Image

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

Published on 18 September, 2021
Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

"യുണൈറ്റഡ്  സ്റേറ്സ് ഓഫ് അമേരിക്കയിലേക്ക് സ്വാഗതം ..."
 ഹ്യൂസ്റ്റൺ ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിലെ ഇമിഗ്രെഷൻ ഓഫീസർ സ്വാഗതം ചെയ്തു പറഞ്ഞ വാക്കുകൾ തേന്മൊഴിയായി  ചെവികളിൽ പിന്നെയും പിന്നെയും  അലയടിച്ചു കൊണ്ടിരുന്നു.  എനിക്കൊപ്പം വളർന്ന ആ സ്വപ്നത്തിന്റെ  സഫലീകരണം .... ലംഗ്സ്റ്റൻ ഹ്യൂസിന്റെ കവിതാശകലങ്ങൾ തന്നെ ആയിരുന്നു മനസ്സിൽ,

"സ്വപ്നങ്ങളെ ചേർത്തു പിടിക്കുക
അവ മരിച്ചാൽ നീ
ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ആകും ..."

ഏദൻ  തോട്ടത്തിന്റെ പച്ചപ്പുള്ള മണ്ണും,  എൽവിസ് പ്രെസ്‌ലിയുടെ മധുരഗാനങ്ങൾ പേറുന്ന കാറ്റും,    പതഞ്ഞൊഴുകുന്ന   സുരലോക  ജലധാരയും, വിണ്ണിലെ മേഘങ്ങളിൽ തല ചായ്ച്ചുറങ്ങുന്ന  കെട്ടിടങ്ങളും............. അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളിലേക്കുള്ള ഹാർദ്ദവമായ  സ്വീകരണം  ......
 
ഇമിഗ്രെഷൻ ഓഫീസർക്ക്, ഞങ്ങളെല്ലാവരും ഹൃദയപൂർവം നന്ദി പറഞ്ഞ്  അടുത്ത വിമാനം കയറുവാനുള്ള ടെര്മിനലിലേക്കു നടക്കുവാൻ തുടങ്ങി. സൗത്ത് കരോലീനയുടെ തലസ്ഥാനമായ കൊളമ്പിയയിലേക്കുള്ള ആ വിമാനം, എന്തോ ചില കാരണങ്ങളാൽ വൈകുന്നുണ്ടായിരുന്നു ...   ടെർമിനലിൽ വന്നിരുന്നു ഒരു ചുടു ചായ ഊതികുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭിത്തിയിൽ  കൊളുത്തിയിട്ടിരുന്ന ഒരു ചിത്രത്തിലേക്ക് കണ്ണുകൾ പോയത്. അത് ക്രിസ്റ്റഫർ കൊളംബസ്സിന്റേത് ആയിരുന്നു.പതിനാലാം നൂറ്റാണ്ടിൽ അമേരിക്ക കണ്ടുപിടിച്ച ഇറ്റാലിയൻ യാത്രികൻ.  കൊളംബസ് ആണോ ആദ്യം അമേരിക്കയിൽ എത്തിയത് എന്നത് ഇപ്പോഴും തർക്കവിഷയമാണ്, പതിനൊന്നാം നൂറ്റാണ്ടിൽ ലെഫ് എറിക്സൺ എന്ന യൂറോപ്യൻ ആണ് അമേരിക്ക കണ്ടുപിടിച്ചത് എന്ന് പറയുന്നുണ്ടെങ്കിലും  .... പഠിച്ചു വച്ചിരിക്കുന്ന  ചരിത്രം തൽക്കാലം തിരുത്തേണ്ട ആവശ്യമില്ലെന്ന്  തോന്നി.

കൊളംബസ് എത്തിയപ്പോൾ എങ്ങനെ ആയിരുന്നിരിക്കണം  സ്വീകരണം ..........? മണ്ണിലുറച്ച  പായ്കപ്പലിൽ നിന്ന് തിരകൾ അദ്ദേഹത്തെ കരയിൽ കൊണ്ടുവന്ന് ഇട്ടിരിക്കാം, അല്ലെങ്കിൽ അവക്കെതിരെ നീന്തി കരയിലെത്തിയതായിരിക്കാം. "പൂയ്, ആരെങ്കിലുമുണ്ടോ  ഇവിടെ............ ?" എന്ന് ഉറക്കെ നീട്ടി  വിളിച്ചിട്ടുണ്ടാകും. തോൽവസ്ത്രങ്ങൾ ധരിച്ച,  പക്ഷിത്തൂവലുകൾ കൊണ്ടുള്ള പഞ്ചവർണ്ണ തൊപ്പികൾ  വച്ച ,  പവിഴമുത്തുകളും, പുലിനഖങ്ങളും  കൊണ്ടുള്ള ആഭരണങ്ങൾ  അണിഞ്ഞ  ഒരു ജനത തീരത്തെ കാടുകൾക്കിടയിൽ  ഒളിച്ചു നിന്ന് അദ്ദേഹത്തെ കേട്ടിരിക്കാം......അവർ ഹൃദയപൂർവം ആയിരിക്കുമോ സ്വീകരിച്ചിരിക്കുക ..? അറിയില്ല.

എന്നാലും , ഇവിടുത്തെ ജനങ്ങൾ വളരെ നല്ലവരായിരുന്നുവെന്നും ശുദ്ധഗതിക്കാരായ അവരെ  പറ്റിക്കാനും, പണിക്കാരാക്കാനും  വളരെ എളുപ്പമായിരുന്നുവെന്നും കൊളംബസ് തന്നെ  രേഖപ്പെടുത്തിയിട്ടുണ്ട് . എന്തായാലും,  അമേരിക്കൻ തീരങ്ങളിൽ ഇറങ്ങിയ കൊളംബസിന്റെ അതേ  വികാരമായിരുന്നു ഇവിടെ  കാലു കുത്തിയപ്പോൾ എന്റെ ഉള്ളിലും രൂപപ്പെട്ടത് .....

" പൂ യ് ....." എവിടെ നിന്നോ നീട്ടിയുള്ള വിളി, പെട്ടെന്ന് കൊളംബസ് ആണോ എന്ന് വിചാരിച്ചു പോയി, അല്ല കൂടെ വന്ന സുഹൃത്തതാണ്.  

" വാ പോം  ..ദേ ഗേറ്റ് തുറന്നു ..." സുഹൃത്തിന്റെ വിളിയിൽ അമേരിക്കൻ ചരിത്രം മുറിഞ്ഞു പോയി.

 സുഹൃത്ത് പറഞ്ഞത് ശരിയായിരുന്നു. കൊളംബിയക്കുള്ള ഗേറ്റുകൾ തുറന്നിരുന്നു. ഞങ്ങൾ പരിചിതരായ യാത്രക്കാരെപ്പോലെ വിമാനത്തിൽ കയറി. അകത്തേക്ക് കാലെടുത്തു കുത്തിയപ്പോൾ ഒരു തരം വിമ്മിഷ്ടമാണ് തോന്നിയത്. കാരണം  അത് വളരെ ചെറിയ ഒരു വിമാനമായിരുന്നു. നിവർന്നു നിന്നാൽ തല  മുകളിൽ തട്ടും  ...കൊട്ടാരസദൃശ്യമായ, മുന്ന്  ജംബോ ജെറ്റ് വിമാനങ്ങളിലെ സുഖം അനുഭവിച്ചു എത്തിയ ഞങ്ങൾക്ക്  ചെറിയ  ഡെക്കോട്ട  വിമാനം, ശാരീരികമായും, മാനസികമായും   ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ.  നീളമുള്ള എന്റെ കാലുകൾക്കു നേരെ വയ്ക്കാൻ പാകത്തിൽ പോലുമുള്ളതായിരുന്നില്ല സീറ്റുകൾ തമ്മിലുള്ള ദുരം. ഏതാണ്ട് ഒടിഞ്ഞു നുറുങ്ങിയ പോലെ  ഞാൻ ഇരുന്നു.

ദീർഘമായ  യാതയുടെ ക്ഷീണം  ശരീരത്തെ വല്ലാതെ ബാധിച്ചിരുന്നു. കണ്ണുകൾ താനെ അടഞ്ഞു. വിമാനം ഉയർന്നു പൊങ്ങുമ്പോഴേക്കും ഞങ്ങൾ എല്ലാവരും തന്നെ ഗാഢനിദ്രയിൽ ആയിരുന്നു. ഇടക്കെപ്പോഴോ കണ്ണ് തുറന്ന്  താഴേക്ക് നോക്കി. ചെറിയ വിമാനമായതുകൊണ്ടു വളരെ താഴ്ന്നാണ് പറന്നിരുന്നത്. താഴെയുള്ള ചെറിയ വെളിച്ചങ്ങൾ പോലും കണ്ണിൽ പെട്ടിരുന്നു,  മിന്നാമിനുങ്ങുകളെ പോലെ ആ വെളിച്ചങ്ങൾ വന്നുംപോയുമിരുന്നു. കണ്ണുകൾ വീണ്ടും  അടഞ്ഞുപോയി.കൊളംബിയ എയർപോർട്ടിലെ ടെർമിനലിൽ എത്തുന്നത് വരെ മറ്റൊന്നും അറിഞ്ഞില്ല.   

 കൊളംബിയ എയർപോർട്ടും  ചെറുതായിരുന്നു. ഞങ്ങൾ അല്ലാതെ മറ്റു  യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല .ഞങ്ങളായിരിക്കും അന്നത്തെ അവസാന യാത്രക്കാർ എന്ന് തോന്നി. സ്വീകരിക്കാൻ ഭാര്യമാർ എല്ലാവരും  ഉണ്ടായിരുന്നു. കൂടാതെ ഞങ്ങളെ കൊണ്ടുപോകുവാൻ  കൊളംബിയയിലുള്ള പാസ്റ്റർമാരായ  രണ്ടു മലയാളി സുഹൃത്തുക്കളും എത്തിയിരുന്നു. ലണ്ടനിലെ കസ്റ്റംസ് ഓഫീസർ ഭാരം കുറച്ചുതന്ന  ബാഗേജുകളുമായി എയർപോട്ടിലെ  കോറിഡോറിലൂടെ  മുന്നോട്ട് നീങ്ങി.

 'എക്സിറ്റ്' എന്നെഴുതിയ  വാതിൽ ഞങ്ങളെ കണ്ടതും ആരും പറയാതെ മലർക്കെ തുറന്നു. പെട്ടെന്നാണ് പുറത്തെ  കാറ്റു അകത്തേക്ക് ഇരച്ചുകയറിയത് . തണുപ്പിന്റെ മൂടുപടവുമായി എത്തിയ ശക്തമായ കാറ്റിൽ  ശരീരം മരവിച്ചുപോയി . പുറത്തിറങ്ങിയപ്പോൾ   ഐസിൽ തീർത്ത മേൽവസ്ത്രം കൊണ്ട് പുതച്ച പ്രതീതി ആയിരുന്നു. ആ മരം കോച്ചും തണുപ്പിൽ  ഒരു വിധം ഞങ്ങൾ കാറിൽ കയറി. കാർ ആയിരുന്നില്ല, ഹമ്മർ കമ്പനിയുടെ വിലകൂടിയ ഒരു  ട്രക്ക്.  ഹമ്മറിന്റെ എയർ വെന്റിലൂടെ പുറത്തുവന്ന ചുടുകാറ്റിൽ കൈകൾ കൂട്ടി തിരുമ്മിയപ്പോഴാണ്  അല്പം ആശ്വാസം തോന്നിയത്.

" ഹൈവേ വഴി പോണോ ...അതോ ഡൗൺടൗൺ വഴി പോണോ ?" ഞങ്ങളെ കൊണ്ടുപോകുവാൻ  വന്ന പാസ്റ്റർ   ചോദിച്ചു

" ടൌൺ വഴി ..."  ഞാൻ പെട്ടെന്ന് മറുപടി പറഞ്ഞു, കാരണം എന്റെ മനസ്സിൽ  അംബരചുംബികളായ കെട്ടിടങ്ങളും  സിനിമകളിൽ കണ്ടിട്ടുള്ള അമേരിക്കൻ രാത്രികളുടെവർണ്ണപ്പകിട്ടും ആയിരുന്നു. ആ പൊലിമ കാണുവാൻ കണ്ണുകൾ കൊതിച്ചു.
 
"ശരി പോവാം ..."  ഞങ്ങളെ വഹിച്ച് ഹമ്മർ മുന്നോട്ട് നീങ്ങി .

കുറച്ചു നേരം ഹൈവേയിലൂടെ പോയതിനു ശേഷം, ചെറിയ ചെറിയ ജംങ്ഷനുകളിലൂടെ വണ്ടി പോകുവാൻ  തുടങ്ങി

" നമ്മൾ ഡൗൺടൗണിൽ കയറാൻ പോകുന്നു " വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ  പാസ്റ്റർ  പറഞ്ഞു

"ഞാൻ ഹമ്മറിന്റെ മുൻവശത്തെ ഗ്ലാസ്സിലൂടെ  ദൂരേക്ക് നോക്കി. അറിയാതെ ഉള്ളിൽ നിന്ന് ഒരു ചോദ്യം പുറത്ത്  വന്നു,  "എവിടെ ..?"

"....എന്ത് ?"   ചുവന്ന ട്രാഫിക് ലൈറ്റിൽ നിർത്തുന്നതിനിടയിൽ പാസ്റ്റർ ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.  

"സ്കൈ സ്‌കേപ്പേഴ്‌സ് ... ഉയരം കൂടിയ കെട്ടിടങ്ങൾ ......  തെളിയുകയും കെടുകയും ഓടുകയും ഒക്കെ ചെയ്യുന്ന  വർണ്ണ പ്രപഞ്ചം "  ഞാൻ പറഞ്ഞു.

"ഈതൊരു ചെറിയ പട്ടണമാണ് . ഇവിടെ അകെ ഉയരം കൂടിയ കെട്ടിടം ആറോ ഏഴോ  നിലകളുള്ള ബാങ്ക് ഓഫ് അമേരിക്കയുടെ കെട്ടിടം മാത്രമാണ്......."  ചിരിച്ചുകൊണ്ട്  അദ്ദേഹം മറുപടി പറഞ്ഞു.  

ഇരുളിൽ അകലെ ആയി ആ കെട്ടിടം  കാണാമായിരുന്നു. മുകളിൽ രണ്ടു ചുവന്ന ലൈറ്റുകൾ മാത്രമുണ്ടായിരുന്നു.  വലിയ ജംബോ ജെറ്റിൽ നിന്നും  ചെറിയ ഡെക്കോട്ട വിമാനത്തിലേക്ക്‌............., അവിടെ നിന്നും ചെറിയ പട്ടണത്തിലേക്ക്........ !

" രാത്രി വൈകിയതുകൊണ്ടായിരിക്കാമല്ലേ,   തെരുവുകളിൽ  ആരും ഇല്ലല്ലോ  ...."  ഞാൻ  പറഞ്ഞു .

" ഉം .....പകലും ഇങ്ങനെയൊക്കെ തന്നെയാണ് ..."  അമിതപ്രതീക്ഷ വേണ്ട എന്ന ധ്വനിയിലുള്ള പാസ്റ്ററുടെ  പ്രതികരണം

 ആ വിജനതയിൽ  ട്രാഫിക് ലൈറ്റുകൾ മാത്രം മിന്നി കെടുന്നു. പച്ച, മഞ്ഞ, ചുവപ്പ്  നിറങ്ങൾ മാറി മാറി തെളിയുന്നു  .അതിനനുസരിച്ചു പാസ്റ്ററുടെ വലതുകാൽ  ആക്സിലേറ്ററിലും ബ്രെക്കിലും ആയി പൊയ്ക്കൊണ്ടിരുന്നു. ഓരോ രണ്ടു മിനിറ്റ് നടപ്പുദൂരത്തിലും ട്രാഫിക് ലൈറ്റുകളാണ്. ചില ലൈറ്റുകളിൽ നാലും അഞ്ചും മിനിറ്റു കിടക്കേണ്ടി വരുന്നു.

"അവിടെയെങ്ങും  ആരുമില്ലല്ലോ ...നമുക്ക്  അങ്ങ് പോകരുതോ ......?" ട്രാഫിക് ലൈറ്റിൽ കിടന്ന് മുഴിഞ്ഞ ഞാൻ ചോദിച്ചു.

" ഇന്ത്യയിൽ നിന്ന് വന്നതല്ലേ ഉള്ളു ....കാര്യങ്ങൾ പഠിക്കുവാൻ  ഇത്തിരി സമയം പിടിക്കും  ..."  ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി  പറഞ്ഞു ,

റെഡ് ലൈറ്റുകൾ തെളിഞ്ഞുകിടന്നാലും,  റെയിവേ ഗേറ്റുകൾ അടഞ്ഞു കിടന്നാലും, അവ  ചാടിക്കടന്നു  മറുപുറത്ത് എത്തുവാനുള്ള  ഒരു ശരാശരി മലയാളി മനസ്സിനെ  അവിടെ വച്ച് ഞാൻ പിടിച്ചുകെട്ടി.

ഇതിനിടയിൽ  ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന് മുന്നിലൂടെ ഞങ്ങൾ കടന്നു പോയി. അധികം ഉയരം ഇല്ലെങ്കിലും വിശാലമായി പരന്നുകിടക്കുന്ന പാൽമെറ്റോ ഹെൽത്ത് ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ തല ഉയർത്തി നിൽക്കുന്നു. ആ ഹോസ്പിറ്റലിന്  ചുറ്റുമായിട്ടാണ് കൊളംബിയ ഡൗൺടൗൺ പരന്നുകിടക്കുന്നത്‌. അമേരിക്കൻ  ജോലിക്കുള്ള  ഇന്റർവ്യൂ കഴിഞ്ഞ ദിവസ്സം റിക്രൂട്ടിങ് ഏജൻസി അയച്ചു തന്ന ചിത്രത്തിലെ അതേ  ഹോസ്പിറ്റൽ മുന്നിൽ ..

ഹോസ്പിറ്റലും  കടന്ന് ഞങ്ങളുടെ ഹമ്മർ  മുന്നോട്ടു പോയി, കടന്നുപോകുന്ന  ഓരോ  തെരുവിന്റെയും  പേരുകൾ ഞാൻ മനസ്സിൽ വായിക്കുവാൻ തുടങ്ങി.  ടെയ്‌ലർ സ്ട്രീറ്റ് , ഹഗർ സ്ട്രീറ്റ്  ഹാർഡൻ സ്ട്രീറ്റ് , ഹാംപ്ടൺ  സ്ട്രീറ്റ് ,.....വായിച്ചു വായിച്ചു ഞങ്ങൾ 'ബാൺ വെൽ സ്ട്രീറ്റ്' എന്നെഴുതിയ തെരുവിൽ  എത്തി. അവിടെ ആയിരുന്നു ഞങ്ങളുടെ  അപ്പാർട്ട്ട്മെന്റ്. വളരെ ചെറിയ ഒരു കെട്ടിടം  ....താഴെ ഒരു വിസിറ്റിംഗ് റൂം ,തൊട്ടടുത്ത് ചെറിയ അടുക്കള ....അടുക്കളയുടെ മധ്യത്തിൽ ഒരു സ്പൈറൽ ഗോവണി മുകളിലേക്ക് കയറുവാൻ,മുകളിൽ രണ്ടു കിടപ്പു മുറികൾ .... ഇതിനിടയിൽ ഒരു ബാത്ത് റൂം.... ഇത്രയും മാത്രം.  യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ഉദ്ദേശിച്ചു പണിതിട്ടുള്ളതായിരുന്നു ആ  അപ്പാർട്മെന്റ്. തൊട്ടടുത്തായിരുന്നു യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലീനയുടെ മെയിൻ കാമ്പസ്.  

പെട്ടികൾ എല്ലാം അകത്തെടുത്തു വച്ച് പാസ്റ്റർമാരോട് നന്ദി പറഞ്ഞു വീടിന്റെ അകത്തു കയറി. കൈകൾ മരവിച്ചിരിക്കുന്നു, ശരീരം ചൂടിന് വേണ്ടി കൊതിച്ചു  .... അപ്പാർട്മെന്റിലെ ഹീറ്റർ ഔട്‍ലെറ്റിൽ നിന്ന് വരുന്ന  ചൂട് കാറ്റിന് താഴെ ഏറെ നേരം  ഇരുന്നുകഴിഞ്ഞപ്പോഴാണ് ശരീരത്തിലെ രക്തചംക്രമണം തന്നെ നേരെ ആയത്. ക്ഷീണം കാരണം,  വിശേഷങ്ങൾ എല്ലാം  പിറ്റേ ദിവസത്തേക്ക് മാറ്റി വച്ചിട്ട് അന്ന് രാത്രി സുഖമായി ഉറങ്ങി.    

സൂര്യൻ ഉദിക്കുന്നതിനു മുൻപ് എഴുന്നേൽക്കുക എന്ന എന്റെ ശീലം അന്നും തെറ്റിയില്ല. സത്യം പറഞ്ഞാൽ, വടക്കേ ചെരുവിൽ  അപ്പാപ്പന്റെ പെരുമീനുദിക്കുന്ന  സമയമായ മൂന്നുമണിക്ക്  തന്നെ ഞാൻ കണ്ണ് തുറന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ. തൊട്ടടുത്ത അപ്പാർട്മെന്റ് അല്ലാതെ മറ്റൊന്നും കാണുവാനുണ്ടായിരുന്നില്ല. അപ്പാപ്പൻ തലയിൽ മുണ്ടു വലിച്ചു കെട്ടുന്നതു പോലെ ഞാൻ തലയിൽ വലിയൊരു മങ്കി ക്യാപ് വലിച്ചു കയറ്റി, നെഞ്ചിൽ  ചൂട് തരുന്ന ബനിയൻ ധരിച്ച് പുറത്തേക്ക് പോകുവാനുള്ള ഒരു  ശ്രമം നടത്തി. പക്ഷെ മരവിപ്പിക്കുന്ന തണുപ്പ് ആ ശ്രമത്തെ പാടെ  പരാജയപ്പെടുത്തി.  

പിന്നീട്, ജനാലയിൽ വെളിച്ചത്തിന്റെ ചെറിയ  കീറുകൾ വന്നപ്പോഴാണ് ഞാൻ പുറത്തേക്കിറങ്ങിയത് . അകലെ ബാൺവെൽ സ്ട്രീറ്റ് വില്ല് പോലെ വളഞ്ഞു കിടക്കുന്നു. ഒരു മനുഷ്യകുഞ്ഞു പോലും അവിടെങ്ങും  ഉണ്ടായിരുന്നില്ല . മടുപ്പിക്കുന്ന ഒരു തരം നിശ്ശബ്ദത മാത്രം. ട്രാഫിക് ലൈറ്റുകൾ നിറം മാറി കത്തിക്കൊണ്ടിരിക്കുന്നു. അറിയാതെ ഞാൻ  ചിന്തിച്ചുപോയി, ഇവിടെ മനുഷ്യരില്ലേ ......?  കാറുകൾ മാത്രം തലങ്ങും വിലങ്ങും ഓടുന്നു, അവയെ നിയന്ത്രിക്കുന്ന തലകൾ മാത്രമായി മനുഷ്യരുടെ രൂപം ചുരുങ്ങി.....

