‍ഫ്രാന്‍സിസ്‌കോ തുറമുഖത്തേക്ക് പോകുന്ന കപ്പലുകള്‍ക്ക്  ''പോയന്റ് റയോസ്''  എന്നും  ഒരുപേടിസ്വപ്നമായിരുന്നു .
 
10 മൈലോളം  കടലിനുള്ളിലേക്ക്  തള്ളിനില്‍ക്കുന്ന കര പ്രദേശമായതുകൊണ്ടും, മൂടല്‍മഞ്ഞും, അതിശക്തമായ കാറ്റും വീശുന്നതുകൊണ്ടും  ഈ മുനമ്പ്   അനേകം  കപ്പലുകളുടെ  ദുരന്ത ഭൂമിയായി  തീര്‍ന്നു.  നാവികര്‍ക്ക്  അപായ സൂചന നല്‍കുന്നതിനായി 1870 ല്‍ ആണ്  ഇവിടെ ആദ്യമായി വിളക്കുമരം സ്ഥാപിച്ചത്. എല്ലാദിവസവും വിളക്ക് തെളിയിക്കുവാനും, ലെന്‍സ് വൃത്തിയാക്കുവാനും, കാലാവസ്ഥ വ്യതിയാനങ്ങള്‍ രേഖപെടുത്താനുമായി അനേകം ജോലിക്കാരും ഇവിടെ ഉണ്ടായിരുന്നു.
 
അവര്‍  ഉപയോഗിച്ചിരുന്ന ലോഗ്  ബുക്കിലെ പേജുകളുടെ ചിത്രങ്ങളെടുത്തു ഇവിടെ പ്രദര്‍ശ്ശിപ്പിച്ചിരിക്കുന്നു. അതിലെ ഒരുപേജിലെ വരികള്‍ ഇങ്ങനെ ആയിരിന്നു.
 
 '1874 ജൂലൈ 19. ഇന്നത്തെ രാത്രിയിലെ കനത്ത  മൂടല്‍ മഞ്ഞില്‍  ഇംഗ്ലീഷ് കപ്പല്‍ വാരിയര്‍ ക്യൂന്‍ ,പോയന്റ് റിയാസിന്റെ വടക്ക് വശത്തെ കടല്‍ക്കരയില്‍ ഇടിച്ചു കയറി. ആരുടെയും  ജീവന്‍  നഷ്ടപ്പെട്ടിട്ടില്ല.
 
 1874 ജൂലൈ 20.  ഫസ്റ്റ്  അസിസ്റ്റന്റ് മിസ്റ്റര്‍ ലിങ്കണ്‍ കരയിലിടിച്ച് തകര്‍ന്ന കപ്പലിനെ കുറിച്ചന്വേഷിക്കാന്‍ പോയിട്ട്  രാത്രി ആയിട്ടും തിരികെ എത്തിയിട്ടില്ല. കടലില്‍ മുങ്ങി മരിച്ചു എന്നു കരുതുന്നു''
 
ഇപ്പോഴും തീര്‍ത്തും വിജനമായ ഈ ഭൂപ്രദേശത്തെ , നൂറുവര്‍ഷങ്ങള്‍ക്ക്  മുമ്പുള്ള ജീവിതം, വിളക്കുമര സൂക്ഷിപ്പുകാര്‍ക്ക് എത്രമാത്രം, വിരസതയും ഭയാനകവുമായിരിന്നിരിക്കാം?
 
ഡയറി കുറിപ്പുകള്‍ തുടരുന്നു.'1875 നവംബര്‍ 4, മൂന്നാമത്തെ അസിസ്റ്റന്റ് മിസ്റ്റര്‍ പാര്‍ക്കര്‍ , സ്റ്റേഷനില്‍ നിന്നും രാവിലെ ഒന്‍പതു മണിക്ക് അനുമതിയില്ലാതെ സര്‍ക്കാര്‍ വക കുതിരയെയും എടുത്ത് പുറത്ത് പോയി. നവംബര്‍ 5 വൈകുന്നേരം തിരികെ എത്തിയപ്പോള്‍ മദ്യപിച്ച് ബോധമില്ലാതിരുന്നതുമൂലം രാത്രിയിലെ ജോലികള്‍ ചെയ്യാന്‍ സാധിച്ചില്ല.'
 
എല്ലാദിവസങ്ങളിലേയും കാലാവസ്ഥയും. സ്ഥിതി വിവര കണക്കുകളും രേഖപെടുത്തിയിരുക്കുന്നതുകൊണ്ട്,  ചരിത്ര സംഭവങ്ങളുടെ ഒരു നേര്കാഴ്ചയാണ് ഈ ഡയറി.
 
1975ല്‍ അമേരിക്കന്‍ തീര സംരക്ഷക സേന, തനിയെ പ്രവൃത്തിക്കുന്ന വിളക്കുകള്‍ പഴയ വിളക്കുമരത്തിന്റെ ചുവട്ടിലും, ചുറ്റിലും സ്ഥപിക്കുന്നതുവരെയുള്ള 105 വര്‍ഷം നാവികര്‍ക്ക്  നേര്‍വഴികാട്ടിയായി ഈ വിളക്കുമരം നിലകൊണ്ടു. അതിനുശേഷം  ദേശീയ പാര്‍ക്ക്  സര്‍വീസിന് കൈമാറിയ ഈ  സ്ഥാപനം,  ഒരു മ്യൂസിയം ആയി അവര്‍ സംരക്ഷിച്ചു പോരുന്നു. 25 ലക്ഷം ജനങ്ങള്‍ ഒരു വര്‍ഷം ഇവിടം സന്ദര്‍ശിച്ച് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്നു.
 
ഗൈഡ് വിവരിച്ച് തന്ന അറിവുകള്‍ എല്ലാം കേട്ടതിനുശേഷം തിരികെ മുകളിലേക്ക് നടക്കാന്‍ ആരംഭിച്ചു. പാതയുടെ വശങ്ങളില്‍ ഇടത്താവളം ഉള്ളതുകൊണ്ട് വിശ്രമം എടുത്തതിനു  ശേഷം  യാത്ര തുടരാം എന്നൊരു സൗകര്യമുണ്ട്.  കയറ്റത്തിന്റെ അവസാനം സമനിരപ്പില്‍ എത്തി അവിടെ കണ്ട ഒരു  ബെഞ്ചില്‍ ഇരുപ്പുറപ്പിച്ചു.  '' സൂട്ടി ഷിയര്‍ വാട്ടേഴ്‌സ് '' എന്ന പക്ഷിയുടെ ചിത്രത്തിന് മുകളിലായി'' പടികള്‍ കയറി  നിങ്ങള്‍ ക്ഷീണിതരാണോ?'' എന്ന ചോദ്യം രേഖ്‌പ്പെടുത്തിയ ഫലകം കണ്ടു.. ഈ പക്ഷികള്‍ ന്യൂസിലാന്‍ഡില്‍ നിന്നും  40000  (നാല്പതിനായിരം) മൈല്‍ സഞ്ചരിച്ച്,  അമേരിക്കന്‍  ഭൂഖണ്ഡത്തില്‍  ഓരോവര്‍ഷവും ഇരതേടി എത്തുന്നു.  ലോകത്തില്‍ ഏറ്റവും  അധിക ദൂരം  ദേശാന്തര ഗമനം നടത്തുന്ന ജീവി '' സൂട്ടി ഷിയര്‍ വാട്ടേഴ്‌സ് ''  എന്ന പക്ഷികളാണ്. 
 
ദേശിയ പാര്‍ക്കിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ അനേകം വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. '''ചിമ്മിനി റോക്ക് ട്രയലിന്റെ  ഒരുവശത്ത്,  കടല്‍ക്കരയില്‍ ''''എലിഫന്റ് സീല്‍  വെയില്‍ കായുന്നത് കാണുവാന്‍  സാധിച്ചു. അനേകം മാനുകളും,  ഇരതേടി നടക്കുന്ന'' ഒരു കുറുക്കനെയും വഴിയരികില്‍ കണ്ടു. കടലിനുള്ളിലെ  ഉയര്‍ന്ന്  നില്‍ക്കുന്ന ഒരുചെറിയ മല,  പെലിക്കന്‍ പക്ഷികളുടെ മാത്രം  സാമ്രാജ്യമായി  നിലകൊള്ളുന്നു.
 
സ്പാനിഷ്  നാവികര്‍ മുനമ്പുകളുടെ രാജാവ് എന്ന് വിളിച്ച ഈ മുനമ്പ് കടന്നുപോകുമ്പോള്‍   അവരുടെ പ്രാര്‍ത്ഥന, ''ദൈവമേ ഈ അപകടകരമായ പ്രദേശം കടന്നുപോകുവാന്‍ ഞങ്ങളെ സഹായി ക്കേണമേ''  എന്നതായിരുന്നു.'' പ്രതികൂല  സാഹചര്യങ്ങളോടു  പടവെട്ടി ഭൂമിയെ സ്വര്‍ഗമാക്കാന്‍  ശ്രമിച്ച സാഹസികരായ  നാവികരോടുള്ള ബഹുമാനസൂചകമായി '''പോയന്റ്  റിയാസെന്ന'' വിളക്കുമരം എന്നും നിലകൊള്ളട്ടെ.
 
പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)പോയന്റ് റിയാസ് വിളക്കുമരം  (സന്തോഷ് പിള്ള)
Join WhatsApp News
P.P.Cherian 2021-09-13 13:53:40
അതി മനോഹര യാത്രാ വിവരണം , സ്ഥലം കണ്ട പ്രതീതി വായനക്കാർക്കു പകർന്നു നൽകിയ സന്തോഷിനു അഭിനന്ദനങ്ങൾ .
Santhosh Pillai 2021-09-13 14:55:18
താങ്കളുടെ പ്രോത്സാഹനത്തിന് വളരെ അധികം നന്ദി!
Jay Mohan 2021-09-13 16:50:47
വളരെ മനോഹരമായി വർണിച്ചിരിക്കുന്നു. എത്ര ഭംഗിയുള്ള ഉപമകൾ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
Saji 2021-09-13 17:07:51
നല്ല വിവരണം.
ഹരിദാസ്‌ തങ്കപ്പൻ 2021-09-13 19:00:05
ചേട്ടന്റെ ഒപ്പം യാത്രചെയ്തതു പോലെയായിരുന്നു ഈ വായനാനുഭവം. മനോഹരമായ യാത്രാവിവരണശൈലി! കൂടുതൽ യാത്രകളും തുടർവ്വിവരണങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
Santhosh Pillai 2021-09-13 21:29:20
വായനക്കായി സമയം കണ്ടെത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി!
Sasilekha Jyothik 2021-09-14 11:17:49
Point Reyes, യിലേക്കു യത്ര ചെയ്തതുപോലെ ഒരു തോന്നൽ. ഒരു നല്ല വായന.
മാമ്പിള്ളി 2021-09-26 13:45:47
വിശദമായി യാത്ര വിവരണം..നന്നായി.. നല്ല യാത്രകളും തിളങ്ങുന്ന വിവരണം.. ആശംസിക്കുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക