മുംബൈ: ജാതകപ്രകാരം ഗ്രഹനില ചേരുന്നില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ച ശേഷം ഗ്രഹനില ശരിയല്ലെന്ന് പറഞ്ഞ് പിന്മാറിയ കേസ് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്കെ ഷിന്‍ഡെയുടെ വിധി.
കേസില്‍ തനിക്കെതിരായ ബലാത്സംഗ,വഞ്ചനാ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവിനാശ് മിത്ര എന്ന 32കാരനാണ് കോടതിയെ സമീപിച്ചത്. വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ച ശേഷം പ്രതി തന്നെ വഞ്ചിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ഗ്രഹനില ചേരാത്തത് കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് പ്രതിയുടെ അഭിഭാഷകന് വാദിച്ചു.
ഇത് ബലാത്സംഗമോ,വഞ്ചനാ കേസോ അല്ല, വാഗ്ദാന ലംഘനം മാത്രമെ ഇവിടെ നടന്നിട്ടുള്ളുവെന്ന് പ്രതിയുടെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ പ്രതിക്ക് പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് വ്യക്തമാണെന്ന് വാദങ്ങള്‍ തള്ളികൊണ്ട് കോടതി അഭിപ്രായപ്പെട്ടു. ലൈംഗികസമ്മതം കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
2012 മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നു. പല തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഗര്‍ഭിണിയായപ്പോള്‍ വിവാഹത്തിന് ആവശ്യപ്പെട്ടപ്പോള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയാണ് പ്രതി ചെയ്തെത്. പിന്നീട് അവഗണന തുടര്‍ന്നപ്പോള്‍ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന് മുന്നില്‍ വിവാഹത്തിന് സമ്മതിച്ച പ്രതി പിന്നീട് ഗ്രഹനിലയുടെ കാര്യം പറഞ്ഞ് ഒഴിവാകുകയായിരുന്നു.