ബാൺവെൽ സ്ട്രീറ്റിൽ നിന്നും ഹാംപ്ടൺ സ്ട്രീറ്റിലേക്ക് ഞാൻ കയറി. സൂര്യരശ്മികൾ അവിടെ എത്തിത്തുടങ്ങിയതിനാൽ തണുപ്പ് അല്പം കുറഞ്ഞിരുന്നു. ഞാൻ വീണ്ടും മുന്നോട്ട് നടന്നു ജർവായിസ് സ്ട്രീറ്റിൽ എത്തി. അവിടെ,  പഴമയുടെ പ്രൗഢി വിളിച്ചോതി ഒരു വലിയ സൗധം ഏക്കറുകളോളം പരന്നുകിടക്കുന്ന ഒരു  പൂന്തോട്ടത്തിനു നടുവിലായി നില കൊള്ളുന്നു .....  സ്റ്റേറ്റ് ഹൌസ്, സൗത്ത് കരോലിന സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം ....

പാൽമെറ്റോ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന സൗത്ത് കരോലിന സുന്ദരിയായിരുന്നു.എവിടെ നോക്കിയാലും പച്ചപ്പ്‌ , ഇടതൂർന്നു വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ, കാലത്തിനനുസരിച്ചു പുഷ്പിക്കുന്ന പേരറിയാത്ത പല തരം പൂച്ചെടികൾ ..... പഴയ  കോട്ടൺ ഉല്പാദന കേന്ദ്രം , ആപ്പിളും, പീച്ചും,ചെറിയും വിളയുന്ന,  ടുറിസ്റ്റുകളുടെ കണ്ണുകൾക്ക് പ്രകൃതിയുടെ സൗന്ദര്യം ചാരുതയോടെ  വരച്ചു കൊടുക്കുന്ന പാൽമെറ്റോ സ്റ്റേറ്റ്.....

ഞാൻ എന്റെ സ്വപ്നങ്ങളിലെ  ഉയരം കൂടിയ കെട്ടിടങ്ങളെ മറന്നു......രാത്രിയുടെ ഇരുളിമയിൽ വെളിച്ചം  പൊഴിക്കുന്ന നഗരജീവിതം   മറന്നു............., മിന്നിത്തെളിയുന്ന വർണ്ണപ്രപഞ്ചം തീർത്തും മറന്നു  ...... ശാലീന സുന്ദരിയായ സൗത്ത് കരോലീനയെ, ആദ്യകാഴ്ച്ചയിൽ തന്നെ പ്രണയിക്കുവാൻ തുടങ്ങി. സ്റ്റേറ്റ് ഹൗസിനു മുന്നിൽ എഴുതി വച്ചിരിക്കുന്ന വാക്കുകൾ കണ്ണുകളിൽ  പതിഞ്ഞു,  " Dum Spiro Spero "  ആ വാക്കുകളുടെ അർത്ഥവും തൊട്ടടുത്ത് തന്നെ  എഴുതിവച്ചിരുന്നു  " While I Breathe I Hope"  

ഞാൻ മനസ്സിൽ പറഞ്ഞു, പ്രതീക്ഷയുടെ പുതുനാമ്പുകളുമായി ഞങ്ങൾ ഇവിടെ തുടങ്ങുന്നു....ഈ  പുതിയ പ്രഭാതത്തിൽ   ............!  ബാൺവെൽ തെരുവിലൂടെ തിരികെ നടക്കുമ്പോൾ എന്റെ മനസ്സിൽ ആ ലാറ്റിൻ വാക്കുകളായിരുന്നു .............  
" Dum Spiro Spero "
(പരമ്പര ഇവിടെ അവസാനിക്കുന്നു)

മുൻഭാഗങ്ങൾ വായിക്കുവാൻ, താഴെ ലിങ്കിൽ ക്ലിക് ചെയ്താൽ മതി
 

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക