Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിനെ ഓഡിറ്റില്‍നിന്ന് ഒഴിവാക്കില്ല; 25 വര്‍ഷത്തെ വരവ് ചെലവ് പരിശോധിക്കണം

Published on 22 September, 2021
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിനെ ഓഡിറ്റില്‍നിന്ന് ഒഴിവാക്കില്ല; 25 വര്‍ഷത്തെ വരവ് ചെലവ് പരിശോധിക്കണം
ീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രത്യേക ഓഡിറ്റില്‍ നിന്നും ട്രസ്റ്റിനെ ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഓഡിറ്റില്‍ നിന്ന് ട്രസ്റ്റിനെ ഒഴിവാക്കാനാവില്ല. കഴിഞ്ഞ 25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണം. ഓഡിറ്റ് മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റീസ് യു.യു ലളിതിന്റെ ബെഞ്ച് വ്യക്തമാക്കി.

ക്ഷേത്രം ഭരണസമിതിയും ട്രസ്റ്റും വെവ്വേറെ സ്ഥാപനങ്ങളാണെന്നും ഭരണസമിതി നിയോഗിക്കുന്ന ഓഡിറ്റ് വിഭാഗം ട്രസ്റ്റിന്റെ കണക്ക് പരിശോധിക്കുന്നത് ട്രസ്റ്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു. 

വരവ് ചെലവു കണക്കുകള്‍ പരിശോധിക്കുന്നതിന് ക്ഷേത്രം ഭരണസമിതിയും ഉപദേശക സമിതിയും ഒരു സ്വകാര്യ കമ്പനിയെ ഏല്പിച്ചിരുന്നു. കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചത്. 


തങ്ങള്‍ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്റെ നിലപാട്. ക്ഷേത്രത്തിലെ ദൈനംദിന ഭരണകാരയങ്ങളില്‍ ഇടപെടാറില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന്ന ആവശ്യവും ട്രസ്റ്റ് കോടതിക്കു മുമ്പാകെ വച്ചിരുന്നു. എന്നാല്‍  അക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി. 

തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ നടത്തുന്നതിന് വേണ്ടി 1965ല്‍ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മയാണ് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിനു സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും ചിത്രാലയം ആര്‍ട് ഗ്യാലറി, കുതിര മാളിക എന്നിവ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക